നമ്മുടെ രാജ്യത്ത് ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഓരോ വോട്ടിങ് സ്റ്റേഷനുകളിലെയും സമ്മതിദായകര്‍ രേഖപ്പെടുത്തുന്ന വോട്ടുകളുടെ കൃത്യമായ വിവരങ്ങള്‍ തെരഞ്ഞെടുപ്പു ദിവസം വോട്ടിങ് അവസാനിക്കുന്നതോടെ തന്നെ പൂര്‍ണമായും രേഖപ്പെടുത്താനായി വിവിധ ഫോമുകള്‍ ഉപയോഗിക്കാറുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അതിനായി കണ്‍ട്രോളിങ് യൂണിറ്റുകളും ബാലറ്റിങ് യൂണിറ്റുകളും ബാലറ്റുപെട്ടിക്ക് പകരമായി വന്നു. എന്നാല്‍ വോട്ടിങ്ങുമായി ബന്ധപ്പെട്ട മറ്റ് ഫോമുകള്‍ മാറ്റമില്ലാതെ തുടരുന്നു. ഫോറം 12 പ്രകാരമുള്ള വോട്ടര്‍മാരുടെ രജിസ്റ്റര്‍, ചലഞ്ച് ചെയ്യപ്പെട്ട വോട്ടുകളുടെ ലിസ്റ്റ് (ഫോം മൂന്ന്), അന്ധരായവരും അവശരായവരുമായ വോട്ടര്‍മാരുടെ ലിസ്റ്റ് (ഫോം നാല്), വോട്ട് കണക്ക് (ഫോം 18), പോളിങ് ഏജന്റുമാരുടെ നിയമനം (ഫോം രണ്ട്), ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഫോം 13) തുടങ്ങി അനേകം ഫോമുകള്‍. ഇവയില്‍ ഒരു വോട്ടിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തിയ സമ്മതിദായകരുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കുന്നത് അനുബന്ധം 54 പ്രകാരമുള്ള 17 സി ഫോമുകളിലാണ്. ഒരു പോളിങ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ ആധികാരികമായ രേഖയാണ് ഫോം 17 സി. ഈ ഫോറത്തില്‍ നിയോജക മണ്ഡലം, പോളിങ് സ്റ്റേഷന്റെ പേര്, നമ്പര്‍, ആ പോളിങ് സ്റ്റേഷനില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രത്തിന്റെ ഐഡന്റിഫിക്കേഷന്‍ നമ്പര്‍, പോളിങ് സ്റ്റേഷനില്‍ വോട്ടേഴ്സ് രജിസ്റ്റര്‍ അനുസരിച്ചുള്ള സമ്മതിദായകരുടെ എണ്ണം, വോട്ട് രേഖപ്പെടുത്താത്ത സമ്മതിദായകരുടെ എണ്ണം, (ചട്ടം 49‑ഒ), വോട്ട് രേഖപ്പെടുത്താന്‍ അനുമതി ലഭിക്കാത്ത സമ്മതിദായകരുടെ എണ്ണം (ചട്ടം 49 എം), പോളിങ് തുടങ്ങുന്നതിന് മുമ്പ് ചെയ്ത ടെസ്റ്റ് വോട്ടുകള്‍ (അവ ആകെ വോട്ടുകളുടെ എണ്ണത്തില്‍ നിന്നും കുറവ് ചെയ്യേണ്ടതുണ്ട്), വോട്ടിങ് മെഷീനില്‍ ആകെ രേഖപ്പെടുത്തിയ വോട്ട്, ടെന്റേഡ് ബാലറ്റ് രേഖപ്പെടുത്തിയവരുടെ എണ്ണം, പേപ്പര്‍ സീലുകള്‍ ഉപയോഗിച്ചത്, ബാക്കി, ടെന്റേഡ് ബാലറ്റുകള്‍ ഉപയോഗിച്ചത്, ബാക്കി ഇവയെല്ലാം കണക്കാക്കി ഒരു പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണവും ആകെ വോട്ടര്‍മാരുടെ എണ്ണവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ എന്നതിന്റെ ആധികാരിക രേഖയാണ് ഫോം 17സി.
ഈ വസ്തുതകള്‍ പോളിങ് ഏജന്റുമാരെ പ്രിസൈഡിങ് ഓഫിസര്‍ പോളിങ് അവസാനിച്ചശേഷം ബോധ്യപ്പെടുത്തി അവരുടെ ഒപ്പ് സഹിതം ഈ ഫോം പൂര്‍ത്തിയാക്കുകയും കോപ്പികള്‍ പോളിങ് ഏജന്റുമാര്‍ക്ക് നല്‍കുകയും ചെയ്യുന്നു. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്ന് നമുക്ക് രണ്ടു വസ്തുതകള്‍ ബോധ്യം വരുന്നു. ഒന്ന് ഒരു പോളിങ് സ്റ്റേഷനില്‍ എത്ര വോട്ട് പോള്‍ ചെയ്തു എന്നതിന്റെ ആധികാരിക രേഖയാണ് 17 സി ഫോം. രണ്ട് വിവിധ സ്ഥാനാര്‍ത്ഥികളുടെ ഏജന്റന്മാര്‍ക്ക് അതിന്റെ കോപ്പി, പോളിങ് അവസാനിച്ചശേഷം പ്രിസൈഡിങ് ഓഫിസര്‍ നല്‍കുന്നതോടെ അത് ഒരു പൊതു രേഖയായി മാറുന്നു. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി മുമ്പാകെ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് പോളിങ് സ്റ്റേഷനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണത്തെക്കുറിച്ചുള്ള ആധികാരിക രേഖ ഫോം 17 സി, കമ്മിഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി സമര്‍പ്പിച്ചത് പ്രസക്തമാണ്. പോളിങ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ ഫോം 17 സി പ്രസിദ്ധപ്പെടുത്തണം എന്നാണ് എംഡിആര്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്താന്‍ ഇത് ആവശ്യമാണെന്നും സംഘടന വാദിച്ചു.
ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉന്നയിച്ച വാദം ഇത്തരം ഒരു നിര്‍ദേശം തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസപ്പെടുത്തുമെന്നും അരാജകത്വം സൃഷ്ടിക്കുമെന്നും ഇതില്‍ അപകടസാധ്യതയുണ്ടെന്നും നിയമപരമായി കമ്മിഷന് ഈ ബാധ്യത ഇല്ല എന്നുമായിരുന്നു. കൂടാതെ “വിവേചനരഹിതമായി” ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ അത് ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കമ്മിഷന്‍ വാദിച്ചു. പോളിങ് ഏജന്റിനും സ്ഥാനാര്‍ത്ഥിക്കും മാത്രമേ നിയമപരമായി ഈ രേഖ നല്‍കാന്‍ കമ്മിഷന് സാധിക്കുകയുള്ളു എന്നും വാദിച്ചു. എന്നാല്‍ എഡിആര്‍ കോടതി മുമ്പാകെ ബോധിപ്പിച്ചത് തെരഞ്ഞെടുപ്പ്‍ കമ്മിഷന്‍ പ്രാഥമികമായി നല്‍കുന്ന വോട്ടിങ് ശതമാനത്തില്‍ നിന്ന് അഞ്ചോ ആറോ ശതമാനം അധികം വോട്ട് അന്തിമമായി പ്രസിദ്ധീകരിക്കുന്ന കണക്കില്‍ വരുന്നതായി കാണുന്നു എന്നും ഇത്തരത്തില്‍ അന്തിമകണക്ക് പ്രസിദ്ധീകരിക്കുന്നതില്‍ വരുന്ന കാലതാമസവും ശതമാനക്കണക്കിലുള്ള വലിയ വര്‍ധനയും തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ആശങ്കയുളവാക്കുകയും അതിന്റെ സുതാര്യതയെക്കുറിച്ച് സംശയങ്ങളുളവാക്കുകയും ചെയ്യുന്നു എന്നാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ ആരോപണങ്ങള്‍ തെറ്റിദ്ധാരണാജനകം എന്നും വെറും സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യാജആരോപണം എന്നും വോട്ടിങ് ശതമാനത്തിലുള്ള മാറ്റം സ്വാഭാവികമെന്നും ഒരു സ്ഥാനാര്‍ത്ഥിയും ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചിട്ടില്ല എന്നും വാദിച്ചു. സുപ്രീം കോടതി എഡിആറിന്റെ ഹര്‍ജിയില്‍ താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചു. കാരണം താല്‍ക്കാലിക ഉത്തരവ് നല്‍കുന്നത് ഫലത്തില്‍ ഹര്‍ജിയുടെ അന്തിമ ഉത്തരവ് തന്നെയായി മാറും എന്ന് നിരീക്ഷിച്ച രാജ്യത്തെ പരമോന്നത കോടതി തെരഞ്ഞെടുപ്പിനുശേഷം ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദത്തില്‍ വരുന്ന ഒരു പ്രധാന ന്യൂനത, 17 സി ഫോം സ്ഥാനാര്‍ത്ഥിക്കോ തെരഞ്ഞെടുപ്പ് ഏജന്റിനോ പോളിങ് സ്റ്റേഷന്റെ ചുമതലയുള്ള പ്രിസൈഡിങ് ഓഫിസര്‍ കൈമാറുന്നതോടെ തന്നെ അത് ഒരു പൊതുരേഖയായി മാറിക്കഴിഞ്ഞ ശേഷം എന്തിനാണ് ആ രേഖ കമ്മിഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുവാന്‍ മടികാണിക്കുന്നത് എന്നതാണ്. ഇത്തരത്തില്‍ രേഖ പ്രസിദ്ധീകരിച്ചാല്‍ രാജ്യത്തെ ഏത് പൗരനും അത് ലഭ്യമാവുകയും തെരഞ്ഞെടുത്തതിന്റെ സുതാര്യത ഉറപ്പുവരുത്താന്‍ കമ്മിഷന് സാധിക്കുകയുമല്ലേ ചെയ്യുക? ഇവിടെയാണ് 2023 ജൂലൈ 31ന് ഇന്ത്യയിലെ ഒരു സ്വകാര്യ സര്‍വകലാശാലയായ അശോക യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായിരുന്ന ഡോ. സവ്യസാചി ദാസ് പ്രസിദ്ധീകരിച്ച 2019ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളില്‍ വോട്ടു ചെയ്ത സമ്മതിദായകരുടെ എണ്ണവും അവസാന റിപ്പോര്‍ട്ടില്‍ കണ്ട ആകെ വോട്ടുകളുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേടിനെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം പ്രസക്തമാകുന്നത്. പ്രൊഫ. ദാസ് നേരിട്ട് ഒരു കക്ഷിയും തെരഞ്ഞെടുപ്പില്‍ തിരിമറി നടത്തി എന്ന് ആരോപിക്കുന്നില്ല. പകരം അദ്ദേഹം വിവിധ മണ്ഡലങ്ങളിലെ വോട്ടുകളുടെ സ്റ്റാറ്റിസ്റ്റിക്സ് ആണ് പരിശോധിച്ചത്. വോട്ടര്‍മാരുടെ രജിസ്ട്രേഷനിലോ വോട്ടെണ്ണലിലോ പ്രധാന പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ വന്ന 59 നിയോജക മണ്ഡലങ്ങളില്‍ ഭരണകക്ഷിക്കനുകൂലമായി സാധ്യമായ ഇടപെടലുകള്‍ നടന്നിരിക്കാം എന്നാണ് ഡോ. ദാസ് പറയുന്നത്. ഈ ഗവേഷണ പ്രബന്ധത്തിന്റെ പേരില്‍ ഡോ. ദാസിന് അശോക യൂണിവേഴ്സിറ്റിയിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ആ യൂണിവേഴ്സിറ്റിയിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി ഡോ. പുലാപ്ര ബാലകൃഷ്ണന്‍ ഡോ. ദാസിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചു.
ഡോ. ദാസ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ മറക്കാറായിട്ടില്ല. ഒരു തെരഞ്ഞെടുപ്പിന്റെ വിശദമായ വിശകലനത്തിന് കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ആവശ്യമാണ്. ഓരോ നിയോജക മണ്ഡലത്തിലും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം കണക്കാക്കുന്നതിന്റെ അടിസ്ഥാന രേഖ ഫോം 17 സി ആണ്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ആകെ പോള്‍ ചെയ്ത വോട്ടുകളും ആ മണ്ഡലങ്ങളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്കാകെ ലഭിച്ച വോട്ടുകളും തമ്മില്‍ അന്തരമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഓരോ പോളിങ് സ്റ്റേഷനിലും പോള്‍ ചെയ്ത വോട്ടുകളുടെ കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ഈ ആരോപണങ്ങള്‍ അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരുവാന്‍ എളുപ്പമാണ്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ എന്തിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ എതിര്‍ക്കുന്നത്?