Site iconSite icon Janayugom Online

ഗാന്ധിക്കു പകരം മോഡിയോ?

ഗാന്ധിയെ വധിച്ചവർ ചരിത്രത്തെ വക്രീകരിക്കുന്നു


നരേന്ദ്രമോഡിയെ ഗാന്ധിജിയുടെ പിൻഗാമിയായി പ്രഖ്യാപിക്കുന്നവർ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ കോലം സൃഷ്ടിച്ച് കളിത്തോക്കിലൂടെ വെടിയുണ്ടകൾ വർഷിച്ച കൂട്ടരാണ്. നാഥുറാം വിനായക ഗോഡ്സെയാണ് ഏറ്റവും വലിയ ദേശാഭിമാനിയെന്നും ഗാന്ധിജി രാജ്യദ്രോഹി എന്നും പ്രഖ്യാപിച്ച പ്രഗ്യസിങ് ഠാക്കൂറിനെ അനുഗ്രഹിച്ച് ആശീർവദിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി. അയാൾ എങ്ങനെ ഗാന്ധിജിയുടെ അനന്തരഗാമിയാകും. ഹാ! കഷ്ടം.
ചരിത്രം ഈ ദുഷ്ടശക്തികളെ നോക്കി അപഹസിക്കുകതന്നെ ചെയ്യും


സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവേളയിൽ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചവർ ചരിത്രത്തെ വക്രീകരിച്ചതുപോലെ ഒടുവിൽ ഗാന്ധിജിയെയും സംഘ്പരിവാര ഫാസിസ്റ്റുകൾ വാഴ്ത്തുന്നു. ഗാന്ധിജിക്കു ശേഷം മതനിരപേക്ഷ നായകനാണ് നരേന്ദ്രമോഡിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയഫലിതമാണ് രാജ്നാഥ് സിങ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കറുത്ത ഫലിതം. ഇന്ത്യയെ വിഭജിക്കുന്നതിനും ദ്വിരാഷ്ട്രവാദത്തിനും ഗാന്ധിജി എന്നുമെന്നും എതിരായിരുന്നു. ഇന്ത്യ പല മതങ്ങളുടെയും പല വംശങ്ങളുടെയും നാടാണെന്നും ഇന്ത്യ വിഭജിക്കപ്പെട്ടെങ്കിലും അങ്ങനെതന്നെ തുടരണമെന്നും ഗാന്ധിജിയും നെഹ്രുവും വാശിയോടെ വാദിച്ചു. ഏതു മതത്തിൽപ്പെട്ടവർക്കും ഭരണകൂട സംരക്ഷണം ഉറപ്പാക്കുകയും ലഭ്യമാക്കുകയും എല്ലാ പൗരന്മാർക്കും പൂർണാവകാശങ്ങൾ അനുഭവിക്കുവാൻ കഴിയുകയും ചെയ്യുന്ന ഒരു ജനാധിപത്യ രാജ്യമായിരിക്കും ഇന്ത്യ എന്നും ഗാന്ധിജിയും നെഹ്രുവും നിർവചിച്ചു. പക്ഷെ, ഗാന്ധിയുടെയും നെഹ്രുവിന്റെയും തത്വസംഹിതകളിൽ നിന്ന് നാം എത്രമേൽ അകന്നുപോയിരിക്കുന്നു എന്ന് വർത്തമാനകാലം സാക്ഷ്യപ്പെടുത്തുന്നു.

നിരാദ് ചൗധരി ഈവിധം കുറിച്ചു: ‘സമകാലിക ഇന്ത്യയെ സംബന്ധിച്ച സത്യം കണ്ടെത്തണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ പാതയിലുള്ള ചതിക്കുഴികളെ‌ക്കുറിച്ച് എന്നോളം ബോധവാനായ മറ്റാരും ഉണ്ടാകുമെന്ന് തോന്നുന്നില്ല’. സംഘ്പരിവാര ഫാസിസ്റ്റുകൾ ചരിത്രത്തിൽ ചതിക്കുഴികൾ നിർമ്മിക്കുകയാണ്. ഗാന്ധിജിയെ 1948 ജനുവരി മാസം 30ന് സായാഹ്നത്തിൽ നാഥുറാം വിനായക് ഗോഡ്സെ എന്ന സംഘ്പരിവാര ഭക്തനിലൂടെ വെടിവച്ച് കൊന്നവരാണ് ഇന്ന് ഗാന്ധിയുടെ അനുഗാമിയായി നരേന്ദ്രമോഡിയെ പ്രഖ്യാപിക്കുന്നത്. 2002ൽ ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെ വംശഹത്യാ പരീക്ഷണത്തിലൂടെ ഒരു മതത്തിൽ പിറന്നുപോയതിന്റെ പേരിൽ രണ്ടായിരത്തിലേറെ മനുഷ്യരെ നിഷ്ഠുരമായി കൊന്നുതള്ളിയ നരേന്ദ്രമോഡിയെയാണ് ഗാന്ധിജിക്ക് ശേഷമുള്ള മതനിരപേക്ഷ ചിന്തകനെന്ന് രാജ്നാഥ് സിങ് ഉൾപ്പെടെയുള്ള സംഘ്പരിവാര ശക്തികൾ വിശേഷിപ്പിക്കുന്നത്. ഹിറ്റ്ലർ ആയിരിക്കണം മാതൃക എന്ന് ‘വിചാരധാര’യിലൂടെ ആഹ്വാനം ചെയ്ത മാധവ് സദാശിവ് ഗോള്‍വാൾക്കറുടെ അനുചരനാണ് നരേന്ദ്രമോഡി.
വിഘടിപ്പിച്ചും ഭിന്നിപ്പിച്ചും ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ പരിണിത ഫലമായി വർഗീയ ലഹളകൾ അരങ്ങേറുമ്പോൾ ‘ഈശ്വര്‍ അള്ളാ തേരെ നാം, സബ്കോ സൻമതി ദേ ഭഗവാൻ’ എന്നുപാടി, ചോരപ്പുഴകൾ ഒഴുകിയ മണ്ണിലൂടെ മുട്ടോളമെത്തുന്ന മുണ്ടുമുടുത്ത് മുട്ടൻ വടിയും പിടിച്ച് രാമനും റഹിമും ഒന്നുതന്നെ എന്ന് പറഞ്ഞുനടന്ന ഗാന്ധിജിയെവിടെ വംശഹത്യ പരീക്ഷണം നടത്തിയ നരേന്ദ്രമോഡി എവിടെ. ഇന്ത്യ ഹിന്ദുവിന്റെ രാഷ്ട്രമാണ് ഹിന്ദുവെന്നാൽ രക്തവിശുദ്ധിയുള്ള ഹിന്ദുവാണ് എന്ന് പ്രഖ്യാപിച്ച ഗോള്‍വാൾക്കറുടെ വക്താവും പ്രയോക്താവുമാണ് നരേന്ദ്രമോഡി. രക്തവിശുദ്ധിയുള്ള ഹിന്ദു, ആര്യന്മാരുടേതാണ് എന്നു പറഞ്ഞ ഗോള്‍വാൾക്കർ മനുസ്മൃതി രാജ്യത്തിന്റെ ഭരണഘടനയാകണമെന്നും വാദിച്ചു. മനുവാണ് മനുഷ്യനെ നാലായി വിഭജിച്ചത്. ആ സിദ്ധാന്തമാണ് ഇന്നും നരേന്ദ്രമോഡിയും സംഘ്പരിവാര ശക്തികളും ഉയർത്തിപ്പിടിക്കുന്നത്. ഗാന്ധിജി ആ പക്ഷത്തായിരുന്നില്ല. ഗാന്ധിജി, എല്ലാ മനുഷ്യരെയും ഒരുമിപ്പിക്കുന്ന മതനിരപേക്ഷതയുടെ രാഷ്ട്രത്തെയാണ് മുന്നിൽ കണ്ടത്. 1827ൽ, 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് മുമ്പ് കവി മിർസ അസദുള്ള ഖാൻ ഗാലിബ് രചിച്ച, ചിരാഗ് — ഈ — ദൈർ (അമ്പലവിളക്കുകൾ) എന്ന കവിതയിലെ അനശ്വരമായ വരികളിങ്ങനെ:
‘രാവൊന്നിൽച്ചൊല്ലി ഞാനൊരാദിമ ശുദ്ധിയോലും ഋഷിയോട്
(ഭ്രമണം ചെയ്യും കാലത്തിൻ രഹസ്യമറിവോൻ)
അറിയാമങ്ങേക്ക് നയവിശ്വാസങ്ങൾ
ചാരിത്ര്യബോധം പ്രേമമിവകളും
ഒഴിഞ്ഞുപോയ്ക്കഴിഞ്ഞീ കഷ്ടഭൂമിയിൽ നിന്നും
മുറുക്കുന്നു മുഷ്ടികൾ പരസ്പരം
പിതാവും പുത്രനും കഴുത്തിൽ;
ഭ്രാതാക്കളോ പോരടിക്കുന്നു. ഐക്യം,
സംയോജിതാവസ്ഥയെല്ലാം മണ്ണടിഞ്ഞു.
അവലക്ഷണങ്ങളിവ കാൺകിലും
വരാത്തതെന്ത് വിനാശത്തിൻ നാൾ?
കേൾക്കാത്തതെന്തിന്നന്ത്യ കാഹളം?
ഒടുക്കത്തെയാം ദുരന്തത്തിൻ കടിഞ്ഞാണേന്തുവതാർ?’
ദുരന്തത്തിൻ കടിഞ്ഞാണേന്തുവോർ ആരാണ് എന്ന് വർത്തമാനകാല ഇന്ത്യ തിരിച്ചറിയുന്നുണ്ട്. അവരെയാണ് ഗാന്ധിജിയുടെ വക്താക്കളായി സംഘ്പരിവാര ശക്തികൾ അവതരിപ്പിക്കുന്നത്. രാമനവമിയുടെയും ഹനുമാൻ ജയന്തിയുടെയും പേരിൽ ആസൂത്രിതമായി വർഗീയ ലഹളകൾ സൃഷ്ടിച്ചവർ, വർഗീയ ലഹളകളുടെ നാളുകളിൽ നവഖാലിയിലെ രക്തപ്പുഴത്തീരങ്ങളിൽ മതനിരപേക്ഷതയ്ക്കുവേണ്ടി യാചിച്ചു നടന്ന മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ചരിത്രത്തെ വക്രീകരിക്കുന്നതിലൂടെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരാണ് ആർഎസ്എസ്. ആന്തമാൻ നിക്കോബാർ ദീപിലെ സെല്ലുലാർ ജയിലിൽ ബ്രിട്ടീഷ് സായിപ്പിന്റെ ചെരിപ്പ് നക്കി മാപ്പ് എഴുതിക്കൊടുത്ത് വിമോചിതനായ വി ഡി സവർക്കറെ ആദരിക്കുകയും അദ്ദേഹത്തിന്റെ പ്രതിമകൾ സൃഷ്ടിക്കുകയും ചെയ്യുന്ന കൂട്ടരാണ് ആർഎസ്എസുകാർ. ആർഎസ്എസിന്റെ സ്ഥാപക സംഘചാലകായ ഹെഡ്ഗേവാർ എന്തിന് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നു, ബലിദാനികളാകുന്നു, ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് രാഷ്ട്രത്തെ സേവിക്കൂ… എന്നു പറഞ്ഞ വ്യക്തിയാണ്. തൊട്ടടുത്ത സർസംഘ്ചാലക് ഗോള്‍വാൾക്കറും അതുതന്നെ ആവർത്തിച്ചു.


ഇതുകൂടി വായിക്കു; ‘ഗാന്ധി’യില്ലാതെന്ത് കോണ്‍ഗ്രസ്!


സ്വതന്ത്ര ഇന്ത്യയുടെ സുപ്രഭാതം പുലരുന്ന വേളയിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ പ്രസംഗം വികാരഭരിതവും വിവേകപൂർണവുമായിരുന്നു. ‘നാഴികമണി അർധരാത്രി 12 അടിക്കുമ്പോൾ, ലോകം നിദ്രയിൽ അമർന്നിരിക്കുമ്പോൾ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും. ഇതാണ് ചരിത്രത്തിൽ ദുർലഭമായി മാത്രം വന്നുചേരുന്ന മുഹൂർത്തം, നാം പഴയതിൽ നിന്ന് ഇറങ്ങി പുതിയതിലേക്ക് കടക്കുന്ന സന്ദർഭം, ഒരു യുഗാന്ത്യം. ഏറെക്കാലമായി അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് വാക്കുകൾ കണ്ടെത്തുന്ന നിമിഷം’. ആ നിമിഷങ്ങളിൽ ഗാന്ധിജി ഇന്ത്യാ വിഭജനവേളയിലെ വർഗീയ കലാപഭൂമികളിൽ ശാന്തിസന്ദേശവുമായി സഞ്ചരിക്കുകയായിരുന്നു. ആ ഗാന്ധിജിയെവിടെ, വർഗീയ ലഹളകളും വംശഹത്യ പരീക്ഷണങ്ങളും ആസൂത്രണം ചെയ്യുന്ന, അവതരിപ്പിക്കുന്ന നരേന്ദ്രമോഡി എവിടെ. ജനാധിപത്യത്തെയും നിയമവാഴ്ചയെയും വ്യക്തിസ്വാതന്ത്ര്യത്തെയും സാംസ്കാരിക പൈതൃകത്തെയും കുറിച്ച് സുചിന്തിതതമായി എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്ത മഹാരഥനായിരുന്നു ഗാന്ധിജി.

‘ജനാധിപത്യം, നിയമവാഴ്ച, വ്യക്തിസ്വാതന്ത്ര്യം, സാമുദായിക ബന്ധങ്ങൾ, സാംസ്കാരിക വൈവിധ്യം എന്നിവകൊണ്ട് മാന്ത്രികത ചമയ്ക്കുന്ന ഒരു ബഹുസ്വര സമൂഹമാണ് ഇന്ത്യ. ഒരു ബുദ്ധിജീവിയായിരിക്കാൻ പറ്റിയ ഇടം! ഇന്ത്യയെ വീണ്ടും കണ്ടെത്താനായി ഒരു പത്തുതവണ കൂടി ജനിക്കുന്നതിലും എനിക്ക് എതിർപ്പൊന്നുമില്ല’- റോബർട്ട് ബ്ലാക്‌വെൽ എഴുതിയ വരികളാണിത്. ഗാന്ധിജി ഇന്ത്യയെ കണ്ടെത്തിയത് ബ്ലാക്‌വെല്ലിന്റെ വരികളിലൂടെ നാം തിരിച്ചറിയുകയാണ്. പണ്ഡിറ്റ് നെഹ്രു ഇന്ത്യയെ കണ്ടെത്തൽ എന്ന ഗ്രന്ഥത്തിലൂടെയും നമ്മുടെ രാജ്യത്തിന്റെ സവിശേഷമായ സാംസ്കാരിക പാരമ്പര്യം പറഞ്ഞുതരുന്നുണ്ട്. ഗാന്ധിജിയുടെ ആത്മകഥ വായിച്ചാൽ ഇന്ത്യ വളർന്നുകയറിയ പന്ഥാവുകളുടെ മഹനീയ ചരിത്രവും തിരിച്ചറിയാനാകും. നരേന്ദ്രമോഡിയെ ഗാന്ധിജിയുടെ പിൻഗാമിയായി പ്രഖ്യാപിക്കുന്നവർ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ കോലം സൃഷ്ടിച്ച് കളിത്തോക്കിലൂടെ വെടിയുണ്ടകൾ വർഷിച്ച കൂട്ടരാണ്. നാഥുറാം വിനായക് ഗോഡ്സെയാണ് ഏറ്റവും വലിയ ദേശാഭിമാനിയെന്നും ഗാന്ധിജി രാജ്യദ്രോഹി എന്നും പ്രഖ്യാപിച്ച പ്രഗ്യാ സിങ് ഠാക്കൂറിനെ അനുഗ്രഹിച്ച് ആശീർവദിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി. അയാൾ എങ്ങനെ ഗാന്ധിജിയുടെ അനന്തരഗാമിയാകും. ഹാ! കഷ്ടം. ചരിത്രം ഈ ദുഷ്ടശക്തികളെ നോക്കി അപഹസിക്കുകതന്നെ ചെയ്യും.

Exit mobile version