മനുഷ്യന് അനുഭവിക്കാൻ കിട്ടുന്ന ഏറ്റവും വലിയ ആനന്ദം ശുദ്ധമായ ബോധത്തിന്റെതാണ്. മനം നിറഞ്ഞ സന്തോഷം. അതാണ് ജീവിതത്തിന്റെ സത്ത. പക്ഷെ ദുഷ്ടവികാരങ്ങളുടെ സാന്നിധ്യം നിറയെയുള്ള ജീവിതമെന്ന ദണ്ഡകാരണ്യത്തിലൂടെ മുന്നോട്ടു പോകുമ്പോൾ പലപ്പോഴും വിവിധ രാക്ഷസന്മാർ ഈ നിധി പലരിൽ നിന്നും തട്ടിയെടുക്കുന്നു. ആരുതന്നെ കാവൽ നിന്നാലും അല്പം ശ്രദ്ധക്കുറവു വരുന്ന നിമിഷത്തിൽ അന്നും രാക്ഷസന്മാർ വിജയിച്ചിട്ടുണ്ട്, ഇന്നും രാക്ഷസന്മാർ വിജയിക്കുന്നു. നിരവധി രാക്ഷസന്മാർ കാണാപ്പുറത്തുണ്ട്. അവർ എത്രയോ പേരിൽ അധമവികാരങ്ങൾ വളർത്തും. സുബോധത്തെ ഇല്ലാതാക്കും. അധികാരത്തിനും സമ്പത്തിനും നേടാൻ രാക്ഷസീയ മാർഗങ്ങൾ സ്വീകരിക്കും; അന്നും ഇന്നും. ജീവിതത്തെ ആക്രമിക്കുന്ന ഉള്ളിൽ നിന്നു വരുന്ന രാക്ഷസന്മാരെ തടയേണ്ടത് നമ്മുടെ ബോധമാണ്. അത് വളരെ ശ്രദ്ധയോടെ നമുക്ക് തന്നെ കാവലായി നിൽക്കണം. സത്യത്തിൽ മനുഷ്യജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഒരോ രാമ — രാവണയുദ്ധമാണ്.
ശ്രീരാമന്റെ ജീവിതത്തിൽ മുന്നിട്ടുനിന്നിരുന്ന വലിയ സവിശേഷതയാണ് ഏതു സംഘർഷഭരിതമായ സാഹചര്യങ്ങളിലും സമചിത്തതയോടെ പെരുമാറാനും ദുർഘട സന്ധികളിൽ അതിനെ അതിജീവിക്കാനുമുള്ള കഴിവുകൾ. സീതാപരിണയം കഴിഞ്ഞ് അയോധ്യയിലേക്ക് മടങ്ങുന്ന സമയത്ത് പരശുരാമനുമായി ഉണ്ടായ ഏറ്റുമുട്ടൽ സമയത്ത് ശ്രീരാമൻ ശാന്തതയോടെയും സമചിത്തതയോടെയും അതിനെ നേരിട്ടു. ദശരഥൻ അവിടെ പരിഭ്രാന്തിമൂലം ക്ഷമ യാചിക്കുന്നത് കാണാം. സമ്മർദങ്ങൾക്ക് അടിപ്പെടുന്ന സാഹചര്യങ്ങളിൽ സമനില കൈവരിക്കുക എന്നത് ജീവിതത്തിലെ പ്രധാന വെല്ലുവിളിയാണ്. മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോൾ ഓരോരുത്തരും പ്രതികരിക്കുന്നത് വ്യത്യസ്തമായ രീതികളാലാണ്. ചിലർ പ്രശ്നങ്ങൾക്കെതിരെ കണ്ണടയ്ക്കുകയോ അതിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയോ ചെയ്യും. ചിലർ പരിഭ്രാന്തരാകും, ദശരഥനെപ്പോലെ. ഉദ്യോഗസ്ഥ രാഷ്ട്രീയ മേഖലകളിൽ ഉള്ളവരിൽ പലർക്കും വളരെ പിരിമുറുക്കം അനുഭവപ്പെടുന്നതായി കാണാം. ശ്രീനാരായണൻ, കാൾ മാർക്സ് മഹാത്മാഗാന്ധി, നെൽസൺ മണ്ടേല, തുടങ്ങിയ അത്യുന്നതന്മാരുടെ സമചിത്തത അത്ഭുതപ്പെടുത്തും. പൂർവസൂരികളായ പല കമ്മ്യൂണിസ്റ്റ് നേതാക്കളും സ്ഥിതപ്രജ്ഞരായിരുന്നു.
മാനസികമായ പിരിമുറുക്കമുണ്ടാക്കുന്ന സാഹചര്യങ്ങളിൽ മാന്യമായി പെരുമാറുക എന്നത് വലിയ സവിശേഷതയാണ്. ശ്രീരാമന്റെ ജീവിതത്തിൽ പല ഘട്ടങ്ങളിലും മാന്യത പുലർത്തി. എത്ര വലിയ രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടായപ്പോഴും ഭരണാധിപനായ അച്യുതമേനോൻ പുലർത്തിയ സമചിത്തതയും മാന്യതയും അവിസ്മരണീയമാണ്. ഏതു പ്രതിസന്ധികളിലും അവർ മുന്നോട്ടു നടന്നു. ആഭ്യന്തര യുദ്ധത്തിലൂടെ വിഭജനത്തിന്റെ വക്കിലെത്തിയ സമയത്ത് അമേരിക്കയെ നയിച്ചത് എബ്രഹാം ലിങ്കൺ ആയിരുന്നു. പ്രതിസന്ധികളെ സമചിത്തതയോടെ നേരിടുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശസ്തമാണ്. കോൺഫെഡറേറ്റുകൾ ശക്തി പ്രാപിക്കുമ്പോൾ അക്ഷോഭ്യനാകാതെ, ശാന്തതയോടെ തന്റെ സഹപ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്നു. അവരുടെ പ്രവൃത്തികൾ ചെയ്യാൻ സ്വാതന്ത്ര്യം കൊടുത്തു. വ്യക്തമായ ഭാഷയിൽ പ്രതികരിച്ചു.
അഹംഭാവം ഇല്ലാത്തതിനാൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ആരെയും വ്യക്തിപരമായി അവഹേളിക്കുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്യാത്ത സ്വഭാവം ശ്രീരാമനും ഹനുമാനും വിഭീഷണനും ഉണ്ടായിരുന്നു. നെൽസൺ മണ്ടേലയും ഗാന്ധിയും ലിങ്കണും അതിന്റെ ഉദാത്ത പ്രതീകങ്ങളാണ്. സഹപ്രവർത്തകരെ ആത്മവിശ്വാസത്തോടെ ചുമതലകൾ ഏല്പിക്കുക എന്നത് ഉന്നതമായ കർത്തവ്യമാണ്. അധികാര വികേന്ദ്രീകരണം അക്ഷരാർത്ഥത്തിൽ നടപ്പാക്കുക എന്നതാണ് നേതൃത്വഗുണമുള്ള ഭരണാധിപൻ ചെയ്യേണ്ടത്. ശ്രീരാമൻ നിർണായകമായ പല ഉത്തരവാദിത്തങ്ങളും ഏല്പിച്ചത് ഹനുമാൻ, സുഗ്രീവൻ, ലക്ഷ്മണൻ, വിഭീഷണൻ തുടങ്ങിയവരെയാണ്. മറ്റുള്ളവരിൽ നിന്ന് അറിവു ലഭിക്കാനും മടി കാണിച്ചില്ല. ജാംബവാൻ, ജടായു, ജബാലി, ഗുഹൻ തുടങ്ങിയവരുടെയെല്ലാം ഉപദേശം തേടി.
തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ കേൾക്കാൻ ചെവികൊടുക്കുക എന്നത് ഒരു ഉയർന്ന നേതാവിനെ സാധിക്കൂ. സ്വയം നേതാവെന്ന് വിളിക്കുന്നവർക്കും മറ്റുള്ളവരെക്കൊണ്ട് നേതാവ് എന്ന് വിളിപ്പിക്കുന്നവർക്കും അത് സാധ്യമല്ല. ബാലിയുടെ വിമർശനം, സീതയുടെ ചോദ്യം ചെയ്യൽ, ഇവയിലൂടെയെല്ലാം അപഹസിക്കപ്പെടുമ്പോഴും ശ്രീരാമൻ കൃത്യമായി അതെല്ലാം കേട്ടു. ബാലി തന്നോട് ചെയ്ത വഞ്ചന അക്കമിട്ട് നിരത്തി. രാമായണത്തിൽ ശ്രീരാമൻ ഈ സന്ദർഭത്തിൽ ചെറുതായി പോകുന്ന കാഴ്ച മഹാകവി കാണിച്ചുതരുന്നു. സീതയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരമില്ലാതെ തല കുനിക്കുന്ന രാജാവിനെയും കാണാം.
വിശ്വസ്തതയുടെ, പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണ് ലക്ഷ്മണനും ഭരതനും. ശ്രീരാമന്റെ നിഴലാണ് ലക്ഷ്മണൻ. സാഹോദര്യത്തിന്റെ പ്രതിഷ്ഠാപനം ആണ് രാമായണം. വിശ്വസ്തനും കർത്തവ്യനിരതനും പ്രതിബദ്ധതയുള്ളവനുമാണ് ലക്ഷ്മണൻ. അതേസമയം ക്ഷിപ്രകോപിയുമാണ് അദ്ദേഹം. ഒരുപാടു സവിശേഷതകൾ അദ്ദേഹത്തിൽ കാണാം. മറ്റുള്ളവരുടെ നന്മക്കു വേണ്ടി ത്യാഗം ചെയ്യാനുള്ള സന്നദ്ധത നിരന്തരം പ്രകടിപ്പിച്ച വ്യക്തി.
ഭരതൻ ത്യാഗത്തിന്റെ, നിസ്വാർത്ഥതയുടെ പ്രതീകമാണ്. ജ്യേഷ്ഠന്റെ പാദുകം സിംഹാസനത്തിൽ വച്ച് രാജ്യം ഭരിച്ച ആൾ. ശ്രീരാമൻ കാട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ പറയുന്നുണ്ട് ഭരതന്റെ ഭരണത്തിൻ കീഴിൽ രാജ്യം അഭിവൃദ്ധിപ്പെട്ടതിനെക്കുറിച്ച്. അന്യായവും അനീതിയും കാട്ടിയ സ്വന്തം അമ്മയെ അതികഠിനമായി ഭർത്സിക്കുന്ന ഭരതനെക്കാണാം. സ്വാർത്ഥയായ അമ്മയെ അവജ്ഞയോടെ തള്ളുന്ന ഭരതനെ കാണാം. കൗസല്യയോട് ആത്മാർത്ഥമായി ക്ഷമായാചനം നടത്തുന്ന ഭരതനെയും. ഭരതൻ രാമായണത്തിലെ സർവഗുണസമ്പന്നനായ അതുല്യനായ നേതാവാണ്. അദ്ദേഹത്തിൽ എല്ലാ നേതൃഗുണങ്ങളും സമന്വയിച്ചു. മഹത്തായ ത്യാഗത്തിന്റെ പ്രതീകമാണ് ഭരതൻ.
ഏതൊരു ഭരണാധികാരിക്കും മുതൽക്കൂട്ടാകുന്ന വിധം ഉയർന്ന കാര്യപ്രാപ്തി, മികച്ച ധിഷണാ ശക്തി, നേതാവിനോടുള്ള കൂറും പ്രതിബദ്ധതയും, നയകോവിദത്വം എന്നീ സ്വഭാവ ഗുണങ്ങൾ താരയെ ശ്രദ്ധേയയാക്കുന്നു. ബാലി, സുഗ്രീവൻ എന്നീ ബദ്ധവൈരികളായ രണ്ടു പേരെ ഒരേ പ്രതിബദ്ധതയോടെ സേവിക്കാൻ താരയ്ക്ക് കഴിഞ്ഞു എന്നത് ഒരു സവിശേഷതയാണ്. ബാലിയുടെ മരണത്തിൽ താര തന്റെ തീവ്രമായ ദുഃഖം പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഭരണാധികാരിയെ സഹായിക്കുന്നതിനും സ്വയം സമർപ്പിക്കുന്നതിനുമുള്ള താരയുടെ കഴിവ് പ്രകടമാകുന്നു.
അപാരമായ നേതൃപാടവവും ആജ്ഞാശക്തിയും സമ്മേളിച്ച ലങ്കാധിപനെ അവതരിപ്പിക്കുന്നത് തന്നെ മനോഹരം. അത്ഭുതപ്പെടുന്നു, രാമൻ രാവണനെക്കണ്ട്. രാവണന്റെ പ്രവൃത്തികൾ നാശം വിതയ്ക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ അസാമാന്യ നേതൃപാടവം വാല്മീകി വിവരിക്കുന്നു. സീത മാത്രമല്ല, ഊർമ്മിള, മാണ്ഡവി, ശ്രുതകീർത്തി, ബാലി — സുഗ്രീവ പത്നിമാർ, മണ്ഡോദരി, രാവണ പുത്രഭാര്യമാർ ഇവരുടെയൊക്കെ ത്യാഗത്തെ എങ്ങനെ വിവരിക്കും? അവരെല്ലാം എത്ര അഗാധമായ ദുഃഖം അനുഭവിച്ചു.
ഇന്ന് അധികാരം പിടിച്ചടക്കാൻ, അത് നിലനിർത്താൻ ശ്രീരാമനെ ഉപയോഗിക്കുന്നു. രാമായണത്തിന്റെ അന്തഃസത്ത അതിനെ വികൃതമാക്കുന്നവർ ചോർത്തിക്കളഞ്ഞു, ബ്രാഹ്മണ്യത്തിന്റെ നിലനില്പിനു വേണ്ടി. രാമായണത്തിലും ബ്രാഹ്മണ്യം രാമനെ കൊണ്ട് ശംബുകനെ വധിക്കുന്നുണ്ടല്ലോ. കർക്കടക മാസത്തിൽ രാമായണം ആചാരമായി വായിച്ചതുകൊണ്ട് കാര്യമില്ല. അതിൽ നിന്ന് ത്യാഗവും സാഹോദര്യവും ക്ഷമയും സഹിഷ്ണുതയും എന്താണെന്ന് മനസിലാക്കണം. മനുഷ്യരെല്ലാം ഒരുപോലെയാണ് എന്ന് ഉൾക്കൊള്ളണം. ചാതുർവർണ്യം നീചമായ വ്യവസ്ഥയാണ്. മനുഷ്യസമത്വമാണ് ഏറ്റവും പ്രമുഖമെന്നും.

