Site iconSite icon Janayugom Online

ഹേ ഗഗാറിൻ, ഗഗനചാരിൻ…

ദ്യമായി ബഹിരാകാശത്തുപോയി ഭൂമി ഉരുണ്ടതാണെന്ന് സ്വന്തം കണ്ണുകൊണ്ട് കണ്ടറിഞ്ഞ മനുഷ്യൻ റഷ്യക്കാരനായ യൂറി ഗഗാറിനാണെന്ന് പള്ളിക്കൂടത്തിൽ പോയിട്ടുള്ള എല്ലാവർക്കും അറിയാം. ഹനുമല്‍സേവക്കാരനായ ഒരു മുൻ കേന്ദ്രമന്ത്രി ഇപ്പോഴും മനസിലാക്കിവച്ചിരിക്കുന്നത് വാലുള്ള ഹനുമാൻ ആണെന്നാണ്! ലോകരാജ്യങ്ങൾക്കു മുന്നിൽ ഇത്തരം പരമവിഡ്ഢിത്തങ്ങൾ, ഇന്ത്യയുടെ പ്രധാനമന്ത്രി അടക്കമുള്ളവർ ആവർത്തിച്ച് പറയുന്നതിനാൽ നമ്മൾ അപഹസിക്കപ്പെടുകയാണ്. അക്കാലത്ത് ഡോ. അയ്യപ്പപ്പണിക്കർ എഴുതിയ കവിതയാണ് ഹേ ഗഗാറിൻ. ആ കവിതയിൽ കവികളോട് വിഗ്രഹങ്ങളുടച്ച് അനുഗ്രഹശക്തരാകുവാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നുമുണ്ട്. ‘ഹേ, ഗഗാറിൻ, ഗഗനചാരിൻ, പഥികനെൻ വഴി വിട്ടുമാറിൻ’ എന്നാരംഭിക്കുന്ന ആ കവിതയിൽ, ശാസ്ത്രം ഉയരത്തിലെത്തിയെന്നും മിഴിച്ചുനിൽക്കാതെ വിജയപര്യടനത്തിനായി പുതുചിറകുകൾ വളർത്തിയെടുക്കാനും കവി പറയുന്നുണ്ട്.
ഹനുമാനെക്കൊണ്ട് സൂര്യനെ പിടിപ്പിക്കാനും കടൽ ചാടിപ്പിക്കാനും മുതിർന്ന ഭാവനാകുബേരനായ വാത്മീകിമഹാകവി ഭാവിയിൽ ഇങ്ങനെയൊരു തെറ്റിധാരണ ഉണ്ടാകുമെന്ന് കരുതിക്കാണില്ല. സാക്ഷരന്റെ കസേരയിൽ രാക്ഷസൻ ഇരിക്കുമെന്ന് ആരറിഞ്ഞു! വിഡ്ഢിത്തരങ്ങളുടെ ടൂർണമെന്റ് ആദ്യപ്രകടനങ്ങളിൽ എത്തിയിട്ടേയുള്ളു, അപ്പോഴേക്കും യുജിസി ലോഗോ മാറ്റി സരസ്വതിയെ പ്രതിഷ്ഠിക്കാനുള്ള പൂജാകർമ്മങ്ങൾ തുടങ്ങിക്കഴിഞ്ഞു. നാല് കൈകളുണ്ടായിട്ടും അരുതാത്തത് ചെയ്ത പിതാവിനോട് പ്രതികരിക്കാൻ കഴിയാതെപോയ പാവം സ്ത്രീയാണ് സരസ്വതി. മത്സ്യപുരാണമനുസരിച്ച്, പിതാവായ ബ്രഹ്മാവിന്റെ കാമത്തിൽ നിന്നും രക്ഷപ്പെടാൻ നാലുവശത്തോട്ടും ആകാശത്തേക്കുമൊക്കെ ആ പാവം ട്രപ്പീസ് കളിച്ചെങ്കിലും രക്ഷപ്പെടാനാവാതെ പിതാവിനു വശംവദയാവുകയായിരുന്നു. ഒരു പുസ്തകം പോലും എഴുതിയിട്ടില്ലാത്ത ഈ സങ്കല്പ കഥാപാത്രമാണ് പാഠ്യപദ്ധതിയുടെ മുഖമുദ്ര! 

പൊളിറ്റിക്കൽ സയൻസിൽ പഠിക്കാൻ നിർദേശിച്ചിട്ടുള്ളത് മാപ്പുവീരൻ വി ഡി സവർക്കറുടെ സിദ്ധാന്തങ്ങളാണ്. ഗാന്ധി പിന്നെയും റേഷൻകടയിൽ ക്യൂ നിൽക്കുമെന്നും ഗോഡ്സെ കാറിൽ ചീറിപ്പാഞ്ഞുപോകുമെന്നും അർത്ഥം. രസതന്ത്രത്തിൽ മഹ്വാമദ്യം ഉണ്ടാക്കുന്നവിധം രസകരമായിത്തന്നെ പഠിപ്പിക്കുമത്രേ. സോമരസം, മൈരേയം തുടങ്ങിയ പുരാണപ്രസിദ്ധങ്ങളായ മദ്യങ്ങളും ഉല്പാദിപ്പിക്കുന്ന വിധം പഠിപ്പിച്ചേക്കും. ദേശീയ പാഠ്യപദ്ധതി കേരളത്തിലെത്തിയാൽ മഹ്വാമദ്യത്തോടൊപ്പം ഭാര്യാമർദിനി, കൊട്ടൂടി തുടങ്ങിയവയുടെ ഉല്പാദനപാഠങ്ങളും ഉണ്ടായേക്കാം. കുതിരമണിയന്റെ വാറ്റനുഭവങ്ങൾ അനുബന്ധവായനയ്ക്കും നൽകിയേക്കും. മനുസ്മൃതി അനുസരിച്ച് തയ്യാറാക്കിയ വാസ്തുശാസ്ത്രവും പാഠ്യപദ്ധതിയിലുണ്ടാകും. കെട്ടിടനിർമ്മാണത്തൊഴിലാളിക്ക് ഒരു കൂരപോലും ഉണ്ടാക്കാനുള്ള അവകാശമില്ലാത്ത മനുഷ്യവിരുദ്ധ പദ്ധതിയാണല്ലോ വാസ്തുശാസ്ത്രം. വാസ്തുശാസ്ത്രത്തെക്കുറിച്ച് ബംഗളൂരു നിവാസിയായ എൻജിനീയർ ആർ വി ആചാരിയെഴുതിയ പുസ്തകത്തിന്റെ പേര് ഡിവൈൻ ട്രാജഡിയെന്നാണ്. വാസ്തു എന്ന വ്യാജശാസ്ത്രത്തെ പൊളിച്ചുകാണിക്കുന്ന ഒരു പുസ്തകമാണ് ഡിവൈൻ ട്രാജഡി. ആ പുസ്തകത്തെക്കുറിച്ച് പാഠ്യപദ്ധതി മൗനം പാലിച്ചിരിക്കും. ശ്രീനാരായണഗുരുവിനെ സാമൂഹ്യപരിഷ്കർത്താവ് എന്ന വീക്ഷണത്തിൽ നിന്നും മാറ്റി ഹൈന്ദവാചാര്യനായി പ്രതിഷ്ഠിക്കുമത്രേ. ഈ അശാസ്ത്രീയവും പ്രാകൃതവുമായ പാഠ്യപദ്ധതിക്കെതിരെ വിദ്യാർത്ഥികൾ മാത്രം സമരം ചെയ്താൽ പോരാ. അഭിമാനബോധമുള്ള രക്ഷകർത്താക്കളും അവരുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളും രംഗത്തിറങ്ങേണ്ടതുണ്ട്. 

Exit mobile version