Site iconSite icon Janayugom Online

കാക്കയ്ക്ക് വെള്ള പൂശരുത്…

കാലം കമ്മ്യൂണിസത്തിന് നല്കിയ പ്രകാശഗോപുരമായ കാനം രാജേന്ദ്രന്‍ മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞത് ഓര്‍മ്മ വരുന്നു. കോണ്‍ഗ്രസില്‍ നിന്ന് അര്‍ഹമായ സ്ഥാനങ്ങളെല്ലാം നേടിയെടുത്ത ശേഷം എറണാകുളം ലോക്‌സഭാ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് പ്രൊ. കെ വി തോമസ് സിപിഎമ്മിലേയ്ക്ക് ചേക്കേറിയ കാലമായിരുന്നു അത്. മാധ്യമപ്രവര്‍ത്തകര്‍ കാനത്തോട് ചോദിച്ചു, എന്തേ ഇവരാരും സിപിഐയിലേയ്ക്ക് വരുന്നില്ല? കാനം പറഞ്ഞു, ഞങ്ങളുടെ കയ്യില്‍ കൊടുക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട് അവരാരും വരുന്നില്ല, കയ്യിലൊന്നുമില്ലായ്മയുടെ ദാരിദ്ര്യം പറച്ചിലായിരുന്നില്ല; അതൊരു ജ്വലിക്കുന്ന നിലപാടായിരുന്നു. രാഷ്ട്രീയം ഒരു കൊടുക്കല്‍ വാങ്ങലല്ലെന്ന പ്രഭാപൂരിതമായ നിലപാട്. രാഷ്ട്രീയത്തിലെ കാലുമാറ്റക്കാരായ സ്ഥാനമോഹികള്‍ രാഷ്ട്രീയത്തെ മാലിന്യവല്‍ക്കരിക്കുമെന്ന ഓര്‍മ്മപ്പെടുത്തല്‍. ഒപ്പം ഇക്കഴിഞ്ഞ മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ക്കുശേഷം കാനത്തിന്റെ പിന്‍ഗാമിയായി വന്ന ബിനോയ് വിശ്വം പറഞ്ഞ വാക്കുകള്‍ മറ്റൊരു ഓര്‍മ്മപ്പെടുത്തലാകുന്നു. ഒരു രാഷ്ട്രീയ കക്ഷിയില്‍ നിന്ന് മറ്റൊരു രാഷ്ട്രീയ കക്ഷിയിലേക്ക് ഒരു നേതാവ് കൂറുമാറുമ്പോള്‍ ആ മാറ്റത്തിന് ആശയദാര്‍ഢ്യമുള്ള ഒരടിത്തറയുണ്ടാവണം. അതല്ലാതെ ഉപാധിവച്ചുള്ള കൂറുമാറ്റമാകരുത്. 

സന്ദീപ് വാര്യറുടെ കൂറുമാറ്റം സംബന്ധിച്ചായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മാറ്റം പ്രത്യയശാസ്ത്ര ദാര്‍ഢ്യമാകണമെന്നും കാനം പറഞ്ഞതുപോലെ ബിനോയ് വിശ്വം പറഞ്ഞു. ഞങ്ങളുടെ കയ്യില്‍ പക്ഷേ ഒന്നും തരാനില്ല. മണ്ണാര്‍ക്കാട് നിയമസഭാ സീറ്റ് കച്ചവടച്ചരക്കാക്കാന്‍ സിപിഐക്ക് താല്പര്യവുമില്ല എന്നദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞതോടെ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ അഭയംപൂകി. ‘പിന്നെയും പിന്നെയും ആരോ കിനാവുമായി പടികടന്നെത്തുന്ന പദനിസ്വനം’ എന്നു പാടി പ്രതീക്ഷയോടെ കാലുമാറ്റക്കാരെ പ്രതീക്ഷിച്ചിരിക്കരുത് ഒരു രാഷ്ട്രീയ കക്ഷികളും. കുഴിയാനയെ ആനയാക്കരുത്, കാക്കയെ വെള്ളപൂശി വെളുപ്പിക്കരുത്.
ഈ സാഹചര്യത്തിലാണ് ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നത്. കാലുമാറ്റക്കാരും കൂറുമാറ്റക്കാരും മരഞ്ചാടികളെപ്പോലെ രാഷ്ട്രീയം മാറിമാറിക്കളിക്കുന്നതിന് ഒരറുതി വരുത്തുന്നതിനെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒരു വിലയിരുത്തല്‍ നടത്തണമെന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. ഇതിനുവേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ ഒരു സര്‍വകക്ഷി സമ്മേളനം വിളിച്ച് കൂറുമാറ്റം സംബന്ധിച്ച ഒരു പെരുമാറ്റച്ചട്ടം തയാറാക്കണമെന്നാണ് ദേവികയുടെ അപേക്ഷ. പാര്‍ട്ടി മാറിവരുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ ഒരു പ്രൊബേഷന്‍ കാലം പ്രഖ്യാപിക്കണമെന്നും ഈ നല്ലനടപ്പുകാലത്തിനിടെ ഒരു തെരഞ്ഞെടുപ്പു വന്നാല്‍ സീറ്റ് നല്കരുത്. പ്രൊബേഷന്‍ കാലത്ത് ബോര്‍ഡ്, കോര്‍പ്പറേഷന്‍ അംഗത്വവും നല്കരുത്. രാഷ്ട്രീയ മാലിന്യവല്‍ക്കരണത്തിന് അറുതിവരുത്തുന്ന ഫലങ്ങള്‍ ഒന്നാംദിനം മുതല്‍ കണ്ട് തുടങ്ങും. രാഷ്ട്രീയപാര്‍ട്ടികള്‍ റെഡിയല്ലേ, ജനം എപ്പോഴേ റെഡി.

ഇനി മറ്റൊരു ഭൂലോക കാലുമാറ്റക്കാരന്റെ കഥ. പേര് രാംവിലാസ് പാസ്വാന്‍. പാമ്പ് പടം പൊഴിക്കുന്നതുപോലെ പാര്‍ട്ടിമാറ്റത്തിലും സ്വന്തമായി പാര്‍ട്ടിയുണ്ടാക്കാനും ഇതുപോലൊരു വിരുതന്‍ നമ്മുടെ അരുമഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാത്രം. കാലുമാറ്റം നടത്താത്ത ഒരൊറ്റ പാര്‍ട്ടിയേ പാസ്വാന് മുന്നിലുള്ളു. ഗവര്‍ണറാണെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടുപ്പിക്കില്ലെന്നറിയാമായിരുന്നതിനാല്‍ അങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. ബിഹാറില്‍ നിന്ന് ഒമ്പത് തവണ ലോക്‌സഭയിലും രണ്ടുതവണ രാജ്യസഭാംഗവുമായ പാസ്വാന്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലായിരുന്നു തുടക്കം. പിന്നീട് ലോക്‌ദളായി. ജനതാപാര്‍ട്ടിയിലും ജനതാദളിലും മറ്റ് പല പാര്‍ട്ടികളിലും കടന്നുകൂടി. ഒടുവില്‍ ഒരു സ്വന്തം പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയ ലോക്‌ജനതാദള്‍. നാലുവര്‍ഷം മുമ്പ് മരിച്ചപ്പോള്‍ മകന്‍ ചിരാഗ് പാസ്വാന്‍ കേന്ദ്ര മന്ത്രിസഭാംഗമായി. രാഷ്ട്രീയത്തിലെപ്പോലെ സ്വകാര്യ ജീവിതത്തിലും രാംവിലാസ് കാലുമാറ്റം നന്നേ പയറ്റി. ആദ്യം വിവാഹം കഴിച്ചത് തനി ഗ്രമീണ സ്ത്രീയായ കുമാരി ദേവിയെ. ഈ കല്യാണത്തില്‍ രണ്ട് പെണ്‍മക്കളുണ്ടായി. കുറേ കഴിഞ്ഞപ്പോള്‍ ദളിതന്‍ കൂടിയായ പാസ്വാന് ഒരു തോന്നല്‍. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയായി വിലസുമ്പോള്‍. ഭാര്യയായി ഒരു ബിഹാറി ഗ്രാമീണ സ്ത്രീയോ, ഛായ് മോശം, എയര്‍ ഹോസ്റ്റസും പിന്നീട് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ഓഫിസറുമായ റീനാ ശര്‍മ്മ എന്ന ബ്രാഹ്മണ സുന്ദരിയെയങ്ങ് സംബന്ധം കഴിച്ചു. ഇപ്പോള്‍ മറ്റൊരു വിവാഹമോചന വാര്‍ത്തയും കേള്‍ക്കുന്നു. ലോക പ്രശസ്ത സംഗീതജ്ഞനായ എ ആര്‍ റഹ്മാന്‍ 29 വര്‍ഷത്തെ വിവാഹ ജീവിതത്തിനുശേഷം ഭാര്യ സെെറയുമായുള്ള വിവാഹമോചനം നേടുന്നു. പരമദരിദ്രനും സംഗീതജ്ഞനുമായിരുന്ന ആര്‍ കെ ശേഖറുടെ മകനാണ് റഹ്മാന്‍. ഇടയ്ക്കിടെ കൊല്ലം കടപ്പാക്കട ‘ജനയുഗ’ത്തില്‍ വരും. കാമ്പിശേരി ശേഖറിന് നൂറുരൂപ നല്കും. റഹ്മാനും കുടുംബത്തിനും അരിവാങ്ങാന്‍. അദ്ദേഹത്തിന്റെ പുത്രനായ റഹ്മാനാണ് ഓസ്കാര്‍ അവാര്‍ഡ് ജേതാവിന് ഈ ഭാര്യ പോരെന്നു തോന്നിയത്. ആരും വന്ന വഴികള്‍ മറക്കരുത്.

Exit mobile version