Site iconSite icon Janayugom Online

ഭഗവാനെന്തിനാടോ പാറാവ്!

ഇ കെ നായനാര്‍ ആദ്യമായി മുഖ്യമന്ത്രിയായെത്തിയ കാലം. അന്ന് അമ്പലക്കവര്‍ച്ചകള്‍ അങ്ങിങ്ങു നടന്നിരുന്നു. ദേവീദേവന്മാരെ മൂടോടെ പൊക്കി മുങ്ങുന്ന ദേവാലയക്കള്ളന്മാര്‍ പെരുകിയപ്പോള്‍ ഒരു ദിവസം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു; അമ്പലങ്ങളില്‍ പാറാവുകാരെ നിയമിച്ചാലോ? ഫലിതത്തിന്റെ ആള്‍രൂപമായിരുന്ന നായനാര്‍ തിരിച്ചു ചോദിച്ചു; ‘ഭഗവാനെന്തിനാടോ പാറാവ്!’. നമ്മുടെ ഭഗവാന്‍ മോഡി കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനുപോയപ്പോഴാണ് നായനാരുടെ ഫലിതം ഓര്‍ത്തുപോയത്. മോഡി ഭഗവാന് പാറാവായി 2,000 പൊലീസുകാര്‍, വിവേകാനന്ദപ്പാറയുടെ ചുറ്റുമുള്ള കടലില്‍ റോന്തുചുറ്റുന്ന 10 യുദ്ധക്കപ്പലുകള്‍. പാറയ്ക്കുമുകളില്‍ ചീറിപ്പായുന്ന 25 ഹെലികോപ്റ്ററുകള്‍. പാറാവുകാര്‍ക്ക് നേതൃത്വം നല്‍കാന്‍ 10 എസ്‌പിമാര്‍. വിവേകാനന്ദപ്പാറയ്ക്കു ചുറ്റുമുള്ള ത്രിസാഗരസന്ധിയിലെ കടലില്‍ മുങ്ങിക്കപ്പലുകള്‍. ആകെ ഉഷാര്‍. ആരെങ്കിലും ഭഗവാനെ തട്ടിക്കൊണ്ടുപോയാലോ. ഇതെല്ലാം കണ്ട് ഒരു സരസന്‍ പറഞ്ഞത് ‘വിവേകാനന്ദപ്പാറയില്‍ നിന്ന് ഊളന്‍പാറയിലേക്ക്. കാ‍ഞ്ഞിരംപാറ‑മെഡിക്കല്‍ കോളജ് ആശുപത്രി വഴി കല്ലറയിലേക്ക് എന്നപോലെ!’
48മണിക്കൂര്‍ ധ്യാനത്തിനിടെ വിവേകാനന്ദ ധ്യാനമണ്ഡപത്തില്‍ ഭഗവാന്‍ ചൂടുവെള്ളമേ കുടിക്കൂ. നാലര ലക്ഷം വിലയുള്ള കണ്ണട വച്ചേ ധ്യാനിക്കൂ. കണ്ണടച്ചു ധ്യാനിക്കുന്നവനെന്തിന് കണ്ണട എന്നു ചോദിക്കരുത്. ഞങ്ങളുടെ അപ്പുക്കുട്ടനും ഇങ്ങനെയാണ്. മലര്‍ന്നു കിടന്നുറങ്ങുമ്പോഴും അപ്പുക്കുട്ടന്‍ കണ്ണടവച്ചിരിക്കും. ഉറങ്ങുമ്പോഴെന്തിനാ കണ്ണട എന്നു ചോദിച്ചാല്‍ സ്വപ്നം ക്ലിയറായി അതിന്റെ എല്ലാ വര്‍ണശബളിമയോടെയും കാണണം. ‘സര്‍വേന്ദ്രിയാണാം നയനം പ്രധാനം’ എന്നല്ലേ ഭഗവത്ഗീത പറയുന്നതെന്നും അപ്പുക്കുട്ടന്‍ വിശദീകരിച്ചുകളയും! 

താന്‍ എട്ടാം ക്ലാസുവരെ മാത്രമേ പഠിച്ചിട്ടുള്ളൂ എന്ന് മോഡി പറയുന്ന ഒരഭിമുഖത്തിന്റെ വീഡിയോ ഈയിടെ ആരോ ചികഞ്ഞെടുത്തുകൊണ്ടുവന്നു. പക്ഷേ മോഡി ഇപ്പോള്‍ അവകാശപ്പെടുന്നത് താന്‍ ആകമാന ചരിത്രത്തില്‍ എംഎക്കാരനാണെന്നാണ്. എന്റയര്‍ ഹിസ്റ്ററി എന്ന ചരിത്ര കോഴ്സ് ഈ ബ്രഹ്മാണ്ഡത്തിലെങ്ങുമില്ലെന്നത് മറ്റൊരു കാര്യം. ഈ ചരിത്രകാരനാണ് പറയുന്നത് ഗാന്ധിജിയെ ലോകമറിഞ്ഞു തുടങ്ങിയത് മിനിഞ്ഞാന്ന് ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയായിരുന്നുവെന്ന്! മോഡിയുടെ പിതാവ് ജനിക്കുന്നതിനു മുമ്പ് വിശ്രുതനായ ഐന്‍സ്റ്റീന്‍ പറഞ്ഞത് ഗാന്ധി എന്ന മഹാമേരു ഒരു ഇതിഹാസമാണെന്നായിരുന്നു. അഞ്ച് തവണ നൊബേല്‍ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്ന ഗാന്ധിജിയെയായിരുന്നു 1930ല്‍ ‘ടൈം മാഗസിന്‍’ നൂറ്റാണ്ടിലെ ഏറ്റവും മഹനീയ വ്യക്തിയായി തിരഞ്ഞെടുത്തത്. ഗാന്ധിജിയുടെ മുഖച്ചിത്രമുള്ള ടൈമിന്റെ പഴയ കോപ്പിയെങ്കിലും ആരെങ്കിലും ഇങ്ങേര്‍ക്കു നല്‍കിയിരുന്നുവെങ്കില്‍ ഈ വി‍‍ഡ്ഢിത്തം എഴുന്നെള്ളിക്കുമായിരുന്നോ. ഇനി മാഗസിന്‍ കൊടുത്താലും അതു വായിക്കാനറിയേണ്ടേ. ആകമാന ചരിത്രബിരുദാനന്തര ബിരുദത്തിനു പഠിച്ചപ്പോഴും ഗാന്ധി അതിലില്ലായിരുന്നല്ലോ! ഈ പൊട്ടത്തരമെല്ലാം കേട്ട ഒരു വിദ്വാന്‍ പറയുന്നതുകേട്ടു; ഇപ്പോഴാണെങ്കില്‍ ചങ്ങലയ്ക്കിടാതെ ഊളമ്പാറയിലേക്ക് നടത്തിക്കൊണ്ടുപോകാമായിരുന്നു!

മര്‍ക്കടസ്യസുരപാനം എന്നു പറയാറുണ്ട്. കുരങ്ങന്‍ കള്ളുകുടിച്ചാല്‍ എങ്ങനെയിരിക്കും. അതു കുരങ്ങന്റെ കാര്യം. മനുഷ്യന്‍ കള്ളുകുടിച്ചാലോ. അതും ഭ്രാന്തന്‍ കള്ളുകുടിച്ചാല്‍. മാനസികരോഗിയായ മകന്‍ മദ്യപാനശേഷം അമ്മയെ വീടിനുള്ളിലാക്കിയിട്ട് സ്വന്തം വീടിനു തീയിട്ടുവെന്നാണ് തലസ്ഥാന ജില്ലയില്‍ വെഞ്ഞാറമൂട്ടില്‍ നിന്നുള്ള വാര്‍ത്ത. അമ്മ പിന്‍വാതിലിലൂടെ ഇറങ്ങിയോടി രക്ഷപ്പെട്ടു. ലോക മദ്യവിരുദ്ധ ദിനത്തിന്റെയന്നായിരുന്നു സംഭവം. നമുക്ക് ആചരണവിഷയങ്ങള്‍ക്ക് വല്ല കുറവുമുണ്ടോ. ദിനങ്ങള്‍ വര്‍ധിച്ചുവര്‍ധിച്ച് ഒരു ദിവസം നാലും അഞ്ചും ദിനാചരണങ്ങള്‍. ആര്‍ത്തവശുദ്ധിദിനം, ലോകചുംബനദിനം മുതല്‍ പുകയിലവിരുദ്ധ ദിനവും പൂമേനി സംരക്ഷണ ദിനവും വരെ. കഴിഞ്ഞ ദിവസമാണ് ലോക പുകയിലവിരുദ്ധദിനം കടന്നുപോകുന്നത്. പുകവലി മൂലം ഓരോ മിനിറ്റിലും രണ്ടുപേര്‍ വീതം പുകഞ്ഞു മരിക്കുന്നു. ഒരു ദിവസം ലോകമെമ്പാടുമുള്ളവര്‍ വലിച്ചുതള്ളുന്നത് ആറ് ലക്ഷം കോടി സിഗരറ്റ്. പുകവലി ജന്യരോഗങ്ങള്‍ മൂലം പ്രതിവര്‍ഷം കാലഗതി പ്രാപിക്കുന്നത് 70 ലക്ഷം പേര്‍. പുകയില കൃഷിക്കുവേണ്ടി നിലമൊരുക്കാന്‍ പ്രതിവര്‍ഷം മുറിച്ചുതള്ളുന്നത് ലക്ഷക്കണക്കിനു വൃക്ഷങ്ങള്‍. ദിനാചരണങ്ങള്‍ പ്രഹസനങ്ങളാവുന്ന ദുരന്തകാലം. 

Exit mobile version