പണ്ടൊരു സിനിമയിൽ ഇന്നസെന്റ് ചോദിച്ചതുപോലെ ന്താപ്പോയിവിടെ യ്ണ്ടായേ, ഇന്നെന്താ വിഷ്വാ (വിഷുവാണോ) എന്നതുപോലയാണ് കോൺഗ്രസിലെ ഇപ്പോഴത്തെ സ്ഥിതി. മുഖ്യമന്ത്രി സ്ഥാനത്തിന് കോൺഗ്രസിൽ അടിപിടിയെന്നാണ് വാർത്ത. ആദ്യം കേട്ടത് കോൺഗ്രസിൽ പുനഃസംഘടന നടക്കാൻ പോകുന്നു എന്നാണ്. സുധാകരൻ മാറിയാൽ ആര് വരും, സതീശൻ പിടിമുറുക്കുന്നു, ചെന്നിത്തല കുപ്പായമിട്ട് നടക്കുന്നു, വേണുഗോപാൽ ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് അനന്തപുരിയിലേക്ക് വിമാനം കയറുന്നു, പ്രായാധിക്യമുണ്ടെങ്കിലും സുധാകരൻ ഒരങ്കത്തിനുകൂടി കച്ച മുറുക്കുന്നു, തിരുവഞ്ചൂരിനും തിരുമനസുണ്ട്, നിർബന്ധിച്ചാൽ ഞാനുമുണ്ടെന്ന് മുരളീധരൻ അടുപ്പക്കാരോട് പറഞ്ഞിരിക്കുന്നു. എന്നിങ്ങനെ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എന്തൊക്കെ വാർത്തകളായിരുന്നു. ഇതെന്തത്ഭുതം. പെട്ടെന്ന് കോൺഗ്രസ് പുനഃസംഘടന മാറി മുഖ്യമന്ത്രി സ്ഥാനമെന്നായിരിക്കുന്നു.
ഇവിടയാണ് ചില സംശയങ്ങൾ ഉണ്ടാകുന്നത്. കൂടോത്രം പതിവായ കോൺഗ്രസിനെ ഏതോ കൈനോട്ടക്കാരൻ പറ്റിച്ചിരിക്കുകയാണോ. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫാണ് കേരളം ഭരിക്കുക എന്നാണത്രെ കൈനോട്ടക്കാരന്റെ പ്രവചനം. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പറന്ന പ്രസ്തുത പ്രവചനം കേട്ട പ്രമുഖരെല്ലാം കോൺഗ്രസിന്റെ പുനഃസംഘടന പോട്ടെ, എങ്ങനെയെങ്കിലും മുഖ്യമന്ത്രിക്കസേര വരട്ടെ എന്ന ചിന്തയിലേക്ക് മാറിയിരിക്കുന്നു.
എന്നാൽ അവിടെയും മലയാളിക്ക് ആസ്വദിക്കാൻ വെടിക്കെട്ടും പുകയും തന്നെ. പുനഃസംഘടനയിൽ പറഞ്ഞുകേട്ട എല്ലാ പേരുകളും ഇവിടെയുമുണ്ട്. പക്ഷേ കളിക്കളത്തിന് മാറ്റമുണ്ട്. സാമുദായിക സംഘടനകളും അവരുടെ ആസ്ഥാനങ്ങളുമാണ് പുതിയ കളിക്കളം. പാർട്ടി പുനഃസംഘടനയിൽ ഗ്രൂപ്പുകൾ, ഹൈക്കമാൻഡ്, കെപിസിസി എന്നിവയ്ക്കാണ് സ്ഥാനം. അണികൾക്കാകട്ടെ ഒരു സ്ഥാനവുമില്ല.
താനാണ് നല്ല എൻഎസ്എസുകാരൻ എന്ന സർട്ടിഫിക്കറ്റ് കിട്ടാൻ ചെന്നിത്തല പരക്കം പായുന്നു. ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ വി ഡി സതീശന്‍ ഓടെടാ ഓട്ടം. വെള്ളാപ്പള്ളിയെ വാഴ്ത്താൻ മറ്റുള്ളവരുടെ മത്സരം. ഒരു കോൺഗ്രസ് നേതാവ് വെള്ളിയാഴ്ചകളിൽ മുസ്ലിം പള്ളികൾക്ക് മുന്നിൽ കാവലാണെന്നും പറയപ്പെടുന്നു. വേണുഗോപാലിനും ആഗ്രഹമുണ്ട്, ഡൽഹിയിൽ വിമാനം റെഡിയാക്കി വച്ചിരിക്കുകയുമാണ്. പക്ഷേ ഹൈക്കമാൻഡ് വിടുന്നില്ല. ഹൈക്കമാൻഡ് സമ്മതിക്കാതിരിക്കാൻ മതിയായ കാരണമുണ്ട്. ഡൽഹി ഉൾപ്പെടെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനുണ്ട്. അവിടെയെല്ലാം ഇന്ത്യ സഖ്യത്തെ ഛിന്നഭിന്നമാക്കി കോൺഗ്രസ് തോൽവി ഉറപ്പിക്കണമെങ്കിൽ വേണുവിന് തന്നെ ചുമതല കൊടുക്കണമെന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ട് വേണുവിനെ അവർ വിടുമെന്ന് തോന്നുന്നില്ല.
അടുത്ത തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് ഡൽഹി നിയമസഭയിലേക്കാണ്. ഒന്നര വർഷമെങ്കിലുമുണ്ട് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കാൻ. അപ്പോഴും എൽഡിഎഫ് തന്നെ വരുമെന്നാണ് രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം തെളിയിക്കുന്നത്. അടുത്തിടെ നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ വിധിയെഴുത്തിൽ എൽഡിഎഫ് സർക്കാരിന് എതിരായ ജനവികാരമില്ലെന്ന് നേരിട്ടനുഭവിച്ചിട്ടും കൈനോട്ടക്കാരന്റെ പ്രവചനത്തിന് പിറകേ തമ്മിലടിക്കുന്ന കോൺഗ്രസ് എന്നത് അദ്ഭുത പ്രതിഭാസം തന്നെ. ഇനി കൈനോട്ടക്കാരൻ വേറെയെവിടെയെങ്കിലും കോൺഗ്രസ് ജയിക്കുമെന്ന് പറഞ്ഞത് കോൺഗ്രസുകാർ കേരളമെന്ന് തെറ്റി കേട്ടുപോയതാണോ. മോഡി കുവൈറ്റിൽ എന്ന വാർത്ത എല്ലാ പത്രങ്ങളിലും വായിച്ചപ്പോൾ അതിലെന്താണിത്ര പുതുമയെന്നാണ് തോന്നിയത്. ജൂണിലാണ് മോഡി മൂന്നാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനുശേഷം അദ്ദേഹം സന്ദർശിക്കുന്ന 13-ാമത്തെ രാജ്യമാണ് കുവൈറ്റ്. അതിന് മുമ്പ് അദ്ദേഹം ഗയാന, ബ്രസീൽ, നൈജീരിയ, റഷ്യ (രണ്ടുതവണ), ലാവോസ്, യുഎസ്, സിങ്കപ്പൂർ, ബ്രൂണേ, ഉക്രെയ്ൻ, പോളണ്ട്, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങൾ ജൂണിന് ശേഷം സന്ദർശിക്കുകയുണ്ടായി. അങ്ങനെയൊരു പ്രധാനമന്ത്രിയെ കിട്ടിയ നാം ഭാഗ്യവാന്മാരാണ്.
അതുകൊണ്ട് മോഡി ഇന്ത്യയിൽ എന്നോ മോഡി പാർലമെന്റിൽ എന്നോ ആയിരുന്നു വാർത്തയെങ്കിൽ അതിൽ പുതുയുമുണ്ടായിരുന്നു. ഡൽഹിയിൽ ഉള്ളപ്പോഴും പാർലമെന്റിലെത്തുകയെന്നത് എന്തോ പാതകം ചെയ്യുന്നതുപോലെയാണ് അദ്ദേഹത്തിന്. വരുന്നതാകട്ടെ വാചാടോപങ്ങൾക്കും. ഒന്നര വർഷമായി വംശീയസംഘർഷങ്ങൾ നടക്കുന്ന മണിപ്പൂരിൽ പോയി ജനങ്ങളെ ആശ്വസിപ്പിക്കാൻ പോലും തയാറാകാതിരുന്ന അദ്ദേഹമാണ് രാജ്യങ്ങൾ ചുറ്റി സഞ്ചരിക്കുന്നത്. പക്ഷേ കുവൈറ്റിലും അദ്ദേഹത്തിന് പരമോന്നതന്റെ പദവി കിട്ടി. നമ്മുടെ പ്രധാനമന്ത്രി ചെല്ലുന്ന രാജ്യങ്ങളിലെല്ലാം പരമോന്നതനാകുന്നത് ഓരോ ഇന്ത്യക്കാരനെയും അഭിമാന പൂരിതനാക്കുന്നതാണല്ലോ. പാക്ക് തൂക്കുക എന്നതിന് പല അർത്ഥങ്ങളുണ്ട്. ചിലേടങ്ങളിൽ പെട്ടി തൂക്കുക എന്നും പ്രയോഗമുണ്ട്. ഒരാൾ ബാഗ് അഥവാ സഞ്ചി തൂക്കി നടക്കുക എന്നതാണ് അതിന്റെ സ്വാഭാവികമായ അർത്ഥം. എന്നാൽ ഉന്നത സ്ഥാനത്തിരിക്കുന്നവരെ പ്രീണിപ്പിക്കുന്നതിന് അവരുടെ ബാഗുകൾ തൂക്കാൻ തിരക്കു കൂട്ടുന്നതിനെയും അതുവഴി കാര്യസാധ്യം നടത്തുന്നതിനെയും ഇപ്പോൾ പരക്കേ അറിയപ്പെടുന്നത് പാക്ക് തൂക്കുക എന്നതാണ്. ഇന്നയാളുടെ പാക്ക് തൂക്കിയാണ് അവൻ കാര്യം സാധിച്ചത്, അയാളുടെ പാക്ക് തൂക്കാൻ എന്തൊരു തിരക്കാണ് എന്നിങ്ങനെ പ്രയോഗങ്ങൾ പലവിധം.
എന്നാൽ ഇപ്പോൾ പാക്ക് അഥവാ സഞ്ചി അഥവാ ബാഗ് വലിയ ചർച്ചയായിരിക്കുന്നത് നമ്മുടെ വയനാട്ടിൽ നിന്ന് ജയിച്ചുപോയ പ്രിയങ്ക ഗാന്ധി ഓരോ ദിവസവും തൂക്കിയെത്തുന്ന ബാഗിന്റെ പേരിലാണ്. ആദ്യദിവസം വലിയ വാർത്താ പ്രാധാന്യം കിട്ടിയ പ്രിയങ്ക അതുതന്നെ അവസരമെന്ന് കരുതി അടുത്ത ദിവസവും ബാഗ് തൂക്കി തന്നെ സഭയിലെത്തി. ഒന്നാം ദിനം പലസ്തീൻ എന്നെഴുതിയതായിരുന്നു ബാഗ്. വഹുവർണത്തിലുള്ള പ്രസ്തുത ബാഗ് പലസ്തീനിലെ പൊരുതുന്ന ജനതയോടുള്ള ഐക്യദാർഢ്യം, അവിടെ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങൾക്കെതിരായ പ്രതിഷേധം എന്നിങ്ങനെ ബാഗ് തൂക്കിയെത്തിയതിനുള്ള കാരണമായി വർണശബളമായ കഥകളും മെനയപ്പെട്ടു. അപ്പോൾ പിന്നെ ഇതു നല്ല അവസരമാണല്ലോ എന്ന് കരുതി അടുത്ത ദിവസവും പ്രിയങ്ക ബാഗുമായി തന്നെയെത്തി. അന്ന് ബംഗ്ലാദേശ് എന്നായിരുന്നു ബാഗിൽ അച്ചടിച്ചിരുന്നത്. അതിനും പൊലിപ്പിച്ച കഥകളുണ്ടായി. ബംഗ്ലാദേശിനു വേണ്ടി തന്റെ പൂർവികർ നടത്തിയ സമരത്തെ ഓർത്തു, ഇപ്പോൾ അവിടെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങളിൽ മനംനൊന്തു എന്നിങ്ങനെയായി കഥകൾ.
പിന്നീടാണ് ബാഗ് കഥയ്ക്കൊരു ട്വിസ്റ്റുണ്ടാകുന്നത്. ക്ലൈമാക്സിലേയ്ക്കെത്തിച്ചതാകട്ടെ ബിജെപിക്കാരിയായ പാർലമെന്റംഗവും. ക്ലൈമാക്സിൽ നായികയായത് ബിജെപി എംപി അപരാജിത സാരംഗി. അടുത്ത ദിവസം 1984ലെ സിഖ് കൂട്ടക്കൊലയെ അനുസ്മരിപ്പിച്ച് 1984 എന്നെഴുതി ചോരപ്പാടുകൾ വരച്ചുചേർത്ത ബാഗുമായാണ് അപരാജിത സഭയിലെത്തിയത്. എന്നുമാത്രമല്ല, പ്രസ്തുത ബാഗ് സഭാകവാടത്തിൽ വച്ച് പ്രിയങ്കയ്ക്ക് നൽകാനും അവർ ശ്രമിച്ചു. തനിക്ക് ഇത് വേണ്ടെന്ന് പറഞ്ഞ് പ്രിയങ്ക വിലക്കിയതോടെ കോൺഗ്രസ് — ബിജെപി അംഗങ്ങൾ ചില്ലറ വാക്കേറ്റവുമുണ്ടായി. 1984ൽ ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിന് പിന്നാലെയാണ് ഡൽഹിയിൽ വൻകലാപം നടന്നത്. സിഖുകാരായ അംഗരക്ഷകരാണ് വധിച്ചത് എന്നതിനാൽ ഡൽഹിയിലെ സിഖ് വംശജരാണ് വേട്ടയ്ക്കിരയായത്. അതിനെ ഓർമിപ്പിച്ചായിരുന്നു സാരംഗിയുടെ 1984 ബാഗ്. തോളേൽ തൂക്കുന്ന ബാഗുകൾ ഇങ്ങനെയൊരു പൊല്ലാപ്പുണ്ടാക്കുമെന്ന് പ്രിയങ്ക പ്രതീക്ഷിച്ചതേയില്ല. അതിനാൽ പിന്നീടുള്ള ദിവസങ്ങളിൽ അവർ വെറുംകയ്യോടെയാണ് പാർലമെന്റിലെത്തിയതത്രേ.