ഇന്ത്യ നമ്മുടെ രാജ്യമാണ് എന്നത് അത്രമാത്രം ലളിതമാണ്. എന്നാൽ അതിന്റെ അർത്ഥം എന്താണെന്ന് യഥാർത്ഥത്തിൽ നമുക്ക് മനസിലായിട്ടില്ല. അതുകൊണ്ടുതന്നെ അത് ഗഹനവുമാണ്. ഏതു പാർട്ടി ഭരിച്ചാലും അവരൊക്കെ അംഗീകരിക്കുന്ന ചില തത്വങ്ങളുണ്ട്. ഇന്ത്യ എന്നത് ഒരു ജനാധിപത്യ രാജ്യമാണ് എന്നും ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ് എന്നുമാണ് അവയിൽ പ്രമുഖമായത്. എന്നാൽ ഇന്ന് സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന ഭരണഘടനയുടെ മൂല്യങ്ങളെത്തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രത്യയശാസ്ത്രമാണ് നാട് ഭരിക്കുന്നത്. ഒരു നൂറ്റാണ്ടായി ഈ പ്രത്യയശാസ്ത്രം നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലേക്ക് നുഴഞ്ഞു കയറിയിട്ട്. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും അത് വിഷലിപ്തമാക്കി. ആ പ്രത്യയശാസ്ത്രമാണ് ‘ഹിന്ദുത്വം’.
അവർ ഹിന്ദുത്വത്തെ ഹിന്ദുമതമായി അവതരിപ്പിക്കുന്നു. യഥാർത്ഥത്തിൽ ഹിന്ദുമതം എന്നത് അനേകായിരം ചര്യകളും വിശ്വാസങ്ങളും പിന്തുടരുന്ന വൈവിധ്യമാർന്ന സാംസ്കാരിക ജീവിതങ്ങളുടെ സാകല്യമാണ്. അതുകൊണ്ടു തന്നെയാണ് ഹിന്ദു എന്ന ഒരു മതമേ ഇല്ലല്ലോ എന്ന് ഗുരുദേവൻ പറഞ്ഞത്. ‘ഹിന്ദുത്വം’ എന്നത് ഇരുപതാം നൂറ്റാണ്ടിൽ ശക്തിപ്പെട്ട ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. വർണാശ്രമധർമ്മം, മനു ധർമ്മം, നാസിസം തുടങ്ങിയ പലതരം മനുഷ്യ വിരുദ്ധ ആശയങ്ങളുടെ സങ്കരമാണത്.
ഹിന്ദുമത വിശ്വാസികൾ ജാതിയും ഉപജാതിയുമായി ആയിരക്കണക്കിന് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടവരാണ്. അവരോരോരുത്തരുടെയും മതപരവും വ്യക്തിഗതവുമായ അനുഷ്ഠാനങ്ങൾ സാമ്യത്തിലേറെ വൈജാത്യങ്ങളാൽ പൂരിതമാണ്. എന്നാൽ ‘ഹിന്ദുത്വം’ എന്നത് ബ്രാഹ്മണ പൗരോഹിത്യത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ അധികാരമേൽക്കോയ്മയെ സൂചിപ്പിക്കുന്ന പദമാണ്. ഹിന്ദുത്വ അജണ്ട ഹിന്ദുമത വിശ്വാസികളിൽ ജാതിവ്യവസ്ഥയുടെ മറവിൽ അടിച്ചേല്പിക്കുന്നതിൽ ആർഎസ്എസ് പ്രത്യയശാസ്ത്രം വിജയിച്ചിട്ടുണ്ട്.
ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്നവരെല്ലാം ഹിന്ദുമത വിശ്വാസികൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും എതിരെ സംസാരിക്കുന്നവരാണെന്ന പ്രതീതി രാഷ്ട്രീയമായും സാംസ്കാരികമായും സാമൂഹികമായും സൃഷ്ടിച്ചെടുക്കാൻ ആർഎസ്എസിന് സാധിച്ചു. ഹിന്ദുത്വ ബോധം പൊതുബോധമായി മാറിയ ഒരു സമൂഹത്തെ സംബന്ധിച്ച് ‘ഇന്ത്യ’ എന്ന പേര് ഭാരതം എന്നാക്കുന്നതിൽ പ്രത്യേകതയൊന്നും തോന്നില്ല. അതിന് സ്വീകാര്യത കിട്ടാൻ രാജ്യത്തിന്റെ ചരിത്രം അതിന് അനുകൂലമായ രൂപത്തിൽ അവർ പുനഃക്രമീകരിക്കുന്നു.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാൻ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രം കൊണ്ട് കഴിയില്ല. അത് ആഴത്തിൽ വേരുള്ള വിഷവൃക്ഷമാണ്. അതിനെ കടപുഴക്കി എറിയണമെങ്കിൽ മാനവികതയിൽ അടിയുറച്ചുനിൽക്കുന്ന എല്ലാ ദർശനങ്ങളും കൈകോർക്കണം. ഗാന്ധിസവും മാർക്സിസവും സോഷ്യലിസവും അംബേദ്കറിസവും തുടങ്ങി മനുഷ്യനന്മയുടെ ആശയങ്ങളും മറ്റ് മാനവിക ആശയങ്ങളും കൈകോർക്കണം. അങ്ങനെയല്ലെങ്കിൽ നമ്മൾ ജീവിച്ചതുപോലെ നമ്മുടെ വരുംതലമുറ ജീവിക്കില്ല. അതുകൊണ്ടുതന്നെ ‘ഇന്ത്യ എന്ന ആശയത്തെ’ പഠിക്കണം.
ഇന്ത്യ എന്നത് സാമ്രാജ്യത്വവിരുദ്ധ ദേശീയതയുടെ ഭാവനയിൽ രൂപപ്പെട്ട പേരാണ്. ഭാവിയിലേക്ക് മിഴിനട്ട് നിൽക്കുന്ന ഒരു കല്പനയാണത്. അത് ഭാവിയിലേക്കുള്ള സ്വപ്നമാണ്. ഏതെങ്കിലും തരത്തിൽ ഇന്ത്യ ഭൂതകാലത്തിന്റെ ബാക്കിപത്രമാണ് എന്ന് കരുതുന്നത് വലിയൊരു വിഡ്ഢിത്തമാണ്. ഇന്ത്യ എന്നത് ഒരു ആശയമാണ്. ഇന്ത്യയുടെ ഭൂപടത്തിനു മുകളിൽ ‘ഇന്ത്യ പൊളിറ്റിക്കൽ’ എന്നാണ് എഴുതിയിട്ടുള്ളത്. ഇന്ത്യ എന്നു മാത്രം എഴുതിയ ഭൂപടം കാണില്ല. ഇന്ത്യയുടെ ഭൂവിസ്തൃതി അതിൽ കാണാം. അത് ഇന്ത്യ എന്ന സങ്കല്പത്തിന്റെ പ്രധാനമായ ഭാഗം തന്നെ. പക്ഷെ ഇന്ത്യ എന്നത് ഭൂമിശാസ്ത്രമായ അതിര് മാത്രമല്ല. അതിനുമപ്പുറത്ത് സാംസ്കാരിക ഇന്ത്യയുണ്ട്, സാമൂഹ്യ ഇന്ത്യയുണ്ട്, സാമ്പത്തിക ഇന്ത്യയുണ്ട്. അങ്ങനെ പലതും ചേർന്നതാണ് ഇന്ത്യ.
പിറന്നുവീണ രാജ്യത്തിലെ ഏറ്റവും സാധാരണക്കാരായ മനുഷ്യരെ ചേർത്തുപിടിക്കുമ്പോഴാണ് ‘ഇന്ത്യ’ എന്നൊരു വികാരത്തിലേക്ക് വരുന്നത്. സ്വാതന്ത്ര്യാനന്തരം ഓരോ മനുഷ്യരെയും ഈ വികാരത്തിലേക്ക് കൂട്ടിച്ചേർക്കാനാണ് ഇന്ത്യ ഭരിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ രീതിയിൽ ശ്രമിച്ചത്. എന്നാൽ ഹിന്ദുത്വ ശക്തികൾ അധികാരത്തിൽ വന്നതോടുകൂടി ‘ഇൻക്ലൂഷൻ’ എന്ന ആശയത്തെ തള്ളിക്കളയുകയും ‘എക്സ്ക്ലൂഷൻ’ എന്നൊരു ആശയവുമായി രംഗത്തുവരികയും ചെയ്തു. ഇന്ത്യ എന്നത് ഉൾച്ചേർക്കലാണ് അല്ലാതെ പുറംതള്ളലല്ല.
ബ്രാഹ്മണ്യമാണ് ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രം. വിദ്യാഭ്യാസ മേഖലയിലെ അഴിച്ചുപണികൾ ബ്രാഹ്മണ്യത്തിന്റെ പുനർ ജീവനത്തിന് കാരണമാകുന്നു. ശാസ്ത്രബോധത്തിന് സംഭവിക്കുന്ന ക്ഷീണം, യുക്തിബോധത്തിന്റെ ഗ്രഹണം, ചരിത്രത്തെ മിത്തുവല്‍ക്കരിക്കുന്ന പ്രവണത, ഇവയൊക്കെ വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നു. മേഖലയിലെ ജനാധിപത്യ അന്തരീക്ഷത്തെ കരിനിയമങ്ങളിലൂടെ തകർക്കുന്നു. ഈ സാഹചര്യങ്ങൾ ബ്രാഹ്മണ്യത്തിന് അധീശത്വം പുലർത്താനുള്ള അവസരം ഒരുക്കുന്നു. രാജ്യം ഭരിക്കുന്നത് ബ്രാഹ്മണ്യമാണ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചവർ ബ്രാഹ്മണരാണ്. ബ്രാഹ്മണ്യം നാടുവാഴുന്ന ഒരു രാജ്യമായി ഇന്ത്യയെ മാറ്റുക എന്നതിനർത്ഥം ഇന്ത്യയെ ആധുനിക രാഷ്ട്രമല്ലാതാക്കി തീർക്കുക എന്നതാണ്. ഇതാണ് മനസിലാക്കേണ്ട കാര്യം. തങ്ങൾ അനൗദ്യോഗികമായി രൂപപ്പെടുത്തിക്കഴിഞ്ഞ ഹിന്ദു രാഷ്ട്രത്തിന്റെ നിലനില്പ് അഭംഗുരമാകണമെങ്കിൽ, വരുംകാലങ്ങളെ അതിജീവിച്ചുകൊണ്ട് നിലനിൽക്കണമെങ്കിൽ, ഈ രാഷ്ട്രത്തിന്റെ പാരമ്പര്യവും ചരിത്രവും ഹിന്ദുത്വ പൗരാണികതയിൽ അധിഷ്ഠിതമായിരിക്കണം. അതിനായി അവർ ആർഷഭാരത സംസ്കാരത്തെക്കുറിച്ചും പൗരാണിക ഇന്ത്യയെക്കുറിച്ചും പറഞ്ഞുകൊണ്ടിരിക്കും.
സത്യാനന്തര കാലത്തെ ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ വച്ച് അവർ പുരാണങ്ങളെയും മിത്തുകളെയും ചരിത്രവല്‍ക്കരിക്കുമ്പോൾ നമ്മിലെ മതബോധ്യങ്ങൾ ഇതെല്ലാം തന്നെയാണ് ഇന്ത്യയുടെ കഴിഞ്ഞകാല ചരിത്രമെന്ന അബദ്ധധാരണയിൽ വീഴുകയും വരുംതലമുറയുടെ ചരിത്രബോധമാക്കി ഇതിനെ മാറ്റുകയും ചെയ്യുന്നു. ഈ അവസ്ഥാവിശേഷം പൊതുബോധമായി മാറുമ്പോൾ അവശേഷിക്കുന്ന ജനാധിപത്യത്തിന് നിർബന്ധബുദ്ധിയോടെ വിട നൽകിക്കൊണ്ട് പൗരാണിക ഗോത്ര വ്യവസ്ഥയെ പുണരുന്നതിനുള്ള പിൻനടത്തത്തിന് വേഗം കൂട്ടാം എന്നവർക്കറിയാം. ഈ വേഗതയെ നാം തടയണം. ഇന്ത്യയെ ഒരു ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രമാക്കി നിലനിനിർത്താൻ അനുസ്യൂതം പോരാടണം. പോരാടുന്ന ജനത മനസിലാക്കണം ഇന്ത്യ എന്നത് ഒരു പൗരാണിക രാജ്യം അല്ലെന്നും നമുക്ക് വേണ്ടത് ജനാധിപത്യത്തിലും നീതിയിലും സാഹോദര്യത്തിലും കഴിയുന്ന ഇന്ത്യയാണെന്നും.
ഇന്ത്യ എന്ന ആശയം ഏകാത്മകമോ ഏകാർത്ഥകമോ അല്ല. യഥാർത്ഥത്തിൽ ഏകമായ ഒരാശയത്തിനും 140 കോടി ഇന്ത്യക്കാരുടെ ഊർജങ്ങളെയും അമർഷങ്ങളെയും പ്രത്യാശകളെയും പിടിച്ചടക്കാനോ പ്രകാശിപ്പിക്കാനോ സാധ്യമല്ല. മാത്രമല്ല ഇടുങ്ങിയ ആശയങ്ങൾ ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തില്ല. വൈവിധ്യമാണ്, വിശാലമനസ്കതയാണ് നാട് ഇഷ്ടപ്പെടുന്നത്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ ഒന്നാമതായി സുവ്യക്തമായി കുറിച്ചിരിക്കുന്നത്, ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങളുടെ യൂണിയൻ ആയിരിക്കുമെന്നാണ്. രാജ്യത്തിന്റെ ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നാണ്. ഈ അഭിധാനം തന്നെയാണ് അന്താരാഷ്ട്ര സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അയയ്ക്കുന്ന ഔദ്യോഗിക അറിയിപ്പുകളിലും ആശയ വിനിമയത്തിലും ഉപയോഗിച്ചുപോരുന്നത്. രാജ്യാന്തര സംഘടനകളുമായി ഒപ്പുവയ്ക്കുന്ന ഉടമ്പടികളിലും ഇതുതന്നെയാണ് ഉപയോഗിക്കാറ്. ഇപ്പോൾ പറയുന്നത് ഇന്ത്യയും ഭാരതവും പരസ്പരം മാറി ഉപയോഗിക്കാമെന്നാണ്. ഭരണഘടനാ ശില്പികൾക്ക് ഈ രണ്ടു പേരും മാറി മാറി ഉപയോഗിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നുവെങ്കിൽ ഭരണഘടനയുടെ മൂലപാഠത്തിൽ തന്നെ ഇന്ത്യയും ഭാരതവും മാറിമാറി ഉപയോഗിക്കുമായിരുന്നു.
‘ഇന്ത്യ അഥവാ ഭാരതം’ എന്ന പേര് ഭരണഘടനാ അസംബ്ലിയിൽ തന്നെ പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഏതാണ് രാജ്യം എന്നു ചോദിച്ചാൽ ‘ഇന്ത്യ അതായത് ഭാരതം’ എന്നാണോ പറയേണ്ടതെന്ന് ചില അംഗങ്ങൾ ചർച്ചയ്ക്കിടയിൽ അംബേദ്കറോട് പരിഹാസപൂർവം ചോദിക്കുന്നുണ്ട്. അതെല്ലാം നിലനിൽക്കെത്തന്നെ ഒരു രാജ്യത്തിന് ഇരു നാമങ്ങൾ കൂട്ടിയിണക്കി നൽകിയ ഈ പ്രക്രിയ ചരിത്രപരമായി പ്രാധാന്യമുള്ള ഒന്നാണെന്ന് കാണാനാവും. ഒരു ഭാഗത്ത് തദ്ദേശീയമായ രാഷ്ട്രഭാവനയെയും മറുഭാഗത്ത് രാഷ്ട്രത്തിന്റെ ചരിത്രപരിണാമത്തെയും ബഹുസ്വര പാരമ്പര്യത്തെയും ഉൾക്കൊള്ളുന്ന പേരുകളെ ഒരുമിച്ചുനിർത്തുകയാണ് ഭരണഘടനാ അസംബ്ലി ചെയ്തത്. ഇന്ത്യ എന്ന പദം മാത്രം നിലനിർത്തി ഭാരതം എന്ന പേരിനെ കയ്യൊഴിയാൻ അത് തയ്യാറായില്ല. പ്രഥമ നാമമായി ഇന്ത്യയെ നിലനിർത്തിക്കൊണ്ടും ഭാരതത്തെ അതിനൊപ്പം ചേർത്തുകൊണ്ടുമാണ് ഭരണഘടനാ നിർമ്മാതാക്കൾ രാഷ്ട്രനാമം സ്വീകരിച്ചത്.
ഇന്ത്യയെ കുറിക്കുന്ന സമാനപദമാണ് ഭാരതം എന്നതിനപ്പുറം ഇന്ത്യക്കുപകരമായി ഉപയോഗിക്കാവുന്ന ഒന്നായി ഭരണഘടന അതിനെ പരിഗണിക്കുന്നില്ല. ഭരണഘടനയുടെ 52-ാം അനുച്ഛേദം ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്ത്യ, ഭാരതം എന്നീ രണ്ടു പദങ്ങളും സമാന അർത്ഥത്തിൽ ഔദ്യോഗികമായി ഉപയോഗിക്കാമെന്ന നിലപാട് ഭരണഘടനയിൽ നിന്ന് കണ്ടെത്താനാവില്ല. അതുകൊണ്ട് ഇന്ത്യ എന്ന പേര് ഒരു രാഷ്ട്രനാമം മാത്രമല്ല, അത് ഒരു സവിശേഷ പാരമ്പര്യത്തിന്റെ അടയാളവാക്കാണ്. രാജ്യത്തിന്റെ ബഹുസ്വര സംസ്കാരത്തിന്റെ, അതിന്റെ ചരിത്രത്തിന്റെ പ്രയാണത്തിൽ അത് ജന്മം നൽകിയ സംവാദാത്മകതയുടെ, അതിന്റെ അസ്തിവാരമായ മതനിരപേക്ഷതയുടെയെല്ലാം ചൈതന്യം പേറി നിൽക്കുന്ന പേരാണ് ഇന്ത്യ. അത് സാമ്രാജ്യത്വവിരുദ്ധ ദേശീയ ഭാവനയുടെ പേരാണ്. മതനിരപേക്ഷവും ജനാധിപത്യപരവും ബഹുസ്വരവും സമഭാവനാ നിഷ്ഠവുമായ സമൂഹം, അതാണ് ‘ഇന്ത്യ’ എന്ന ആശയം.