മൗനം ഒരു ഭാഷയാണ് എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. മൗനം വിദ്വാനു ഭൂഷണം എന്ന് മൗനത്തെ മഹത്വവല്‍ക്കരിക്കുന്നവരുമുണ്ട്. മൗനത്തിനിടയില്‍ ചൂഴ്ന്നുകിടക്കുന്നത് അമര്‍ഷമാകാം. അല്ലെങ്കില്‍ നിങ്ങള്‍ മിണ്ടിക്കോ ഞാനൊന്നും പറയില്ല എന്ന വാശിയുമാകാം. ലിപിയില്ലാത്ത ഭാഷയാണ് മൗനമെന്നു പറയുന്നവരുമേറെ. പക്ഷെ എല്ലാം മൗനത്തിന്റെ വല്മീകത്തില്‍ ഒളിച്ചുവയ്ക്കുന്ന പ്രതികരണശേഷിയില്ലാത്തവര്‍ എന്ന് വിളിക്കാനാണ് ദേവികയ്ക്കിഷ്ടം. കാപട്യത്തിന്റെ ആള്‍രൂപങ്ങളാണിവര്‍. മൗനത്തിന് പകരം ശബ്ദം ഒരു കലാപമാകുമ്പോള്‍ ആ ശബ്ദം ഒരു തിരുത്തല്‍ ശക്തിയാകും. ശബ്ദകലാപം സമൂഹത്തിന്റെ സംവാദക്ഷമതയ്ക്ക് ഊര്‍ജവുമാകും. മൗനത്തെ തകര്‍ത്തെറിഞ്ഞ് ശബ്ദത്തെ ഒരു വിചാരവിപ്ലവമായി വളര്‍ത്തിയ കാനം രാജേന്ദ്രന്റെ ഭൗതികശരീരം വാഴൂരിലെ ചിതയില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴാണ് മൗനത്തിന്റെ അര്‍ത്ഥമില്ലായ്മയെയും യുക്തിരാഹിത്യത്തെയും കുറിച്ച് ഓര്‍ത്തുപോയത്. ഉലയില്‍ ഊതിക്കാച്ചിയ പൊന്നുപോലുള്ള ആ വിപ്ലവകാരി ശബ്ദകലാപത്തിന്റെ ദീപസ്തംഭമായി മാറുകയായിരുന്നു. ശബ്ദത്തിലൂടെ സമൂഹത്തെ ഉണര്‍ത്തുന്നവനാണ് നേതാവ് എന്നാണ് ചാണക്യനീതിയില്‍ പറയുന്നത്. കാണുന്ന തെറ്റുകള്‍ കണ്ടില്ലെന്ന് നടിക്കുകയും പിന്നെയും തെറ്റുകളിലേക്ക് വഴുതിവീഴുകയും ഇവയെക്കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്യുന്നവരെ നേതാവെന്നല്ല വഞ്ചകന്‍ എന്നാണ് വിളിക്കേണ്ടതെന്നും ചാണക്യ മഹര്‍ഷി പറയുന്നു. അനുഭവങ്ങളുടെ തീച്ചൂളയില്‍ സ്ഫുടം ചെയ്തെടുത്ത വാക്കുകളാവണം ഒരു നേതാവിനെ അതുല്യനാക്കുന്നതെന്ന ചാണക്യസംഹിതയിലെ വാക്കുകളും സഖാവ് കാനത്തിനുമാത്രം ചേര്‍ന്നതാകുന്നു. പ്ലാന്റേഷന്‍ മാനേജരായ പിതാവിനൊപ്പം വളര്‍ന്ന ബാല്യകാലത്തെ അനുഭവങ്ങളാണ് കാനത്തെ അവിസ്മരണീയ നേതാവാക്കി വളര്‍ത്തിയത്.
തേയിലത്തോട്ടങ്ങളില്‍ രണ്ടിലയും ഒരു തിരിയും നുള്ളി സംഭരിക്കുന്ന തോട്ടംതൊഴിലാളികളുടെ ജീവിതസമരം കണ്ടാണ് കൊച്ചു രാജേന്ദ്രന്‍ വളര്‍ന്നത്. മനുഷ്യന്റെ ദയനീയമായ ജീവിതാവസ്ഥ കണ്ടാണ് അദ്ദേഹം വിപ്ലവകാരിയായി വളര്‍ന്നത്. തൊഴിലാളി കളുടെ കണ്ണീരും വിയര്‍പ്പും ആ വിപ്ലവകാരിയെ വളര്‍ത്തിയെടുക്കുന്നതിന് വളമായി. ആ ക്ഷുഭിതയൗവനത്തെ പടര്‍ന്നുപന്തലിക്കാന്‍ സഹായിച്ച നിരവധി രാഷ്ട്രീയ സര്‍വകലാശാലകളുമുണ്ടായിരുന്നു. സി അച്യുതമേനോന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, ടി വി തോമസ്, എസ് കുമാരന്‍, പി കെ വാസുദേവന്‍ നായര്‍, എന്‍ ഇ ബാലറാം, സി കെ ചന്ദ്രപ്പന്‍, എ ബി ബര്‍ദാന്‍ തുടങ്ങിയ രാഷ്ട്രീയ സര്‍വകലാശാലകള്‍.
ഭരണത്തില്‍ പങ്കാളിയാണെന്ന് കരുതി മിണ്ടാതിരിക്കണമെന്ന അലിഖിത നിയമം തിരുത്തിക്കുറിച്ച സഖാവ് ഇന്ന് നാം കാണുന്ന വിവിധ തൊഴിലാളി ക്ഷേമനിധികള്‍ക്കുള്ള ആശയത്തിന് ബീജാവാപം ചെയ്ത മഹാനുഭാവന്‍ എന്ന ബഹുമതിക്കും അര്‍ഹനാകുന്നു. കാനം എന്ന അതുല്യ രാഷ്ട്രീയ പ്രതിഭയെക്കുറിച്ച് നമുക്ക് ശ്രീരാഗത്തില്‍ വാഴ്ത്തിപ്പാടാം: ‘എന്തരോ മഹാനുഭാവലു…’
കാര്‍ഷിക സമ്പദ്‌വ്യവസ്ഥ, വ്യാവസായിക സമ്പദ്‌വ്യവസ്ഥ എന്നിങ്ങനെ നമ്മള്‍ കേട്ടിട്ടുണ്ട്. ഇവ രണ്ടും കൂടിക്കലര്‍ന്ന സമ്മിശ്ര സമ്പദ്‌വ്യവസ്ഥയെന്ന വിശേഷണവുമുണ്ട്. ദരിദ്ര ആഫ്രിക്കന്‍ രാഷ്ട്രമായ സോമാലിയ കഞ്ഞികുടിച്ചു കിടക്കുന്നത് ഒട്ടക സമ്പദ്‌വ്യവസ്ഥയുടെ സഹായത്താലാണ്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഒട്ടകങ്ങളെ പാലിനും മാംസത്തിനുമായി കയറ്റുമതി ചെയ്താണ് ആ രാജ്യം നിലനിന്നുപോകുന്നത്. മദ്യം-ലോട്ടറി സമ്പദ്‌വ്യവസ്ഥയാണ് കേരളത്തെ എണീറ്റു നിര്‍ത്തുന്നതെന്ന ഒരു പറച്ചിലുണ്ട്. പക്ഷേ ഇതു പറയുന്നവര്‍ നമ്മുടെ ‘ഭക്തിക്കച്ചവട സമ്പദ്‌വ്യവസ്ഥ’യെക്കുറിച്ച് മിണ്ടാറേയില്ല. ഗുരുവായൂര്‍, ശബരിമല മഹാക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പുണ്യവില്പന സമ്പദ്‌വ്യവസ്ഥയിലെ കണക്കുകള്‍ കേട്ടാല്‍ നാം അമ്പരന്നുപോകും. ശബരിമലയില്‍ ഒരു വര്‍ഷം എത്തുന്നത് അഞ്ചരക്കോടി ഭക്തര്‍. ഇവര്‍ ഓരോ ടിന്‍ അരവണ വാങ്ങിയാല്‍ പോലും കലിയുഗവരദന്റെ ഖജനാവില്‍ കോടികളെ ത്തുന്നു. ഓരോ ഭക്തരും പത്തും ഇരുപതും ടിന്‍ അരവണ വാങ്ങുകമ്പോള്‍ ആയിനത്തില്‍ മാത്രം പ്രതിവര്‍ഷം വിപണിവരവ് ചുരുങ്ങിയത് 1000കോടി. കാണിക്കയിനത്തില്‍ 1200 കോടി വരുമാനമുണ്ട്. തീര്‍ത്ഥാടകര്‍ ധരിക്കുന്ന കറുത്ത മുണ്ടും കാവിമുണ്ടും വില്‍ക്കുന്നയിനത്തില്‍ വിപണിയില്‍ വന്നുമറിയുന്നത് ചുരുങ്ങിയത് ആയിരം കോടി. 2.3 കോടി ലിറ്റര്‍ നെയ്യ് വില്‍ക്കുന്നതിലൂടെ വിപണിയിലെത്തുന്നത് 3000 കോടി. നെയ്യ് നിറയ്ക്കാനും പതിനെട്ടാം പടിയില്‍ ഉടയ്ക്കാനുമായി അരലക്ഷം ടണ്‍ നാളികേരം വിറ്റഴിക്കുന്നതിലൂടെ കര്‍ഷര്‍ക്ക് ലഭിക്കുന്നത് 500 കോടി. ശബരിമല തീര്‍ത്ഥാടനകാലത്ത് കുതിച്ചുയരുന്ന പച്ചക്കറി വില്പനയിലൂടെ വിപണിയിലേക്ക് പ്രവഹിക്കുന്നത് 2000 കോടി. ഇക്കാലത്തെ ഹോട്ടല്‍ വ്യാപാരംമാത്രം 10,000 കോടിയെന്നാണ് കണക്ക്. കെഎസ്ആര്‍ടിസിയുടെയും സ്വകാര്യവാഹന ഉടമകളുടെയും അധികവരുമാനം ഇക്കാലത്ത് 5,000 കോടിയെന്ന മറ്റൊരു കണക്കുമുണ്ട്. എന്തിന് മകരവിളക്കിന്റെ തത്സമയ സംപ്രേഷണത്തിനിടെ ചാനലുകള്‍ക്ക് ലഭിക്കുന്ന പരസ്യവരുമാനം പോലും 360 കോടി. ശബരിമലയില്‍ മാത്രമായി ഭക്തിവില്പനയിലൂടെ വന്നുചേരുന്നത് 70,000 കോടി. ഈ വരുമാനത്തിന്റെ മുക്കാല്‍പങ്കും കിട്ടുന്നത് തമിഴ്‌നാടിനും കര്‍ണാടകയ്ക്കും ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും മഹാരാഷ്ട്രയ്ക്കും. ഗുരുവായൂര്‍ അമ്പലത്തിന്റെ വരുമാനവും ഇപ്രകാരം തന്നെയാണ്. പക്ഷെ ശബരിമല‑ഗുരുവായൂര്‍ സമ്പദ്‌വ്യവസ്ഥകള്‍ കേരളത്തിന്റെ സമ്പദ്ഘടനയില്‍ പ്രതിഫലിക്കാത്തതെന്തേ?
കഴിഞ്ഞ ദിവസം തൃണമൂല്‍ എംപി മഹുവാ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. ഭൂരിപക്ഷമുള്ളതുകൊണ്ട് ഏതു പ്രതിപക്ഷ പാര്‍ലമെന്റംഗത്തെയും പുറത്താക്കാമെന്ന സംഘ്പരിവാര്‍ ധാര്‍ഷ്ട്യം വളര്‍ന്ന ദേശീയ രാഷ്ട്രീയത്തിലെ ആപല്‍ക്കരമായ പ്രവണതകള്‍ക്കുള്ള ഒരു ചെറിയ വലിയ ഉദാഹരണം. മോഡിയുടെ ഉറ്റതോഴനായ ഗൗതം അഡാനിയെ വിമര്‍ശിച്ചതാണത്രെ മഹുവ ചെയ്ത കുറ്റം. പുറത്താക്കലിന് അര്‍ത്ഥം പാര്‍ലമെന്റിന്റെ നിയന്ത്രണവും അഡാനി കെെക്കുമ്പിളിലാക്കിയിരിക്കുന്നുവെന്നല്ലാതെ മറ്റെന്താണ്.
പാര്‍ലമെന്ററി ജനാധിപത്യത്തിന് മാത്രമല്ല ദേശീയ സുരക്ഷയ്ക്കും അഡാനി ഒരു മഹാഭീഷണിയായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നുവെന്നാണ് വിശ്രുത ചരിത്രകാരനായ ഡോ. രാമചന്ദ്രഗുഹ കഴിഞ്ഞ ദിവസം അപകടസൂചന നല്‍കിയത്. വിഴിഞ്ഞം തുറമുഖ പദ്ധതി സ്വന്തമാക്കാന്‍ അഡാനി ചമച്ച വ്യാജരേഖകളെയും തുറമുഖം മൂലം തകരുന്ന ജെെവസമ്പദ്‌വ്യവസ്ഥയെയും കുറിച്ച് ഡോ. കെ വി തോമസ് അധ്യക്ഷനായും മുന്‍ സംസ്ഥാന ദുരന്ത നിവാരണസമിതി അധ്യക്ഷ ഡോ. കെ ജി താര തുടങ്ങിയ വിദഗ്ധര്‍ അംഗങ്ങളുമായ വിഴിഞ്ഞം ജനകീയ പഠനസമിതി റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുകയായിരുന്നു ഗുഹ. ഇതിനകം തന്നെ വിഴിഞ്ഞം ഉള്‍പ്പെടെ 13 തുറമുഖങ്ങളും എട്ട് വിമാനത്താവളങ്ങളും സ്വന്തമാക്കിയ അഡാനിക്ക് നമ്മുടെ കരിപ്പൂര്‍ ഉള്‍പ്പെടെ 12 വിമാനത്താവളങ്ങള്‍ കൂടി സ്വന്തമാകാന്‍ പോകുന്നു. ദേശീയ സുരക്ഷയില്‍ അനിവാര്യഘടകങ്ങളായ തുറമുഖങ്ങളും വിമാനത്താവളങ്ങളും നിയന്ത്രിക്കുന്ന അഡാനി ദേശീയ ഭീഷണിയാണ്. മോഡി അയാളെ ചെല്ലും ചെലവും നല്‍കി തീറ്റിപ്പോറ്റുന്നത് ദേശീയ ദുരന്തവും.