Site iconSite icon Janayugom Online

ഭാര്യക്കു നല്‍കിയ വാക്കും മകനും നാടിനും നല്‍കിയ വാക്കും

വാക്കു പാലിക്കുക എന്നത് നല്ല കാര്യമാണ്. തീർച്ചയായും ഭരണകർത്താക്കൾ വാക്കു പാലിക്കാൻ കൂടുതൽ ഉത്തരവാദിത്തപ്പെട്ടവരുമാണ്. പറഞ്ഞ വാക്കിന് ഉറപ്പില്ലാത്ത നേതാവിന്റെ വിശ്വാസ്യത നഷ്ടപ്പെടും. കുടുംബജീവിതത്തിലും വാക്കു പാലിക്കലിനു വലിയ പ്രാധാന്യമുണ്ട്. മാതാപിതാക്കൾ മക്കൾക്കും മക്കൾ മാതാപിതാക്കൾക്കും നൽകുന്ന വാക്ക്, ഭാര്യാ ഭർത്താക്കന്മാർ പരസ്പരം നൽകുന്ന വാക്ക്, ഒരു കുടുംബം ബന്ധുക്കൾക്കും അയൽക്കാർക്കും നൽകുന്ന വാക്ക്, ഇതൊക്കെ എത്രത്തോളം പാലിക്കപ്പെടുന്നു അതിനനുസരിച്ചേ കുടുംബജീവിതവും ഭദ്രക്ഷേമ പൂർണമാകൂ. വാക്കുപാലിക്കാത്തവരെ നാടിന്റെ ഭരണത്തിലും വീടിന്റെ ഭരണത്തിലും വിശ്വാസ്യത ഇല്ലാത്തവരായേ ജനങ്ങൾ കാണൂ. ഈ നിലയിൽ ചിന്തിക്കുമ്പോൾ ചെറുതോ വലുതോ ആയ ഏതു കാര്യത്തിലും ആരോടും എവിടേയും വാക്കു പറയാനും വളരെ ആലോചിക്കണം. വാക്കിനു വിലയുള്ളവർക്കേ ജീവിതത്തെ മൂല്യവത്താക്കാനാകൂ. 

ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ ദശരഥ മഹാരാജാവ് വാക്കു പറഞ്ഞതൊക്കെ പരിപാലിച്ചുവോ എന്നു ചോദിക്കേണ്ടി വരും. തീർച്ചയായും ദശരഥൻ തന്റെ മൂന്നാമത്തെ ഭാര്യ കൈകേയിക്കു നൽകിയ വാക്കു മറന്ന് മൂത്ത ഭാര്യ കൗസല്യയിൽ പിറന്ന രാമചന്ദ്രൻ എന്ന പുത്രന് യുവരാജപ്പട്ടം നൽകാമെന്നു പൗരസഭയിൽ വാക്കു പറയുന്നു. ദശരഥൻ നൽകിയ വരവാഗ്ദാനം കൈകേയിയും മറന്നിരുന്നു. കൈകേയിയെ അക്കാര്യം മന്ഥര ഓർമ്മിപ്പിക്കുന്നു. ഇതോടെ കൈകേയിക്കു കൊടുത്ത വാക്ക് പാലിക്കുക എന്നതാണോ പൗരസഭയിൽ വച്ചു രാമനു നൽകിയ വാക്ക് പാലിക്കുക എന്നതാണോ കൂടുതൽ ശരി എന്ന വിഷമ പ്രശ്നം ഉയർന്നുവരികയും അയോധ്യയിലെ ദശരഥ രാജധാനി വൈകാരിക സംഘർഷ കലുഷമാവുകയും ചെയ്യുന്നു. 

പൗരസഭയ്ക്കു കൊടുത്ത വാക്ക് പാലിക്കാനാകാത്തവണ്ണം കൈകേയിക്കു കൊടുത്ത വാക്ക് പാലിക്കാൻ നിർബന്ധിതനായി മരണശയ്യാവലംബിയാകുന്ന ദശരഥൻ ഭാര്യയോടു വാക്കുപാലിക്കാൻ കഴിഞ്ഞ ഭർത്താവാണെങ്കിലും, പൗരജനങ്ങളോടു വാക്ക് പാലിക്കാനാകാതെപോയ ഭരണാധികാരി കൂടിയാണ്. ആർക്കു നൽകിയ വാക്ക് പാലിക്കണം എന്ന കാര്യത്തിൽ നെഞ്ചകം പൊരിഞ്ഞ് ചിന്തിച്ചു വശംകെടുന്ന ദശരഥ മഹാരാജാവിന് ഉചിതമായ തീരുമാനമെടുക്കാൻ, വസിഷ്ഠ വാമദേവാദി ഋഷി പുംഗവന്മാർ ഉൾക്കൊള്ളുന്ന അയോധ്യയിലെ ഗുരുസഭയുടെ സഹായവും യഥാസമയം ലഭിച്ചില്ല എന്നതും ചിന്തനീയമാണ്.
ആരോടായാലും വാക്കുകള്‍ ആലോചിച്ചു പറഞ്ഞില്ലെങ്കിൽ ഏതു ദശരഥ മഹാരാജാവും വൈകാരിക സംഘർഷങ്ങളുടെ ചെന്തീയിൽ സ്വയം ആഹുതി ചെയ്ത് ഇല്ലാതാവേണ്ടി വരും എന്ന പാഠം ഇതിൽ നിന്നു പഠിക്കാവുന്നതാണ്. പ്രകടന പത്രിക എന്ന വാഗ്ദാന പത്രിക തെരഞ്ഞെടുപ്പു വേളയിൽ ജനങ്ങൾക്കു നൽകുമ്പോൾ, ദശരഥൻ നൽകിയ വാക്കുകൾ ദശരഥനുണ്ടാക്കിയ വൈകാരിക വൈതരണികൾ ഇക്കാലത്തെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഓർമ്മിക്കുന്നത് നന്നാവും. 

Exit mobile version