Site iconSite icon Janayugom Online

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍…

palastinepalastine

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ മിന്നിമറയുമ്പോള്‍ മലയാളിക്ക് പൂരം വെടിക്കെട്ട് കാണുന്ന ആനന്ദമായിരിക്കും. കാരണം നമ്മള്‍ യുദ്ധം കണ്ടിട്ടില്ല. യുദ്ധക്കെടുതികള്‍ അനുഭവിച്ചിട്ടുമില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ബംഗ്ലാദേശ് യുദ്ധത്തിന്റെ കാലം. ഇന്ത്യ‍ കരയിലൂടെയും കടലിലൂടെയും ആകാശമാര്‍ഗേണയും ബംഗ്ലാദേശിനെ ഒരു തീക്കുണ്ഡമാക്കിയപ്പോള്‍ നാം കയ്യടിച്ചു. പാകിസ്ഥാനിലെ കറാച്ചി തുറമുഖം ഇന്ത്യന്‍ നാവികസേന കത്തിച്ചപ്പോള്‍ പാക് ജനത ‘കിയാമത് കാദിന്‍‍ ആഗയാ’ (അന്തിമദിനമടുത്തു) എന്ന് അലമുറയിട്ടപ്പോള്‍ നാം പറഞ്ഞു ബലേഭേഷ്! അക്കാലത്താണ് യുദ്ധച്ചെലവുകള്‍ക്കായി ഒരു പ്രതിരോധനിധി രൂപീകരിച്ചത്. നിധിയിലേക്ക് ശതകോടികള്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നു. കേരളത്തില്‍ നിന്നാണ് നിധിയിലേക്ക് ഏറ്റവും കുറവ് തുകയെത്തിയത്. ഇതിനിടെ ഒരു ദിവസം രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ കൊച്ചി മുതല്‍ കളിയിക്കവിളവരെ ആകാശത്ത് ഊളിയിട്ടു പറന്നു. അവ പാക് ബോംബറുകളാണെന്നും തിരുവനന്തപുരത്ത് വേളിയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രം തകര്‍ക്കാന്‍ വന്നതെന്നുമായി പ്രചാരം. ഇതു കേട്ടപാടെ മലയാളി കീശയുടെ കെട്ടഴിച്ചു. പ്രതിരോധനിധിയിലേക്ക് കോടികളുടെ പ്രവാഹമായി. ഭീരുത്വത്തിനുദാഹരണമായ പണമൊഴുക്ക്!

ഒരു മനുഷ്യനും ഒറ്റപ്പെട്ട ഒരു ദ്വീപല്ല എന്ന് ജോണ്‍ ഡോണ്‍ പറഞ്ഞതുപോലെ ഒരു യുദ്ധവും ഒരു ഒറ്റപ്പെട്ട പ്രദേശത്തുമാത്രം ഒതുങ്ങുന്നതല്ല. അതിനാല്‍ യുദ്ധങ്ങള്‍ നിനക്കെതിരാണ്, എനിക്കെതിരാണ്. യുദ്ധങ്ങളുടെ വേദനകളും ചോരച്ചാലുകളും മനുഷ്യരാശിയുടെയാകെ നൊമ്പരമാണ്. അത് മഹാഭാരതയുദ്ധമായാലും ഗാസയിലെ കത്തുന്ന യുദ്ധമായാലും. യുദ്ധങ്ങളും കാലാവസ്ഥാവ്യതിയാനവും ഭൂമുഖത്തെ കൊടിയ പട്ടിണിയിലേക്ക് തള്ളിവിടുന്ന പരസ്പരപൂരക ഘടകങ്ങളായി മാറിയിരിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാലാവസ്ഥാവ്യതിയാനത്തിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമായി മഞ്ഞുമൂടിയ അന്റാര്‍ട്ടിക്കാ ധ്രുവപ്രദേശത്ത് പൂച്ചെടികള്‍ മുളയ്ക്കുന്നുവെന്നും അവിടം ഒരു പൂഞ്ചോലയായി മാറിയെന്നുമുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. തീര്‍ത്തും അശുഭലക്ഷണം. അന്റാര്‍ട്ടിക് ഹെയര്‍ ഗ്രാസ് അടക്കമുള്ള ചെടികള്‍ വിവിധ വര്‍ണങ്ങളില്‍ പൂവിട്ടതോടെ നമ്മുടെ അവസാനത്തെ പ്രത്യാശയും കരിഞ്ഞുതുടങ്ങിയിരിക്കുന്നു. ലോകം പട്ടിണിയില്‍ മുഴുകിയാലും മനുഷ്യരാശിയെ മുഴുവന്‍ ഊട്ടാനാവശ്യമായ ചെമ്മീന്‍ പോലുള്ള ക്രില്‍ മത്സ്യങ്ങളുടെ അക്ഷയഖനിയാണ് അന്റാര്‍ട്ടിക്, ആര്‍ട്ടിക് ധ്രുവപ്രദേശങ്ങളെന്ന ആശയും കാലാവസ്ഥാ വ്യതിയാനത്തില്‍ പൊലിഞ്ഞിരിക്കുന്നു. യുദ്ധവും കാലാവസ്ഥാമാറ്റവും മൂലം ആഫ്രിക്കയിലെ 4.8 കോടി ജനങ്ങള്‍ പട്ടിണിയാല്‍ മരണമുഖത്താണ്. അവിടെ ചുരുങ്ങിയ കാലയളവിനുള്ളില്‍ 70 ലക്ഷം മൃഗങ്ങള്‍ ചത്തുമണ്ണടിഞ്ഞു. പട്ടിണി സൂചികയില്‍ മുന്നിലുള്ള ഇന്ത്യയില്‍ കോടിക്കണക്കിന് ജനങ്ങള്‍ ഒരുനേരത്തെ ആഹാരത്തിനു വകയില്ലാതെ മരണത്തെ മുഖാമുഖം കാണുമ്പോള്‍ മോഡി പറയുന്നത് അത് കണക്കുകൂട്ടിയതിലെ പിഴവാണെന്ന്. മരണം നിഴലിക്കുന്ന കണ്ണുകളുമായി രണ്ട് ലക്ഷം പേര്‍ എപ്പോള്‍ വേണമെങ്കിലും മരിച്ചുവീഴാമെന്നാണ് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധനായ ലിസ്ബന്‍ അല്‍ബ്രഷ്ടി പറയുന്നത്. എന്നിട്ടും ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനുവേണ്ടി ഇന്ത്യ കയ്യടിക്കുന്നു. മോഡി ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു!

 


ഇതുകൂടി വായിക്കൂ; എതിര്‍ ശബ്ദങ്ങളെ തകര്‍ക്കാന്‍ റെയ്ഡ് രാജ്


യുദ്ധങ്ങള്‍ നമ്മുടെ പത്തായപ്പുരകള്‍ ശൂന്യമാക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് റഷ്യ‑ഉക്രെയ്ന്‍‍ പോരാട്ടം. ലോകത്തെ ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണാണ് ഉ‍ക്രെ‌യ്‌നിലെയും റഷ്യയിലെയും. യുദ്ധം ലോകത്തെ 45 ശതമാനം ജനങ്ങളെയാണ് ഭക്ഷ്യപ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 36 ലോകരാഷ്ട്രങ്ങള്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത് ഈ രാജ്യങ്ങളില്‍ നിന്നാണ്. ഇനിയും അന്ത്യം കാണാത്ത അങ്കം മൂലം ഉക്രെയ്‌നില്‍‍ കത്തിക്കരിഞ്ഞ മണ്ണ് ഊഷരമായിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിലേക്കുള്ള ഗോതമ്പു കയറ്റുമതിയില്‍ 155 ശതമാനത്തിന്റെ കുറവുണ്ടായിരിക്കുന്നു. എന്നിട്ടും മോഡി ആര്‍ത്തുവിളിക്കുന്നു. ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുവന്ന ആഹ്ലാദത്തോടെ! ആണ്ടി പറയും താന്‍ വലിയ അടിക്കാരനാണെന്ന്. പക്ഷേ മാലോകര്‍ പറയും ഇതുപോലൊരു പേടിത്തൊണ്ടനെ ഭൂലോകം കണ്ടിട്ടില്ലെന്ന്! അതുപോലെയായി നമ്മുടെ സുരേഷ് ഗോപിയുടെ കാര്യം. ടിയാന്‍ പത്രസമ്മേളനം വിളിച്ച് നാട്ടാരോട് വിളിച്ചു പറഞ്ഞത് പ്രധാനമന്ത്രിജി തന്നെ കൂടോടെ കുടുംബത്തോടെ ഡല്‍ഹിയിലേക്ക് വിളിച്ചിരിക്കുന്നുവെന്ന്. മാധ്യമ പ്രവര്‍ത്തകര്‍ കണ്ണുമലച്ചിരുന്നു. എന്തായാലും സുരേഷ് ഗോപി ഒരു മഹാസംഭവം തന്നെ എന്ന് മാധ്യമങ്ങള്‍ അടക്കം പറഞ്ഞു. സുരേഷ് ഗോപിയെയും കുടുംബത്തെയും പ്രധാനമന്ത്രി ‘അങ്ങെടുക്കുവാ’ എന്ന് ജനം കരുതി. വല്ല ഉപപ്രധാനമന്ത്രിയോ മറ്റോ ആക്കാനാണ് എന്ന് മറ്റു ചിലര്‍. സ്ഥാനമൊഴിഞ്ഞു കസേര സുരേഷ് ഗോപിയെത്തന്നെ ഏല്പിക്കുമോ എന്ന് വേറെ ചിലരുടെ ആഹ്ലാദം. എന്തായാലും ഭാര്യ രാധികയും മകള്‍ ഭാഗ്യയുമൊത്ത് ഗോപി ഡല്‍ഹിക്കു വിമാനം കയറി. ഗോപിയെ കണ്ടപ്പോള്‍ മോഡി ചോദിച്ചു. ‘എന്തായിവിടെ കുടുംബസമേതം പതിവില്ലാതെ?’. അതോടെ പ്രധാനമന്ത്രി ക്ഷണിച്ചിട്ടാണ് താന്‍ പോകുന്നതെന്ന ഗീര്‍വാണം പൊളിഞ്ഞു. ‘മോഡിജി, ഇതെന്റെ മകള്‍ ഭാഗ്യ. അവളുടെ കല്യാണമാണ്. വീഡിയോ കോളിലൂടെയെങ്കിലും അവളെ അനുഗ്രഹിച്ചാലും!’ അങ്ങനെ മോഡിയെ ക്ഷണിച്ചുകൊണ്ട് കത്ത് നല്‍കിയ വമ്പന്‍ ട്വിസ്റ്റ്. ‘മഹാനട’ന്റെ വീമ്പു വിശ്വസിച്ചവര്‍ ഇപ്പോള്‍ ചോദിക്കുന്നു; ഇയാള്‍ക്കെന്താ നാറുന്നതും മണക്കുന്നതുമറിയില്ലേ!

ചന്ദനത്തിരിയുടെ പരസ്യത്തില്‍ പറയുന്നതുപോലെ ഓരോന്നിനും ഓരോ കാരണമുണ്ട്. പ്രാര്‍ത്ഥിക്കാന്‍ കാരണമാകുന്നത് എരുമബ്രാന്‍ഡ് ചന്ദനത്തിരികള്‍ എന്നു പറയുന്നതുപോലെ. മലബാറിലെങ്ങാണ്ട് ഒരു സ്ത്രീ ആത്മഹത്യ ചെയ്തു. കാരണം ഭര്‍ത്താവ് അവരെ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനയച്ചില്ല. മേപ്പടിയാനു കാരണമുണ്ട്. ഏതാനും മാസം മുമ്പ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിനുപോയ ഒരു വീട്ടമ്മ തന്റെ സഹപാഠിയുമായി ഒളിച്ചോടിയ കഥ തന്നെ കാരണം. വടകരയില്‍ നിന്നാണ് മറ്റൊരു വാര്‍ത്ത. ഒരു ഭാര്യ അയാളെയും മൂന്നു മക്കളെയും ഇട്ടെറിഞ്ഞ് കാമുകനൊപ്പം ഒളിച്ചോടി. അയാള്‍ പക്ഷേ കരച്ചിലും പിഴിച്ചിലുമായൊന്നും കഴിഞ്ഞില്ല. ഭാര്യ ഒളിച്ചോടിയെന്ന് പൊലീസില്‍ പരാതിപ്പെടാനും പോയില്ല. ഭാര്യയുടെ ഒളിച്ചോട്ടം അതിഗംഭീരമായിത്തന്നെ ആഘോഷിച്ചു. ഇരുനൂറ്റമ്പതോളം സുഹൃത്തുക്കളെ ക്ഷണിച്ച് വന്‍ സല്‍ക്കാരം നടത്തി. മദ്യവും മട്ടനുമായി അവര്‍ ആടിപ്പാടി. മോഹന്‍ലാലിന്റെ സിനിമയിലെ ‘വേല്‍മുരുകാ ഹരോഹര’ പാടി കൂട്ടനൃത്തം. ആരവം, കൂക്കുവിളി, കാലുറയ്ക്കാതെ ആഹ്ലാദനടനം.

Exit mobile version