Site iconSite icon Janayugom Online

എല്ലാ വെല്ലുവിളികളെയും പരാജയപ്പെടുത്തുക

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തി മുന്നോട്ടുപോകേണ്ട പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. രാജ്യത്തിന്റെ എല്ലാ തലങ്ങളിലും അവര്‍ കടന്നുവരുന്നു. മര്‍മ്മപ്രധാന മേഖലകള്‍ കൈയ്യടക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന് ഇതിനകംതന്നെ വ്യക്തമായതാണ്. ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് സംഘടനയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയത് ഇന്ത്യന്‍ സംസ്കാരം ആര്യ സംസ്കാരത്തിന്റെ തുടര്‍ച്ചയാണ് എന്നാണ്. ഇന്ത്യന്‍ സംസ്കാരം ബഹു ദേശീയതയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്. നാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ച ഇന്ത്യന്‍ സംസ്കാരത്തെയും അതിന്റെ പൈതൃകങ്ങളെയും ഇല്ലാതാക്കി സംഘ്പരിവാര്‍ ഉദ്ദേശിക്കുന്ന ആര്യ ദേശീയതയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മോഹന്‍ ഭാഗവതിന്റെ നീക്കങ്ങള്‍ എന്ന് വ്യക്തമാണ്. എല്ലാതലങ്ങളിലും ‘ഏകം’ എന്ന സമീപനം ഉയര്‍ത്തുകയാണ്. ജനാധിപത്യ സംവിധാനങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യുന്നതാണ് രാജ്യം കാണുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ഇല്ലായ്മ ചെയ്യുന്നു. ലെജിസ്ലേച്ചര്‍, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നീ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. മര്‍മ്മപ്രധാനമായി കരുതുന്ന മാധ്യമ, അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയപ്പാടിലാക്കുന്നു. വോട്ടര്‍പട്ടികയില്‍ നിന്ന് പേര്‍ നീക്കം ചെയ്ത് അവകാശം ഇല്ലാതാക്കുന്നു. മതേതര രാജ്യത്തിനെതിരായ ആക്രമണം വര്‍ധിക്കുന്നു. ഫെഡറലിസം തകര്‍ക്കുന്നതിന് കേന്ദ്രത്തിന്റെ അമിതാധികാരം ഗവര്‍ണര്‍മാരിലൂടെ ബിജെപി ഇതര ഗവണ്‍മെന്റുകളുടെ മുകളില്‍ അടിച്ചേല്പിക്കുന്നു. ബഹുഭാഷയെ തകര്‍ത്ത് ഏകഭാഷയായി ഹിന്ദിയെ അടിച്ചേല്പിക്കുന്നു. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയില്‍ തെരഞ്ഞെടുപ്പുകളെ മാറ്റാനുള്ള നീക്കമാണ് നടത്തുന്നത്. ഇലക്ട്രറല്‍ ബോണ്ടുകള്‍ വഴി കോര്‍പറേറ്റുകളില്‍ നിന്നും ആയിരക്കണക്കിന് കോടി രൂപയാണ് ബിജെപി ശേഖരിക്കുന്നത്. രാജ്യത്ത് വളര്‍ന്നുവരുന്ന ഭീഷണിയെക്കുറിച്ച് ജനാധിപത്യവിശ്വാസികളില്‍ ഇതിനകം തന്നെ ജാഗ്രത ഉണ്ടായിട്ടുണ്ട്. ഫാസിസ്റ്റ് ഭീഷണിക്കെതിരെ ഒന്നിച്ച് അണിനിരക്കണമെന്ന ചിന്താഗതി രാജ്യത്ത് ശക്തിപ്പെടുന്നുണ്ട്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി ശക്തമായ ജനകീയ ഇടപെടല്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിനും ജനങ്ങളെ ഒന്നിച്ച് അണിനിരത്തുന്നതിനുള്ള നീക്കങ്ങളാണ് സിപിഐ നടത്തുന്നത്. ഇടത് — ജനാധിപത്യ – മതേതര ശക്തികളുടെ വിശാലമായ ഐക്യം വളര്‍ത്തിക്കൊണ്ടുവന്ന് ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാനാണ് സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്. 

ഫാസിസ്റ്റ് ശക്തികള്‍ക്ക് എതിരായ പോരാട്ടത്തില്‍ രാഷ്ട്രീയമായി ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. ചണ്ഡീഗഢില്‍ നടന്ന സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റ് കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികളുമായി സഹകരണത്തിലൂടെ നവലിബറല്‍ നയങ്ങളെ ഫലപ്രദമായി വെല്ലുവിളിക്കാനും തൊഴിലാളി വര്‍ഗത്തിന്റെയും കര്‍ഷകരുടെയും യുവാക്കളുടെയും പാര്‍ശ്വല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും കഴിയുന്ന ഒരു ഇടതുപക്ഷ ഐക്യം വളര്‍ത്തിക്കൊണ്ടുവരാനും അതിനെ അടിസ്ഥാനമാക്കി ജനാധിപത്യ – മതേതര ശക്തികളുമായി ഒരു ഐക്യമുന്നണി രൂപപ്പെടുത്താനും സിപിഐ ലക്ഷ്യമിടുന്നു. ഈ ഐക്യം കേവലം തെരഞ്ഞെടുപ്പ് രംഗത്തെ പുനരുജ്ജീവനത്തിന് മാത്രമല്ല കൂട്ടായ പോരാട്ടങ്ങളിലും ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് ഭാവിക്കായുള്ള ഒരു പൊതുദര്‍ശനത്തിലും വേരൂന്നിയതാണ്. സ്വതന്ത്ര ഇടതുപക്ഷ ധ്രുവത്തെ ശക്തിപ്പെടുത്തുന്നത് പിന്തിരിപ്പന്‍ ശക്തികള്‍ക്ക് മുന്നില്‍ ജനങ്ങളുടെ ശബ്ദം വിട്ടുവീഴ്ചയില്ലാതെ ഉയരുമെന്ന് ഉറപ്പാകുമെന്ന് പ്രമേയം വ്യക്തമാക്കി. ‘ഇടതുപക്ഷ പാര്‍ട്ടികളുടെ സംയുക്ത പോരാട്ടങ്ങള്‍ ഉയരണം. ഇതോടൊപ്പംതന്നെ ദേശീയ രാഷ്ട്രീ­യ­ത്തില്‍ ശക്തമായ ഇടതുപക്ഷ ശബ്ദത്തിനായി പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും ബഹുജന സംഘടനകള്‍ക്കിടയിലും ഏകോപനം ശക്തിപ്പെടുത്തുന്നത് പരമപ്രധാനമാണെന്നും’ രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി. 

ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കേരളം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പ്രധാനപ്പെട്ട ശക്തിധാരകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് രാജ്യത്തിലെ ഇടതുപക്ഷ ജനാധിപത്യ മതേതര ശക്തികളുടെയും അതില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള ജനങ്ങളുടെയും രാഷ്ട്രീയ ആവേശമാണ്.
രാജ്യത്തിന് മാതൃകയായ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന സമൂഹമായി കേരളത്തെ മാറ്റിയത് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മുഖ്യമന്ത്രിമാരായി നേതൃത്വം നല്‍കിയ ഗവണ്‍മെന്റുകളാണ്. വിദ്യാഭ്യാസ – ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടം ലോകത്തിനുതന്നെ മാതൃകയായി. 1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് നടപ്പിലാക്കിയ സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം കേരള സമൂഹത്തെ മാറ്റിമറിച്ചു. പാവപ്പെട്ട കുടുംബങ്ങളിലെ പതിനായിരക്കണക്കായ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിച്ചു. അവരില്‍ പലരും വിദ്യാഭ്യാസപരമായി ഉയര്‍ച്ചനേടി. സമൂഹത്തിന്റെ മുഖ്യധാരകളില്‍ ഉയര്‍ന്നുവന്ന സാമൂഹ്യ – സാംസ്കാരിക വിപ്ലവമാണ് അതിലൂടെ കേരളം കൈവരിച്ചത്. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതോടെ ലക്ഷക്കണക്കിന് പാവങ്ങള്‍ മണ്ണിന്റെ ഉടമകളായി. കാര്‍ഷിക ഉല്പാദനം വര്‍ധിച്ചു. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ നിരവധിയായി ഉയര്‍ന്നുവന്നു. അടിസ്ഥാന വികസനരംഗത്ത് വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. സംസ്ഥാനത്തെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ സംസ്ഥാന വികസനത്തില്‍ കുതിപ്പുണ്ടാക്കുക ലക്ഷ്യം വച്ചാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് മുന്നോട്ട് പോകുന്നത്.
എല്‍ഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച പ്രകടനപത്രിക നടപ്പിലാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഗവണ്‍മെന്റാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കുന്നതാണ് കേരളം കാണുന്നത്. ദാരിദ്ര്യം ലോകവും രാജ്യവും നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്. ഇന്ത്യാ ഗവണ്‍മെന്റ് ദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ദരിദ്ര ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ബിജെപി ഗവണ്‍മെന്റ് തയ്യാറാകുന്നില്ല. അവര്‍ക്ക് ഭക്ഷണം ഇല്ല, തൊഴില്‍, വിദ്യാഭ്യാസ ചികിത്സ ഒന്നും ഇല്ലാത്ത സാഹചര്യങ്ങള്‍. തെരുവില്‍ കിടന്നുറങ്ങുന്നു. അവിടെത്തന്നെ മരിച്ചുവീഴുന്നു. അതാണ് മോഡി ഭരിക്കുന്ന ഇന്ത്യയിലെ പൊതുസ്ഥിതി. 

കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. വികസിത സമൂഹമായി കേരളം മാറി. അതിന് നേതൃത്വം നല്‍കിയത് കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമാണ്. എല്‍ഡിഎഫ് ഗവണ്‍മെന്റാണ്. അതിദരിദ്രരെ കണ്ടെത്തി അവരെ അതില്‍ നിന്നും പൂര്‍ണമായി മോചിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ അത് വ്യക്തമാക്കി. രാജ്യത്തിന്റെ മാതൃകയാണ് കേരളത്തിലെ മാറ്റം. സാധാരണ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും ഉതകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയത്. കഴിഞ്ഞ ബജറ്റില്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം ലഭിക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 2000 രൂപയാക്കി. 31.34 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനം ലഭിക്കുന്ന 1000 രൂപ വീതം നല്‍കുന്ന സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പ്രഖ്യാപനം സ്ത്രീ സമൂഹത്തിന് ഏറെ ആശ്വാസകരമാണ്. റബറിന്റെ താങ്ങുവില 200രൂപയും നെല്ലിന്റെ താങ്ങുവില 30 രൂപയുമാക്കി. മരുന്ന് വിതരണത്തിന് 914 കോടി രൂപ അനുവദിച്ചത് ഏറെ സഹായകരമാണ്. കുടുംബശ്രീ എഡിഎസുകള്‍ക്ക് പ്രതിമാസ പ്രവര്‍ത്തനഗ്രാന്റ് 1000 രൂപ വര്‍ധിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ഒരു ഗഡു ഡിഎ, ഡിആര്‍ (4%) നവംബറില്‍ നല്‍കുമെന്നും സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കള്‍ സാമ്പത്തിക വര്‍ഷംതന്നെ നല്‍കുമെന്നും അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയം 1000രൂപയും ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപയും പാചക തൊഴിലാളികളുടെ ഓണറേറിയം 1000രൂപയും പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും വേതനം 1000 രൂപ ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും മുന്നണി നേതൃത്വം നല്‍കുന്ന ഗവ­ണ്‍­മെന്റിനും എതിരായി നിരന്തരമായ പ്രചരണമാണ് കോര്‍പറേറ്റ് താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരുകൂട്ടം ദൃശ്യ – അച്ചടി മാധ്യമങ്ങള്‍ നടത്തിവരുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെതിരായി ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും കേരളത്തിലെ പ്രതിപക്ഷവും ഒന്നിച്ച് നീങ്ങുന്നതാണ് കേരളം കാണുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിയമസഭയിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടാണ് ഈ നീക്കങ്ങളെല്ലാം. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ വികസന നയങ്ങള്‍ക്കെതിരായി എല്ലാ പിന്തിരിപ്പന്‍ ശക്തികളും ഒരുമിച്ച് നീങ്ങുന്നതാണ് കേരളം കാണുന്നത്. എല്‍ഡിഎഫിനെതിരായി അണിനിരക്കുന്ന ശക്തികളെ നിസാരമായി കാണാന്‍ കഴിയില്ല. ജനങ്ങളെയാകെ അണിനിരത്തി എല്ലാ വെല്ലുവിളികളെയും പരാജയപ്പെടുത്തുക എന്നതാണ് മുന്നിലുള്ള ഏറ്റവും പ്രധാന രാഷ്ട്രീയ കടമ. 

Exit mobile version