രണ്ടു തവണ കാനനവാസത്തിലൂടെ കടന്നു പോകുന്നുണ്ട് ശ്രീരാമ‑ലക്ഷ്മണ ജീവിതം. അതില്‍ ആദ്യത്തെ കാനനവാസം വിശ്വാമിത്ര മഹര്‍ഷിയുടെ കൂടെ യാഗരക്ഷയ്ക്കായി പോകുമ്പോള്‍ സംഭവിച്ചതാണ്. ഈ കാനനവാസത്തിലാണ് ഗൗതമ മഹര്‍ഷിയുടെ ആശ്രമ സന്ദര്‍ശനവും അഹല്യാമോക്ഷവും ഒക്കെ നടക്കുന്നത്. ഗൗതമ മഹര്‍ഷിയും അഹല്യയും താപസ ദമ്പതികളാണ്. ഋഷിമാര്‍ക്ക് വിവാഹ ജീവിതം ആകാം എന്നതിന്റെ ദൃഷ്ടാന്തവുമാണ് ഗൗതമാഹല്യമാരുടെ ദാമ്പത്യം. ഋഷിമാരില്ലെങ്കില്‍ വേദങ്ങളോ ഉപനിഷത്തുക്കളോ രാമായണ മഹാഭാരത ഭാഗവതാദി ഇതിഹാസ പുരാണങ്ങളോ ഇല്ല. ഇതൊന്നുമില്ലാതെ ഭാരതീയ സംസ്കാരവും ഇല്ല. അതിനാല്‍ വിവാഹ ജീവിതം നയിച്ചിരുന്ന ഋഷി-ഋഷികമാരുടെ നാടിന്റെ സംസ്കാരമാണ് ഭാരതീയത. അല്ലാതെ അവിവാഹിതവും അലൈംഗികവുമായ ജീവിതം നയിച്ചുവരുന്ന ശങ്കര സമ്പ്രദായ സന്യാസത്തിന്റെ ബ്രഹ്മസൂത്ര വേദാന്ത വ്യാഖ്യാനങ്ങള്‍ മാത്രമല്ല ഭാരതീയത. ഋഷിത്വത്തിന്റെ അടിത്തറ ഇല്ലാതായാല്‍ സന്യാസത്തിന്റെ നെടുന്തൂണുകള്‍ ഉള്‍പ്പെടെ ഭാരതീയമായതെല്ലാം തകര്‍ന്നുവീഴും.
വാല്മീകി എന്ന മാനവമഹര്‍ഷിയെഴുതിയ രാമായണത്തില്‍ ധാരാളം ഋഷി കുടുംബങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. രാജധാനികളുടെ മാത്രം കാവ്യമല്ല പര്‍ണശാലാ ജീവിതങ്ങളുടെയും കാവ്യമാണ് രാമായണം. അതിലൊരു പര്‍ണശാലാഗാഥയാണ് ഗൗതമമഹര്‍ഷിയുടെയും അഹല്യയുടെയും ദാമ്പത്യ ജീവിതം. ഋഷിപത്നിയായ അഹല്യയുടെ ശരീര സൗന്ദര്യത്തില്‍ കാമം മൂത്ത് ലക്കുകെട്ട ദേവേന്ദ്രന്‍, ഗൗതമ മഹര്‍ഷിയുടെ വേഷംകെട്ടി അവളെ പ്രാപിക്കുന്നു. അഹല്യയിലെ കാമവാഞ്ഛകളുടെ ചമതക്കാട് ദേവേന്ദ്രന്റെ ജാര സംസര്‍ഗത്തില്‍ കത്തിജ്വലിക്കുന്നു. അതുകൊണ്ടുതന്നെ ഗൗതമ മുനി ദേവേന്ദ്രനെയും അഹല്യയെയും ശപിക്കുന്നു. ശ്രീരാമന്‍ അഹല്യക്ക് ശാപമോക്ഷം നല്‍കും എന്ന പരിഹാര വചനവും ഗൗതമ മഹര്‍ഷിയില്‍ നിന്ന് ഉണ്ടാവുന്നുണ്ട്. ലൈംഗിക വഞ്ചന ഏതു ഋഷി-ഋഷികമാരുടെ കുടുംബജീവിതത്തെയും വിതയോ മുളപ്പോ വിളയോ സംഭവിക്കാത്ത ശിലാസദൃശ ഭൂഖണ്ഡം പോലാക്കും എന്ന പാഠമാണ് അഹല്യാ വൃത്താന്തത്തിലൂടെ രാമായണം പറയുന്ന പ്രധാനപാഠം. ഇതു കൂടാതെ ചിന്തനീയമായ നിരവധി ഉപപാഠങ്ങള്‍ രാമായണത്തിലെ അഹല്യാവൃത്താന്തം നല്‍കുന്നുണ്ട്. വരുംദിവസങ്ങളില്‍ അതെല്ലാം ഒതുക്കി പറയാം. ലൈംഗിക വഞ്ചന ജീവിതം തകര്‍ക്കും. ആര്‍ക്കും ഒരേസമയം തെക്കോട്ടും വടക്കോട്ടും സശരീരനായി സഞ്ചരിക്കാനാവില്ല. ഇതുപോലെ പല പുരുഷന്മാരൊത്തുള്ള ലൈംഗിക ജീവിതം ഒരു സ്ത്രീക്കോ പല സ്ത്രീകളോടൊത്തുള്ള ലൈംഗിക ജീവിതം ഒരു പുരുഷനോ ഒരു കാലത്തും ചെയ്യാനാവില്ല. എന്തെങ്കിലും ഒളിമറ സൂത്രങ്ങളിലൂടെ അതു ചെയ്യാന്‍ ശ്രമിക്കുന്നത് ലൈംഗിക വഞ്ചനയാണ്. അത് കുടുംബജീവിതം തകര്‍ക്കും. ഇതാണ് അഹല്യാ വൃത്താന്ത പാഠം.