കഠിനംകുളം പഞ്ചായത്ത് ഓഫീസിനടുത്ത് ദേവദാസന്‍ എന്നൊരു കള്ളനുണ്ടായിരുന്നു. വീടുകളുടെ അടുക്കളഭാഗം പൊളിച്ച് മോഷണം നടത്തുന്ന വീരന്‍. വീട്ടില്‍ വന്‍ സ്വര്‍ണാഭരണശേഖരമുണ്ടെങ്കിലും അവയിലൊന്നും തൊടില്ല. പുലര്‍ച്ചെ നാലുമണിയോടെയാണ് മോഷണം. അപ്പോഴേയ്ക്കും അടുക്കളയില്‍ പഴങ്കഞ്ഞി പാകമായിക്കഴിഞ്ഞിരിക്കും. തലേന്നത്തെ കപ്പയും മീനുമായി പഴങ്കഞ്ഞി മൊത്തിമൊത്തി കുടിക്കും. അതുകഴിഞ്ഞ് അടുപ്പില്‍ നിന്നും കരിക്കട്ടയെടുത്ത് ചുവരില്‍ എഴുതിവയ്ക്കും, ‘മീനിന് ഉപ്പും പുളിയും പോര, കപ്പ വളിച്ചുപോയി’ എന്നൊക്കെ. പരമരസികനായ കള്ളന്‍ ദേവദാസനെ നാട്ടുകാര്‍ പിടികൂടി പരസ്യവിചാരണ നടത്തുമ്പോള്‍ ആ പഴങ്കഞ്ഞികള്ളന്‍ നിലത്തുനോക്കി പാടും, ‘ചോളീ കേ പീഛേ ക്യാ ഹേ, ചോളീ കേ നീഛേ ക്യാഹെെ.’ അതല്ലെങ്കില്‍ ‘ഹം തും ഏക് കമരേ മേം ബന്ധ് ഹോ.’ പാട്ടിന്റെ അര്‍ത്ഥമറിയാവുന്ന പെണ്ണുങ്ങള്‍ പറയും, അവനെയങ്ങ് വിട്ടേരെ. അവന്‍ തെറിപ്പാട്ടുപാടുന്നു! ദേവദാസന്റെ നമ്പര്‍ വിജയിച്ചു. മോഷണത്തില്‍ നിന്നു ശ്രദ്ധതിരിക്കാനുള്ള പാട്ട് ഏശി. ബന്ധനസ്ഥനായ ദേവദാസന്‍ മോചിതനാവുന്നു. നാട്ടുകാര്‍ സ്ഥിരമായി അറസ്റ്റ് ചെയ്തതോടെ തസ്കരശ്രീ പഴങ്കഞ്ഞി ദേവദാസന്‍ തെലങ്കാനയിലേക്ക് കടന്നു, കേരളം മോഷണ സൗഹൃദ സംസ്ഥാനമല്ലെന്ന ആരോപണവുമായി. പിന്നീടൊരിക്കല്‍ അയാള്‍ നാടുകാണാനെത്തി. പാന്റ്സും ഈഗിള്‍ എര്‍ത്ത് ഷര്‍ട്ടും റാഡോ വാച്ചുമെല്ലാം ധരിച്ച് ബഹുകുട്ടപ്പനായി. തെലങ്കാനയാണ് മോഷണ സൗഹൃദ സംസ്ഥാനമെന്ന് നാട്ടുകാരോടും വീട്ടുകാരോടും വാര്‍ത്താസമ്മേളനം. ഇതിനിടെ ദേവദാസന്‍ പറഞ്ഞത് മോഷണത്തില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ താന്‍ പാട്ടുപാടിയതാണ് ഈ ഐശ്വര്യത്തിനെല്ലാം കാരണമെന്നായിരുന്നു.
ഇതുപോലൊരു ദേവദാസന്‍ രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഡല്‍ഹിയിലിരുന്നു പാടുന്നു. രാഷ്ട്രപതിഭവനും പാര്‍ലമെന്റ് ഹൗസുമൊഴികെ എല്ലാം വിറ്റുതുലച്ച മോഡി. എട്ട് ലക്ഷം കോടി ആസ്തിയുള്ള ഭാരത് പെട്രോളിയം വിറ്റത് അറുപതിനായിരം കോടിയുടെ ആക്രിവിലയ്ക്ക്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, വിമാനകമ്പനികള്‍ എന്തിന് രാഷ്ട്രപതി ഭവന്‍ വൃത്തിയാക്കിയ കുറ്റിച്ചൂലുകള്‍ വരെ ലേലത്തില്‍ വച്ചിരിക്കുന്നു. പണ്ടൊരിക്കല്‍ പ്രധാനമന്ത്രി നെഹ്രുവും അന്ന് എയര്‍ ഇന്ത്യാ മുതലാളിയായിരുന്ന ജെആര്‍ഡി ടാറ്റയും ഒന്നിച്ചുള്ള സന്ദര്‍ഭത്തില്‍ രണ്ടുപേര്‍ക്കും മൂത്രശങ്കതോന്നി ശുചിമുറിയില്‍ കയറി. ടാറ്റയാകട്ടെ നെഹ്രുവില്‍ നിന്നും ഏറെയകലെ മാറി കാര്യം സാധിച്ചു. നെഹ്രു ചോദിച്ചു, ടാറ്റയെന്തേ ഇത്ര അകലെ മാറിയത്? അതു ‘വലിയ സ്ഥാപനങ്ങള്‍’ ഏതു കണ്ടാലും ദേശസാല്കരിച്ചുകളയുന്ന ശീലമാണല്ലോ നെഹ്രുജിക്ക്. ദേശസാല്കരണം പേടിച്ച് അകലെനിന്നു കാര്യം സാധിച്ചെന്നേയുള്ളു. പതിറ്റാണ്ടുകള്‍ കഴിഞ്ഞ് ചരിത്രം ആവര്‍ത്തിച്ചു. ടാറ്റയുടെ മകന്‍ രത്തന്‍ ടാറ്റയും പ്രധാനമന്ത്രിയും ഒന്നിച്ച് മൂത്രപ്പുരയില്‍ കയറി. പുറത്തിറങ്ങിയപ്പോള്‍ ടാറ്റയോട് മോഡി പറഞ്ഞു; വലിയ സ്ഥാപനമായ എയര്‍ ഇന്ത്യ താങ്കള്‍ക്കിരിക്കട്ടെ. സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍ അതാണെന്റെ മുദ്രാവാക്യം. ഒരു തീപ്പെട്ടി കമ്പനി അല്ലെങ്കില്‍ ഒരു ചന്ദനത്തിരിഫാക്ടറി. അതു നടത്താനുള്ള ത്രാണിയേ തനിക്കുള്ളൂവെന്ന് മോഡി. അങ്ങനെയങ്ങിനെ നാടിനെ കച്ചവടച്ചരക്കാക്കുന്ന പ്രധാനമന്ത്രിയുടെ കിങ്കരന്മാര്‍ സമരം ചെയ്യുന്ന കര്‍ഷകരെ വാഹനം കയറ്റി കൊന്നൊടുക്കുന്നു. ന്യൂനപക്ഷഹത്യകളും ശിശു ബലാല്‍സംഗങ്ങളും നാട്ടുനടപ്പാക്കുന്നു.
രാജ്യമാകെ ഒരിറ്റുവറ്റിനു വേണ്ടി നിലവിളിക്കുമ്പോള്‍ മോഡി പുരപ്പുറത്തു കയറി പ്രഖ്യാപിക്കുന്നു. ഇന്ത്യയെ ലോകമഹാശക്തിയാക്കിക്കളയുമെന്ന്. ഈ പ്രഖ്യാപനം വന്നയന്നുതന്നെ ലോകരാഷ്ട്രങ്ങളുടെ പട്ടിണിക്കണക്കും വരുന്നു. പട്ടിണി ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്ത്യക്കു നൂറ്റിയൊന്നാം സ്ഥാനം. ബംഗ്ലാദേശും പാകിസ്ഥാനും നേപ്പാളും ശ്രീലങ്കയുമടക്കമുള്ള അയല്‍രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ ഭക്ഷ്യസമൃദ്ധം. പപ്പുവന്യുഗിനിയ, സോമാലിയ, ചാഡ്, പി വി അന്‍വര്‍, സ്വര്‍ണഖനനത്തിനു പോയ സിയറാ ലിയോണ്‍, കോംഗോ തുടങ്ങിയ രാജ്യങ്ങളെപ്പറ്റി നാം കേട്ടിട്ടുണ്ടോ. ഒരു കഷണം റൊട്ടിക്കു വേണ്ടി കലാപങ്ങള്‍ നടക്കുന്ന രാജ്യങ്ങള്‍. അന്നത്തിനു വേണ്ടി കൊള്ളയും കൊലയും അക്രമങ്ങളും നടമാടുന്ന ആ ആഫ്രിക്കന്‍ പ്രാകൃതരാജ്യങ്ങള്‍ക്കു കൂട്ടായി ഇന്ത്യയും. എന്നിട്ടും മോഡി വീമ്പിളക്കുന്നു ഇന്ത്യയെ ഒന്നാമത്തെ സൂപ്പര്‍ പവര്‍ ആക്കിക്കളയുമെന്ന്. പക്ഷേ മോഡിയുടെ പിത്തലാട്ടങ്ങളില്‍ വീഴാതെ ജനത ഒന്നടങ്കം അങ്കത്തട്ടിലിറങ്ങിക്കഴിഞ്ഞു; മരിക്കാന്‍ ഞങ്ങള്‍ക്കു മനസില്ല എന്ന പോര്‍വിളിയോടെ. ഗതികെട്ടപ്പോള്‍ മോഡി പഴങ്കഞ്ഞിക്കള്ളന്‍ ദേവദാസന്റെ വേഷം എടുത്തണിഞ്ഞ് ജനത്തിന്റെ ശ്രദ്ധതിരിക്കാന്‍ ‘ചോളീ കേ പീഛേ ക്യാഹെെ’ പാടുന്നു. ചെെനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിച്ചു കീഴടക്കാന്‍ ശ്രമിക്കുന്നുവെന്ന്. ഇന്ത്യ ഒന്നിച്ചു നില്‍ക്കണമെന്ന്. ഏതു നിമിഷവും പാകിസ്ഥാനെതിരെ സര്‍ജിക്കല്‍ ആക്രമണം നടത്തുമെന്ന്. പക്ഷേ ഒന്നും ഏശുന്നില്ല. ഇതിനപ്പുറം പുതിയ നമ്പരുകള്‍ എടുക്കാനുമാവാതെ പുളയുന്ന അഭിനവ പഴങ്കഞ്ഞി ദേവദാസന്‍.
ഞങ്ങളുടെ നാട്ടില്‍ ഡാനിയല്‍ പീറ്റര്‍ എന്നൊരാളുണ്ടായിരുന്നു. സാമാന്യം ധനികന്‍. ഹോബിയായി കോഴിവളര്‍ത്തല്‍. ആഴ്ചയിലൊരിക്കല്‍ പൊരിച്ചുതിന്നാന്‍ ഒരു കോഴി. കോഴിവളര്‍ത്തലിന്റെ അടിസ്ഥാനസൗകര്യ വികസനമായി പത്തായം പോലുള്ള ഒരു ഭീമന്‍ കോഴിക്കൂടും നിര്‍മ്മിച്ചു. കോഴിവളര്‍ത്തല്‍ കൊണ്ടുകയറുന്നതിനിടെ ഒരു ദിവസം ഒന്നൊഴിയാതെ എല്ലാ കോഴികളേയും കുഞ്ഞുങ്ങളേയും ചാക്കിലാക്കി കള്ളന്മാര്‍ കടന്നു. ഉണര്‍ന്നെണീറ്റ് ഡാനിയല്‍ പീറ്റര്‍ നിലവിളിച്ചു; എന്റെ കോഴിയെ കൊണ്ടുപോണ കള്ളോ, കൂടും കൂടി എടുത്തോണ്ടുപോടോ. കോഴിയില്ലാതെ കൂടെന്തിനെന്ന് ഡാനിയല്‍ പീറ്ററിന്റെ അടിസ്ഥാനസൗകര്യ വികസനചിന്ത. എന്നാല്‍ വല്ലഭന് പുല്ലും ആയുധമെന്നു പറയുമ്പോലെ കോഴിക്കൂടും അഴിമതിക്കുള്ള ആയുധമായാലോ, കോഴിക്കോട്ടു നിന്നാണ് കോഴിക്കൂട് അഴിമതിയുടെ വാര്‍ത്ത വരുന്നത്. പാവങ്ങള്‍ക്ക് കോഴിക്കൂടുകളും കോഴിക്കുഞ്ഞുങ്ങളേയും നല്കാനുള്ള പദ്ധതിയില്‍ ഉദ്യോഗസ്ഥര്‍ കയ്യിട്ടു വാരിയെന്നാണ് വാര്‍ത്ത. പൊന്നുകൊണ്ടുണ്ടാക്കിയ കോഴിക്കൂടുകള്‍ പോലെയായിരുന്നു ചെലവ്. ഒടുവില്‍ പിടിവീണു. പിച്ചച്ചട്ടിയില്‍ നിന്നു കയ്യിട്ടുവാരിയ ഉദ്യോഗസ്ഥശിരോമണികള്‍ ലാവണത്തിനു പുറത്തുമായി. അടിസ്ഥാനസൗകര്യവികസനത്തില്‍ നിന്നു കക്കല്‍ നടത്തിയവരുടെ കൂടു തങ്ങള്‍ക്കു വേണ്ടെന്ന് പട്ടിണിപ്പാവങ്ങളായ ഉപഭോക്താക്കള്‍. ഇനി പൊന്മുട്ടയിടുമെന്നു പറഞ്ഞു തരാനിരിക്കുന്ന കോഴിക്കുഞ്ഞുങ്ങളെയും അവര്‍ക്കുവേണ്ട.
മഹാന്മാരുടെയും പുണ്യനദികളുടെയും ഉത്ഭവസ്ഥാനം തിരയരുതെന്നാണ് പ്രമാണം. അല്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രി കുടപിടിക്കുമെന്ന ചൊല്ലു വേറെ. പക്ഷേ മഹാന്മാര്‍ക്കു ചിലപ്പോള്‍ സ്വയംതന്നെ സംശയം തോന്നാറുണ്ട്, ഞാന്‍ അത്ര മഹാനാണോ. നമ്മുടെ കെ സി വേണുഗോപാലിനെപ്പോലെ. കേരള രാഷ്ട്രീയത്തില്‍ ഒറ്റാലും തെറ്റാലിയുംകൊണ്ട് കളിച്ചുനടന്ന വേണുവിന്റെ ജാതകമങ്ങ് ഒരു ദിവസം ശുക്രദശയിലേയ്ക്ക് മാറി. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവായതുപോലെ കോണ്‍ഗ്രസിന്റെ സംഘടനാകാര്യ ജനറല്‍സെക്രട്ടറിയും പ്രവര്‍ത്തകസമിതി അംഗവും രാജസ്ഥാന്‍ മണലാരണ്യത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമൊക്കെയായപ്പോള്‍ സോണിയയുടെയും രാഹുലിന്റെയും പ്രിയങ്കയുടെയും കുശിനിപ്പണിക്കാരനായിരുന്ന വേണുവിന് ഒരു സംശയം, താന്‍ ഒരു മഹാനായോ. ആയി, പിന്നല്ലാതെ. ഇനി രമേശിനെയും ഉമ്മന്‍ചാണ്ടിയെയും പാരവച്ചു ശിഷ്ടജീവിതമായല്ലോ. ഉമ്മന്‍ചാണ്ടിയും സുധീരനും രമേശുമുണ്ടോ വിടുന്നു. വേണുവിന്റെ മഹാന്‍ പട്ടം തന്നെ വാഗ്വാദ വിഷയമായപ്പോള്‍ വേണുവിനു പിന്നെയും ആശയക്കുഴപ്പം. അല്ല, താന്‍ മഹാനല്ലേ. ഉടന്‍ വാര്‍ത്താസമ്മേളനം. മാധ്യമശിങ്കങ്ങള്‍ വാ പൊളിച്ചിരിക്കവേ വേണു തന്റെ മഹത്വവര്‍ണന തുടങ്ങി, മാനത്തൂന്നെങ്ങാനും പൊട്ടിവീണതല്ല ഞാന്‍, ഭൂമിയില്‍ നിന്നും മുളച്ചുവന്നതല്ല ഞാന്‍. അധ്വാനിച്ചാണ് താന്‍ ഈ നിലയിലെത്തിയത്. അധ്വാനം സോണിയയുടെ അടുക്കളപ്പണിയാണോ എന്ന് ആരും ചോദിച്ചില്ല. മഹത്വപ്പട്ടം നെറ്റിയില്‍ ചാര്‍ത്തി വേണു വീണ്ടും പാരപണിയുന്നു. മഹാന്മാരുടെ ഉത്ഭവസ്ഥാനം തിരയരുതെന്ന് പഴമക്കാര്‍ പറഞ്ഞതെന്തു ശരി. സ്വയം എടുത്തണിയുന്ന മഹത്വത്തിന്റെ ഓരോ അനര്‍ത്ഥങ്ങളേ.