Site iconSite icon Janayugom Online

എന്തിനാണ് ഈ വേണ്ടി!

മലയാളഭാഷ സമ്പന്നമാകുന്നത് ഭാഷയില്‍ പുതിയ വാക്കുകളും പ്രയോഗങ്ങളും കൂട്ടിച്ചേര്‍ക്കപ്പെടുമ്പോഴാണ്. എല്ലാ ഭാഷകളിലും എന്തിന് ശാസ്ത്രഭാഷയില്‍പ്പോലും ഇതു ബാധകം. സ്റ്റിറോയിഡ് ന്യൂക്ലിയസ് എന്ന ശാസ്ത്രസംജ്ഞയ്ക്ക് ‘സൈക്ലോപെന്റനാ പെര്‍ഹൈഡ്രോഫിനാന്തറീന്‍ ന്യൂക്ലിയസ്’ എന്ന മറുപേരുകൂടി ഉണ്ടായപ്പോള്‍ ആ ശാസ്ത്രഭാഷ കൂടുതല്‍ സമ്പന്നമാകുകയാണ് ചെയ്തത്. മലയാളത്തിന്റെ കാര്യമാണ് മഹാകഷ്ടം! മലയാളത്തിലെ എത്രയേറെ വാക്കുകളാണ് പ്രചാരത്തില്‍ നിന്ന് അപ്രത്യക്ഷമായത്; പ്രത്യേകിച്ച് തിരുവിതാംകൂറില്‍. ചുരയ്ക്കയെ കൊമ്മണ്ടിക്ക എന്നാണ് തിരുവിതാംകൂറുകാര്‍ വിളിക്കാറ്. ‘ആകാശം ഇടിഞ്ഞു വീണാല്‍ കൊമ്മണ്ടിക്കയെടുത്ത് തടുക്കും’ എന്ന് പറയാറുണ്ടായിരുന്നു. എന്തിനെയും നേരിടാനുള്ള ആത്മധൈര്യമാണ് ആ പ്രയോഗത്തില്‍ തുടികൊട്ടിനില്‍ക്കുന്നത്. ആരെങ്കിലും ഒരു സഹായ വാഗ്ദാനം നല്കിയാല്‍ ‘തന്റെ ഒരു കൊമ്മണ്ടിക്കായും വേണ്ട’ എന്ന ധീരതയോടെ നിരസിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പച്ചത്തെങ്ങോലയെടുത്ത് കുട്ടയുടെ ആകൃതിയില്‍ ഉണ്ടാക്കുന്നതാണ് തിരുവിതാംകൂറുകാരുടെ വല്ലം. മുപ്പത് വയസിനിപ്പുറമുള്ളവരോട് വല്ലമെന്താണെന്ന് ചോദിച്ചാല്‍ കണ്ണുമിഴിച്ചു നില്‍ക്കുകയാണ് മറുപടി. കുട്ട എന്ന വാക്ക് തിരുവിതാംകൂറുകാ‍ര്‍ക്ക് എന്നേ അന്യമായി. പണ്ട് അശ്ലീലപദമായിരുന്ന കൊട്ടയുടെ അധിനിവേശത്തില്‍ നമുക്ക് കുട്ടയും നഷ്ടമായി. പകരം കിട്ടിയത് കൊട്ട. ജട്ടി എന്ന് ഇന്നാരെങ്കിലും പറയുമോ. പകരം വന്നത് ഷഡ്ഡി എന്ന സ്റ്റൈലന്‍ പേര്. കൊച്ചിക്കാര്‍ നമുക്ക് സമ്മാനിച്ചതാണ് ഷഡ്ഡി! പെണ്ണുങ്ങള്‍ മാറിടം മറയ്ക്കാന്‍ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം നമ്മെ ആവേശം കൊള്ളിക്കുന്നു. അങ്ങനെ സമരവിജയത്തിന്റെ ചിഹ്നമായി കിട്ടിയതാണ് മാറുമറയ്ക്കാനുള്ള റൗക്ക. ആ റൗക്ക ഇന്നെവിടെയാണ്! മുതുമുത്തശിമാര്‍പോലും ഇന്ന് അഭിമാനപൂര്‍വം അണിയുന്നത് പീറ്റര്‍പാന്‍, ഏഞ്ചല്‍ഫോം, വിഐപി എന്നിങ്ങനെയുള്ള വിദേശ ബ്രാകള്‍. ഭാഷയിലും വസ്ത്രത്തിലുമായി എന്തെല്ലാം നഷ്ടസ്മൃതികള്‍.

ന്നാല്‍ ഭാഷയിലെ കണ്ണൂര്‍ അധിനിവേശം തിരുവിതാംകൂറുകാര്‍ക്ക് സഹിക്കാവതല്ല! ആര്‍ക്കും വേണ്ടാത്ത ‘വേണ്ടി’ എന്ന പദത്തില്‍ ആകെ വശംകെടുകയാണ് ഞങ്ങള്‍ തിരുവിതാംകൂറുകാര്‍. കെ സുധാകരന്‍ പറയും; ‘ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയെടുക്കാന്‍ വേണ്ടി തീരുമാനിച്ചു കഴിഞ്ഞു.’ നടപടിയെടുക്കാന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്ന് പറഞ്ഞാല്‍ പോരെ. മുഖ്യമന്ത്രി പറയും ഇടതുമുന്നണി സര്‍ക്കാരിനെ കരിവാരിതേയ്ക്കാന്‍ വേണ്ടി പ്രതിപക്ഷം ഊണിലും ഉറക്കത്തിലും ഗൂഢാലോചന നടത്തുന്നു. ഇവിടെ കരിവാരിത്തേയ്ക്കാന്‍ എന്നു മാത്രം പോരായിരുന്നോ, എന്തിന് വേണ്ടി എന്ന അധികപ്പറ്റ്, മറ്റൊരു കണ്ണൂര്‍കാരന്‍ ഫറൂഖ്‍ പറയുന്നു ഒരു പെണ്ണുകെട്ടാന്‍ വേണ്ടി എത്രകാലമാണ് കാത്തിരുന്നത്. വേണ്ടി എന്ന വാക്കില്ലെങ്കില്‍ പെണ്ണു കിട്ടില്ലെന്നുണ്ടോ! ഭാഷയിലെ അധിനിവേശത്തിന്റെ വേണ്ടാത്ത ഓരോ തൊന്തരവുകളേ!

ലിത്വാനിയയിലും പോളണ്ടിലും ബുര്‍ക്കിനോഫാസയിലും ഇറച്ചിവെട്ടുകാര്‍ക്ക് ഇത്ര ക്ഷാമമോ. എട്ടു മണിക്കൂര്‍ നേരം ഇറച്ചി വെട്ടിയാല്‍ പ്രതിമാസ ശമ്പളം മൂന്നു ലക്ഷം രൂപ. ഓവര്‍ടൈം മണിക്കൂറിന് മൂവായിരം രൂപ. ഇതെല്ലാം സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങളാണ്. പരസ്യത്തിനു പിന്നാലെ പായുന്നവര്‍ പതിനായിരങ്ങള്‍ സര്‍വീസ് ചാര്‍ജ് നല്കി അവിടങ്ങളിലേക്ക് ചെല്ലുമ്പോള്‍ ഏത് ഇറച്ചിവെട്ട്, എന്തു ഗോഡൗണ്‍ കാവല്‍ എന്ന് അധികൃതര്‍ കൈമലര്‍ത്തും. അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ജപ്പാനിലും ഇപ്രകാരം കബളിപ്പിക്കപ്പെട്ട് എത്തുന്ന ഇന്ത്യാക്കാര്‍ ലക്ഷക്കണക്കിന്. ഓസ്ട്രേലിയയില്‍ മാത്രം പെട്ടുപോയ ഇന്ത്യാക്കാര്‍ അഞ്ചര ലക്ഷത്തോളമെന്നാണ് കണക്ക്. യുഎസില്‍ ഇപ്രകാരം കബളിപ്പിക്കപ്പെട്ട് എത്തിയവര്‍ നാലു വര്‍ഷം മുമ്പ് 19,883 പേര്‍. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ ഒരൊറ്റ വര്‍ഷത്തിനുള്ളില്‍ 96,197 പേര്‍. ഈ തൊഴില്‍രഹിത ലക്ഷങ്ങളില്‍ നിന്നും എത്ര സഹസ്രകോടികളാണ് മനുഷ്യക്കടത്തുകാര്‍ കൊള്ളയടിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ കബളിപ്പിക്കപ്പെട്ടവരാണ് ഇവരില്‍ ബഹുഭൂരിപക്ഷവും. അധികൃതര്‍ ഇനിയും കണ്ണടച്ചിരുന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കടത്തും ചതിയുമായിരിക്കും അനാവരണം ചെയ്യപ്പെടുക.

നിതാ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കയ്യിട്ടതിനും ആ പെണ്‍കൊടി കൈതട്ടിമാറ്റിയതിനും കേസില്‍ കുടുങ്ങിയ സംഘി പൊന്നോമന സുരേഷ് ഗോപിയാണ് ശ്രദ്ധ തിരിച്ചുവിടുന്നതില്‍ ഇപ്പോള്‍ മിന്നും താരം. ഇതുപോലെ ഒരു വെട്ടിലകപ്പെട്ടപ്പോള്‍ ശ്രദ്ധ തിരിച്ചുവിടാന്‍ മഹാതാരം പറഞ്ഞത് തനിക്ക് അടുത്ത ജന്മം ബ്രാഹ്മണനായി ജനിക്കണമെന്നാണ്. എന്നിട്ടു വേണം പൂണൂലും രുദ്രാക്ഷവുമണിഞ്ഞ് ശബരിമലയില്‍ ശ്രീലകത്തുകയറി ശബരീശനെ ഒന്നു തൊട്ടുവണങ്ങാന്‍. അപ്പോള്‍ ശബരിമലയില്‍ പോലും അയിത്തമുണ്ടെന്ന് സുരേഷ് ഗോപി സമ്മതിച്ചിരിക്കുന്നു. വനിതാ മാധ്യമ പ്രവര്‍ത്തകയെ ചൊറിഞ്ഞതിനു പിന്നാലെ ജനരോഷത്തില്‍ നിന്നു രക്ഷപ്പെടാന്‍‍ ശ്രദ്ധ തിരിച്ചുവിടലിന്റെ പുതിയ നമ്പരുകള്‍ ഇറക്കുന്നു. അടുത്ത ജന്മം തനിക്ക് പെണ്ണായിപ്പിറക്കാനാണത്രേ മോഹമെന്ന് സുരേഷ് ഗോപി. ആഭരണങ്ങളുടെ ഒരു വന്‍കലവറ തന്നെ തനിക്കുണ്ടെന്ന് മേല്പടിയാന്‍ പറയുന്നു. ചുരിദാറൊക്കെയണിഞ്ഞ് ആഭരണങ്ങളെല്ലാം ചാര്‍ത്തി, സ്വര്‍ണ പാദസരങ്ങളുമായി ഒന്നു വിലസണം. അടുത്ത ജന്മത്തില്‍ സുരേഷ് ഗോപിണിയെന്ന തടിമാടിപ്പെണ്ണ് മന്ദം മന്ദം തലസ്ഥാനത്ത് ശാസ്തമംഗലം വഴി അന്നനടയോടെ നീങ്ങുന്നത് ഒന്നോര്‍ത്തു നോക്കൂ! രാത്രിയില്‍ ‘മൃഗരാജകടി, ഉഡുരാജമുഖി, മൃഗരാജകടി ഗജരാജവിരാജിത മന്ദഗതി‘യായാണ് സഞ്ചാരമെങ്കില്‍ ജനത്തിന് പേടിച്ചരണ്ട് ബോധം കെട്ടു വീണുമരിക്കാന്‍ ഭാഗ്യമുണ്ടാകും! ഇതൊക്കെയാണെങ്കിലും മറ്റൊരു ശ്രദ്ധതിരിക്കല്‍ നാടകം ബഹുജോറായി. തൃശൂരിലെ ഒരു സിനിമാതിയേറ്ററില്‍ ഗോപിക്കുട്ടന്‍ എത്തുന്നു. ഇവന്റ് മാനേജ്മെന്റ്കാരെക്കൊണ്ടു തയാറാക്കി നിര്‍ത്തിയിരുന്ന കുറേ സുന്ദരിമാരും കുട്ടികളും താരത്തെ കെട്ടിപ്പിടിക്കുന്നു, കവിളില്‍ ചുംബിക്കുന്നു, ചുണ്ടില്‍ നുളളുന്നു, കൊച്ചു കള്ളാ എന്ന് ഓമനത്തത്തോടെ മൊഴിയുന്നു. ആനന്ദലബ്ധിക്കിനിയെന്തു വേണം. തോളില്‍പ്പിടിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ തന്നെ കെട്ടിപ്പിടിക്കാന്‍ ആയിരങ്ങളുണ്ടെന്ന പ്രഖ്യാപനം!

മ്മുടെ നാട് ഞരമ്പന്മാരുടെയും ഞരമ്പത്തികളുടെയും ലോക തലസ്ഥാനമാകുന്നുവോ. ആലുവയില്‍ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന അസ്‌ഫാക് ആലത്തിന്റെ ശിക്ഷ വ്യാഴാഴ്ച വിധിക്കാനിരിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന് 27 വര്‍ഷം, 75 വയസുകാരനെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തശേഷം 35 ലക്ഷം തട്ടിയ ഭാര്യാഭര്‍ത്താക്കന്മാര്‍ അറസ്റ്റില്‍. ഭര്‍ത്താവുമായി പിണങ്ങിയിറങ്ങിയ 38 കാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനം നടത്തിയശേഷം അവരുടെ ആഭരണങ്ങള്‍ കവര്‍ന്ന രണ്ടു യുവതികള്‍ പിടിയില്‍. കുതിരയെ ബലാ‍ത്സംഗം ചെയ്ത മൂന്നുപേര്‍ പിടിയില്‍. രണ്ടു പേര്‍ ഒളിവില്‍. തിരുവനന്തപുരം ആലംകോട് പെണ്ണാടിനെ ബലാത്സംഗം ചെയ്തുകൊന്ന യുവാവ് അറസ്റ്റില്‍. ചാനലുകളിലായാലും പത്രങ്ങളിലായാലും പത്തു ശതമാനത്തിലേറെയും ഇത്തരം കെട്ടുനാറിയ വാര്‍ത്തകള്‍. നാം മൃഗത്വത്തിലേക്ക് തിരിഞ്ഞു നടക്കുകയാണോ.…

Exit mobile version