ധാർമ്മികത, മതം, ആചാരാനുഷ്ഠാനങ്ങൾ, ഭാഷ, കല, ജീവിതമൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അധീശ വിഭാഗത്തിന്റെ മാനദണ്ഡങ്ങളും, ഒരു രാഷ്ട്രീയ ഉപകരണമെന്ന രീതിയിൽ സംസ്കാരത്തെ ഉപയോഗപ്പെടുത്തുന്ന സമീപനങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ മുകൾത്തട്ടിൽ നിന്നും താഴെത്തട്ടിലേക്ക് ഇവ സംക്രമിക്കുകയും, അധോതലത്തിലെ സംസ്കൃതികളുടെ സഹജവാസനകളെ അപചയപ്പെടുത്തുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയ ചരിത്രത്തിൽ ഉടനീളം ദർശിക്കാവുന്നതാണ്. മൂല്യപരമായ മേന്മയുടെ നിർണയാവകാശം ‘ഭൂരിപക്ഷം’ എന്ന ദുർമേദസിന്റെ കുത്തകയാകുന്നത് സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ പ്രത്യേകിച്ചും പ്രകടമാകുന്നു. ‘യോഗ’ എങ്ങനെ വിശിഷ്ടമായ ഒരു സാംസ്കാരിക ഉല്പന്നമായി എന്നത് ഉദാഹരണം.
വൈവിധ്യങ്ങളെ നിഷ്കാസനം ചെയ്ത് ഏകശിലാരൂപമായ ഒരു സംസ്കാരം നിർമ്മിച്ചെടുക്കാൻ വ്യത്യസ്ത ശബ്ദങ്ങൾ തടസമാണെന്ന് ഭൂരിപക്ഷ പിന്തുണയുള്ള ഒരു സമഗ്രാധിപത്യ വ്യവസ്ഥ കരുതുന്നു. മതത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും മിത്തുകളെ കുറിച്ചുമുള്ള ബോധങ്ങളെ വൈകാരികമായി ഉദ്ദീപിപ്പിച്ചു നിർത്തുന്നിടത്തോളം കാലം സാംസ്കാരിക വൈവിധ്യത്തിനും ആവിഷ്കാരത്തിന്റെ സ്വച്ഛന്ദതയ്ക്കും പുനരുജ്ജീവന സാധ്യതയില്ലെന്ന് ഫാസിസ്റ്റുകൾക്ക് അറിയാം. സംസ്കാരത്തിന്റെ സംവരണവും സാത്മീകരണവും സ്വച്ഛന്ദവും സ്വാഭാവികവും അനുസ്യൂതവുമായ ഒരു ചരിത്ര പ്രക്രിയയായിരുന്നു. ആചാരാനുഷ്ഠാനങ്ങളിലും കലയിലും ജീവിതശൈലികളിലുമെല്ലാം അന്യ സംസ്കാരങ്ങളുടെ സ്വാധീനങ്ങൾ ഉണ്ടെങ്കിലും അവ തിരസ്കരിക്കാനും തമസ്കരിക്കാനുമുള്ള ഹിംസാത്മകമായ ഉദ്യമങ്ങളും നടക്കുന്നു. കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തകരും സംഗീതജ്ഞരും ഫാസിസ്റ്റുകളുടെ നോട്ടപ്പുള്ളികളാകുന്നു.
ആവിഷ്കാരപരവും സങ്കേതപരവുമായ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തപ്പെട്ടുകഴിഞ്ഞു എന്നതു മാത്രമല്ല, ആധുനിക യുഗത്തിൽ കല നേരിടുന്ന സ്തംഭനാവസ്ഥയ്ക്ക് നിദാനം. സാഹസികവും നിരുപാധികവുമായ ചോദനകളാൽ നയിക്കപ്പെടുന്ന കലാകാരന്മാർ പാർശ്വവൽക്കരിക്കപ്പെടുകയും വിപണിയുടെ സ്പന്ദനങ്ങളറിഞ്ഞും ഭരണകൂടത്തിന്റെ ഇംഗിതങ്ങളറിഞ്ഞും സ്തുതിപാടിയും മുന്നേറുന്നവർ മാത്രം വിജയിക്കുകയും ചെയ്യുന്ന ഒരു സാംസ്കാരിക കാലാവസ്ഥ സംജാതമായിട്ടുണ്ട്.
ശാസ്ത്രജ്ഞർ സാമാന്യേന വിധേയത്വത്തിന്റെ രാജപാത തെരഞ്ഞെടുത്തു കഴിഞ്ഞു. ശാസ്ത്രീയ മനോവൃത്തി അന്യമായ ഒരു പദമായി മാറിക്കഴിഞ്ഞു. സർഗാത്മകത്വത്തിന്റെ സ്പർശിനികൾ മരവിപ്പിക്കപ്പെട്ട് ഭൂരിപക്ഷ താല്പര്യങ്ങളുടെ ഘോഷയാത്രയെ അനുധാവനം ചെയ്യുന്നവരായി മാറുന്നു എഴുത്തുകാരും കലാകാരരും എന്ന് ആശങ്കപ്പെടണം.
അതീവ ശ്രദ്ധയോടെയുള്ള ഈ പദ്ധതി നടപ്പിലാക്കിയത് ദ്വിതലത്തിലായിരുന്നു. സാംസ്കാരിക കലാ മേഖലകളിലൂടെ, ആശയമണ്ഡലത്തെ ആക്രമിച്ചു കീഴടക്കുകയല്ല ചെയ്തത്. മെരുക്കി, അനുനയിപ്പിച്ച്, വിശ്വസിപ്പിക്കുക എന്ന നയമായിരുന്നു അവരുടേത്. പേശീബലവും ഉപയോഗിച്ചു. വിശ്വാസം എന്ന പദത്തെ (ഫെയ്ത്ത്, ബിലീഫ് എന്നീ രണ്ട് ആംഗലേയ പദങ്ങൾ ഉൾക്കൊള്ളുന്ന ആശയസാരത്തെ) വളരെ കൃത്യമായി അപനിർമ്മിച്ച് അന്ധവിശ്വാസത്തിലേക്കും മതാത്മകതയിലേക്കും ആനയിക്കുന്നതിനുള്ള ഉപാധികളിൽ ഒന്നായി കലാരൂപങ്ങളെ, ചിഹ്നങ്ങളാക്കാൻ അവർക്കു കഴിഞ്ഞു. കഥകളി, കൂടിയാട്ടം, തുള്ളൽ തുടങ്ങിയ കേരളീയ കലകളെ ക്ഷേത്ര കലകളായും അതുവഴി ഹൈന്ദവ കലകളായും മാറ്റാൻ വലിയ പ്രയാസമുണ്ടായില്ല. ദക്ഷിണ ഭാരതീയ നൃത്തരൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയവയ്ക്കും, കർണാടക സംഗീതമെന്ന ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതത്തിനും ഈ വിപര്യയത്തിൽ നിന്നും മോചനമുണ്ടായില്ല. വിശ്വാസത്തെ അന്ധവിശ്വാസമാക്കാനും കലകളെ മതാനുഷ്ഠാനമാക്കാനും കഴിഞ്ഞത് നവോത്ഥാനത്തിന്റെ നേർവഴികൾക്ക് പുറത്തായതുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടതുമില്ല. വിശ്വോത്തര സാഹിത്യ കൃതികളായ മഹാഭാരതവും രാമായണവും മാത്രമല്ല, ഉദാത്ത തത്വവിചാരങ്ങളായ ഉപനിഷത്തുക്കൾ പോലും വർഗീകരിച്ചാണ് ശക്തമായ ഒരു രാഷ്ട്രീയ അടിത്തറ അവർ ഇവിടെ നിർമ്മിച്ചെടുത്തത്. ഹൈന്ദവമെന്ന് ഇന്ത്യൻ ഫാസിസത്തിന്റെ വക്താക്കൾ മുദ്രകുത്തി കൈവശപ്പെടുത്തിയ ഭാരതീയ ദർശനങ്ങൾ ഒന്നും അങ്ങനെയായിരുന്നില്ല എന്ന് തിരിച്ചറിയണം.
യഥാർത്ഥ ഋഷിമാർ മനുഷ്യകുലത്തെ ഒന്നായിക്കണ്ടു. ആ സത്യം സംഘ്പരിവാർ പറയില്ല. എല്ലാം എല്ലാവർക്കും വേണ്ടി എന്നതിനപ്പുറം “തേന ത്യക്തേന, ഭുഞ്ജീഥാഃ മാ ഗൃധഃ കസ്യ സ്വിദ്ധനം” (അതിനാൽ അത് ഉണ്ടായതാകുന്നു, ആർത്തി അരുത്, ആരുടേതാണ് ധനം?) എന്ന സൂക്തം ഒരു മതാത്മക ആധ്യാത്മികതയിലും ഊന്നുന്നില്ല. ഒരു പക്ഷെ വ്യാഖ്യാനിച്ചാൽ ചൂഷക‑ചൂഷിത വൈരുധ്യാത്മകതയിലേക്കും മിച്ചമൂല്യ സിദ്ധാന്തത്തിലേക്കും വരെ ചെന്നെത്തുന്ന ഈ ദർശനത്തിന്റെ ആവർത്തനം പല ഉപനിഷത്തുകളിലും കാണാം. മനുഷ്യകുലത്തിന്റെ ക്ഷേമത്തിനുള്ള ഇത്തരം ചിന്തകളെ മതരാഷ്ട്രീയമാക്കി മാറ്റി, സാംസ്കാരിക ദേശീയത എന്ന പരികൽപനയില്‍ ഒതുക്കിയതാണ് വർത്തമാനകാല ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അടിത്തറയായത്.
ശാസ്ത്ര ബോധവും യുക്തി ചിന്തയും അന്വേഷണ ത്വരയും വളർത്തുക എന്നത് ഇന്ത്യൻ പൗരന്റെ ഭരണഘടനാപരമായ കർത്തവ്യമാണ്. ശാസ്ത്രീയ മനോഭാവം കൊണ്ടേ സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവൂ എന്ന് ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു വിശ്വസിച്ചു. ഇന്ത്യ ദേശീയ ശാസ്ത്രദിനം ആചരിച്ചു തുടങ്ങിയത് 1987മുതലാണ്. നൊബേൽ ജേതാവായ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സി വി രാമൻ, രാമൻ പ്രഭാവം കണ്ടുപിടിച്ചതിന്റെ ഓർമ്മയ്ക്കായാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് ഇന്ത്യൻ ശാസ്ത്ര രംഗം നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഏഴര പതിറ്റാണ്ട് കഴിഞ്ഞിട്ടും ശാസ്ത്ര സാങ്കേതിക രംഗത്തിനുള്ള നീക്കിയിരിപ്പ് മൊത്തം ജിഡിപി യുടെ മൂന്ന് ശതമാനം മാത്രമാണ്. പത്ത് ലക്ഷം ഇന്ത്യക്കാരിൽ ഇരുന്നൂറിൽ താഴെ പേർ മാത്രമാണ് ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്നത്. അമേരിക്കയിലും മറ്റും ഇത് അയ്യായിരത്തിനടുത്താണ്. സമൂഹത്തിന് മുന്നോട്ടു പോകാനുള്ള ഇന്ധനമാണ് ശാസ്ത്രം. പക്ഷെ ഭരണകർത്താക്കളുടെ ദീർഘവീക്ഷണത്തിന്റെ അഭാവവും ശാസ്ത്ര ബോധമില്ലായ്മയും ഈ രംഗത്ത് മെച്ചപ്പെടലുകൾക്ക് തടസം നിൽക്കുന്നു.
രാജ്യത്തെ ജാതിവ്യവസ്ഥയും അക്കാദമിക രംഗത്തെ വളർച്ചയ്ക്ക് തടസം നിൽക്കുന്നു. പൗരാണിക കാലഘട്ടത്തിൽ ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, ചികിത്സാ ശാസ്ത്രം എന്നിവയിലൊക്കെ പുലർത്തിയ മേൽക്കൈ പിൽക്കാലത്ത് നഷ്ടമായതിൽ ജാതി വ്യവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. അറിവിന്റെ കുത്തക മേൽജാതിക്കാർക്ക് മാത്രമായി പരിമിതപ്പെട്ടപ്പോൾ തൊഴിൽ, ജാതി അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു. അറിവിനുള്ള അവകാശം നിഷേധിച്ചുകൊണ്ട് അറിവിന്റെ കുത്തക കയ്യാളിയവർ അതിനെ വിശ്വാസങ്ങളുടെ സങ്കുചിതത്വത്തിൽ തളച്ചിട്ടത് ശാസ്ത്രരംഗത്ത് ഇന്ത്യയെ നൂറ്റാണ്ടുകൾ പിന്നിലേക്ക് തള്ളി. ഇന്നും ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളിൽ ജാതിശ്രേണി സ്വാധീനം ചെലുത്തുന്നു. ജനാധിപത്യ വിരുദ്ധമായ അധികാര ശ്രേണി ഇന്ത്യയിലെ അക്കാദമിക സ്ഥാപനങ്ങളിൽ നിലനിൽക്കുന്നു. സംഘ്പരിവാർ നോമിനികളായ വൈസ് ചാൻസലർമാർ അക്കാദമിക സ്വാതന്ത്ര്യത്തെ അടിച്ചമർത്തി പുരോഗമന ശബ്ദങ്ങളെ സർവകലാശാലകളിൽ ഇല്ലായ്മ ചെയ്യുന്നു. മനുഷ്യർ പ്രവർത്തനങ്ങളിലൂടെ നിർമ്മിച്ചെടുത്ത അറിവിന്റെ ഉല്‍കൃഷ്ടമായ സഞ്ചിതരൂപമാണ് ശാസ്ത്രം. നിത്യജീവിതത്തെ യുക്തിസഹമായി സമീപിക്കുകയും പ്രശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും ചെയ്യുന്ന സമീപനം ശാസ്ത്ര പഠനത്തിന്റെ ഭാഗമായി വളർന്നു വരേണ്ടതാണ്. അന്വേഷണാത്മക മനോഭാവവും ശാസ്ത്രീയ ചിന്താരീതിയും വളർത്തിയെടുക്കൽ പൗരന്റെ മൗലിക കർത്തവ്യമായി നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇന്ത്യയിൽ ഉന്നതമായ പദവികൾ അലങ്കരിക്കുന്ന ശാസ്ത്രജ്ഞരിൽ പലരും പരസ്യമായി തന്നെ അന്ധവിശ്വാസങ്ങൾ ആചരിക്കുന്നവരാണ്. മാത്രമല്ല, ഇത്തരം വിശ്വാസങ്ങളെ ഗവേഷണ സ്ഥാപനങ്ങളിലേക്ക് കൂടി കൊണ്ടുവരികയും ചെയ്യുന്നു.
ഹിന്ദുത്വയുടെ കാലത്തെ ശാസ്ത്രത്തിലുള്ള ഇടപെടലിനെ യാദൃച്ഛികമോ ഒറ്റതിരിഞ്ഞതോ ആയല്ല കാണേണ്ടത്. മറിച്ച് പുരോഗമന ചിന്തയെയും മതനിരപേക്ഷ ആശയങ്ങളെയും ജനാധിപത്യമൂല്യങ്ങളെയും ഇല്ലാതാക്കാനും നൂറ്റാണ്ടുകൾ പഴകിയ, ജീർണിച്ച ആശയങ്ങളിലേക്ക് ഇന്ത്യൻ ജനതയെ നയിക്കാനുമുള്ള ബൃഹദ് പദ്ധതികളുടെ ഭാഗമായാണ്. മൂന്ന് തലങ്ങളിലായാണ് അത് പ്രവർത്തിക്കുന്നത്. ഒന്നാമത്, ഇന്ത്യൻ ശാസ്ത്രപാരമ്പര്യത്തെക്കുറിച്ച് വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുകയും, ശാസ്ത്രത്തിലെ പല ആശയങ്ങളും പടിഞ്ഞാറു നിന്ന് വന്നത് എന്നുപറഞ്ഞ് തള്ളിക്കളയുകയും ചെയ്യുന്നു. രണ്ടാമത്തേത് തങ്ങൾക്ക് (ഫാസിസ്റ്റുകൾക്ക്) താല്പര്യമുള്ള വിഷയങ്ങളിൽ മാത്രം ഗവേഷണം നടത്താൻ ഫണ്ട് അനുവദിച്ചുകൊണ്ട് വ്യാജ അവകാശവാദങ്ങൾക്ക് ശാസ്ത്രീയ അടിത്തറ ഒരുക്കുക എന്നതാണ്. മൂന്നാമതായി പാഠ്യ പദ്ധതിയിലെ ഇടപെടലുകൾ വഴി ശാസ്ത്രീയ മനോഭാവത്തിനും യുക്തിചിന്തയ്ക്കും അന്ത്യം കുറിക്കുന്നു.
ഇത്തരത്തിലുള്ള കഠിനമായ വലതുപക്ഷ പ്രവണതകൾ പെരുകുമ്പോൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശക്തമായി പ്രതിരോധിക്കണം. എന്നാൽ രാഷ്ട്രീയരംഗത്തും ഏകാധിപത്യ പ്രവണതയും നേതൃത്വങ്ങളുടെ സമഗ്രാധിപത്യവും വർധിക്കുന്നു. നേതൃത്വങ്ങളെ ചോദ്യം ചെയ്യുന്നവരെ അകറ്റിനിർത്തുന്നു, അവരെ പല പേരുകളാൽ മുദ്ര ചാർത്തുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അധാർമ്മിക പ്രവർത്തനങ്ങൾ പേശീബലം കൊണ്ട് ന്യായീകരിക്കപ്പെടുന്നു. പല പ്രസ്ഥാനങ്ങളിലും നേതൃത്വം അപ്രമാദിത്വ പദവിയിലേക്ക് ഉയരുന്നത് ചുറ്റുമുള്ള സ്തുതിപാഠകന്മാരുടെ സ്തുതിഗീതങ്ങളിലൂടെയാണ്. കാലം ആവശ്യപ്പെടുന്നത് അന്ധവിശ്വാസത്തിനും യുക്തിരഹിത ചിന്തകൾക്കുമെതിരെ, ജനാധിപത്യത്തിനു വേണ്ടിയും, സമഗ്രാധിപത്യത്തിന് എതിരെയുമുള്ള അസന്ദിഗ്ധ പോരാട്ടമാണ്.