Site iconSite icon Janayugom Online

എമ്പ്രാനല്പം കട്ടു ഭുജിച്ചാൽ…

കേരളത്തിന്റെ സമസ്ത മേഖലകളെയും സ്പർശിച്ച് ആഴത്തിൽ വേരൂന്നി നിൽക്കുന്ന സഹകരണ പ്രസ്ഥാനം ഇന്ന് കേന്ദ്ര അന്വേഷണ ഏജൻസികളുടെ മേച്ചിൽപ്പറമ്പായി മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഹകരണ പ്രസ്ഥാനം വായ്പാമേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. വായ്പാമേഖലയിൽ ഉണ്ടായിട്ടുള്ള അപചയം എല്ലാ ധനകാര്യ സ്ഥാപനങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുന്നത് ദുഷിച്ച മുതലാളിത്ത സമ്പദ്‌വ്യവസ്ഥിതിയുടെ ഭാഗമായ ധനാർത്തിയുടെ ഭാഗമാണ്. ഭരണവർഗ രാഷ്ട്രീയ നേതാക്കളും സാമ്പത്തിക സ്ഥാപനങ്ങളിലെ മേധാവികളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളും അതിന്റെ ഫലമായ ധനാപഹരണങ്ങളും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1957ൽ കേന്ദ്ര ധനമന്ത്രി സർ ടി ടി കൃഷ്ണമാചാരിയുടെ രാജിയിൽ കലാശിച്ചതും പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രുവിന്റെ മരുമകനും കോൺഗ്രസ് എംപിയുമായ ഫിറോസ് ഗാന്ധി പാർലമെന്റിൽ ഉന്നയിച്ചതുമായ ‘മുന്ദ്രകേസ്’ മുതൽ ഈ അവിശുദ്ധ സാമ്പത്തിക ബന്ധത്തിന്റെ വേരുകൾ കാണാം. 2018ലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദാ കൊച്ചർ നടത്തിയ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയതും അവർ സ്ഥാനമൊഴിയേണ്ടി വന്നതും. അവരുടെ ഭർത്താവ് ദീപക് കൊച്ചാറിന്റെ സ്വാധീനത്തിൽ വീഡിയോകോൺ മേധാവി വേണുഗോപാൽ ധൂതിന് അനധികൃതമായി അനുവദിച്ച 3,250 കോടി വായ്പയുമായി ബന്ധപ്പെട്ടാണ് വായ്പാ അഴിമതിക്കേസ് രജിസ്റ്റർ ചെയ്തതും അവരെ അറസ്റ്റ് ചെയ്തതും. ഇടപാടിൽ 64 കോടി രൂപ അവർക്ക് കോഴയായി ലഭിച്ചുവെന്നാണ് സിബിഐ ആരോപിക്കുന്നത്.

 


ഇതുകൂടി വായിക്കൂ; ആദ്യ തോട്ടിത്തൊഴിലാളി യൂണിയന്‍ ഉണ്ടായത് കോഴിക്കോട്


പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ വജ്ര വ്യാപാരി നീരവ് മോഡി 28,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണ വിധേയനായെങ്കിലും അന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ പോലും കണ്ണുവെട്ടിച്ച് വിദേശത്ത് കഴിയുന്നു. ബാങ്ക് പറയുന്നത് 11,000 കോടി രൂപയുടെ നഷ്ടമേ ബാങ്കിനുണ്ടായിട്ടുള്ളു എന്നാണ്. പിഎൻബി കൂടാതെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഈ കള്ളന്മാർ കോടികൾ തട്ടിയെടുത്തിട്ടുള്ളതായി അന്വേഷണ ഏജൻസി പറയുന്നു. മറ്റൊരു വജ്രവ്യാപാരിയും നീരവ് മോഡിയുടെ ബന്ധുവുമായ മെഹുൽ ചോക്സിയുടെ പേരിൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ഇപ്പോഴും നിലനിൽക്കുന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ചോക്സി ഇപ്പോൾ ആന്റിഗ്വൻ പൗരത്വം സ്വീകരിച്ച് കഴിയുന്നു. കിങ്ഫിഷർ എയർലൈൻസ് കമ്പനി ഉടമയും മുൻ പാർലമെന്റ് അംഗവുമായ വിജയ് മല്യയും പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തെ കബളിപ്പിച്ച് 11,000 കോടി രൂപയുടെ വെട്ടിപ്പുനടത്തി സിബിഐയുടെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെയും കണ്ണുവെട്ടിച്ച് വിദേശത്ത് കഴിയുന്നു. തമിഴ്‌നാട്ടിലെ സത്യം കമ്പ്യൂട്ടർ സർവീസ് കേസും പശ്ചിമബംഗാളിലെ ശാരദാ ചിട്ടിഫണ്ട് കേസുമെല്ലാം ഇത്തരത്തിലുള്ള കൊള്ളയും ക്രമക്കേടുകളും ചുരുളഴിപ്പിക്കുന്നവയാണ്.

മേൽപ്പറഞ്ഞ കേസുകൾ വിശദീകരിച്ചത് സഹകരണ മേഖലയിലെ തട്ടിപ്പിനെയോ ക്രമക്കേടിനേയോ വെള്ളപൂശാനല്ല. ആർത്തിപൂണ്ട മുതലാളിത്തലോകത്തിൽ ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്തമുതലാളിത്തം ശക്തമാകുന്നതിന്റെ ഫലമായി അതിന്റെ ഉല്പാദകരും ഉപഭോക്താക്കളുമായ രാഷ്ട്രീയ‑ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് വ്യവസ്ഥാപിതവും ഇതരവുമായ മാർഗത്തിൽക്കൂടി പൊതുപണം കൊള്ളയടിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് ഇവയെല്ലാം. മുതലാളിത്ത സംസ്കാരം കാണിച്ചുതരുന്ന ആർഭാട ജീവിതവും സാമൂഹ്യ അനാദരവും എല്ലാ മേഖലയിലും പടരുന്നുവെന്നതിന്റെ തെളിവുകൂടിയാണിതെല്ലാം. വ്യാമോഹങ്ങളുടെയും മിഥ്യാധാരണകളുടെയും ആകർഷകമായ ഒരു താൽക്കാലിക സാങ്കല്പിക അരാഷ്ട്രീയ ലോകമാണ് യുവാക്കളുടെ മുമ്പിൽ ആധുനിക മുതലാളിത്ത വ്യവസ്ഥിതി തുറന്നിടുന്നത്. അതിലേക്ക് ആകർഷിക്കപ്പെടുന്നവർ എങ്ങനെയും പണമുണ്ടാക്കണമെന്ന ചിന്തയിൽ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുകയും വ്യവസ്ഥാപിത മാർഗങ്ങളിൽക്കൂടിയെന്നു പ്രഥമദൃഷ്ട്യാ തോന്നാവുന്ന രീതിയിൽ എന്നാൽ അതിലെ പഴുതുകളും ന്യൂനതകളും ഉപയോഗിച്ച് ധനാപഹരണങ്ങൾ നടത്തുകയും ചെയ്യുന്നു. അതിൽ സഹകരണ സംഘ/ബാങ്കുകളും ഉൾപ്പെടുന്നു എന്നു മാത്രം.


ഇതുകൂടി വായിക്കൂ;  ഭൂമി പതിച്ചുകൊടുക്കൽ ബില്‍ തടയുന്നത് ദുരുദ്ദേശ്യപരം


 

കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്ഥാപനങ്ങളാണ് സഹകരണ സ്ഥാപനങ്ങൾ. സംസ്ഥാനത്തെ സഹകരണ നിയമം രാജ്യത്തിനാകെ മാതൃകാപരമായ, പൂർണ ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്. ഓഹരിയുടമകളായ ജനങ്ങളാണ് അതിന്റെ അന്തിമവാക്ക്. അവരുടെ വിവിധ നിലവാരത്തിലുള്ള പ്രതിനിധികളാണ് ഭരണകർത്താക്കൾ. എങ്കിലും ഉപനിയമങ്ങളിൽ എന്തുമാറ്റം വേണമെങ്കിലും ഓഹരിയുടമസ്ഥരുടെ പൊതുയോഗത്തിനാണ് അധികാരം. ഭരണസമിതിയുടെ ഉത്തരവിൻപ്രകാരം നടപടികൾ കൈക്കൊള്ളേണ്ടവരാണ് സെക്രട്ടറിമാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ. പഞ്ചായത്തീരാജ് നിയമത്തോളം ശക്തമായ ജനാധിപത്യ സ്വഭാവമുള്ള നിയമമാണ് സഹകരണരംഗത്തിനുള്ളത്. പക്ഷെ കസ്തൂരിമാൻ മണത്തിന്റെ ഉറവിടം തിരയുന്നതുപോലെ തന്റെയധികാരങ്ങൾ എന്തെല്ലാമെന്നറിയാൻ ശ്രമിക്കാത്തവരും താൻ ഒരു സാമ്പത്തികസ്ഥാപനത്തിന്റെ ഭരണാധികാരിയാണെന്നുള്ള ധാരണയില്ലാത്തവരും ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സംഘം/ബാങ്ക് സെക്രട്ടറിമാരോട് സഹായം അഭ്യർത്ഥിച്ച് നടക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങളെ ഒരു കറവപ്പശുവായിക്കണ്ട് ധനാർത്തിയും രാഷ്ട്രീയസ്വാധീനവുമുള്ള ചില കള്ളനാണയങ്ങളും ഈ കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട് വരുന്നുണ്ടാവും. അത് പൊതു രാഷ്ട്രീയത്തിലെ മൂല്യച്യുതിയുടെയും ജീർണതയുടെയും ഫലമായിട്ടുണ്ടാവുന്നതാണ്. അത്തരക്കാരും സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും ഓഡിറ്റിനായി നിയോഗിക്കപ്പെടുന്ന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന ഒരു ദൂഷിതവലയം ഇന്ന് സഹകരണ ബാങ്കുകളെ കാർമേഘാവൃതമാക്കുന്നു.

ചെയർമാൻ/പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളായാലും ഉദ്യോഗസ്ഥരായാലും, തട്ടിപ്പും വെട്ടിപ്പും ധനാപഹരണവും നടത്തുന്നവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരികയും കാരിരുമ്പഴികളിൽ കുറയാത്ത ശിക്ഷ വിധിക്കുകയും ചെയ്യണമെന്നതിൽ രണ്ടുപക്ഷമില്ല. അത്തരക്കാരെ മാതൃകാപരമായി കഠിനശിക്ഷയ്ക്ക് വിധേയമാക്കണം. എന്നാൽ എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെ അത് സഹകരണസ്ഥാപനങ്ങളെ നശിപ്പിച്ചുകൊണ്ടാകരുത്. കേന്ദ്രസര്‍ക്കാരാണെങ്കിൽ ഭരണഘടനയെപ്പോലും അവഗണിച്ചുകൊണ്ട് സംസ്ഥാന പട്ടികയിൽ വരുന്ന സഹകരണ സംഘങ്ങളെ തങ്ങളുടെ പരിധിയിൽ കൊണ്ടുവരികയാണ്. മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് നിയമത്തിലൂടെ കേന്ദ്രപരിധിയിലാക്കിക്കഴിഞ്ഞു. കാരണങ്ങൾ എന്തുതന്നെ ആയാലും സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ വൻതോതിൽ പിൻവലിക്കുന്നതിനുപോലും നിക്ഷേപകർ തയ്യാറാകുന്നതിലേക്ക് ഈ മേഖലയിലെ വിശ്വാസത്തകർച്ച എത്തിനിൽക്കുന്നു. ഇതു വീണ്ടെടുക്കാൻ ഭരണസമിതിയംഗങ്ങളടങ്ങുന്ന പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ജനാധിപത്യ സംവിധാനത്തിൽ ബാധ്യതയുണ്ട്. ബാങ്ക് പ്രസിഡന്റോ സെക്രട്ടറിയോ പറയുന്നിടത്ത് ഒപ്പിടാൻ മാത്രമല്ല ഭരണസമിതിയംഗങ്ങൾ ശ്രദ്ധിക്കേണ്ടത്. പ്രായോഗികമായി എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും എടുക്കുന്ന തീരുമാനങ്ങൾ നിയമാനുസൃതമാണോ എന്നു ചിന്തിക്കാനും നടപ്പിലാക്കിയവ തീരുമാനപ്രകാരമാണോ എന്നു പരിശോധിക്കാനും കഴിയണം. ഒന്നും നോക്കാതെ മിനിട്ട്സ് ബുക്കുകളിൽ ഒപ്പിടുന്നവർ ജനങ്ങളുടെ വിശ്വാസമാണ് തകർക്കുന്നത്. ഭരണസമിതിയെ ഒന്നായിട്ടു മാത്രമേ ആർക്കും കാണാൻ കഴിയൂ. ”എമ്പ്രാനല്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും” എന്നു കുഞ്ചൻ നമ്പ്യാർ പരിഹസിച്ചതിന് ഇന്നും പ്രസക്തിയുണ്ട്. ഭരണസമിതി സംശുദ്ധമായാൽ ഏതുദ്യോഗസ്ഥനെയും വകുപ്പിനെയും പരമാവധി ശുദ്ധീകരിക്കാൻ കഴിയും.

Exit mobile version