ഇലക്ഷന്‍ കമ്മിഷൻ ഓഫ് ഇന്ത്യ എന്ന ഭരണഘടനാ സ്ഥാപനത്തിന് സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ എന്ന പേരില്‍ രാജ്യത്തെ അനേകം സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടികയില്‍ സ്വന്തമായി മാറ്റം വരുത്തുവാനും ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ടവകാശം ഇല്ലാതാക്കാനും അതുവഴി അവരുടെ പൗരത്വം തന്നെ ഇല്ലാതാക്കാനും ആരാണ് അധികാരം നല്‍കിയത്? ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അധികാരങ്ങള്‍ മാത്രമേ ഈ രാജ്യത്തെ ഏതൊരു ഭരണഘടനാസ്ഥാപനത്തിനും ഉള്ളൂ എന്ന യാഥാര്‍ത്ഥ്യത്തെ നോക്കുകുത്തിയാക്കി ഇലക്ഷന്‍ കമ്മിഷന്‍ എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ പൗരാവകാശങ്ങള്‍ ഇല്ലാതാക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഈ ആരോപണത്തിന് വിശ്വസനീയമായ ഒരു മറുപടിയും നാളിതുവരെ കമ്മിഷന്‍ ലഭ്യമാക്കിയിട്ടില്ല. പകരം എല്ലാ ആരോപണങ്ങളെയും തള്ളിക്കൊണ്ട് തന്നിഷ്ടപ്രകാരം നടപടികള്‍ സ്വീകരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന സ്ഥാപനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ 324-ാം അനുച്ഛേദത്തിലാണ്. അതുപ്രകാരം പാര്‍ലമെന്റ്, സംസ്ഥാന നിയമസഭകളിലേക്കും രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളുടെ മേല്‍നോട്ടം, ദിശ, നിയന്ത്രണം എന്നിവ കമ്മിഷനില്‍ നിക്ഷിപ്തമാണ്. അനുച്ഛേദം 325 പ്രകാരം പാര്‍ലമെന്റ്, നിയമസഭകള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് ഓരോ പ്രാദേശിക നിയോജക മണ്ഡലത്തിനും ഒരു പൊതു വോട്ടര്‍പട്ടിക ഉണ്ടാവണം എന്നും മതം, വംശം, ജാതി, ലിംഗഭേദം എന്നിവയൊന്നുമില്ലാതെ വോട്ടര്‍ പട്ടികയില്‍ വിവേചനം നിരോധിക്കുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുകയും ചെയ്യണം. അനുച്ഛേദം 326 പ്രായപൂര്‍ത്തി വോട്ടവകാശം ഉറപ്പുവരുത്തുന്ന 1988ലെ ഭരണഘടനാ ഭേദഗതിയനുസരിച്ച് വോട്ട് ചെയ്യാനുള്ള പ്രായം 21ല്‍ നിന്ന് 18 ആയി കുറയ്ക്കുകയും ചെയ്തു. അനുച്ഛേദം 327ല്‍ പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ തെരഞ്ഞെടുപ്പ് പട്ടികകള്‍ മണ്ഡലങ്ങളുടെ പരിധി നിര്‍ണയം തുടങ്ങിയ കാര്യങ്ങളില്‍ നിയമം നിര്‍മ്മിക്കാനുള്ള പാര്‍ലമെന്റിന്റെ അധികാരമാണ് പ്രതിപാദിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദങ്ങള്‍ പ്രകാരം ഭരണഘടനാ സ്ഥാപനങ്ങളുടെ പൊതുവായ അധികാരങ്ങളും ചുമതലകളുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ അനുച്ഛേദങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റും വിവിധ നിയമസഭകളും പാസാക്കുന്ന നിയമങ്ങളാണ് വിവിധ കാര്യങ്ങളില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പാര്‍ലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകളെ സംബന്ധിച്ചിടത്തോളം 1950ലെയും 1951ലെയും റെപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ടുകളാണ് ആധികാരികമായ നിയമങ്ങള്‍. 1950ലെ ആക്ട് പ്രകാരം പാര്‍ലമെന്റിലെയും നിയമസഭയിലെയും സീറ്റുകളുടെ എണ്ണം, നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം, ഇലക്ടറല്‍ റോളുകള്‍, വോട്ടര്‍മാരുടെ യോഗ്യത, കേന്ദ്രഭരണ പ്രദേശങ്ങള്‍, കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ് ഇവയിലെ സീറ്റുകള്‍ നികത്തുന്ന രീതി ഇവയെല്ലാം പ്രതിപാദിക്കുന്നു. 1951ലെ ആക്ട് പാര്‍ലമെന്റിലെയും സംസ്ഥാന അസംബ്ലികളിലെയും മെമ്പര്‍മാരുടെ യോഗ്യതകളും അയോഗ്യതകളും തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ്, അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, തര്‍ക്കങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു.
സ്വാഭാവികമായി ഉയര്‍ന്നുവരുന്ന ചോദ്യം ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ എന്ന വലിയ ആരോപണങ്ങള്‍ നേരിടുന്ന പരിപാടി നടപ്പിലാക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോ, ഉണ്ടെങ്കില്‍ അതിനാസ്പദമായ നിയമവ്യവസ്ഥകള്‍ എന്താണ്, എന്നതാണ്. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21(3) വകുപ്പ് പ്രകാരമാണ് കമ്മിഷന് എപ്പോള്‍ വേണമെങ്കിലും രേഖപ്പെടുത്തിയ കാരണങ്ങളാല്‍ ഏതെങ്കിലും നിയോജക മണ്ഡലത്തിലെയോ അല്ലെങ്കില്‍ ഏതെങ്കിലും നിയോജക മണ്ഡലത്തില്‍ ഭാഗികമായോ വോട്ടര്‍ പട്ടികയുടെ സ്പെഷ്യല്‍ റിവിഷന് നിര്‍ദേശം നല്‍കുവാന്‍ അധികാരമുണ്ട് എന്നു പറയുന്നത്. അതോടൊപ്പം തന്നെ ഈ നിയമത്തിലെ മറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമായി ഈ സ്പെഷ്യല്‍ റിവിഷന്‍ പൂര്‍ത്തിയാവുന്നതുവരെ നിലവിലുള്ള വോട്ടര്‍ പട്ടിക തുടരും എന്നാണ് നിയമം. ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്‌വി വാദിച്ചത് കമ്മിഷന് ഒരു നിയോജക മണ്ഡലത്തിന്റെ കാര്യത്തില്‍ മാത്രമേ സെക്ഷന്‍ 21 (3) അനുസരിച്ചുള്ള അധികാരം വിനിയോഗിക്കുവാന്‍ ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്നുള്ളു എന്നാണ്. രാജ്യത്തെ മുഴുവന്‍ മണ്ഡലങ്ങളിലും ഒരു തീവ്ര വോട്ടര്‍പട്ടിക പുതുക്കലിനായി ഉത്തരവിടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ല എന്നാണ്. ഒരു പരേതന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്ന ലാഘവത്തോടെ രാജ്യത്തെ കോടിക്കണക്കിന് വോട്ടര്‍മാരെ വിവിധ സംസ്ഥാനങ്ങളില്‍ അവരുടെ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുക എന്നതിന് ഇലക്ഷന്‍ കമ്മിഷന് ആരാണ് അധികാരം നല്‍കിയിരിക്കുന്നത്. നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് പാര്‍ലമെന്റാണ്. ആരാണ് ഇലക്ഷന്‍ കമ്മിഷന് പൗരത്വം തെളിയിക്കാന്‍ പതിനൊന്നോ പന്ത്രണ്ടോ രേഖകള്‍ ചോദിക്കുവാന്‍ അധികാരം നല്‍കിയിരിക്കുന്നത്? ഇത്തരത്തിലൊരു നിയമനിര്‍മ്മാണം ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടന്നിട്ടുണ്ടോ? അനുച്ഛേദം 327 അനുസരിച്ച് പാര്‍ലമെന്റിന് തെരഞ്ഞെടുപ്പ് സംബന്ധിച്ച നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ അധികാരം നല്‍കുന്നു. അങ്ങനെ നിര്‍മ്മിച്ച നിയമമാണ് ജനപ്രാതിനിധ്യ നിയമം. അതനുസരിച്ച് വോട്ടവകാശവുമായി ബന്ധപ്പെട്ട് നാല്, ആറ്, ഏഴ് എന്നീ ഫോമുകളുണ്ട്. ഒരാളുടെ പൗരത്വത്തിനെതിരെ രജിസ്ട്രേഷന്‍ ഓഫ് ഇലക്ടേഴ്സ് റൂള്‍സ് 1960യിലെ ഫോം ഏഴ് അനുസരിച്ച് ഒരു പരാതി ഉണ്ടാവുമ്പോള്‍ മാത്രമേ തെരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടാന്‍ അധികാരമുള്ളു. അല്ലെങ്കില്‍ ഫോറിനേഴ്സ് ആക്ട്, പൗരത്വനിയമം എന്നീ നിയമവിധേയമല്ലാത്ത കുടിയേറ്റക്കാരെ സംബന്ധിച്ച നിയമങ്ങളുടെ പരിധിയില്‍ വരണം.
ആരാണ് ജനപ്രാതിനിധ്യ നിയമത്തില്‍ പറയാത്ത ഫോറങ്ങള്‍ നിര്‍ദേശിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നല്‍കുന്നത്? ഇപ്പോള്‍ ബിഎല്‍ഒമാര്‍ വഴി വിതരണം ചെയ്യുന്ന എന്യുമറേഷന്‍ ഫോമുകള്‍ക്ക് എന്ത് ആധികാരികതയാണുള്ളത്? ഏത് നിയമത്തിലെ എന്ത് വകുപ്പുകള്‍ പ്രകാരമാണ് ഈ ഫോമുകള്‍ തയ്യാറാക്കിയിരിക്കുന്നത്? ഒരു പൗരനെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുവാന്‍ തീരുമാനമെടുക്കുവാന്‍ ഒരു ബിഎല്‍ഒക്ക് അധികാരം ആരാണ് നല്‍കുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 16 അനുസരിച്ചല്ലാതെ ഒരു പൗരനെ എങ്ങനെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യും?
1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ സെക്ഷന്‍ 19 അനുസരിച്ച് ഒരു വോട്ടറായി രജിസ്റ്റര്‍ ചെയ്യുവാനുള്ള നിബന്ധനകള്‍ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്- 18 വയസ് പൂര്‍ത്തിയാവണം, നിയോജക മണ്ഡലത്തിലെ ഒരു സാധാരണ താമസക്കാരനായിരിക്കണം. സാധാരണ താമസക്കാരന്‍ എന്നത് സെക്ഷന്‍ 20ല്‍ നിര്‍വചിച്ചിട്ടുണ്ട്. പട്ടാളത്തിലോ, സര്‍ക്കാറിലോ മറ്റും ജോലിയായി തല്‍ക്കാലം സ്ഥലത്തില്ലാത്തവരും സാധാരണ താമസക്കാരാണ്. മഹാരാഷ്ട്രയിലും ബിഹാറിലുമൊക്കെ ഇലക്ഷന്‍ കമ്മിഷന്റെ തിട്ടൂരമനുസരിച്ച് മരിച്ചുപോയ, ജീവിച്ചിരിക്കുന്ന വോട്ടര്‍മാര്‍ പാര്‍ലമെന്റ് കാന്റീനിലും പത്രസമ്മേളനത്തിലുമൊക്കെ രാജ്യത്തെ പ്രതിപക്ഷ നേതാവിനൊപ്പം ചായ കുടിച്ചും പത്രസമ്മേളനം നടത്തിയും അലഞ്ഞുതിരിയുന്നത് നമ്മളെല്ലാവരും കണ്ടു. ബ്രസീലിലെ മോഡല്‍ ഹരിയാനയില്‍ പലയിടത്തും വോട്ട് ചെയ്യുന്നതും, മൊത്തം വോട്ടര്‍മാരെക്കാള്‍ ലക്ഷക്കണക്കിന് കൂടുതല്‍ വോട്ടുണ്ടാവുന്നതും, ഏറ്റവും കൂടുതല്‍ വോട്ട് ഷെയര്‍ കിട്ടിയ (23%) ആര്‍ജെഡിക്ക് കുറഞ്ഞ സീറ്റും, 22% കിട്ടിയ ബിജെപിക്ക് കൂടുതല്‍ സീറ്റും കിട്ടുന്നതും നമ്മള്‍ കണ്ടു. കൂട്ടലും കിഴിക്കലുമെല്ലാം പിഴയ്ക്കുന്ന തെരഞ്ഞെടുപ്പുകളില്‍ നടക്കുന്ന പച്ചയായ നിയമലംഘനങ്ങള്‍ക്ക് ഒരു മറുപടിയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നാളിതുവരെ നല്‍കിയിട്ടില്ല. കോടതികളാകട്ടെ നിയമങ്ങളുടെ തലനാരിഴ കീറി പരിശോധിക്കുന്ന തിരക്കിലുമാണ്. കേരളം മുതല്‍ ബംഗാളിലും യുപിയിലും ഗുജറാത്തിലും വരെ സമ്മര്‍ദത്തിന് വിധേയരായി ആത്മഹത്യ ചെയ്യുന്ന ബിഎല്‍ഒമാരുടെ കുടുംബങ്ങളോട് തെരഞ്ഞെടുപ്പ് കമ്മിഷന് എന്താണ് പറയാനുള്ളത്?

