‘ഓടയിലോടുമഴുക്കിന്റെ ചാലിൽ നി-
ന്നീ മണിമേട ഞാൻ താറടിക്കും
നഗ്നചിത്രങ്ങൾ കരിയിലെഴുതിയീ
മുഗ്ധഭാവങ്ങളെ മാച്ചുവയ്ക്കും
വർണപ്പകിട്ടുകൾ കണ്ണാടിയിട്ടൊരീ
ചില്ലുശില്പങ്ങൾ ഞാൻ തച്ചുടയ്ക്കും
നിങ്ങടെ കല്പകത്തോപ്പിലെ വീഥിയിൽ
എങ്ങും ഞെരിഞ്ഞിലിൻ മുള്ളുപാകും
കണ്ടാലറയ്ക്കുന്ന കണ്ണിൽ തറയ്ക്കുന്ന
വേണ്ടാതനങ്ങൾ വരച്ചു വെയ്ക്കും
തെറിയുടെ ചീളുകൾ തെന്നിച്ചു നിങ്ങടെ
നെറിയുടെ കൂറ വലിച്ചഴിക്കും’-
‘താറും കുറ്റിച്ചൂലൂം’ എന്ന കവിതയിൽ കടമ്മനിട്ട രാമകൃഷ്ണൻ 1965ൽ തന്നെ ഇങ്ങനെ കുറിച്ചു. കൂറച്ചേറെക്കാലമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സൃഷ്ടിക്കുന്ന രാഷ്ട്രീയ ദുരവസ്ഥ കാണുമ്പോൾ കവി ഈ കോൺഗ്രസ് കലികാലം ദീർഘദർശനം ചെയ്തിരുന്നുവെന്ന് തോന്നിപ്പോകും. ഗാന്ധിജിയിൽ നിന്നും നെഹ്രുവിൽ നിന്നും സുഭാഷ് ചന്ദ്രബോസിൽ നിന്നും മൗലാന അബ്ദുൾകലാം ആസാദിൽ നിന്നും എന്നോ അകന്നു പോയ കോൺഗ്രസ്, സർദാർ വല്ലഭ് ഭായ് പട്ടേലിനെ സംഘപരിവാരത്തിന്റെ വില്പനാബിംബ ചരക്കാക്കുവാൻ വിട്ടുകൊടുത്തവർ നെറിയുടെ, സത്യത്തിന്റെ, മതനിരപേക്ഷതയുടെ കൊടിക്കൂറ വലിച്ചഴിക്കുവാൻ തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. അവർ അവരുടെ പൂർവഗാമികൾ സൃഷ്ടിച്ച മഹനീയ ചരിത്രത്തിന്റെ മണിമേടകളെ ഓടയിൽ നിന്നൊഴുകുന്ന മലിനജലത്താൽ താറടിക്കുകയും വിശുദ്ധരാഷ്ട്രീയത്തിന്റെ വർണമേളങ്ങളാൽ തീർത്ത കണ്ണാടിയിട്ട ചില്ലുശില്പങ്ങളെ അഴിമതി പരമ്പരകളാൽ തച്ചുടയ്ക്കുകയും നന്മയുടെ മുഗ്ധഭാവങ്ങളെ കരിയിൽ എഴുതിയ നഗ്നചിത്രങ്ങൾ കൊണ്ടു മറയ്ക്കുകയും ചെയ്യുന്നു. ഫലസമ്പുഷ്ടമായിരുന്ന അവരുടെ ചരിത്ര കല്പകത്തോപ്പിലാകെ അധികാരക്കൊതിയുടെ ഞെരിഞ്ഞിലിൻ മുള്ളുപാകി സ്വയംഹത്യയുടെ വഴിവെട്ടുകയും കണ്ടാലറയ്ക്കുന്ന ചെയ്തികളാൽ കാലം പൊറുക്കാത്ത പാതകങ്ങൾ കണ്ണിൽ തറയ്ക്കും വിധത്തിൽ ഇടവേളകളില്ലാതെ പതിപ്പിക്കുകയും ചെയ്യുന്നു.
മതനിരപേക്ഷ മാനവിക ധാർമ്മിക മൂല്യങ്ങളും ഭരണഘടനാ ജനാധിപത്യ തത്വസംഹിതകളും ഇന്ത്യയെന്ന നാനാത്വത്തിലെ ഏകത്വത്തെയും വർഗീയ ഫാസിസ്റ്റ് അജണ്ടകളുടെ മൂർച്ചയേറിയ കഠാരകളാൽ കുത്തിമലർത്തുവാൻ സിംഹാസനത്തിൽ അഹന്തയോടെ വിരഹിക്കുന്ന ദുഷ്ടശക്തികൾ അനവരതം പരിശ്രമിക്കുമ്പോൾ ഇന്ത്യയെന്ന മഹാഐക്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുമ്പോൾ കണ്ടാലറയ്ക്കുന്ന വേണ്ടാതനങ്ങൾ ആശങ്കാകുലരായ ജനതയുടെ കണ്ണുകളിൽ കുത്തിനിറയ്ക്കുകയാണ് കോൺഗ്രസ്. മാറിടത്തിന്റെ വിസ്താരം വിവരിച്ച് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്വന്തം നിലയിൽ ‘നാനൂറ് പ്ലസ്’ എന്ന ചരിത്രമെഴുതുമെന്ന് അഹങ്കാരത്തോടെമൊഴിഞ്ഞ നരേന്ദ്ര മോഡിയുടെ ബിജെപിക്ക് കേവലഭൂരിപക്ഷം നൽകാതെ, ഏതുനിമിഷവും നിറം മാറുന്ന രണ്ടുഘടകപാർട്ടികളുടെ പിന്തുണയിൽ അഭയം പ്രാപിക്കേണ്ട രാഷ്ട്രീയനില സംജാതമാക്കിയത് ഇന്ത്യാ സഖ്യം എന്ന മതനിരപേക്ഷ ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മയാണ്. ആ മഹാസഖ്യത്തിൽ പലയിടങ്ങളിലും കോൺഗ്രസ് വിള്ളൽ വീഴ്ത്താതിരുന്നെങ്കിൽ, അധികാര ദാഹികളുടെ ഗ്രൂപ്പ് കലഹത്താൽ കോൺഗ്രസ് സ്വയം ദഹിച്ചടങ്ങാതിരുന്നുവെങ്കിൽ നരേന്ദ്ര മോഡിയുടെ ഫാസിസ്റ്റ് ഭരണകൂടം അധികാര അന്തഃപ്പുരങ്ങൾക്ക് പുറത്ത് നടന്നു വലയുമായിരുന്നു. 2020ലെ നിർണായകമായ ബിഹാർ സംസ്ഥാന തെരഞ്ഞെടുപ്പിലും സീറ്റുകളുടെ കാര്യത്തിൽ അമിതാവകാശവാദമുന്നയിക്കുകയും മത്സരിച്ചതിൽ മൂന്നിൽ രണ്ടിലും തോൽക്കുകയും ഗ്രൂപ്പ് ലഹരിയിൽ ആറാടിയും സംഘകുടുംബ സ്വാധീനമുള്ളവരെ ബിഹാറിൽ അരിയിട്ടു വാഴിച്ചതിൽ കോൺഗ്രസ് വഹിച്ച പങ്ക് തെല്ലും ചെറുതായിരുന്നില്ല. 2025ലെ ബിഹാറിലെ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ സ്വാർത്ഥതയും ഗ്രൂപ്പ് കളികളും രാജ്യ ജനതാല്പര്യങ്ങൾ പരിഗണിക്കാതെയുളള നെറികെട്ട ചതുരംഗകള്ളച്ചൂതും ഇന്ത്യാ മഹാസഖ്യത്തിൽ വിള്ളൽ വീഴ്ത്തുന്നു. കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത രാഷ്ട്രീയ മൂഢന്മാരുടെ പാർട്ടിയായി കോൺഗ്രസ് പരിണമിച്ചിരിക്കുന്നു.
അടി മുതൽ മുടി വരെ ഗ്രൂപ്പിസം ഗ്രസിച്ചിരിക്കുന്ന കോൺഗ്രസിൽ ഹൈക്കമാൻഡും ലോക്കമാൻഡും ഒരേ തൂവൽപക്ഷികളായി മഹത്തായ പാരമ്പര്യമുള്ള ആ പാർട്ടിയുടെ അസ്ഥിവാരം തോണ്ടാൻ തുടങ്ങിയതോടെയാണ് വർഗീയ ഫാസിസ്റ്റ് ശക്തികൾ വളർന്നതും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിലെത്തിയതും. കേന്ദ്ര‑സംസ്ഥാന ബിജെപി സർക്കാരുകളുടെ പട്ടാഭിഷേകത്തിന് കാരണഭൂതരായത് കോടികളുടെ പണസഞ്ചികളുടെയും അധികാര കസേരകളുടെയും മുന്നിൽ കണ്ണഞ്ചി പോകുന്ന കോൺഗ്രസുകാരാണ്. കോൺഗ്രസ് സീറ്റിൽ ജനവിധി തേടി വിജയിച്ചാൽ പണം വാങ്ങി ബിജെപിയിൽ ചേക്കേറി സമ്മതിദായകരെ പരിഹാസ കഥാപാത്രങ്ങളാക്കുന്ന വിനോദത്തിൽ കോൺഗ്രസ് നേതാക്കൾ അഭിരമിക്കുവാൻ തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. ഇന്ത്യൻ പാർലമെന്റിലെ (രാജ്യസഭയിലും ലോക്‌സഭയിലും) ബിജെപി അംഗങ്ങളിൽ ഭൂരിപക്ഷവും മുൻകോൺഗ്രസ് കുപ്പായധാരികളാണ്. ഖദറിനെ വെറുക്കുവാനും കാവിയെ പ്രണയിക്കുവാനും അവർക്ക് നിമിഷനേരം പോലും വേണ്ടി വരുന്നില്ലായെന്നതാണ് കോൺഗ്രസിന്റെ ദുർഗതി.
‘ഈ നഗരത്തിലെ അന്തിച്ചന്തയിൽ
ആരും അറച്ചുനിൽക്കുന്നില്ല
ആർക്കും വേണ്ടതിറച്ചി മാത്രം
മഞ്ഞളിച്ച ആ പുഞ്ചിരി
മായാൻ മടിക്കയാണിന്നും-’
എന്ന് കടമ്മനിട്ട കുറിച്ചതുപോലെ സംഘകുടുംബം ഒരുക്കിയിരിക്കുന്ന വിപണിയിൽ സ്ഥാനസിംഹാസനങ്ങളുടെ ‘ഇറച്ചി‘ക്കായി അധികാരദൂരമൂത്ത കോൺഗ്രസുകാർ വരിവരിയായി കാത്തുനിൽക്കുകയാണ്. എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രഹസനത്തിൽ സ്ഥാനാർത്ഥിയാവുകയും പരാജിതനായപ്പോൾ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയെന്ന് പെരുമ്പറമുഴക്കുന്ന കോൺഗ്രസിന്റെ പ്രവർത്തക സമിതിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ശശി തരൂർ ഇന്ന് കോൺഗ്രസിലാണോ ബിജെപിയിലാണോ എന്ന് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും മുതൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാർക്കു വരെ നിശ്ചയമില്ല.
‘വിശ്വപൗരൻ’ എന്ന് മുദ്രചാർത്തി ശശി തരൂരിനെ പല്ലക്കിലേന്തി നടന്ന കോൺഗ്രസുകാർ ഇന്ന് പറയുന്നത് അയാൾ വിശ്വപൗരനും അല്ല നാട്ടുകാരനുമല്ലെന്നാണ്. ശശി തരൂർ പറയുന്ന അഭിപ്രായങ്ങളൊന്നും കോൺഗ്രസിന്റേതല്ലെന്ന് എഐസിസി അധ്യക്ഷനും വക്താക്കളും നാഴികയ്ക്ക് നാൽപ്പതുവട്ടം പത്രമാധ്യമങ്ങൾക്ക് മുന്നിൽ ഉരുവിട്ടുരുവിട്ട് പരിക്ഷീണിതരായി വിയർത്തു കുളിക്കുന്നു. പുൽവാൽമയിലെ ഭീകരാക്രമണത്തിനു ശേഷം നരേന്ദ്രേ മോഡി സംഘടിപ്പിച്ച ഗിമ്മിക്കിലെ ഒരു സംഘത്തലവനായി കോൺഗ്രസ് എതിർപ്പിനെ മറികടന്ന് മോഡി നിയോഗിച്ചത് ശശി തരൂരിനെ. കോൺഗ്രസ് നേതൃത്വത്തിന് തൃണവില നൽകി, എതിരഭിപ്രായങ്ങളെ പുച്ഛിച്ച് ശശി തരൂർ ഉലകം ചുറ്റി. ഫലം കിംഫലം. പക്ഷേ മോഡിയെ ശശി തരൂർ ആവോളം സ്തുതിച്ചു. മോഡിയോടുളള തന്റെ അളവറ്റ ഭക്തിയും ആദരവും വരമൊഴിയിലൂടെയും വാമൊഴിയിലൂടെയും അവതരിപ്പിച്ചു. നെഹ്രുവിനെ നിന്ദിക്കുന്ന, ഗാന്ധിജിയെ വിമർശിക്കുന്ന, കോൺഗ്രസ് നേതൃത്വത്തെ കുരിശിലേറ്റുന്ന, ബിജെപി സർക്കാരിനെ വാഴ്ത്തുന്ന അഭിമുഖങ്ങളും ലേഖനങ്ങളും ദേശീയ മാധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടു. നിസഹായതയുടെ പാതാളത്തിലിരുന്ന് ലജ്ജിച്ചു തലതാഴ്ത്തുവാനേ കോൺഗ്രസ് നേതൃത്വത്തിനായുള്ളു.
ഏറ്റവും ഒടുവിൽ കോൺഗ്രസിൽ കുടുംബാധിപത്യമാണെന്നും കോൺഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി രൂപാന്തരപ്പെട്ടെന്നും പറഞ്ഞ് ഇന്ദിരാഗാന്ധി മുതൽ രാഹുൽ — പ്രിയങ്ക ഗാന്ധിമാരെ നിന്ദാസ്വരത്തിൽ അപഹസിച്ചു. രാമബിംബത്തെയും അയോധ്യയിലെ തർക്കഭൂമിയെയും മുൻനിർത്തി ഹിന്ദുതീവ്രവാദ പ്രചരണത്തിലൂടെ ബിജെപിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ വേരോട്ടമുണ്ടാക്കുകയും ചെയ്ത, ബാബറി മസ്ജിദ് തകർക്കുന്നതിലെ സൂത്രധാരനായും മുഖ്യകാർമ്മികനായും പ്രവർത്തിച്ച എൽ കെ അഡ്വാനിയെ ശശി തരൂർ വാഴ്ത്തുന്നു. ഒരൊറ്റ സംഭവത്തെ മുൻനിർത്തി അഡ്വാനിയെ വിലയിരുത്തരുതെന്നും അഡ്വാനി ക്രാന്തദർശിയായ രാഷ്ട്രീയ നേതാവാണെന്നും വിശകലനം ചെയ്യുന്നു. ശരപഞ്ജരത്തിൽ കിടന്നു പുളയുവാനാണ് കോൺഗ്രസിന്റെ വിധി.
ഗ്രൂപ്പ് രഹിത കോൺഗ്രസുണ്ടാക്കാൻ കേരളത്തിൽ ഇറങ്ങിപുറപ്പെട്ടവർ സ്വന്തം ഗ്രൂപ്പും ഉപഗ്രൂപ്പും ഉണ്ടാക്കി ഉന്മാദിക്കുന്നു. തമ്മിൽ കണ്ടാൽ മിണ്ടാട്ടമില്ലാത്തവരാകുന്നു. ആലുവാ മണപ്പുറത്തുവച്ചുകണ്ട പരിചയം പോലും ഇല്ലാത്തവരാകുന്നു. കെപിസിസി അധ്യക്ഷൻ വിളിക്കുന്ന യോഗം പ്രതിപക്ഷ നേതാവ് മാറ്റി വയ്ക്കുന്നു. തെരഞ്ഞെടുപ്പില്ലാത്ത കെപിസിസി പുനഃസംഘടനയിൽ ഓരോ ഗ്രൂപ്പിനും ഗ്രൂപ്പ് നേതാവിനും പ്രത്യേക പട്ടിക. പട്ടികയിൽ നിന്ന് നറുക്കെടുപ്പ്. തങ്ങളുടെ പട്ടികയിൽപ്പെട്ടവരെല്ലാം ജംബോ കമ്മിറ്റിയിൽ ഉൾപ്പെടാത്തതിനാൽ പരാതി, പരിഭവം, പൊട്ടിത്തെറി, വസ്ത്രാക്ഷേപം. കോൺഗ്രസ് ഉപാധ്യക്ഷന്മാരുടെയും, ജനറൽ സെക്രട്ടറിമാരുടെയും പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അവരുടെ മാത്രം യോഗം ചേരുവാൻ വമ്പൻ മൈതാനം വേണ്ടിവരുമെന്നുറപ്പായി. എന്നിട്ടും പൊട്ടിത്തെറിക്കാരെ സമാശ്വസിപ്പിക്കുവാൻ ഇനിയും വർക്കിങ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും വരുമെന്ന് പ്രഖ്യാപിക്കുന്നു. കെപിസിസി സെക്രട്ടറിമാരുടെ നെടുനീളൻ പട്ടിക വരാൻ പോകുന്നു. കോൺഗ്രസിൽ ഇത്രയും ആളുകളുണ്ടായെന്ന് കോൺഗ്രസുകാർ തന്നെ അതിശയിക്കുന്നു. കെപിസിസിക്ക് ഒന്നിലധികം അധ്യക്ഷന്മാർ വരുന്ന കാലം അനതിവിദൂരമല്ലെന്ന് ന്യായമായും സംശയിക്കണം.
സ്വപ്നലോകത്തെ ബാലഭാസ്കരന്മാർ കോൺഗ്രസിൽ എണ്ണിയാൽ തീരാത്തത്രപേരുകളായി പ്രവഹിക്കുന്നു. എല്ലാ ബാലഭാസ്കരന്മാരും മുഖ്യമന്ത്രി പദവി എന്ന നടക്കാത്ത സാഫല്യത്തിന്റെ സ്വർഗത്തിലാണ് ശയിക്കുന്നത്. ചെന്നിത്തലയെ വെട്ടാൻ വി ഡി സതീശനെ രംഗത്തിറക്കിയ കെ സി വേണുഗോപാലിന്റെ പണികൾ ഒന്നൊന്നായി സതീശൻ പൊളിക്കാൻ തുടങ്ങിയതോടെ കെ സി വേണുഗോപാൽ രംഗത്തിറങ്ങി. താൻ ഇവിടെത്തന്നെയുണ്ടെന്നും കേരള രാഷ്ട്രീയത്തിൽ സജീവമാകുമെന്നും പ്രഖ്യാപിക്കുകയും മുഖ്യമന്ത്രി പദക്കിനാവ് പറയാതെ പറയുകയും ചെയ്ത് സ്വന്തം ഗ്രൂപ്പ് കൂടാരത്തിലേക്ക് എംഎൽഎ സീറ്റ് വാഗ്‌ദാനം ചെയ്ത് ആളെക്കൂട്ടുന്നു. കെ സി വേണുഗോപാലിന്റെ ത്വര മാധ്യമപ്രവർത്തകർ വി ഡി സതീശന്റെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ കേരളത്തിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് സതീശന്റെ കൊടിയ പരിഹാസം. അതേ കോൺഗ്രസ് റെഡ്അലർട്ട് വലയത്തിൽപ്പെട്ട് അവശനിലയിൽ അതിതീവ്ര പരിചരണ കേന്ദ്രത്തിലകപ്പെട്ടിരിക്കുകയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത്. അധികാരക്കൊതിമൂത്ത് നേതാക്കൾ ഉന്മാദലഹരിയിൽ ആറാടുമ്പോൾ പാവം കോൺഗ്രസുകാർ എന്തു ചെയ്യണമെന്നറിയാതെ നിസഹായതയുടെ മുൾമുനയിൽപ്പെട്ട് വേദനിക്കുകയും തെരുവിൽ അനാഥത്വം പേറി അലയുകയും ചെയ്യുന്നു. ‘വണ്ടേ നീ തുലയുന്നൂ, വിളക്കും കെടുത്തുന്നൂ’ എന്ന വചനം കോൺഗ്രസിൽ പൂർണതലത്തിൽ അന്വർത്ഥമാവുകയാണ്.

