കേരളത്തിലെ ജനാധിപത്യ പ്രക്രിയയെയും നവോത്ഥാന മൂല്യങ്ങളെയും മതനിരപേക്ഷ രാഷ്ട്രീയത്തെയും നിലനിർത്തിയത് ഒറ്റയാന്മാരായ വിപ്ലവകാരികളല്ല, ഇടതുപക്ഷ പ്രസ്ഥാനവും അവരുടെ പ്രത്യയശാസ്ത്രവുമാണ്. കേരളത്തിലെ ഇടതുപക്ഷത്തിന് തകർച്ചയുണ്ടായാൽ അത് പൊതുമണ്ഡലത്തിന്റെ തകർച്ചയാണെന്നും, അധികാരദാഹികളായ ജാതിമത സംഘടനകളും മറ്റു സമ്മർദ ഗ്രൂപ്പുകളും സംഘ്പരിവാറിന്റെ ചിറകിനടിയിൽ ഒത്തുചേരുമെന്നും, അതുമൂലം ജനാധിപത്യത്തിന് സംഭവിക്കുന്ന തകർച്ച സമൂഹത്തെ ശിഥിലീകരിച്ച് ഫാസിസത്തിന് വളക്കൂറുള്ള മണ്ണൊരുക്കുമെന്നും സാമാന്യബോധമുള്ള ഏവർക്കും അറിയാവുന്ന യാഥാർത്ഥ്യമാണ്.
ഡൊണാൾഡ് ട്രംപ് പ്രസിഡന്റായപ്പോൾ ഫ്രഞ്ച് തത്വചിന്തകനായ അലൻ ബാദ്യോ പറഞ്ഞത് ‘ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളിൽ പുതിയ ഫാസിസം രൂപപ്പെടുന്നുവെന്നത് ചരിത്രത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്’ എന്നാണ്. പുലിറ്റ്സര്‍ ജേതാവായ പ്രൊഫ. ഡേവിഡ് ബ്ലൈറ്റ് ഉള്‍പ്പെടെ നൂറോളം ചരിത്രകാരന്മാർ ട്രംപിനെതിരെ നിശിതമായ വിമർശനം നടത്തുന്നു. ജനാധിപത്യ ഫാസിസം രൂപപ്പെടുന്നതിന്റെ പ്രവണതയെ സൂചിപ്പിക്കാൻ ഹംഗറിയിലെ വിക്ടർ ഓർബാൻ, തുർക്കിയിലെ എർദോഗാൻ, മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി ബെർലുസ് കോനി, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരെ അലൻ ബാദ്യോ ചൂണ്ടിക്കാണിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും ‘ജനാധിപത്യ ഫാസിസ’ത്തിന്റെ വഴിയെ സഞ്ചരിക്കുന്നു.
കാമറൂണിയൻ ചരിത്രകാരനും രാഷ്ട്രമീമാംസാ സൈദ്ധാന്തികനുമായ അഷീൽ മെംബെ പറയുന്ന മൃത്യുരാഷ്ട്രീയവുമായി ജനാധിപത്യ ഫാസിസം എന്ന നിലപാടിനെ ബന്ധപ്പെടുത്തി കാണേണ്ടതുണ്ട്. തങ്ങളുടെ മൃത്യുരാഷ്ട്രീയത്തിനുള്ള മറയായി ജനാധിപത്യത്തെ ഫാസിസ്റ്റുകളും സ്വേച്ഛാധിപതികളും ഉപയോഗിക്കുന്നുവെന്നത് സമകാല രാഷ്ട്രീയത്തിൽ പ്രകടമായ ഒരു വൈരുദ്ധ്യമാണ്. ജനാധിപത്യത്തിലെ ഏറ്റവും വലിയ അപകടം അത് ഏകാധിപതികൾക്കോ സമഗ്രാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയ പാർട്ടികൾക്കോ, ജനകീയ ഭൂരിപക്ഷത്തെ ഒപ്പം നിർത്താൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുന്നു എന്നതാണ്. ഫാസിസവും മൂലധന സമഗ്രാധിപത്യവും മനുഷ്യരെ അവരുടെ നിലനില്പിന്റെ ശക്തികൾക്കെതിരെ തിരിച്ചുവിടുന്ന രാഷ്ട്രീയ മനോരോഗത്തിന്റെ പേരാണ്.
ഈ രോഗം സാധാരണക്കാരെ അവർ ആർജിച്ച ജനാധിപത്യ സംസ്കാരത്തിനെതിരെ തിരിച്ചുവിടുന്നു. ഈ മനുഷ്യവിരുദ്ധ ആശയത്തെ തടഞ്ഞുനിർത്താൻ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിനേ കഴിയൂ. ഇടതുപക്ഷ നയങ്ങൾ സ്വാധീനമുണ്ടാക്കുക മൂലധന സമഗ്രാധിപത്യ നയങ്ങളുടെ കെടുതികൾ അനുഭവിക്കേണ്ടി വരുന്ന തൊഴിലാളികളിലും കൃഷിക്കാരിലുമാണ്. എവിടെയൊക്കെ നഗരങ്ങളിലെ മധ്യവർഗം മൂലധന സമഗ്രാധിപത്യത്തിന്റെ വിപരീത ഫലങ്ങളാൽ പീഡിപ്പിക്കപ്പെടുന്നുവോ അവിടങ്ങളിലൊക്കെ അവർ കർഷകരോടും തൊഴിലാളികളോടുമൊപ്പം അണിനിരക്കുകയും ഇടതുപക്ഷ മുന്നേറ്റങ്ങൾക്ക് കൂടുതൽ ഇന്ധനം പകർന്നുനൽകുകയും ചെയ്യുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ട് 78 വർഷം പിന്നിട്ടിട്ടും ജനാധിപത്യ വ്യവസ്ഥ തുടരുന്നത് അതിന്റെ ലിബറൽ ചട്ടക്കൂടിന്റെ ബലം കൊണ്ടല്ല, മറിച്ച് ദരിദ്രരും ഗ്രാമീണരുമായ ഇന്ത്യൻ ജനത വിവിധതരം സ്വാതന്ത്ര്യങ്ങൾക്കു വേണ്ടി നടത്തിയ നൂറുകണക്കിന് സമരങ്ങളിലൂടെ ശക്തിയാർജിക്കുകയും പരിണമിക്കുകയും ചെയ്ത അതിന്റെ ഉള്ളടക്കത്തിന്റെ ശക്തി മൂലമാണ്. ആ ശക്തിയാണ് വരേണ്യ രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത്. അത് കീഴാള ശക്തിയാണ്. സംഘ്പരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയം അടിത്തട്ടിൽ നിന്ന് ജനങ്ങളെ പകയുടെയും വിദ്വേഷത്തിന്റെയും തമോഗർത്തത്തിലേക്ക് ആകർഷിക്കുന്നു.
ഈ സാമൂഹ്യരാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തിന് വലിയ പ്രസക്തിയുണ്ട്. ഭരിക്കുന്നവനും നിയന്ത്രിക്കുന്നവനും വേണ്ടി പ്രയോഗിക്കുന്നത് മാത്രമല്ല അധികാരം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇടതുപക്ഷത്തിനേ സാധിക്കൂ. ഭരിക്കപ്പെടുന്നവർ എക്കാലവും ഭരിക്കുന്നവരുടെ അധികാരത്തെ ചെറുക്കുന്നതിനായി പ്രയോഗിച്ചു വരുന്ന ബലം അധികാരമാണ്. ദുരധികാരത്തിനെതിരെ ചെറുത്തുനില്പിന്റെ രൂപത്തിൽ ഭരിക്കപ്പെടുന്നവരുടെ അധികാരം ഉയരണം. അത് ഉയർത്തിക്കൊണ്ടുവരുന്നത് ഇടതുപക്ഷമാണ്. മനുഷ്യൻ എന്ന ഏറ്റവും സുന്ദരമായ പ്രതിഭാസത്തെ ചേർത്തുപിടിക്കുകയാണ് ഇടതുപക്ഷ പ്രത്യയശാസ്ത്രം എന്നും ചെയ്തിട്ടുള്ളത്. പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പുരോഗതിയുടെയും പിൻവാങ്ങലിന്റെയും ഒരു നീണ്ട ആഖ്യാനം കേരളത്തിന്റെ വികസനാനുഭവങ്ങൾ നമുക്ക് കാട്ടിത്തരുന്നുണ്ട്. ഒന്നിച്ചണിനിരക്കാനും സാമൂഹ്യതിന്മകൾക്കെതിരെ പോരാടാനും നവോത്ഥാന നായകർ ഉദ്ബോധിപ്പിച്ചു. അവരുടെ ഇടപെടലുകൾ സാമൂഹ്യമായ സ്വത്വബോധങ്ങളെ ശക്തമായി ഉറപ്പിക്കുന്നതിൽ എത്തിച്ചേരുകയും ജനങ്ങളെ തങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചിരുന്ന ശക്തികളോട് പോരാടാൻ പ്രാപ്തരാക്കുകയും ചെയ്തു.
പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ പ്രത്യയശാസ്ത്രവും ജനങ്ങളെ അവരുടെ സാമൂഹ്യ സാമ്പത്തിക അവകാശങ്ങളിൽ ബോധമുള്ളവരാക്കുകയും വീക്ഷണങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. പോരാട്ടത്തിന്റെ ഈ രണ്ട് ധാരകൾ ഒരു പുതിയ മൂല്യവ്യവസ്ഥയെ ഉല്പാദിപ്പിച്ചു. ഈ മൂല്യവ്യവസ്ഥ വ്യക്തിമൂല്യത്തെ ഉറപ്പിക്കുകയും സാമ്പത്തിക ആവശ്യങ്ങളെയും അഭിലാഷങ്ങളെയും സംബന്ധിച്ച പുതിയ പരികല്പനകളെ വികസിപ്പിക്കുകയും ചെയ്തു വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും മേഖലകളിലുണ്ടായ നേട്ടങ്ങളുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും പേരില്‍ കേരളം 1957 മുതൽ പ്രകീർത്തിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കൊടിക്കീഴിൽ അടിച്ചമർത്തപ്പെട്ട വർഗങ്ങൾ സംഘടിച്ചതും ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അധികാരാരോഹണവും ജനോന്മുഖമായ ഒരു ഭരണനിർവഹണ സമ്പ്രദായത്തിന്റെ ഘടനയെ സജ്ജമാക്കി. ഇടതുപക്ഷ സർക്കാരുകൾ കൊണ്ടുവന്ന സാമൂഹിക സാമ്പത്തിക നയങ്ങൾ ജനങ്ങളുടെ ജനാധിപത്യപരമായ ആവേശങ്ങളിൽ പ്രതിഫലിച്ചു.
ഇടതുപക്ഷ മുന്നണി വികസനത്തെ പ്രവർത്തനത്തിന്റെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവന്നു. ജനങ്ങൾക്കിടയിൽ വികസന താല്പര്യങ്ങൾ മുഖ്യവിഷയമായി വളർന്നു. സമൂഹത്തിന്റെ ഉൾക്കാഴ്ചകളും ആഗ്രഹങ്ങളും ആവശ്യങ്ങളും ഇടതുപക്ഷ നയങ്ങളിൽ പ്രതിഫലിപ്പിച്ചു. സമൂഹചിന്തയിൽ സങ്കുചിതത്വത്തിലേക്കുള്ള മാറ്റത്തെ ചെറുക്കാനും പ്രത്യയശാസ്ത്രപരമായി സ്വയം പ്രതിബദ്ധമായ പ്രസ്ഥാനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. മതജാതി മൗലികവാദ ശക്തികൾ ആധിപത്യം പുലർത്തുന്ന സമൂഹം ഇന്ത്യയെമ്പാടും ഉണ്ടാകാൻ സംഘ്പരിവാർ നിരന്തരം ശ്രമിക്കുമ്പോൾ അതിനെതിരെ മതേതര വീക്ഷണവും സാഹോദര്യവും വളർത്തി, അപകടകരമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ചെറുക്കുന്നത് ഇടതുപക്ഷമാണ്. കഴിഞ്ഞ ഒരു ദശകമായി അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സർക്കാർ സർവതലസ്പർശിയായ വികസനം നടപ്പിലാക്കി. മാനവികതയെ ചേർത്തുപിടിച്ച് സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സുഗന്ധം പടർത്തി മനുഷ്യന്റെ ആത്മാഭിമാനത്തെ ഉയർത്തി ഇടതുപക്ഷ സർക്കാർ കഴിഞ്ഞ ഒരു ദശകമായി മുന്നോട്ടു പോകുന്നു.
മറുഭാഗത്ത് അധികാരത്തിൽ നിന്ന് ജനം, ഒരു ദശകമായി തങ്ങളെ അകറ്റി നിർത്തിയതിന്റെ അസഹിഷ്ണുതയും വിദ്വേഷവും അസൂയയും പ്രകടിപ്പിക്കുന്ന യുഡിഎഫ് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന എല്ലാ മനുഷ്യോപകാര പ്രദമായ കാര്യങ്ങളെയും എതിർക്കുന്നു. അവര്‍ നുണകളുടെ പ്രവാഹം സൃഷ്ടിക്കുന്നു. വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾ പറയാതെ സത്യത്തോട് ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നു. 10 വർഷത്തിനിടെ കേരളത്തിൽ വർഗീയ കലാപങ്ങൾ നടന്നിട്ടില്ല. വർഗീയവാദികൾക്ക് ഈ മണ്ണിൽ സ്ഥാനമില്ല എന്ന് പ്രഖ്യാപിക്കുന്നു ഇടതുപക്ഷ പ്രത്യയശാസ്ത്രം. ഈ സർക്കാർ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് ശബ്ദമില്ലാത്തവരെയാണ്. അതിദാരിദ്ര്യ നിർമ്മാർജനത്തിലൂടെ പതിനായിരങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. ഇന്ത്യയിൽ ഒരു സർക്കാരും ഇത്തരം പദ്ധതി ആവിഷ്കരിച്ചിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം. ഇതൊന്നും അഭിനന്ദിക്കാനുള്ള മനസ് സങ്കുചിതത്വത്തിന്റെ മാളങ്ങളിൽ വസിക്കുന്ന യുഡിഎഫിനില്ല. ദരിദ്രരിൽ ദരിദ്രരായവരെ കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്ന എല്‍ഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ വന്നാൽ ജനാധിപത്യം ഉണ്ടാകില്ല എന്ന് യുഡിഎഫും ചില ‘സാംസ്കാരിക’ നായകരും പറയുന്നു.
എന്തൊരു യുക്തിരഹിത അഭിപ്രായമാണിത്. പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് കൈത്താങ്ങ് ആകുന്ന പ്രക്രിയയല്ലേ ജനാധിപത്യം. ആ പ്രക്രിയ അഭംഗുരം തുടരുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. ചൂരൽമലയിലും മുണ്ടക്കെെയിലും പ്രകൃതി സംഹാര താണ്ഡവമാടി. നൂറുകണക്കിനു മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടു. കേരളം വിറങ്ങലിച്ചു നിന്നു. കേന്ദ്രസര്‍ക്കാര്‍ അന്നും ഇന്നും കേരളത്തെ പാടെ അവഗണിക്കുന്നു. കാരണം ആര്‍എസ്എസ് പ്രത്യയശാസ്ത്രം പണ്ടു മുതലേ അവരുടെ പ്രഥമ രാഷ്ട്രീയ ശത്രുവായി കാണുന്നത് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെയാണ്. കോൺഗ്രസാണെങ്കിൽ ദുരന്തത്തിനിരയാവരെ സഹായിക്കാനെന്ന പേരിൽ സമാഹരിച്ച ഫണ്ട് വിനിയോഗിച്ചില്ല. മനുഷ്യരാശിയുടെ പിന്തുണയോടെ ഇച്ഛാശക്തിയുടെ പ്രതികമായി പ്രതിജ്ഞാബദ്ധതയോടെ ഇടതു സർക്കാർ മുന്നോട്ടു നീങ്ങി, പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ, ആശ്വസിപ്പിക്കാൻ, അവർക്ക് പുതിയ ജീവിതം നൽകാൻ. അതാണ് ഇടതുപക്ഷം. ആഗോള നിയോ ലിബറൽ രാഷ്ടീയത്തിനെതിരെയുള്ള ചുവടുവയ്പാണ് ഏത് ചെറിയ ക്ഷേമ ഇടപെടലുമെന്ന അടിസ്ഥാന രാഷ്ട്രീയം പ്രധാനമാണ്. ലോകമെമ്പാടും ഏതുതരത്തിലുള്ള ക്ഷേമ ഇടപെടലുകളെയും നിരാകരിക്കുന്ന മൂലധന സമീപനം ശക്തിയായി നിലനിൽക്കുന്ന കാലത്തും ക്ഷേമപെൻഷൻ നൽകുന്നത് ശ്ലാഘനീയമാണ്.
ഏറ്റവും പുതിയ നിതി ആയോഗ് റിപ്പോർട്ട് ലൈഫ് മിഷനെ “ബഹുമുഖ സംയോജനവും സമൂഹാധിഷ്ഠിത മാതൃകയും” എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നായി അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. വയോധികർക്കും സ്ത്രീകൾക്കും യുവജനങ്ങള്‍ക്കും ക്ഷേമ പെൻഷൻ, സ്ത്രീ സുരക്ഷാ പദ്ധതി, കണക്‌ട് ടു വർക്ക് സ്കോളർഷിപ്പ് അങ്ങനെ മനുഷ്യോപകാരപ്രദമായ പദ്ധതികൾ ഇടതു സർക്കാർ നടപ്പിലാക്കി. അങ്കണവാടി വർക്കർ — ഹെൽപ്പർമാർ, ആശാവർക്കർ, സാക്ഷരതാ പ്രേരക്, പ്രീ പ്രൈമറി അധ്യാപകർ, ആയമാർ, സ്കൂൾ പാചകത്തൊഴിലാളികൾ ഇവർക്കൊക്കെ ഓണറേറിയം വർധിപ്പിച്ചു. സർവമേഖലകളിലുമുള്ള മനുഷ്യരെ ചേർത്തുപിടിച്ചു. വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും വലിയ മുന്നേറ്റങ്ങൾ നടത്തി. മനുഷ്യനാണ് ഏറ്റവും വലിയ പ്രതിഭാസം എന്ന് ഓരോ പ്രവൃത്തിയിലും അടിവരയിട്ട് പറഞ്ഞു. മനുഷ്യനെ ചേർത്തുനിർത്തി, ജീവിതത്തിന്റെ സർവമേഖലകളിലും വികസനം നടപ്പാക്കുകയെന്നത് ഇടതുപക്ഷ കടമയാണ്. അതാണ് യഥാർത്ഥ ജനാധിപത്യം. അതാണ് ‘ജനാധിപത്യ ഫാസിസ’ത്തിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കാനുള്ള മാർഗം. ഇടതുപക്ഷമായിരിക്കുക എന്നത് ഒരു കക്ഷി രാഷ്ട്രീയമല്ല, മനുഷ്യനായി അവശേഷിക്കാനുള്ള തീരുമാനം കൂടിയാണത്.

