Site iconSite icon Janayugom Online

പൊറ്റക്കാട് പറഞ്ഞ പീഠാപഞ്ചാര

ലയാള സഞ്ചാരസാഹിത്യത്തിന്റെ പിതാവായ എസ് കെ പൊറ്റക്കാട് ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ ‘നെെല്‍ ഡയറി‘യില്‍ കുറിച്ചിട്ട ഒരു കഥയുണ്ട്. ആറു പതിറ്റാണ്ടിനപ്പുറത്തെ ആ ഇരുണ്ട ആഫ്രിക്കയില്‍ അന്ന് സാമൂഹ്യജീവിതവും ഇരുളടഞ്ഞതായിരുന്നു. നിരക്ഷരരായ നാട്ടുകാര്‍. ചൂഷിതജന്മങ്ങള്‍. പക്ഷേ അവര്‍ നിഷ്കളങ്കരായിരുന്നു. അന്ന് ആഫ്രിക്കയിലെ കച്ചവടമെല്ലാം കയ്യടക്കിവാണിരുന്നത് ഇങ്ങു ഗുജറാത്തില്‍ നിന്നു കുടിയേറിയ പാഴ്സികളും ബനിയാകളും. കള്ളക്കച്ചവടത്തിന് ബഹുസമര്‍ത്ഥര്‍‍. കള്ളപ്പറയും കള്ളത്തുലാസും കള്ളടേപ്പുമെല്ലാം അവരുടെ ചൂഷണായുധങ്ങള്‍. ഒരു കാപ്പിരി വന്ന് ഒരു മുഴം തുണി ചോദിച്ചാല്‍ മുക്കാല്‍ മുഴത്തിന്റെ ടേപ്പുവച്ച് അളന്നുകൊടുക്കും. തുണി മുറിച്ചുകൊടുക്കാറാവുമ്പോള്‍ കാപ്പിരി ഗുജറാത്തി മുതലാളിയോടു കെഞ്ചും; ‘പീഠാ പഞ്ചാര.’ അതായത് അല്പം സൗജന്യം വേണമെന്ന്. ചൂഷകനായ ഗുജറാത്തി ഒന്നോ രണ്ടോ ഇഞ്ചു കൂടി അധികം അളന്നു നല്കും. അപ്പോഴും കാല്‍മുഴത്തോളം തുണി മുതലാളിക്കു ലാഭം. കാപ്പിരി സ്തുതി പറയും. ഗുജറാത്തി ഖുശിയാകും! മുക്കാല്‍ നൂറ്റാണ്ടിനിപ്പുറവും ഒരു രാജ്യത്തെ ജനങ്ങളെയാകെ വഞ്ചിക്കുന്നതില്‍ ഇന്നും ഗുജറാത്തികള്‍ അഗ്രഗണ്യര്‍. നീരവ് മോഡി, ലളിത് മോഡി തുടങ്ങി നരേന്ദ്രമോഡി വരെയുള്ള ഗുജറാത്തിക്കൂട്ടം.

ഗുജറാത്തില്‍ ഭൂജാതനായി ഭരണത്തിലോ വ്യവസായത്തിലോ വാണിജ്യത്തിലോ മേലാളനായാല്‍ പിന്നെ അവന്‍ അവന്റെ തനി ‘ബനിയാ കൊണം’ കാട്ടിയിരിക്കും. കൊള്ളയടിയെന്ന പ്രാകൃതചൂഷണം. അതുകൊണ്ട് പൊറ്റക്കാടു കണ്ട കറുത്ത ആഫ്രിക്കയിലെ കാപ്പിരികളെപ്പോലെ ഇന്നു് അവര്‍ ഇന്ത്യന്‍ ജനതയെക്കൊണ്ട് പീഠാ പഞ്ചാര എന്നു കൊഞ്ചിച്ച് ചൂഷണത്തിന്റെ മാമാങ്കം കൊണ്ടാടുന്നു. ജിഎസ്‌ടി, ഗരീബി അന്ന യോജന, സ്വച്ഛഭാരത് എന്നീ കള്ളപ്പറകളും ചെറുനാഴികളും ടേപ്പുകളും കൊണ്ടു നടത്തുന്ന കൊള്ളകളുടെ പരമ്പര. അരനൂറ്റാണ്ടുമുമ്പ് ഒരു ലിറ്റര്‍ പെട്രോളിനും ഓയിലിനും കൂടി വില മൂന്നര രൂപയായിരുന്നു. അന്നു സ്വര്‍ണത്തിന്റെ വില പവന് ഇരുന്നൂറു രൂപയ്ക്കു താഴെ. അതായത് 8 ഗ്രാമിന്. ഇന്ന് പെട്രോള്‍ വില ലിറ്ററിന് 110 രൂപ. സ്വര്‍ണം ഒരു ഗ്രാമിന് ഇന്നലെ വിപണിവില 4,511 രൂപ. മോഡിയുടെ ബനിയാ ഭരണത്തിന്‍ കീഴില്‍ നികുതി 9.48 രൂപയില്‍ നിന്നും 31.83 രൂപയായി ഉയര്‍ത്തി. ആറ് ലക്ഷം കോടി രൂപയാണ് ഈ കാലയളവില്‍ ജനതയെ കൊള്ളയടിച്ചത്. ഇപ്പോഴിതാ പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ച് രൂപയും കുറച്ച് ആഫ്രിക്കയിലെ ബനിയാവണിക്കിന്റെ പീഠാപഞ്ചാര പറയിക്കുന്ന കസര്‍ത്തു കാട്ടിയിരിക്കുന്നു. 32 രൂപ കുത്തനെ ഉയര്‍ത്തിയ ശേഷം 10 രൂപ കുറച്ച് ഇന്ദ്രജാലം കാട്ടുന്ന ബനിയാതന്ത്രം. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി ഏറ്റുവാങ്ങിയ പടുതോല്‍വിയെത്തുടര്‍ന്നായിരുന്നു പെട്രോള്‍-ഡീസല്‍ വില കുറച്ചതെന്ന് പലരും പറയുന്നു. അപ്പോള്‍ ക്രൂഡോയിലിനു വില കുറഞ്ഞില്ലെങ്കിലും ഇന്ധനവില കുറയും. അതിന് ബിജെപി തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കണമെന്നേയുള്ളൂ. അപ്പോള്‍ നമുക്കിനി ആ വഴിക്ക് ചിന്തിക്കാം. ബനിയാതന്ത്രത്തിന് ഒരു മറുതന്ത്രം വേണമല്ലോ.

തെരഞ്ഞെടുപ്പിനെപ്പറ്റി പറഞ്ഞപ്പോഴാണ് നമ്മുടെ പഴയ സഖാവ് കനയ്യകുമാറിനെ ഓര്‍ത്തുപോയത്. ആസാദിഗാനങ്ങള്‍ പാടിയും പറഞ്ഞും ജനസഹസ്രങ്ങളെ ഇളക്കിമറിച്ച കനയ്യ എന്ന സിപിഐയുടെ യുവനേതാവ് അക്കരപ്പച്ച മോഹിച്ച് കോണ്‍ഗ്രസ് എന്ന മുങ്ങുന്ന കപ്പലിലേക്ക് എടുത്തുചാടിയ മൃഗതൃഷ്ണാമോഹി. സിരകളില്‍ ആവേശം പടരുന്ന ആസാദി ഗാനങ്ങള്‍ക്കുപകരം ദുല്‍ഖര്‍ സിനിമയിലെ ‘ഡിങ്കിരി ഡിങ്കാലേ, മീനാക്ഷീ ഡിങ്കിരി ഡിങ്കാലേ, ഉലകം പോണ പോക്ക് പാര് മീനാക്ഷി പെണ്ണാളേ’ എന്നു പാടി കഴിഞ്ഞ കുറേ ദിവസങ്ങളായി ബിഹാര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു വേണ്ടി വോട്ടു പിടിച്ചു നടന്നു. പ്രചാരണത്തിന്റെ ക്ഷീണമകറ്റാന്‍ കോണ്‍ഗ്രസ് ഒരുക്കിയ പഞ്ചനക്ഷത്ര ഹോട്ടലില്‍ വായനാനിരതനായിരിക്കുന്ന കനയ്യയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയായിരുന്നു. ആറ്റിലേക്കച്യുതാ ചാടല്ലേ ചാടല്ലേ എന്ന് സഖാക്കള്‍ പാടിപ്പാടി ഉപദേശിച്ചിട്ടും കേട്ടില്ല. കോണ്‍ഗ്രസ് ബിഹാര്‍ പിടിച്ചിട്ടേ ഇനി വിശ്രമമുള്ളൂ എന്നുപറഞ്ഞ് ചാടിപ്പുറപ്പെട്ട കനയ്യകുമാറിന്റെ ഇന്നത്തെ ദയനീയാവസ്ഥയെ സമൂഹമാധ്യമങ്ങളില്‍ ഒരാള്‍ വിശേഷിപ്പിച്ചത് വെള്ളത്തില്‍ വീണ തീക്കട്ട എന്നായിരുന്നു. കമ്മ്യൂണിസ്റ്റല്ലെങ്കില്‍ കനയ്യ ആരുമല്ലെന്ന് വിളംബരം ചെയ്യുന്ന സംഭവശ്രേണികള്‍. കനയ്യ സിപിഐ വിട്ടശേഷം അദ്ദേഹത്തിന്റെ തട്ടകമായ കമ്മ്യൂണിസ്റ്റ് ലെനിന്‍ ഗ്രാഡ് എന്നറിയപ്പെടുന്ന ബിഹാറിലെ ബഗുസരായില്‍ നടന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പില്‍ സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് മഹാഭൂരിപക്ഷത്തോടെ ജയിച്ചുകയറി. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഈ സെക്ടറില്‍ കനയ്യ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകളോടെ. ഇക്കഴിഞ്ഞ ദിവസം നടന്ന ബിഹാര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കുശോലര്‍സ്ഥാന്‍, താരാപ്പൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി കനയ്യ വീടുവീടാന്തരം കയറിയിറങ്ങി ആസാദിഗാനങ്ങള്‍ മാറ്റിപ്പാടി. ഫലം വന്നപ്പോള്‍ രണ്ട് സീറ്റിലും കൂടി കോണ്‍ഗ്രസിന് ആകെ കിട്ടിയത് 9172 വോട്ടുകള്‍. ആകെ പോള്‍ ചെയ്തതിന്റെ 3.05 ശതമാനം വോട്ടുകള്‍. രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെയും കെട്ടിവച്ച കാശും പോയി. അതാണ് പറയുന്നത് പ്രസ്ഥാനങ്ങളാണ് നേതാക്കളെ സൃഷ്ടിക്കുന്നതെന്ന്. പണ്ട് പിണറായി പറഞ്ഞപോലെ കടലായാലേ തിരയടിക്കൂ. കടല്‍വെള്ളം ബക്കറ്റിലാക്കി‍ തിരയടി സ്വപ്നം കാണേണ്ട.

ലയാളം ഫുട്ബോള്‍ കമന്ററിയുടെ ഉത്ഭവകാലത്ത് തലസ്ഥാനത്ത് ഏതാനും കമന്റേറ്റര്‍മാരുണ്ടായിരുന്നു. ഡി അരവിന്ദന്‍, എല്‍ഐസി വിശ്വനാഥന്‍, ബോധാനന്ദന്‍ തുടങ്ങിയവര്‍. മറ്റു രണ്ടുപേര്‍ പ്രമുഖരായ സാഹിത്യകാരന്മാരും ആകാശവാണിയിലെ സ്ഥിരം നിലയ വിദ്വാന്മാരും. ഈ രണ്ടുപേര്‍ക്കും മെെതാനത്തു വെട്ടം മങ്ങിയാല്‍ കളി കണ്ട് കളി പറയാനാവില്ല. ‘പന്ത് ഇപ്പോള്‍ മെെതാനമധ്യത്താണ്. അതാ പന്തുമായി പൊക്കമുള്ള സായിപ്പ് പൊ‌ക്കം കുറഞ്ഞ സായിപ്പില്‍ നിന്ന് പന്ത് തട്ടിയെടുക്കുന്നു. പന്തുമായി കറുത്ത കുള്ളന്‍ ഗോള്‍മുഖത്തേക്ക്. നീണ്ട ഒരു വലങ്കാലനടി. ഇല്ല ഒന്നും സംഭവിച്ചില്ല.’ ഇത്രയും കമന്ററി കഴിയുമ്പോഴേക്കും ഗോള്‍ വല കുലുങ്ങിയ ശേഷം പന്ത് മെെതാനമധ്യത്തേക്ക് എത്തിച്ചിരിക്കും. ഈ ആശാന്മാര്‍ കളി പറയുന്നതൊന്ന്. കളി നടക്കുന്നതു മറ്റൊന്ന്. നമ്മുടെ ചാനലുകാരും ആകാശവാണി നിലയവിദ്വാന്മാരുടെ ഹെെടെക് പതിപ്പുകളായി കുറേക്കാലമായി മാറിക്കഴിഞ്ഞിരിക്കുന്നു. പണ്ട് സോളാര്‍ കേസ് പ്രതി ബിജുരാധാകൃഷ്ണന്‍ പൊലീസിന് ഒരു എട്ടിന്റെ പണി കൊടുത്തു. തെളിവുകളെല്ലാം തമിഴ്‌നാട്ടിലുണ്ടെന്നും കാണിച്ചുതരാമെന്നും പൊലീസിനോടു പറഞ്ഞു. പൊലീസ് വാഹനവ്യൂഹവും തോക്കുധാരികളും നേരേ തമിഴ്‌നാട്ടിലേക്ക്. പിന്നാലെ ചാനല്‍ശിങ്കങ്ങളുടെ വാഹനനിരകള്‍ വച്ചു കത്തിക്കുന്നു. ‘ബിജു രാധാകൃഷ്ണനുമായി വാഹനം കോട്ടയത്തെത്തി. പീച്ചിയിലേക്കു നോക്കി തന്റെ തൃശൂര്‍ അങ്ങാടിയിലെ ലെെംഗികാപവാദങ്ങളോര്‍ത്ത് കണ്ണു നിറയുന്ന പി ടി ചാക്കോയുടെ പ്രതിമയും പിന്നിട്ട് വാഹനം നീങ്ങുന്നു.’ എന്നിങ്ങനെ പോകുന്നു ചാനലുകളിലൂടെയുള്ള കമന്ററി പ്രവാഹം. ജനത്തിന് ഈ അടിച്ചേല്പിക്കപ്പെടുന്ന അസംബന്ധ കമന്ററികളില്‍ എന്തു താല്പര്യമെന്ന ചിന്തയൊന്നും ലവലേശമില്ല. കഴിഞ്ഞ ദിവസം സ്വര്‍ണക്കള്ളക്കടത്തുകാരി സ്വപ്നാ സുരേഷ് ജാമ്യത്തിലിറങ്ങിയപ്പോഴും അട്ടക്കുളങ്ങര വനിതാജയിലിന്റെ കവാടം മുതല്‍ ഇതേ കമന്ററി നാടകങ്ങള്‍, ‘ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ സ്വപ്ന പുറത്തിറങ്ങുന്നതു കാണാനുള്ള സ്വര്‍ണമുഹൂര്‍ത്തം ഞങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നുവെന്ന് ഒരു ചാനല്‍വിദ്വാന്‍. ‘കവാടത്തിനരികെ സ്വപ്നയുടെ അമ്മ പ്രഭ എത്തിയിട്ടുണ്ട്. നീല ടോപ്പും മഞ്ഞ ലഗ്ഗിംഗ്സും ചുവപ്പ് ഷാളുമാണ് വേഷം. ദാ ഗേറ്റ് തുറക്കുന്നു സ്വപ്ന പുറത്തിറങ്ങുന്നു. അല്ല അതൊരു ജയില്‍ ജീവനക്കാരിയാണ്. കാക്കി പാന്റ്സും ഷര്‍ട്ടുമാണ് വേഷം. കയ്യിലൊരു വയര്‍ലെസുണ്ട്. ‘മറ്റൊരു ചാനല്‍ ശിരോമണിയുടെ കമന്ററി നടനത്തികവ്. ‘ഇതാ സ്വപ്ന പുറത്തേക്ക്, കറുത്ത വേഷം. പര്‍ദ്ദയിട്ടപോലെ മുഖം മറച്ചിരിക്കുന്നു. കയ്യില്‍ ചുവന്ന സഞ്ചിയുണ്ട്. അടിവസ്ത്രങ്ങളായിരിക്കും. ബാഗ് മുകളില്‍ നിന്ന് അമ്മ വാങ്ങുന്നു. കാറില്‍ കയറി ഇരുവരും കുടുംബവീട്ടിലേക്ക്, അവിടെ സ്വപ്നയുടെ വാര്‍ത്താസമ്മേളനമുണ്ടാകും. ഞങ്ങള്‍ പിന്നാലെ പായുന്നുണ്ട്. വാഹനമിപ്പോള്‍ പാപ്പനംകോടും വെള്ളായണി മുക്കും കഴിഞ്ഞ് ബാലരാമപുരത്തെ തറവാട് വീട്ടിലെത്തി. കാര്‍ അകത്തേക്ക്. ഒന്നും പറയാതെ സ്വപ്ന ശുചിമുറിയിലേക്ക്.’ അങ്ങനെ നീളുന്ന കമന്റ്. അവളെയൊന്ന് മൂത്രമൊഴിക്കാനെങ്കിലും സമ്മതിക്ക് എന്ന് അമ്മ പറയുന്നു എന്ന കമന്ററിയോടെ അണ്ടികളഞ്ഞ അണ്ണാന്മാരെപ്പോലെ ചാനല്‍ മേനിക്കണ്ടപ്പന്മാര്‍ തിരികെ മുങ്ങുന്നു. റണ്ണിങ് കമന്ററി ശുഭം. അല്ല ചാനല്‍ പ്രമാണിമാരേ ഇത്രയൊക്കെ നടന്നതില്‍ മാലോകര്‍ക്കറിയേണ്ട നാലു വാക്കെങ്കിലുമുണ്ടോ. ഇതിനെയാണ് ജനം ചാനല്‍ ന്യൂയിസന്‍സ് എന്നു വിളിച്ചുപോകുന്നത്.

Exit mobile version