പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതി യോഗത്തിൽ അധ്യക്ഷനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ”ഹിന്ദി ഭാഷ”യെ ഇംഗ്ലീഷിനു പകരമായി ഹിന്ദി ഇതര സംസ്ഥാനങ്ങളിലെ പൗരന്മാരും ആശയ വിനിമയത്തിന് ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എപ്പോഴും വിവാദങ്ങളുടെ തോഴനായ അമിത്ഷാ ഏപ്രിൽ 8 ന് യാദൃച്ഛികമായി ഒരു പ്രസ്താവന നടത്തിയതല്ല. വളരെ ആലോചിച്ച് ഉറച്ച ഒരു തീരുമാനം നടപ്പിലാക്കുന്നതിന്റെ ഡ്രസ് റിഹേഴ്സൽ നടത്തുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ ശില്പികൾ നേരിട്ട ഏറ്റവും വലിയ ഒരു പ്രശ്നമായിരുന്നു ഇന്ത്യക്ക് ഒരു ദേശീയ ഭാഷയെന്നത്. ഏകദേശം 700 ലധികം ഭാഷകളുള്ള ഇന്ത്യയിൽ സമസ്ത ഇന്ത്യാക്കാർക്കും സ്വീകാര്യമായ ഒരു ഭാഷ സാധ്യമല്ലായെന്ന തിരിച്ചറിവിലാണ് ദേശീയ ഭാഷയെന്ന ഒന്നു വേണ്ടെന്നു വയ്ക്കാനും ഇംഗ്ലീഷും ഹിന്ദിയും ഔദ്യോഗിക ഭാഷയായി അംഗീകരിക്കാനും ഇന്ത്യാ ഗവണ്മെന്റ് തീരുമാനിച്ചത്. എങ്കിലും ഇന്ത്യൻ ഭരണഘടന 22 ഇന്ത്യൻ ഭാഷകളെ അംഗീകരിച്ചിട്ടുണ്ട്. അതിൽ മലയാളവും തമിഴും ഉൾപ്പെടുന്നുമുണ്ട്.
ഇന്ത്യൻ ജനതയുടെ 50 ശതമാനം ജനങ്ങളും ഹിന്ദി സംസാരിക്കുന്നവരാണെങ്കിലും മറ്റൊരു 50 ശതമാനം ഹിന്ദി സംസാരിക്കാനോ എഴുതാനോ വായിക്കാനോ അറിയാത്തവരാണ്. ഇന്ത്യയെപ്പോലെ ബഹുസ്വരത അംഗീകരിക്കപ്പെട്ട ഒരു രാജ്യത്ത് നേർ പകുതി വരുന്ന ജനസമൂഹത്തിന്റെ താല്പര്യങ്ങളെയും വികാരങ്ങളെയും അവഗണിക്കാൻ പാടില്ല. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഒഡിയ, സംസ്കൃതം എന്നീ ആറുഭാഷകൾക്കാണ് ഗവണ്മെന്റ് വിവിധ വർഷങ്ങളിലായി ഇന്ത്യയുടെ ക്ലാസിക്കൽ ഭാഷാപദവി നൽകിയത്. ഇന്ത്യയുടെ പ്രാചീന ഭാഷയായി കണക്കാക്കുന്ന സംസ്കൃതം ഇന്ന് വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇംഗ്ലീഷിനോളം പ്രചുരപ്രചാരമുള്ള മറ്റൊരു ഭാഷ ഇല്ലായെന്നുതന്നെ പറയാം. കോടതികളുടെ ഭരണ ഭാഷയും ഇന്ന് ഇംഗ്ലീഷാണ്.
ഇതുകൂടി വായിക്കൂ:ധ്രുവീകരണായുധമായി ഇനി മുതല്‍ ഹിന്ദി ഭാഷയും
കേരള സംസ്ഥാനത്ത് മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനുള്ള വലിയ യജ്ഞം തന്നെ നടത്തിയാണ് ഇത്രയെങ്കിലും മുന്നോട്ടുവന്നത്. തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷയ്ക്കെതിരെ മുൻകാലങ്ങളിൽ നടന്ന കലാപം ആർക്കും മറക്കാൻ കഴിയുന്നതല്ല. വൈവിധ്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയാത്തവർ ഒരിക്കൽ ചില ഭ്രാന്തൻ നടപടികൾ കൈക്കൊണ്ടതാണെങ്കിൽ ഇന്ന് ഇന്ത്യയുടെ നാനാത്വം തകർക്കാനുള്ള ബോധപൂർവമായ പരിശ്രമമാണ് നടക്കുന്നത്. ഭാഷയുടെ കാര്യത്തിൽ മാത്രമല്ല വേഷഭൂഷാദികളിലും കലയിലും സംസ്കാരത്തിലുമെല്ലാം ആ വൈവിധ്യം പോറലേൽക്കാതെ കുടികൊള്ളുന്നതാണ് ഇന്ത്യയുടെ ഐക്യത്തിന്റെ പൊരുൾ. അതു തകർക്കാനുള്ള പരിശ്രമമാണ് ബിജെപിയും കൂട്ടരും കഴിഞ്ഞ കുറച്ചുനാളുകളായി നടത്തുന്നത്. ”ഒരു രാജ്യം ഒരു ഭാഷ” എന്ന മുദ്രാവാക്യം നാളെ ”ഒരു രാജ്യം ഒരു മതം” എന്നതിലേക്കുള്ള ചൂണ്ടുപലകയാണ്. നൂറ്റാണ്ടുകളായി ജനത ഉപയോഗിച്ചു വരുന്ന അവരുടെ ഭാഷയ്ക്കു മറ്റൊന്നും പകരം വയ്ക്കാനാവില്ല.
ഏതെങ്കിലുമൊരു ഭാഷ ദേശീയതയുടെ പേരിൽ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ജനങ്ങൾ വൈകാരികമായി മാത്രമെ അതിനോടു പ്രതികരിക്കുകയുള്ളൂ. രാജ്യത്തിന്റെ ഐക്യത്തെയും ജനങ്ങളുടെ ഒത്തൊരുമയേയും പ്രതികൂലമായി ബാധിക്കുന്ന ഭാഷാഭ്രാന്തിന് കേന്ദ്രമന്ത്രിമാർ തന്നെ വഴിമരുന്നിടുന്നത് കൂടുതൽ അപകടമാണ്. ഭാഷയും മതവും വൈകാരിക പ്രകടനങ്ങൾക്ക് ഹേതുവാകുന്ന രണ്ടു കരുക്കളാണ്. ഇരുതല മൂർച്ചയുള്ള വാളുപോലെ അപകടകരവുമാണ്. ഹിജാബും, ബാങ്കുവിളികളും, ഹലാൽ മാംസവും, ഉത്സവ പറമ്പിലെ മുസ്‌ലിം വ്യാപാരവിലക്കും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച സംഘ്പരിവാർ ശക്തികൾ ഹിന്ദിഭാഷയെയും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ ആലോചിക്കുന്നത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്.
ആർഎസ്എസ് ആചാര്യൻ ഗോൾവർക്കറുടെ ”അഖണ്ഡ ഹിന്ദുസ്ഥാൻ” ഇന്നത്തെ ഇന്ത്യ കൂടാതെ ഗാന്ധാരദേശവും (ഇന്നത്തെ അഫ്ഗാനിസ്ഥാൻ) പാകിസ്ഥാനിലെ ഹാരപ്പയും മോഹൻജൊദാരോയും സിന്ധു നദീതീരവും എല്ലാം ഉൾക്കൊള്ളുന്നതാണ്. അങ്ങനെയുള്ള അഖണ്ഡ ഭാരതത്തിൽ മാത്രമെ തന്റെ ”ചിതാഭസ്മം” നിമഞ്ജനം ചെയ്യാവൂ എന്നും അതുവരെ അതു സൂക്ഷിക്കണമെന്നുമാണ് ഗാന്ധി ഘാതകനായ ഗോഡ്സെ തന്റെ ഹിന്ദുമഹാസഭാ പ്രവർത്തകരോട് പറഞ്ഞിരിക്കുന്നത്. ‘അഖണ്ഡ ഹിന്ദുസ്ഥാൻ’ സ്വപ്നം കണ്ട് നാഥുറാമിന്റെ ചിതാഭസ്മവുമായി കാത്തിരിക്കുകയാണ് പഴയ ഹിന്ദുമഹാസഭയായ ഇന്നത്തെ സംഘ്പരിവാർ പ്രവർത്തകർ. ആർഎസ്എസ് ഉയർത്തുന്ന അഖണ്ഡ ഭാരത മുദ്രാവാക്യത്തിലേക്ക് എത്തുന്നതിനുള്ള ഏണിപ്പടികൾ നരേന്ദ്രമോഡിയെന്ന ഇന്ത്യൻ പ്രധാനമന്ത്രി പല തട്ടുകളിലായിട്ടാണ് രൂപകല്പന ചെയ്തിട്ടുള്ളത്. അതിൽ പ്രധാനമാണ് ഹിന്ദി — ഹിന്ദുത്വം — ഹിന്ദുസ്ഥാൻ എന്നത്. ഇന്ത്യൻ വൈവിധ്യത്തെ അവഗണിച്ച് ഇന്ത്യയെ ഒരു ഏകശിലാരൂപമാക്കാനുള്ള സംഘ്പരിവാറുകാരുടെ തന്ത്രത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. സ്വതന്ത്ര ഇന്ത്യ എന്നും വിലമതിച്ച ബഹുസ്വരതയെ ഇല്ലാതാക്കി ”ഒരു ഇന്ത്യ” ”ഒരു ഭാഷ” ”ഒരു ഇന്ത്യ ഒരു മതം” ഒരു സംസ്കാരം, ഒരു നിയമം, ഒരു നികുതി, എല്ലാം ഏകമയം എന്നത് ഒരു ആർഎസ്എസ് അജണ്ടയാണ്.
ഇതുകൂടി വായിക്കൂ: ഹിന്ദി ഹൃദയഭൂമി പിടിക്കാന്‍ ബിജെപി കുതന്ത്രം
ഭൂരിപക്ഷ മതത്തിലെ ഒരു ചെറിയ ന്യൂനപക്ഷമായ ബ്രാഹ്മണ മേധാവിത്വത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ച് ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി നിഷേധിച്ച്, മനുസ്മൃതിക്കനുസരിച്ച്, ഭരിക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് സംഘ്പരിവാർ ശക്തികൾ. ചാതുർവർണ്യ വ്യവസ്ഥകളുടെ വിഴുപ്പ് ചുമന്നവർ തളർന്നു വീഴുകയല്ല പുനരുജ്ജീവിക്കുന്ന ചിത്രമാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. അമിതമായ ഭാഷാഭ്രാന്ത് രാജ്യത്തിനാപത്താണെന്ന് അറിയാത്തതുകൊണ്ടല്ല, മറിച്ച് ഹിന്ദിഭാഷയെ ഹൈന്ദവ ഏകീകരണത്തിന്റെ ആയുധമായി രൂപപ്പെടുത്താനുള്ള സംഘ്പരിവാറിന്റെ കുടില തന്ത്രമാണ് അമിത്ഷായുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത്. വൈവിധ്യത്തിലധിഷ്ഠിതമായ ഇന്ത്യൻ സംസ്കാരത്തെ ഹൈന്ദവ സംസ്കാരം മാത്രമായി പരിമിതപ്പെടുത്താനുള്ള രഹസ്യ അജണ്ടയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയിലൂടെ പുറത്തുവന്നത്.