കൊല്ലത്തെ പ്രമുഖ പത്രപ്രവർത്തകനായിരുന്ന ജനയുഗത്തിലെ കോഴിശേരി ലക്ഷ്മണനാണ് നടന്നാലും നടന്നാലും തീരാത്ത, മരുഭൂമിക്കു സമാനമായ ഒരു മൈതാനത്തെക്കുറിച്ചു സംസാരിച്ചത്. കൊല്ലത്തു നിന്നും ചെങ്കോട്ടയ്ക്ക് പോകേണ്ട ആദ്യത്തെ തീവണ്ടിയുടെ എഞ്ചിനും ബോഗികളും മദിരാശിയിൽ നിന്നു കപ്പൽമാർഗം കൊല്ലം തുറമുഖത്തേക്ക് കൊണ്ടുവന്ന കാര്യം പറഞ്ഞപ്പോഴാണ് ഈ മൈതാനസൂചന ഉണ്ടായത്. പുതിയ തലമുറ കൗതുകത്തോടെ കേട്ടിരുന്നത്.
ആശ്രാമത്തുനിന്നാരംഭിച്ച് അറബിക്കടലോളം നീണ്ടുകിടന്ന വർണനാതീതമായ മൈതാനം. ആ മൈതാനത്തെ പലകാലങ്ങളിൽ പലതായി വിഭജിച്ചു. അവിടെ റയിൽവേ സ്റ്റേഷനും പൊലീസ് സ്റ്റേഷനും ശ്രീനാരായണ കോളജും ഫാത്തിമാമാതാ നാഷണൽ കോളജും കർബലാ വളപ്പും ഇംഗ്ലീഷ് പള്ളിയും ലാൽബഹാദൂർ സ്റ്റേഡിയവും പൊതു ശ്മശാനവും കോർപറേഷൻ ഓഫീസും ടി കെ ദിവാകരൻ സ്മാരകവും പ്രസ് ക്ലബ്ബും മേൽപ്പാലവും കീഴ്പ്പാതയും മണിമേടയും അഡ്വഞ്ചർ പാർക്കും ജലസംഭരണിയും ടൗൺ ഹാളും എഫ്‌സിഐ ഗോഡൗണും പബ്ലിക് ലൈബ്രറിയും ഒക്കെയുണ്ടായി. കോഴിശേരി ലക്ഷ്മണൻ പറഞ്ഞു നിർത്തുമ്പോൾ അവശിഷ്ട പീരങ്കി മൈതാനത്തിന്റെ ഒത്ത നടുക്ക് ചുടുകല്ലു കൊണ്ടു കെട്ടിയുയർത്തിയ അരയാൾപ്പൊക്കത്തിലുള്ള തറയിൽ പടിഞ്ഞാറോട്ട് നോക്കിയിരുന്ന വലുതും ചെറുതുമായ പീരങ്കികൾ ഇളക്കിമാറ്റുമോ എന്നു ഭയപ്പെടുകയായിരുന്നു.
പ്രസ് ക്ലബ്ബിന് പുറത്തു ഹിപ്പോപൊട്ടാമസിന്റെ വായ തുറന്നു കാട്ടുന്ന സുന്ദരിയുടെ ബോർഡുമായി ജംബോ സർക്കസ് തുടങ്ങുന്നുവെന്ന അറിയിപ്പുമായി അനൗൺസ്‌മെന്റ് വാഹനം കടന്നു പോവുകയായിരുന്നു. സർക്കസുകൂടാരങ്ങൾ ഉയർന്നിരുന്നത് എപ്പോഴും പീരങ്കി മൈതാനത്തായിരുന്നു. കന്റോൺമെന്റ് മൈതാനമെന്ന് പരിഷ്കൃതർ പറയാൻ ശ്രമിച്ചപ്പോഴും പീരങ്കികളെ പൊക്കിയെടുത്ത് പൊലീസ് മ്യൂസിയത്തിൽ സാക്ഷികളാക്കിയപ്പോഴും സർക്കസുകാരത് പീരങ്കി മൈതാനമായിത്തന്നെ സൂക്ഷിച്ചു. കലാനിലയം നാടകവേദി സ്ഥിരമായി പീരങ്കി മൈതാനത്ത് ഓലകൊണ്ട് ഓഡിറ്റോറിയം കെട്ടി കായംകുളം കൊച്ചുണ്ണിയും നാരദൻ കേരളത്തിലും മാസങ്ങളോളം കളിച്ചു. നാടകവേദി പലപ്പോഴും തീപിടിച്ചവസാനിച്ചു. തൊഴിലാളി സംഘടനകളും രാഷ്ട്രീയ പാർട്ടികളും അവരുടെ മഹാസമ്മേളനങ്ങൾക്ക് പീരങ്കി മൈതാനം വേദിയാക്കി. മതപ്രസംഗങ്ങള്‍ക്കും പീരങ്കി മൈതാനം വേദിയായി. തളിയിലെ ദൈവവുമായി കേരളഗാന്ധി അലഞ്ഞതുപോലെ അയ്യൻകാളിയുടെ പ്രതിമയൊന്നിറക്കി വയ്ക്കാൻ കഴിയാതെ ടി കൃഷ്ണൻ എന്ന കീഴാള ജനനേതാവ് അലഞ്ഞതും ഒടുവിൽ അഭയം കൊടുത്തതും പീരങ്കി മൈതാനമാണ്.
ഇതുകൂടി വായിക്കാം; പി ഭാസ്കരൻ: മലയാള കാവ്യ — ചലച്ചിത്ര കലയുടെ രാജശില്പി
ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് പീരങ്കി മൈതാനത്ത് നടന്ന മഹാസമ്മേളനവും തുടർന്ന് നടന്ന നരനായാട്ടും കൊല്ലത്തിന്റെ ചരിത്രത്തിൽ ചോരകൊണ്ട് എഴുതിയിട്ടുണ്ട്. ആശ്രാമം ലക്ഷ്മണനും, കുരീപ്പുഴ കൊച്ചുകുഞ്ഞും അടക്കമുള്ള പോരാളികൾ അവിടെ വീണു മരിച്ചു. മഹാത്മാഗാന്ധിയടക്കമുള്ള ദേശീയനേതാക്കൾ ഇവിടെവച്ചാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. പത്തൊൻപതാം നൂറ്റാണ്ടിലെ കൊല്ലം യുദ്ധത്തിന് വേദിയായതും ഈ മൈതാനമാണ്. വേലുത്തമ്പി നയിച്ച തിരുവിതാംകൂർ പട്ടാളവും ബ്രിട്ടീഷ് പട്ടാളവും പീരങ്കി മൈതാനത്തു വച്ച് ഏറ്റുമുട്ടിയതാണ് കൊല്ലം യുദ്ധം. അടിമത്തത്തിന്റെ അടയാളമായിരുന്ന കല്ലുമാല അറുത്തെറിഞ്ഞതും അയ്യൻകാളിയുടെയും ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയുടെയും സാന്നിധ്യത്തിൽ റൗക്ക അണിഞ്ഞതും പീരങ്കി മൈതാനത്തു വച്ചായിരുന്നല്ലോ.
അഖിലേന്ത്യാ പ്രദർശനങ്ങൾ നടന്നതെല്ലാം പീരങ്കി മൈതാനത്താണ്. വിജ്ഞാനവും കൗതുകവും കൈകോർത്തുനിന്ന ഉത്സവങ്ങൾ! ഇങ്ങനെയൊരു പ്രദർശനവേളയിലാണ് കൊല്ലത്തുകാർ ആദ്യമായി ടെലിവിഷന്റെ സംപ്രേഷണകല മനസിലാക്കിയത്. കവർന്നെടുത്തു കവർന്നെടുത്തു കൈവെള്ളയോളമായിപ്പോയ പീരങ്കി മൈതാനത്തെ ഇനിയും ഉപദ്രവിക്കരുത്. റവന്യു ടവർ കെട്ടാൻ മറ്റുസ്ഥലം കണ്ടെത്തണം. അവശിഷ്ട പീരങ്കിമൈതാനത്ത് റവന്യു ടവർ പണിയുന്നതിന് കൊല്ലം കോർപറേഷനും ഇടതുപക്ഷ മുന്നണിയും എതിരാണ്. ഇടതുമുന്നണി തന്നെയാണ് സംസ്ഥാനം ഭരിക്കുന്നതും. പിന്നെ ആരാണ് എതിർ പക്ഷത്തുള്ള നിർബന്ധബുദ്ധികൾ?
ചരിത്രം അവിടെ നിൽക്കട്ടെ. മനുഷ്യനു ശുദ്ധവായു ശ്വസിക്കാൻ തുറന്ന ഇടങ്ങൾ ആവശ്യമാണ്. ചുറ്റും ചോലമരങ്ങൾ വച്ചുപിടിപ്പിച്ച് പ്രാണവായു സമൃദ്ധമായി സഞ്ചരിക്കുന്ന തുറസുകൾ. ശാസ്ത്രബോധമുള്ള ഒരു ഭരണകൂടത്തിനു ഈ ബോധം കൂടി ഉണ്ടാകേണ്ടതാണ്. കൊടുത്തുമുടിഞ്ഞ മുത്തശ്ശി മാവിനോടെന്നതു പോലെയുള്ള കാരുണ്യവും ദയയും സ്നേഹവും സംരക്ഷണവും പീരങ്കി മൈതാനം അർഹിക്കുന്നുണ്ട്.