സന്ധ്യ കഴിഞ്ഞാല്‍ കുളങ്ങളിലെ വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും വഴിപോക്കരെ പറ്റിക്കുന്ന വെള്ളത്തിലാശാന്മാരെക്കുറിച്ചുള്ള കെട്ടുകഥകള്‍ നിരവധിയാണ്. യഥാര്‍ത്ഥത്തില്‍ ഇരുട്ടത്ത് കുളത്തില്‍ നീരാടി രസിക്കുന്ന എരുമകളെയും പോത്തുകളെയുമാണ് കബളിപ്പിക്കപ്പെടുന്ന ജനം വെള്ളത്തിലാശാന്‍ എന്ന അത്ഭുത കഥാപാത്രമായി കണ്ടിരുന്നത്. തുടലുപൊട്ടിച്ച് പോകുന്ന പട്ടികള്‍ വഴിനീളെ ഓരിയിടുക പതിവുണ്ട്. വെള്ളത്തിലെ ശബ്ദവും ഓരിയിടലും കേട്ട് ചിലരൊക്കെ ഭയന്നുവിറച്ച് ഹൃദയസ്തംഭനമുണ്ടായി മരിച്ച കഥകളും പഴയ തലമുറകള്‍ക്ക് ഓര്‍മ്മയുണ്ട്. ചങ്ങലമാടനടിച്ചു മരിച്ചു എന്നാണ് ഇത്തരം മരണങ്ങളെ അന്ന് വിശേഷിപ്പിക്കാറ്. ഈ കഥാപാത്രങ്ങളെല്ലാം ചില അമ്മൂമ്മക്കഥകള്‍ മാത്രം. ഭാരതീയ സംസ്കാരത്തില്‍ എന്തെല്ലാം കളികളുണ്ട്. പാവക്കളി, കഥകളി, കോല്‍ക്കളി, ഞാണിന്മേല്‍ക്കളി, തിരുവാതിരക്കളി, നൂല്‍പിന്നിക്കളി എന്നിങ്ങനെ എത്രയോ കളികള്‍ നമുക്ക് മാത്രമായുണ്ട്. പോരാഞ്ഞ് മലയാളത്തിന്റെ സ്വന്തം മോഹിനിയാട്ടം, തമിഴകത്തിന്റെ ഭരതനാട്യം, തെലുങ്കരുടെ കുച്ചിപ്പുടി, വടക്കുകിഴക്കിന്റെ മണിപ്പൂരി അങ്ങനെയങ്ങനെ. പക്ഷേ നമ്മുടെ പ്രധാനമന്ത്രി മോഡി ഭാരതീയ കലാശ്രേണിയിലേക്ക് മറ്റൊരു കളി കൂടി സമ്മാനിച്ചിരിക്കുന്നു; ഉരുണ്ടുകളി.
ലേശം മാനസിക രോഗലക്ഷണമുള്ളതാണോ ഈ ഉരുണ്ടുകളിയാട്ടം എന്ന സംശയം ഈയിടെയായി ഉയര്‍ന്നുവന്നിട്ടുണ്ട്. മോഡി പണ്ട് ഗുജറാത്ത് ഭരിക്കുമ്പോള്‍ അവിടെയൊരു പലചരക്ക് കച്ചവടക്കാരനുണ്ടായിരുന്നു. പേര് ഗൗതം അഡാനി. കഷ്ടിച്ച് ഉരുണ്ടുപിരണ്ട് കഴിഞ്ഞുവന്നിരുന്ന ഗുജറാത്തി വണിക്. ഗുജറാത്തിലെ വംശീയഹത്യയുടെ കറുത്ത നാളുകളില്‍ സംസ്ഥാനത്തെ വ്യാപാരികളുടെ സംഘടനയാകെ മോഡിക്കെതിരെ തിരിഞ്ഞു. സൂത്രശാലിയായ അഡാനി ഒരു കരിങ്കാലി സംഘടനയുണ്ടാക്കി. മോഡിക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നെയങ്ങോട്ട് വച്ചടി വച്ചടി കയറ്റമായിരുന്നു. മോഡിയുടെ കാര്‍മ്മികത്വത്തില്‍ ഉണ്ടായ ഈ ധനപ്പെരുക്കത്തില്‍ പലചരക്ക് കച്ചവടക്കാരന്റെ ആസ്തി 2001ല്‍ 2,379 കോടിയായി. ഇപ്പോഴാകട്ടെ സ്വന്തമായി വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, കല്‍ക്കരി ഖനികള്‍, ദേശീയ ചാനലുകള്‍, നക്ഷത്ര ഹോട്ടലുകള്‍, കപ്പലുകള്‍, വിമാനത്താവളങ്ങള്‍, ചതുരശ്ര ഇഞ്ചിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മൂന്നര ഏക്കര്‍ നഗരഭൂമി, ഡല്‍ഹിയിലെ ഈ ഭൂമിയില്‍ 400 കോടിയുടെ കൊട്ടാരം. ലോകത്തെ മൂന്നാമത്തെ സമ്പന്നനായ അഡാനിയുടെ ഇപ്പോഴത്തെ ആസ്തി 11 ലക്ഷം കോടി. പ്രതിദിനം 1000 കോടിയാണ് ആ പഴയ പലചരക്ക് കച്ചവടക്കാരന്റെ വരുമാനം. എല്ലാം മോഡി ഭഗവാന്റെ വരദാനം. പക്ഷേ മോഡി ഇപ്പോള്‍ പറയുന്നത് ലോഡുകണക്കിന് നോട്ടുകെട്ടുകളാണ് അഡാനി കോണ്‍ഗ്രസിന്റെ ഭണ്ഡാരത്തില് കൊണ്ടുവന്ന് തള്ളുന്നതെന്ന്. പോരേ ഉരുണ്ടുകളിയാശാന്റെ പൂരം. ജനം ഇതെല്ലാം കേട്ട് കൂക്കിവിളിച്ചിട്ടും നാറ്റവും മണവും തിരിച്ചറിയാത്ത മോഡി പിന്നെയും പിന്നെയും അബദ്ധ പഞ്ചാംഗങ്ങള്‍ എഴുന്നള്ളിക്കുന്നു. അതുകഴിഞ്ഞ് ഉരുണ്ടുകളി.
ഇന്ത്യയിലെ മുസ്ലിങ്ങള്‍ കുടിയേറ്റക്കാരും പെറ്റുകൂട്ടുന്നവരുമാണെന്നായി അടുത്ത ജല്പനം. ഹിന്ദുക്കളുടെ സ്വത്തും പെണ്ണുങ്ങളുടെ കെട്ടുതാലിയും വരെ കവര്‍ന്നെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കാനാണ് ഇന്ത്യ സഖ്യം കച്ച മുറുക്കുന്നതെന്നായിരുന്നു മോഡിയുടെ അടുത്ത കെട്ടുകഥ. ഈ കള്ളക്കഥകള്‍ രാജ്യമാസകലം രോഷാഗ്നി പടര്‍ത്തിയപ്പോള്‍ വീണ്ടും ഉരുണ്ടുകളി. ‘മേരേ മുസല്‍മാന്‍ ഭായിയോം ബഹനോം, ഞാനങ്ങനെ പറയുമോ. മുസ്ലിങ്ങളും ഞാനും ഏകോദര സഹോദരങ്ങളല്ലേ. പെരുന്നാള്‍ കാലത്ത് മുസ്ലിം സഹോദരങ്ങളുടെ വീടുകളില്‍ നിന്നുകൊണ്ടുവന്ന ബീഫ് ബിരിയാണി കഴിച്ചല്ലേ എന്റെ നെഞ്ചളവ് 56 ഇഞ്ചായി വളര്‍ന്നത്.’ കാലടി ഗോപിയുടെ ‘ഏഴ് രാത്രികള്‍’ നാടകത്തിലെ പാഷാണം വര്‍ക്കിയെപ്പോലെ ഒരുവശത്ത് ജയ് ശ്രീറാമിന്റെയും മറുവശത്ത് നക്ഷത്രവും ചന്ദ്രക്കലയുമുള്ള ചിത്രങ്ങളുമായി വോട്ട് തെണ്ടല്‍ തുടരുകയാണ് ഉരുണ്ടുകളിയാശാന്‍. ഹിന്ദു മേഖലകളിലെത്തുമ്പോള്‍ മറുവശത്തെ ശ്രീരാമചിത്രം ഉയര്‍ത്തിക്കാട്ടി പറയുന്നു- ഇന്ത്യമുന്നണി അധികാരത്തില്‍ വന്നാല്‍ ഓരോ വര്‍ഷവും ഓരോ പ്രധാനമന്ത്രിയുണ്ടാവും. മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേകം പ്രത്യേകം ബക്കറ്റുണ്ടാക്കും. പ്രതിയോഗിയുടെ അജണ്ടയുണ്ടാക്കാന്‍ ഇങ്ങേരെ ആരാണ് ചുമതലപ്പെടുത്തിയത്. പക്ഷെ പരാജയം മണത്തതോടെ മോഡി ഇപ്പോള്‍പ്പറയുന്നു, 400 സീറ്റ് നേടുമെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ലെന്ന്. ആരോ അങ്ങനെ പറഞ്ഞതല്ലേ. ഉരുണ്ടുകളിയാശാനേ ഇനി നമുക്ക് ഗിന്നസ് ബുക്കില്‍ പടമായി കാണാം.
അന്തരിച്ച കവി പഴവിള രമേശന്‍ പണ്ടെഴുതിയ ഒരു കവിതയുണ്ട്. ‘മുന്നില്‍ പത്രം അതിലൊരു ചിത്രം മൂന്നാം ലോകമഹായുദ്ധം, ചില വട്ടുകളതിനെ തട്ടിപ്പൊക്കി.’ നടക്കാന്‍ ഒരു സാധ്യതയുമില്ലാത്ത അടുത്ത ലോകമഹായുദ്ധത്തെക്കുറിച്ച് കവി അന്ന് പാടിയെങ്കിലും ഒരു മൂന്നാം ലോകമഹായുദ്ധത്തിനുവേണ്ടി മോഡി കൗപീനം മുറുക്കുന്നുവെന്നാണ് ആദിത്യനാഥിന്റെ പുതിയ വെളിപ്പെടുത്തല്‍. പാക് അധിനിവേശ കശ്മീരിനെ ആറ് മാസത്തിനുള്ളില്‍ മോഡി പിടിച്ചെടുക്കുമെന്ന് മോഡിക്ക് വേണ്ടി യോഗി എന്ന പൂച്ചസന്യാസിയുടെ ഗ്യാരന്റി. അതായത് മോഡി അങ്ങോട്ട് ചെല്ലുമ്പോള്‍ പാകിസ്ഥാനികള്‍ ജീവനുംകൊണ്ട് ഓടിയൊളിക്കും. അവരുടെ ആണവായുധങ്ങള്‍ പെട്ടിയില്‍ വച്ച് പൂട്ടും. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗവുമാകും. ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയുന്നതുപോലെയുള്ള ഈ മൂന്നാം ലോകമഹായുദ്ധത്തെ ബിജെപിയിലെ വട്ടുകള്‍ തട്ടിപ്പൊക്കുക കൂടി ചെയ്താലോ. അതാണ് മാലോകര്‍ പറയുന്നത് മോഡിയുടെയും ശിഷ്യഗണങ്ങളുടെയും നാക്കിന് ലെെസന്‍സ് ഫീ പിരിക്കണമെന്ന്.
നമ്മുടെ ആശുപത്രികള്‍ കെങ്കേമമാവുന്നു. ഡോക്ടര്‍മാരുടെ ഉപദേശങ്ങളും കെെക്രിയകളുംകൊണ്ട് ജനം പൊറുതിമുട്ടി. തലസ്ഥാനത്ത് തെെക്കാട് ആശുപത്രിയില്‍ ഒരു ഗര്‍ഭിണി എത്തുന്നു; വയറ്റില്‍ കിടക്കുന്ന കുഞ്ഞിന് ചലനമില്ലെന്ന് പറഞ്ഞു. ഡോക്ടറമ്മ ഗര്‍ഭിണിയുടെ വയറ്റില്‍ തലോടി നോക്കുന്നു; എന്നിട്ട് തെല്ല് ദേഷ്യവും. കുഞ്ഞ് സുഖമായി ഉറങ്ങുന്നു. അവനെ ഉണര്‍ത്തരുത്. ഗര്‍ഭിണിയെ പറഞ്ഞയയ്ക്കുന്നു. പിറ്റേന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കുഞ്ഞ് വയറ്റില്‍ തലേന്ന് തന്നെ മരിച്ചുപോയെന്ന് കണ്ടെത്തി. ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയുടെ വയറ്റില്‍ത്തന്നെ കത്രിക ഉപേക്ഷിച്ചാണ് മറ്റുചില ഡോക്ടര്‍മാര്‍ മികവ് കാട്ടിയത്. ആറാം വിരല്‍ ശസ്ത്രക്രിയ ചെയ്ത് മാറ്റാന്‍ കൊണ്ടുചെന്ന കുട്ടിയുടെ നാക്കില്‍ ശസ്ത്രക്രിയ. ഡോ. വല്യത്താനും ഡോ. തങ്കവേലുവും ഡോ. പി കെ ആര്‍ വാര്യരും ഡോ. സി ഒ കരുണാകരനുമടക്കമുള്ള മഹാ വെെദ്യശാസ്ത്ര പ്രതിഭകളുടെ പിന്‍മുറക്കാര്‍ എന്തേയിങ്ങനെ…!