അങ്ങനെയും ഒരു ബാല്യകാലമുണ്ടായിരുന്നു എന്ന് ഓര്‍മ്മകളുടെ തിരുമുറ്റത്തുനിന്ന് പറയുന്ന തലമുറകളുടെ കാലം മായുന്നുവോ. വാര്‍ധക്യത്തിലും ബാല്യകാല സ്മരണകള്‍ മനസില്‍ ഒരുമയില്‍പ്പീലി തുണ്ടുപോലെ താലോലിക്കുന്ന തലമുറകളുടെ സ്ഥാനത്ത് ബാല്യകാലത്തിന് പൈശാചികഭാവമാണ് വര്‍ത്തമാനകാലത്ത്. ഇന്നത്തെ ബാല്യങ്ങള്‍ നമ്മെ വിഹ്വലരാക്കുന്നു. കഴിഞ്ഞ കുറേക്കാലമായി പെരുമഴപോലെ പെയ്തിറങ്ങുന്ന വാര്‍ത്തകള്‍ നമ്മെ ഭയാശങ്കാകുലരാക്കുന്നു. ക്ലാസുകഴിഞ്ഞാല്‍ കളിമൈതാനങ്ങളില്‍ ഉല്ലസിച്ചു രസിക്കുകയും പുഴകളില്‍ നീന്തിത്തുടിക്കുകയും ചെയ്തിരുന്ന ഗതകാലബാല്യം അന്യമാകുന്നുവോ. വിദ്യാലയം വിട്ടുവന്നാല്‍ ഒത്തുകൂടി പഴഞ്ചൊല്ലുകള്‍ പറഞ്ഞു മത്സരിച്ചിരുന്നവര്‍, ‘ഊറിയമുതിര ഉരുളിയിലിട്ടാല്‍ ഉരുളിയുരുളുമോ മുതിരയുരുളുമോ’ എന്ന നാവുകുടുങ്ങിപ്പോകുന്ന വാക്കുകള്‍ ചൊല്ലുന്ന മത്സരം. പരാജിതനെയും വിജയിയെയും ഒരുപോലെ ആര്‍പ്പുവിളിച്ചു പ്രോത്സാഹിപ്പിച്ചിരുന്നതും ഓര്‍മ്മക്കാലമായി. ഇന്ന് കൗമാരത്തിലേക്ക് കടക്കുന്നതിനു മുമ്പുതന്നെ നമ്മുടെ ബാല്യങ്ങള്‍ വഴിപിഴയ്ക്കുന്നുവോ. ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടവയായി ലളിതവല്‍ക്കരിക്കാനുമാവില്ല. കഴിഞ്ഞ ദിവസം തൃശൂരിലെ ഇരവിമംഗലത്ത് നടന്ന ഒരു സംഭവം അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന ബാല്യകാലത്തിലെ ഭയാക്രാന്തമായ ഉദാഹരണമായി. ഷാജു എന്നയാളുടെ വീട്ടില്‍ ആരുമില്ലാത്ത തക്കംനോക്കി കുറേ കുട്ടികള്‍ അതിക്രമിച്ചുകയറി കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്ത് സംഹാരരുദ്രമായ അന്തരീക്ഷമുണ്ടാക്കി. ഒരു കോഴിയെ കൊന്നു. ചില കോഴികളുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. പാചകവാതക സിലിണ്ടറുകള്‍ വലിച്ചെറിഞ്ഞു. സോളാര്‍ പാനല്‍ തല്ലിത്തകര്‍ത്തു. ശുചിമുറിയിലെ ടൈലുകളാകെ തല്ലിപ്പൊട്ടിച്ചു. ഫിഷ് ടാങ്കിലെ അലങ്കാര മത്സ്യങ്ങളെ നിലത്തെറിഞ്ഞ് കൊന്നു. അതുകൊണ്ടും അരിശം തീരാതെ ടാങ്കുനിറയെ കല്ലും മണ്ണും വാരിയിട്ടു. വീടു കുത്തിത്തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ വീടു തീവച്ചില്ലെന്നു വേണം കരുതാന്‍. ഈ സംഹാരതാണ്ഡവത്തിന്റെ പ്രകോപനം ആ വീട്ടില്‍ സ്ഥാപിച്ച ഒരു സിസിടിവി കാമറയായിരുന്നു. കുട്ടി ക്രിമിനല്‍ സംഘത്തിന് വട്ടംകൂടിയിരുന്നു രാസലഹരി നുണയുന്നതിനു വിഘാതമായിരുന്നുവത്രേ കാമറ. ഈ സംഘത്തിന്റെ നേതാക്കളായ രണ്ടു പേര്‍ക്ക് 15 വയസുപോലും തികഞ്ഞിരുന്നില്ലെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. മധ്യവയസ്കരായ അധ്യാപകരുമായി ലൈംഗികവേഴ്ചയ്ക്കായി കൗമാരക്കാര്‍ ഒളിച്ചോടുന്ന വാര്‍ത്തകളും വ്യാപകമാവുന്നു. അധ്യാപകര്‍ക്കുള്ള ‘ഗുരുദക്ഷിണ’യായി അവിഹിതവേഴ്ചകളില്‍ അഭിരമിക്കുന്ന ബാല്യങ്ങള്‍ എന്തൊരു ദുരന്തമാണ്.
ഇതുകൂടി വായിക്കൂ;പൗരന്‍മാരുടെ ജീവനും വിലപ്പെട്ടതാണ്
അഹമ്മദാബാദില്‍ വര്‍ഷങ്ങളായി റോഡരികിലെ ഒരു കമ്പിത്തൂണില്‍ ചാരിനില്‍ക്കുന്ന ഒരു മഹിളാരത്നമുണ്ടായിരുന്നു; പേര് യശോദാബെന്‍. മധുവിധുകാലത്ത് ഭര്‍ത്താവിനോടൊപ്പം നഗരത്തിലെത്തിയതാണ്. ഞാന്‍ ഒരു ചായകുടിച്ചിട്ടു വരാം എന്നും പറഞ്ഞ് മുങ്ങിയ ഭര്‍ത്താവിനെ പിന്നീട് യശോദരാബെന്‍ കണ്ടിട്ടില്ല. തൂണില്‍ ചാരിനിന്ന് കാലില്‍ വേരിറങ്ങുമെന്നായപ്പോള്‍ ആ പാവം സ്ത്രീ തന്റെ അനന്തമായ കാത്തിരിപ്പു മതിയാക്കി വീട്ടിലേക്കു മടങ്ങി. പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴാണറിയുന്നത് തന്നെ റോഡരികില്‍ ഉപേക്ഷിച്ചിട്ടു മുങ്ങിയ ഭര്‍ത്താവ് നരേന്ദ്ര മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമൊക്ക യായി പൊങ്ങിയെന്ന്! അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലാണ് തന്നെ ഉപേക്ഷിച്ച ഭര്‍ത്താവ് മോഡിയെന്നും അവരറിയുന്നു. ഭാര്യയെ വഞ്ചിച്ച മോഡിക്ക് മര്യാദാപുരുഷനായ ശ്രീരാമന്റെ ക്ഷേത്ര ഉദ്ഘാടനം നിര്‍വഹിക്കാന്‍ എന്തവകാശമാണുള്ളതെന്ന് കഴിഞ്ഞ ദിവസം ചോദിച്ചതു മറ്റാരുമല്ല. ബിജെപിയുടെ ആദ്യകാലത്തെ മുതിര്‍ന്ന നേതാവുതന്നെയായ സുബ്രഹ്മണ്യന്‍ സ്വാമിയാണ്. തന്റെ ഭാര്യയെ വീണ്ടെടുക്കാന്‍ ഒന്നര പതിറ്റാണ്ടോളം യുദ്ധം ചെയ്ത ശ്രീരാമനെവിടെ, ഭാര്യയെ തെരുവില്‍ പരിത്യജിച്ച മോഡിയെവിടെ എന്നും സ്വാമി കൂര്‍ത്തുമൂര്‍ത്ത ചോദ്യമെറിയുന്നു. എങ്കിലും മോഡി തിരക്കിലാണ് ശ്രീരാമപ്രതിഷ്ഠ താന്‍തന്നെ നടത്തുമെന്ന വാശിയില്‍. തന്നെ വഞ്ചിച്ച മോഡി ഉദ്ഘാടനദിനത്തില്‍ അസുഖം ബാധിച്ച് കിടപ്പിലാവണേ എന്ന് യശോദാബെന്‍ ശ്രീരാമനോട് പ്രാര്‍ത്ഥിക്കുകയാവാം!
ബിഹാറികളെയും യുപിക്കാരെയുമാണ് കബളിപ്പിക്കാന്‍ എളുപ്പമെന്ന് ഒരു പറച്ചിലുണ്ട്. മണ്ടന്മാരുടെ ബിഹാറില്‍ ഈ ദൗര്‍ബല്യം മുതലെടുത്ത് ഒരു തൊഴില്‍ മേഖല കൂടി വളര്‍ന്നു വരുന്നുവെന്നാണ് വാര്‍ത്ത. പങ്കാളികളില്‍ നിന്നും ഗര്‍ഭം ധരിക്കാത്ത സ്ത്രീകളെ ഗര്‍ഭവതികളാക്കാന്‍ യുവാക്കളെ ആവശ്യമുണ്ടെന്നാണ് പരസ്യം. ഗര്‍ഭം ധരിച്ചാല്‍ കൂലി 15 ലക്ഷം. ഗര്‍ഭം ധരിച്ചില്ലെങ്കിലും സാരമില്ല. ചെയ്ത പണിക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. ഈ പദ്ധതിക്ക് ഒരു ജോബ്പോര്‍ട്ടലുണ്ട്. അഖിലേന്ത്യ ഗര്‍ഭദാന തൊഴില്‍പോര്‍ട്ടല്‍. പക്ഷേ പദ്ധതിയില്‍ ഒരംഗമാകാന്‍ 799 രൂപ രജിസ്ട്രേഷന്‍ ഫീസടയ്ക്കണം. പുറമേ സുരക്ഷാ നിക്ഷേപമായി ഇരുപതിനായിരം രൂപയും. സ്വര്‍ഗസമാനമായ ഇത്തരം ഒരു പണി കിട്ടാന്‍ ആരാണ് മോഹിക്കാത്തത്! ഭുവനത്തില്‍ സ്വര്‍ഗമുണ്ടെങ്കില്‍ ആ സ്വര്‍ഗം ഇവിടെയാണിവിടെയാണിവിടെയാണ് എന്ന പാട്ടും പാടി ആയിരക്കണക്കിന് ബിഹാറികളണ് സ്വപ്നതുല്യമായ ഈ തൊഴിലിനുവേണ്ടി പണമടച്ചു കാത്തിരുന്നത്. പക്ഷേ, ജഗജില്ലിയായ ബിഹാര്‍ മുഖ്യമന്ത്രി ചാടിവീണു. തൊഴിലുടമാ സംഘത്തിന്റെ നേതാവ് മുന്നയുള്‍പ്പെടെയുള്ളവരെ തട്ടി അകത്താക്കി. മോഹിച്ചു തൊഴില്‍ കിട്ടാതെ ബിഹാറി ബദൂസ് കാത്തിരിപ്പും മതിയാക്കി!
നാം കടുത്ത അസഹിഷ്ണുക്കളായി മാറുകയാണോ. ആ സംശയത്തെ ന്യായീകരിക്കുന്ന വാര്‍ത്തകളാണ് നമ്മുടെ മുന്നിലേക്ക് വന്നു മറിയുന്നത്.
ഇതുകൂടി വായിക്കൂ; ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ നവകേരളയാത്ര
പഴംപൊരിക്ക് രുചി പോരെന്നു പറഞ്ഞ് ഒരു ഗുണഭോക്താവ് കടയുടമയെ കുത്തിപ്പരിക്കേല്പിച്ചു. ചിക്കന്‍ കറിയില്‍ ചാറ് കുറഞ്ഞുപോയി എന്ന ഒറ്റക്കാരണത്താല്‍ വര്‍ക്കല അയിരൂരില്‍ മറ്റൊരു ഗുണഭോക്താവ് കടമുതലാളിയെ തലങ്ങും വിലങ്ങും വെട്ടിപ്പരിക്കേല്പിച്ചു. ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചായയുണ്ടാക്കാന്‍ വൈകിയതിന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. അരനൂറ്റാണ്ടിനുമപ്പുറം നടന്ന മറ്റൊരു സംഭവം. ഉള്ളൂര്‍ ഇളങ്കാവില്‍ ദേവീക്ഷേത്രത്തില്‍ വധൂവരന്മാരുടെ ആള്‍ക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. വരന്‍ തമിഴ്‌നാട്ടിലെ തൊടുവെട്ടിയില്‍ നിന്ന്. വധു പരവൂരുകാരി. സദ്യവിളമ്പിയപ്പോഴുള്ള തര്‍ക്കമായിരുന്നു. തൊടുവെട്ടിയിലെ മച്ചമ്പിക്ക് വളഞ്ഞ പഴവും പൊടിഞ്ഞ പപ്പടവും വിളമ്പിയതായിരുന്നു സംഘട്ടനകാരണം. വളഞ്ഞ പഴത്തിന്റെയും പൊരിഞ്ഞ പപ്പടത്തിന്റെയും പേരില്‍ കല്യാണവും വേണ്ട, പെണ്ണിനെയും വേണ്ട എന്നു പ്രഖ്യാപിച്ച് വരന്റെ പാര്‍ട്ടി രംഗമൊഴിഞ്ഞപ്പോള്‍ പ്രതിഷേധസൂചകമായി വധുവിന്റെ ആള്‍ക്കാര്‍ ഇഷ്ടികകഷണങ്ങള്‍ കൊണ്ട് തൊടുവെട്ടി സംഘത്തെ എറിഞ്ഞോടിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു വിവാഹനിശ്ചയസദ്യയില്‍ വിളമ്പാന്‍ ആട്ടിന്‍മജ്ജയുടെ കറിയില്ലെന്നു പറഞ്ഞ് വരന്റെ ആള്‍ക്കാര്‍ വധുവിന്റെ സംഘത്തെ തല്ലിയൊതുക്കി. ഈ വിവാഹമേ വേണ്ട എന്നു പറഞ്ഞ് വരന്റെ സംഘവും പിന്‍വാങ്ങി. മജ്ജമൂലവും വിവാഹം മുടങ്ങുമെന്ന്.