Site iconSite icon Janayugom Online

ഗുരുദർശനവും സംഘപരിവാര വക്രീകരണവും

‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന് ഉദ്ഘോഷിച്ച, കേരളീയ നവോത്ഥാന പടവുകൾ സൃഷ്ടിച്ച ശ്രീനാരായണ ഗുരുവിനെ വർഗീയ ഫാസിസ്റ്റ് ശക്തികൾ ഇന്ന് മതത്തിന്റെ ചതുരക്കള്ളികളിൽ തളയ്ക്കുവാൻ ആസൂത്രിതമായി ശ്രമിക്കുകയാണ്. ഗുരുവിന്റെ പേരിൽ സാമുദായിക ശക്തികൾ ജാതി ചേരിതിരിവ് സൃഷ്ടിക്കുമ്പോൾ മതനിരപേക്ഷ കേരളം തലതാഴ്ത്തി ലജ്ജിക്കുകയാണ് വേണ്ടത്.‘ജാതി ചോദിക്കരുത്, പറയരുത്’ എന്ന് ഉദ്ബോധിപ്പിച്ച യുഗപ്രഭാവനായ മഹാമനീഷിയുടെ മഹദ്സന്ദേശം മാനവിക മാനസങ്ങളിൽ തുടിക്കുന്നു. ‘ആത്മോപദേശ ശതക’ത്തിലെ 24-ാം ശ്ലോകത്തിൽ മഹാനായ ഗുരു ഇങ്ങനെ കുറിച്ചു: ‘അവനിവനെന്നറിയുന്നതൊക്കെയോർത്താൽ അവനിയിൽ ആദിമമായോരാത്മ രൂപം.’ ഇങ്ങനെയെഴുതുമ്പോൾ ആത്മരൂപത്തിന്റെ സമത്വത്തെയാണ് നിർവചിച്ചത്. ‘അവനവനാത്മ സുഖത്തിനായി ആചരിക്കുന്നവ, അപരന് സുഖത്തിനായി വരേണം.’ എന്നെഴുതിയ ഗുരു സാർവ മതനിരപേക്ഷ ദർശനങ്ങളുടെ ലോക ദാർശനികതയാണ് പ്രപഞ്ചത്തിനു മുമ്പാകെ കാഴ്ചവച്ചത്. ഋഷിവര്യൻമാരായ രാമകൃഷ്ണ പരമഹംസരുടെയും, സ്വാമി വിവേകാനന്ദന്റെയും നവോത്ഥാന ചിന്താപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു ശ്രീനാരായണ ഗുരു. ശിവഗിരിയിലെ ശാരദാശ്രമത്തിൽ പ്രതിഷ്ഠിച്ച നിലക്കണ്ണാടിയിലൂടെ ഗുരു അദ്വൈതദർശനം പകർന്നു തന്നു. നീ തന്നെയാണ് നിന്റെ ദൈവം എന്ന് ഓർമ്മിപ്പിച്ചു. 

മതനിരപേക്ഷ സാർവലൗകിക സാഹോദര്യത്തിന്റെ സന്ദേശം പഠിപ്പിച്ച മഹാഗുരുവിനെ ചാതുർവർണ്യ വ്യവസ്ഥിതിയുടെ ചട്ടക്കൂടിൽ തളച്ചിടുവാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് സംഘപരിവാര ശക്തികൾ. അവർ മനഃപൂർവം ഒരുക്കിയ കെണിയിൽ സമുദായ സംഘടനകൾ പെട്ടുപോകുന്നത് ആശ്ചര്യകരം തന്നെ! വർഗീയ ഫാസിസത്തിന്റെ വിഷഫണം വിടർത്തിയാടുന്ന ഛിദ്രശക്തികളെ തിരിച്ചറിയാൻ നമുക്ക് മനോവിവേകം ഉണ്ടാകണം.
അവനവനാത്മ സുഖത്തിനാചരിക്കുന്നത് മറ്റുള്ളവര്‍ക്ക് സുഖത്തിനായി വരണമെന്ന ദാർശനിക തലത്തിലൂടെ മതജാതി വിവേചനങ്ങളെ എതിർത്തു തോൽപ്പിക്കുവാൻ ഗുരു നിരന്തരം യത്നിച്ചു. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന് ഉദ്ഘോഷിച്ചു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്നു കൂടി പറഞ്ഞു പഠിപ്പിച്ചു. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി സവർണ പൗരോഹിത്യത്തെ വെല്ലുവിളിച്ച ശ്രീനാരായണ ഗുരു പറഞ്ഞത് അമ്പലത്തിൽ പ്രവേശനമില്ലാത്ത മാനവർക്കുവേണ്ടിയാണ് ഈ ശിവപ്രതിഷ്ഠ എന്നാണ്.
1888 മാർച്ചിലാണ് ആ ചരിത്ര നിയോഗം അദ്ദേഹം നിർവഹിച്ചത്. ഈഴവ ശിവപ്രതിഷ്ഠയായിരുന്നുവെന്ന് ചില എസ്എൻഡിപി മേലധ്യക്ഷൻമാർ പറഞ്ഞത് ചരിത്രത്തെ വക്രീകരിക്കലായിരുന്നു. ഗുരു അങ്ങനെ പറഞ്ഞിട്ടേയില്ല. ജാതിയും മതവുമില്ലെന്നും മാനവർ ഒന്നാണെന്നും പറഞ്ഞ ഗുരുവിനെ അപമാനിക്കുകയായിരുന്നു അക്കൂട്ടർ. ആലപ്പുഴ കവളംകോട് കണ്ണാടി പ്രതിഷ്ഠ നടത്തി അദ്വൈത ദർശനത്തിന്റെ മാഹാത്മ്യം ഗുരു ആവർത്തിച്ചു.
മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും ഉ­ജ്വല സന്ദേശം ഉയർത്തിപ്പിടിച്ച ശ്രീനാരായണ ഗുരു മനുസ്മൃതി ഉയർത്തുന്ന അധർമ്മ തത്വങ്ങളെയും വർണാശ്രമ നിയമങ്ങളെയും ദാർശനിക തലത്തിൽ തള്ളിക്കളഞ്ഞിരുന്നു. പക്ഷേ ഇന്നിപ്പോൾ മനുസ്മൃതിയായിരിക്കണം ഭരണഘടന എന്നു പറഞ്ഞ, ആർഎസ്എസ് സർസംഘചാലക് മാധവ് സദാശിവ് ഗോള്‍വാൾക്കറുടെ അനുചരൻമാർ ശ്രീനാരായണ ഗുരുവിനെ ചാതുർവർണ്യം സൃഷ്ടിച്ച മനുവിന്റെ സനാതന ധർമ്മത്തോട് കൂട്ടിച്ചേർക്കുവാൻ യത്നിക്കുന്നു. നിലവിലെ സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞത്; ‘സനാതന ധർമ്മം ഇന്ത്യയുടെ പാരമ്പര്യമാണ്. രാജ്യത്തിന്റെ സംസ്കാരം സനാതന ധർമ്മത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’ എന്നാണ്. 

ഇതേ സ്വരം ഗോള്‍വാൾക്കറുടെ ഛായാചിത്രത്തിനു മുമ്പിൽ സാഷ്ടാംഗപ്രണാമം നടത്തിയ കോൺഗ്രസ് നേതാവും, പ്രതിപക്ഷ നേതാവുമായ വി ഡി സതീശനും ആവർത്തിച്ചു. ‘സനാതന ധർമ്മം രാജ്യത്തെ മുഴുവനാളുകളുടെയും പാരമ്പര്യം’ എന്ന സംഘപരിവാര വായ്ത്താരി അദ്ദേഹം ആവർത്തിച്ചു പാടുന്നു. അതേസമയം സംഘപരിവാര ശാഖകൾക്ക് കവചമൊരുക്കിയെന്നുപറഞ്ഞ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞതിങ്ങനെ ‘സനാതന ധർമ്മം ചാതുർവർണ്യം. അതുമായി ഗുരുവിനെ കൂട്ടിക്കെട്ടാൻ അനുവദിക്കില്ല’. കോൺഗ്രസിലെ വൈരുധ്യം ഇരുവരുടെയും വാക്കുകളിലൂടെ വെളിപ്പെടുന്നു. ദുരാചാരങ്ങളുടെയും അനാചാരങ്ങളുടെയും ദുരന്തകാലത്തേക്ക് ആധുനിക കേരളത്തെ ആനയിക്കുവാൻ ദുരുപദിഷ്ടശക്തികൾ യത്നിക്കുമ്പോൾ ശ്രീനാരായണ ഗുരുവിന്റെ ദാർശനിക മഹിമ നമുക്ക് പുതുവെളിച്ചം പകരും. മനുസ്മൃതി മുന്നോട്ടുവച്ച ബ്രാഹ്മണ ക്ഷത്രിയ പൗരോഹിത്യത്തെയും സനാതന ധർമ്മമെന്ന പൗരോഹിത്യ അജണ്ടയെയും തള്ളിക്കളഞ്ഞ ദാർശനിക പ്രതിഭയാണ് ശ്രീനാരായണ ഗുരു. ജാതിയില്ലാ വിളംബരം നടത്തി കേരളത്തെ നവോത്ഥാനത്തിലേക്കുനയിച്ച മഹാനായ ഗുരുവിനെ, വിശ്വദർശനം മുന്നോട്ടുവച്ച ദാർശനികനെ, കേരളത്തിന്റെ പുതുചരിത്രം സൃഷ്ടിച്ച ചരിത്ര പുരുഷനെ വർണാശ്രമ ധർമ്മങ്ങളുടെ ചതുരക്കള്ളികളിൽ ഒതുക്കുവാൻ ശ്രമിക്കുന്നവർക്ക് ചരിത്രം മാപ്പുനൽകില്ല. കാലം അതിന് സാക്ഷ്യപത്രം നൽകും. 

Exit mobile version