Site iconSite icon Janayugom Online

സഹസ്ര കോടീശ്വരൻമാർക്കിടയിൽ സാധാരണക്കാരോടൊപ്പം

“എനിക്ക് എന്റെ അമ്മയെ ഓർമ്മയില്ല
കളിക്കിടെ തൊട്ടിലിലിട്ടുറക്കുന്ന താരാട്ടു
പാട്ടിന്റെ സ്വരം കേൾക്കാം,
ശിശിരമാസത്തിലെ പ്രഭാതത്തിൽ അമ്പലത്തിലെ
ഷിയൂലി പൂക്കളുടെ ഗന്ധം വായുവിൽ ഒഴുകുമ്പോൾ
അമ്മയുടെ ഗന്ധമായി എനിക്കനുഭവപ്പെടുന്നു” (ടാഗോര്‍)
അമ്മയുടെ ഗന്ധം അനുഭവിക്കുന്നവർ ഭാരതീയ പൗരത്വ അവകാശ നിയമത്തിന്മേൽ നരേന്ദ്ര മോഡിയും അമിത് ഷായും നടത്തുന്ന കടന്നുകയറ്റത്തിനെതിരായി ചെറുത്തുനില്പിന്റെ പ്രതിരോധ ശബ്ദം ഉയർത്തുന്ന ഘട്ടമാണിത്. ‘ഭാരതം എന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം കേരളം എന്നു കേട്ടാല്‍ തിളയ്ക്കണം’- വള്ളത്തോള്‍ സ്വാതന്ത്ര്യസമരഘട്ടത്തില്‍ ഈവിധം ഉദ്ഘോഷിച്ചിരുന്നു.
ഈ വിശ്വാസ പ്രമാണങ്ങള്‍ ആകെ അട്ടിമറിക്കപ്പെടുന്ന ഭരണഘടനാവിധ്വംസക ശക്തികളുടെ കരാള ഹസ്തങ്ങളിലാണ് നാം പെട്ടുപോയിരിക്കുന്നത്. കശ്മീര്‍ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യഘടകമായിരുന്നു. അതിനെ വിഭജിതമായി മാറ്റിത്തീര്‍ത്തത് സംഘ്പരിവാര ഫാസിസ്റ്റ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നു. ജമ്മുവും കശ്മീരുമായി വിഭജിക്കുമ്പോള്‍ വിഘടിത രാഷ്ട്രീയത്തിന്റെ അജണ്ടയാണ് സംഘ്പരിവാര രാഷ്ട്രീയം മുന്നോട്ടുവച്ചത്. ഭിന്നതയുടെ രാഷ്ട്രീയമാണ് സംഘ്പരിവാര ശക്തികള്‍ എല്ലാ കാലവും മുന്നോട്ടുവയ്ക്കുന്നത്.
സംഘ്പരിവാറിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയ മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പ്രഖ്യാപിച്ചത് ഞങ്ങള്‍ക്ക് മൂന്ന് മുഖ്യ ശത്രുക്കള്‍— ഒന്ന് മുസ്ലിം, രണ്ട് ക്രൈസ്തവര്‍, മൂന്ന് കമ്മ്യൂണിസ്റ്റുകാര്‍. അവരെ പൗരാവകാശമില്ലാത്തവരാക്കി ആട്ടിപ്പുറത്താക്കണം. ഗോള്‍വാള്‍ക്കറുടെ ആ സിദ്ധാന്തം നടപ്പാക്കാനാണ് പൗരോഹിത്യ നിയമത്തിലൂടെ സംഘ്പരിവാര ഭരണകൂടം പരിശ്രമിക്കുന്നത്. മനുസ്മൃതിയാണ് ഇന്ത്യന്‍ ഭരണഘടന എന്ന് വാദിക്കുകയാണ് സംഘ്പരിവാരം. മതേതരത്വം സോഷ്യലിസം ജനാധിപത്യം എന്നീ ഭരണഘടനയിലെ മുഖവാക്യങ്ങളാകെ പാര്‍ലമെന്റിന്റെ പുതിയ മന്ദിര നിര്‍മ്മാണ ഉദ്ഘാടന വേദിയില്‍ വിതരണം ചെയ്യപ്പെട്ട ഭരണഘടനയുടെ പതിപ്പില്‍ നിന്നും ബോധപൂര്‍വം ഒഴിവാക്കപ്പെട്ടു. ഫാസിസ്റ്റ്‌വല്‍ക്കരണത്തിന്റെ ആമുഖ എഴുത്താണ് സംഘ്പരിവാര ശക്തികള്‍ ആ വേളയില്‍ സൃഷ്ടിച്ചത്. ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ പ്രയോക്താവിന്റെ പിന്നിലേക്ക് ഇടതുപക്ഷ രാഷ്ട്രീയം ചായുകയില്ല എന്ന് ഉറപ്പാക്കുകയാണ് ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സന്ദേശം. വിജയിക്കേണ്ടത് സഹസ്രകോടീശ്വരന്‍മാര്‍ക്കിടയില്‍ സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകാരാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ചങ്ങാതിമാരായ വന്‍കിട കുത്തക മുതലാളിമാരുടെ പ്രതിനിധികളെയല്ല, ജനപക്ഷ തൊഴിലാളികളെയും വര്‍ഗ പ്രതിനിധികളെയുമാണ് നാം നെഞ്ചേറ്റേണ്ടത്. ഗ്രീഷ്മകാല സന്ധ്യകളെ അട്ടിമറിക്കുന്ന വര്‍ഗീയ ഫാസിസത്തിന്റെ അപരാജിതമായ കാലമാണ് അരങ്ങേറ്റപ്പെടുന്നത്. നാം കാത്തിരിക്കുക, കണ്‍തുറന്നിരിക്കുക.
വര്‍ഗീയ ഫാസിസത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് നമ്മുടെ രാഷ്ട്രത്തെ വലിച്ചിഴയ്ക്കുമ്പോള്‍ ജാഗ്രതയോടെ നാം കാവലിരിക്കണം. സഹസ്രകോടീശ്വരന്‍മാര്‍ മത്സരരംഗത്തിറങ്ങുമ്പോള്‍ പൗരാവകാശമില്ലാത്ത, നിഷേധിക്കപ്പെടുന്ന മനുഷ്യര്‍ക്ക് വേണ്ടി നാം ഉച്ചൈസ്തരം ഉദ്ഘോഷിക്കണം. അത് പ്രതിരോധത്തിന്റെ പ്രതിഷേധമാണ്, പ്രതികരണവുമാണ്.
പൗരാവകാശ നിയമത്തിലൂടെ ആദ്യം മുസ്ലിങ്ങളെ പുറത്താക്കും. തൊട്ടുപിന്നാലെ ക്രൈസ്തവരും. അതിനു പിന്നാലെ ജൈനരും ബൗദ്ധരും. മനുസ്മൃതി സിദ്ധാന്ത പ്രകാരം ബ്രാഹ്മണ ക്ഷത്രിയ പൗരോഹിത്യത്തിനു പുറത്തുള്ള നായരാദി ഈഴവ ദളിത് വിഭാഗങ്ങളും പുറംതള്ളപ്പെടും. ഇതാണ് സംഘ്പരിവാര ഫാസിസത്തിന്റെ പൗരത്വ വിവേചന നിയമം, ഭാരതാംബികേ ലജ്ജിച്ചു തലതാഴ്ത്തുക.

Exit mobile version