Site iconSite icon Janayugom Online

കോവിഡും കാര്‍ഷികമേഖലയും

ഇന്ത്യക്കാരില്‍ ഏതാണ്ട് പകുതിയോളം പേര്‍ ഇന്നും കൃഷിയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. 2020ലെ കാര്‍ഷിക‑കര്‍ഷക ക്ഷേമ മന്ത്രാലയമാണ് ഈ വിവരം തരുന്നത്. അതുകൊണ്ടുതന്നെ കോവിഡ്19 ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതം, തൊഴില്‍, വരുമാനം തുടങ്ങിയവയെ എങ്ങനെ ബാധിച്ചു, ബാധിക്കുന്നു എന്ന വിശകലനം പ്രസക്തമാണ്. ഈ രംഗത്ത് കുറേ പ്രസക്ത പഠനങ്ങള്‍ നടന്നിട്ടുമുണ്ട്. അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതായിരുന്നു, കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരം. ആ സമരവും അതിന്റെ പ്രസക്തിയും ഇനിയും മുഴുവനായും ഒതുങ്ങിയിട്ടില്ല. കോവിഡ്19 ഇന്ത്യന്‍ കര്‍ഷകരെ എങ്ങനെ ബാധിച്ചു എന്നതിന്റെ ഒരു സംഗ്രഹിത അറിവ്, അതുകൊണ്ടുതന്നെ പ്രധാനമാണ്. എല്ലാരംഗത്തും ഇതിന്റെ ബാധ ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പേര്‍ കൃഷിയെയാണ് ആശ്രയിക്കുന്നത് എന്നതുകൊണ്ടാണ് ഇങ്ങനയൊരവലോകനം ആവശ്യമാവുന്നത്.

നബാര്‍ഡിന്റെ പഠനപ്രകാരം കര്‍ഷക കുടുംബങ്ങളില്‍ മൂന്നിലൊന്നിന്റെയും വരുമാനം കാര്‍ഷിക വേതനത്തില്‍ നിന്നാണ്. കോവിഡ്19 തകര്‍ത്തത് ഈ വരുമാന സ്രോതസാണ്. 2020 ന്റെ വിവിധ കാലങ്ങളിലായി കാര്‍ഷിക വേതനത്തില്‍ നിന്നുള്ള വരുമാനം വര്‍ധമാനമായി കുറഞ്ഞത് കുടുംബങ്ങള്‍ക്ക് അസാധാരണ ദുരിതമാണുണ്ടാക്കിയത്. 2020ലെ കര്‍ശന ലോക്ഡൗണിലും കുറേയൊക്കെ തുടര്‍ന്നു. 80 ശതമാനം കര്‍ഷകരുടെയും വരുമാനം ഗണ്യമായി കുറഞ്ഞതോടെ അവരുടെ സ്ഥിതി ദയനീയമായി. പെട്ടെന്നുള്ള ലോക്ഡൗണ്‍ ഉല്പാദിത വസ്തുക്കളുടെ നീക്കം കുറച്ചു. പണി ഇല്ലാതായി. കാര്‍ഷികാനുബന്ധ വ്യവസായങ്ങള്‍ നിശ്ചലമായി. ഇതൊക്കെ ഒത്തുചേര്‍ന്നതോടെ താഴെത്തട്ടിലെ കര്‍ഷകരുടെ സ്ഥിതി അതീവ ദയനീയമായി. കുടുംബവരുമാനം ഏതാണ്ട് നിലച്ചു. അവര്‍ക്ക് മറ്റ് മാര്‍ഗങ്ങളുമില്ലായിരുന്നു. തൊഴിലും വരുമാനത്തിനുമുള്ള വഴികളുമാണടഞ്ഞത്. തൊഴിലിലുള്ള കുറച്ചുപേരുടെ തന്നെ വേതനത്തിലും കാര്യമായ കുറവുണ്ടായി. ഇത് പൊതു സാമ്പത്തിക ചിത്രമാണെന്നു വാദിക്കാമെങ്കിലും പകരം വരുമാനത്തിന് ഒരു വഴിയുമില്ലാത്തവരാണല്ലോ വേതനം പറ്റി ജീവിക്കുന്ന കര്‍ഷകര്‍. 2010 ല്‍ ഒരു ചെറിയ വിഭാഗത്തിനു മാത്രം വേതനത്തില്‍ അല്പം ഉയര്‍ച്ച ഉണ്ടായെങ്കിലും 2020 ല്‍ പൊതുവെ വേതനം നന്നെ കുറ‍ഞ്ഞുതന്നെയായിരുന്നു. ഇത് ഏതാണ്ട് 88 ശതമാനം കര്‍ഷകരുടെയും അവസ്ഥയായിരുന്നെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.


ഇതുംകൂടി വായിക്കാം; അധികാര കേന്ദ്രീകരണത്തിന് ഉദ്യോഗസ്ഥരെ ആജ്ഞാനുവര്‍ത്തികളാക്കുന്നു


ഭാഗികമായി അടച്ചുപൂട്ടല്‍ ഇളവുകള്‍ വന്നപ്പോള്‍ കാര്‍ഷിക വേതനം അല്പം മെച്ചപ്പെട്ടെങ്കിലും 2019 ലേതുമായി താരതമ്യത്തില്‍ കാര്യമായ മെച്ചമൊന്നുമുണ്ടായിരുന്നില്ല. ഗാര്‍ഹിക വരുമാനം ഭക്ഷ്യസുരക്ഷ, ആരോഗ്യം, ശിശുക്ഷേമം തുടങ്ങി ഒട്ടേറെ പ്രധാന സൂചികകളെ ഇത് വിപരീതമായി ബാധിച്ചു. അതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകവിരുദ്ധമായി മൂന്നു ബില്ലുകള്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ നടപ്പിലാക്കി കാര്‍ഷിക രംഗത്തെ കുത്തകകള്‍ക്ക് അടിയറവയ്ക്കാന്‍ ശ്രമിച്ചതും തുടര്‍ന്നുളള സമരവും. സമരത്തിന്റെ ആവേശത്തില്‍ അവരുടെ കുടുംബത്തിന്റെ സൂക്ഷ്മതലങ്ങളില്‍ സംഭവിച്ച നഷ്ടകഷ്ടങ്ങള്‍ അധികമാരും കണ്ടെത്തിയില്ല. കര്‍ഷകരുടെ വരുമാന നഷ്ടത്തില്‍ ഗണ്യമായത് കന്നുകാലികളില്‍ നിന്നുള്ള നഷ്ടമായിരുന്നു. ഈ വരുമാനം വഴി ഉപയോഗിച്ചിരുന്ന ഗാര്‍ഹിക വിദ്യാഭ്യാസ‑ആരോഗ്യ ആവശ്യങ്ങള്‍ക്ക് വഴിയില്ലാതാവുകയും ചെയ്തു. പൊതുവെ വിപുലമായി അറിയപ്പെടാതെ പോയ കാര്യങ്ങളാണിവ. വളരെ സൂക്ഷ്മമായ ചില ഗവേഷണ പഠനങ്ങളേ, ഇത്തരം കാര്യങ്ങളെ സ്പര്‍ശിച്ചിട്ടുള്ളു. അവയില്‍ മിക്കതും പോളിസി രംഗത്തെത്താത്തതിനാല്‍ പൊതു അറിവിലും പരിഹാരത്തിലും എത്തിയതുമില്ല.

ദേശീയ ലോക്ഡൗണിനുശേഷം പൊതു വ്യയശേഷി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ക്യാഷ് ട്രാന്‍സ്‌ഫര്‍ നടത്തി. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പേരില്‍ അത് 25 ബില്യണ്‍ രൂപയോളം വന്നു. പല സംസ്ഥാന സര്‍ക്കാരുകളും കര്‍ഷകര്‍ക്ക് കാശ് വിതരണം ചെയ്തു. ഉടന്‍ ദുരിതാശ്വാസ നടപടി എന്ന നിലയ്ക്കായിരുന്നു ഈ പദ്ധതി. ഇതില്‍ കര്‍ഷകര്‍ക്ക് ലഭിച്ചതിനെക്കുറിച്ചുള്ള കണക്കുകള്‍ പരസ്പരവിരുദ്ധമായിരുന്നു. 64 ശതമാനം കാര്‍ഷിക കുടുംബങ്ങള്‍ക്ക് ഇത് ലഭിച്ചെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അസിം പ്രേംജി യൂണിവേഴ്സിറ്റി കണക്കുപ്രകാരം തീര്‍ത്തും ദരിദ്രരായ കുടുംബങ്ങളുടെ പകുതിയോളമേ ഈ ആനുകൂല്യത്തിന് അര്‍ഹരായുള്ളു. ഭൂമിയില്ലാത്ത കര്‍ഷകരില്‍ വലിയൊരു വിഭാഗത്തിന് കാര്യമായൊന്നും കിട്ടിയതുമില്ല. ക്യാഷ് ട്രാന്‍സ്ഫര്‍ ഒരു സ്ഥിരം പരിഹാരമല്ല. ആകെ തകര്‍ന്നുപോയ ഉല്പാദന, പ്രദാന, ജീവിത ശൃംഖലയെ ഒരുമിപ്പിക്കാന്‍ മറ്റു ദീര്‍ഘകാല പദ്ധതികള്‍ ആവശ്യമാണ്. ക്യാഷ് ട്രാന്‍സ്ഫര്‍ ഒരു താല്ക്കാലിക നടപടി മാത്രമാണ്.

 

ലോക്ഡൗണ്‍ നീണ്ടുപോയപ്പോള്‍ സമ്പദ്‌വ്യവസ്ഥ, കുടുംബ സംവിധാനം എന്നിവയില്‍ ഉണ്ടായ തകര്‍ച്ച നികത്താന്‍ ഉല്പാദന തൊഴില്‍ മേഖലകളെ ആകെ പുനര്‍നിര്‍മ്മാണം നടത്തണം. വസ്തുവകകള്‍ വിറ്റും കടം വാങ്ങിയുമാണ് ഭൂരിഭാഗം കുടുംബങ്ങളും ഈ ദുരിതകാലവും അതിനെത്തുടര്‍ന്നുള്ള കാലവും തരണം ചെയ്തത്. പലരും കന്നുകാലികള്‍, സ്വര്‍ണം എന്നിവ വിറ്റും പണയം വച്ചുമാണ് ദുരിതകാലം താണ്ടിയത്. അത്തരക്കാര്‍ ഏതാണ്ട് 50 ശതമാനം വരും. ചെറിയൊരു ശതമാനം പേര്‍ ഭൂമിയും വിറ്റു. പണയവകകള്‍ തിരിച്ചെടുക്കുക എന്നതാവും അവരുടെ ഇനിയത്തെ പ്രശ്നം. കോവിഡ്19 എല്ലാ വിഭാഗങ്ങളെയും ഒരേപോലെയല്ല ബാധിച്ചത്. കര്‍ഷകരുടെ എണ്ണം അധികവും അവരുടെ പ്രശ്നങ്ങള്‍ സവിശേഷവുമായതുകൊണ്ടാണ് ഇവര്‍ക്ക് പ്രത്യേക പഠനം ആവശ്യമാവുന്നത്.
കര്‍ഷകര്‍ മറ്റു വഴികളില്ലാത്തതിനാല്‍ ഈ കാലഘട്ടത്തില്‍ വന്‍തോതില്‍ കടമെടുത്തിട്ടുണ്ട്. ഓഗസ്റ്റ് 2020 ല്‍ ഏതാണ്ട് 63 ശതമാനം വീട്ടുകാരും കടമെടുത്തിരുന്നു. ഇതില്‍ 35 ശതമാനം വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ വഴിയും 30 ശതമാനം സ്വകാര്യ ഇടപാടുകാരില്‍ നിന്നുമാണ് കടമെടുത്തതെന്നു പഠനങ്ങള്‍ പറയുന്നു. ഇതില്‍ രണ്ടാമത്തെ വകുപ്പില്‍പ്പെട്ടവര്‍ ഉയര്‍ന്ന പലിശയ്ക്കാണ് കടമെടുത്തത് എന്നതുകൊണ്ട് കടഭാരം വളരെ കൂടും. വന്‍ കര്‍ഷകര്‍ ആശ്രയിച്ചിരുന്നത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണുകളായിരുന്നു എന്നാണ് കാണുന്നത്. ചെറുകിട കര്‍ഷകര്‍ക്ക് പെട്ടെന്നു കടം ആവശ്യമാവുമ്പോള്‍ ഔപചാരികതകള്‍ക്ക് നേരവുമുണ്ടാവില്ല.

കാര്‍ഷിക വേതനം 2019 വരെ വര്‍ധിച്ചുകൊണ്ടിരുന്നത് ഈ കാലഘട്ടത്തില്‍ ക്രമേണ കുറഞ്ഞുവരുന്നതായും തൊഴിലില്‍ നിന്നുള്ള വേതനം ഏതാണ്ട് ഇല്ലാതായെന്നും പഠനങ്ങള്‍ പറയുന്നു. ഇതിനിടിയിലാണ് സര്‍ക്കാരിന്റെ ത്രിമൂര്‍ത്തി ബില്ലുകളും ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക സമരങ്ങളും. ഒരര്‍ത്ഥത്തിലും ഊഹിക്കാനാവാത്ത ദുരിതങ്ങളാണ് കര്‍ഷകര്‍ അനുഭവിക്കുന്നത്. സമരം തല്ക്കാലം നിന്നെങ്കിലും അവരുടെ പ്രശ്നങ്ങള്‍ ബില്ലു പിന്‍വലിച്ചതുകൊണ്ട് തീരുന്നില്ല. ബില്ല് ഇനിയും കൊണ്ടുവരാനാവുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. എല്ലാം വരാന്‍പോകുന്ന തെരഞ്ഞെടുപ്പിനു ശേഷമറിയാം.  അതിനിടയില്‍ മൂന്നാം തരംഗം വന്നുകഴിഞ്ഞു. അതിന്റെ ആഘാതം ഇനിയും തിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു. എന്തായാലും കര്‍ഷകരുടെ വിവിധ ദുരിതങ്ങള്‍ കോവിഡാനന്തര ഘട്ടത്തിലും തുടരാനാണ് സാധ്യത. താല്ക്കാലിക നടപടികള്‍ അതിന് അഡ്ഹോക് പരിഹാരമേ ആവൂ. തൊഴില്‍, വരുമാനം, ഗാര്‍ഹിക സുരക്ഷ തുടങ്ങിയ മേഖലകളില്‍ സുസ്ഥിര പദ്ധതികള്‍ ആവശ്യമാണ്. കര്‍ഷകരുടെ വരുമാനത്തിന് വിവിധ വഴികളും ഉണ്ടാവേണ്ടതുണ്ട്. കാര്‍ഷികാനുബന്ധ മേഖലകളെ ശക്തിപ്പെടുത്തലും പ്രധാനമാണ്.
‘മന്‍ കി ബാത്ത്‘നപ്പുറവും ഒരുപാടുണ്ട്.

Exit mobile version