പഴയ കാലത്തെ മനുഷ്യരാണ് നല്ലവരെന്നും പഴയ കാലമാണ് മികച്ചതെന്നും പറയുന്നത് ഒരു തരത്തിൽ ഗൃഹാതുരത്വത്തിന്റെ അധീശത്വമാണ്. പണ്ടത്തെ എഴുത്തുകാരാണ് യഥാർത്ഥ എഴുത്തുകാർ എന്നാണ് പാരമ്പര്യവാദികൾ പറയുന്നത്. പൊതുജനം വായിക്കേണ്ടതെന്തെന്ന് ഞങ്ങൾ തീരുമാനിക്കും എന്നുവരെ ചെന്നെത്തുന്നു അവര്‍. ഞങ്ങളാണ് വായനക്കാരെ പ്രതിനിധീകരിക്കുന്നതെന്നും സ്വയമേവ കരുതുന്നു. അതിൽ നിന്നുയരുന്ന അധികാരഭാവം മറ്റുള്ളവരിൽ അടിച്ചേല്പിക്കാൻ ശ്രമം നടത്തുന്നു. എന്നുവച്ചാൽ തങ്ങൾക്കു മുമ്പിലുള്ള മനുഷ്യരെ ഭരിക്കാനുള്ള ത്വരയാണത്. ചുരുക്കത്തിൽ എന്നെക്കാൾ വലിയവൻ ഇല്ല എന്ന ചിന്താഗതി. ജനപ്രിയമാകുന്നതെന്തും എലിറ്റിസ്റ്റുകൾ എതിർത്തു കൊണ്ടിരിക്കുന്നു. ദശകങ്ങൾക്കുമുമ്പ് ഒറ്റയ്ക്കുള്ള മൗനവായനയല്ല, കൂട്ടത്തിൽ ഇരുന്നുകൊണ്ടുള്ള ‘ഉറക്കെ‘യുള്ള വായനയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് ഉറച്ച വായനയായിരുന്നു. ചരിത്രത്തിന്റെ സമസ്ത മണ്ഡലങ്ങളിലൂടെയും ആ വായന കടന്നുപോയി. ചരിത്രം കേട്ട നൂറുകൂട്ടം ചോദ്യങ്ങളിലൂടെ അവർ കൂട്ടമായ വായനയ്ക്കുശേഷം സംവാദം നടത്തി. മാനവിക രാഷ്ട്രീയത്തിന്റെ തുടർവായനയിലൂടെ കേരളത്തിൽ ഒരു ഇടത് രാഷ്ട്രീയ മനസ് രൂപപ്പെടുന്നതിൽ അത് സഹായിച്ചു. കേരള ദിനേശ് ബീഡി പ്രസ്ഥാനം അതിന് വലിയ പങ്കുവഹിച്ചു. ബീഡിത്തൊഴിലാളികൾക്കിടയിൽ നടന്ന പത്രവായന മലയാളി സാക്ഷരതയെ രാഷ്ട്രീയമായി ഏറെ തുണച്ചിട്ടുണ്ട്. അവരുടെ വായനാസംസ്കാരം കൃത്യമായ സാംസ്കാരിക പഠനത്തിന് വിധേയമായില്ല. ആ വായനയിലൂടെ മലബാറിൽ വലിയൊരു സാമൂഹിക പരിവർത്തനമുണ്ടായി. അത് രാഷ്ട്രീയമാണ്. അത്ര തന്നെ സംസ്കാരികവുമാണ്.
അച്ചടി, വിജ്ഞാനത്തിന്റെ ജനാധിപത്യവല്‍ക്കരണം സാധ്യമാക്കി. അറിവിന്റെ വ്യാപനത്തെ പുസ്തകത്തിലൂടെ, പത്രമാധ്യമങ്ങളിലൂടെ സാമൂഹിക ജീവിതത്തിന്റെ അടിത്തട്ടിലെത്തിക്കുന്ന പ്രക്രിയ ഒരു സാംസ്കാരിക പ്രവര്‍ത്തനമായിരുന്നു. ഗ്രന്ഥശാലകൾ സാംസ്കാരിക കേന്ദ്രങ്ങളായി. യുക്തിബോധം, ശാസ്ത്രചിന്ത, മതാതീത ആത്മീയത തുടങ്ങിയ നവോത്ഥാന മൂല്യങ്ങൾ ഒരു കാലത്ത് ഗ്രന്ഥശാലകൾ ഗഹനമായി ചർച്ച ചെയ്തു.
‘യുക്തിബോധമുള്ള മൃഗം’ എന്നാണ് അരിസ്റ്റോട്ടിൽ മനുഷ്യനെ വിശേഷിപ്പിച്ചത്. ജീവശാസ്ത്രപരമായി മനുഷ്യനു നൽകിയിട്ടുള്ള പേരും ഏതാണ്ടതാണ്, ‘ഹോമോ സാപ്പിയൻസ്’, ചിന്തിക്കുന്ന മൃഗം. മനുഷ്യന്റെ ചിന്തയും ഭാവനയും നേരത്തെ തന്നെ സഞ്ചാരം ആരംഭിച്ചിരുന്നു. രേഖപ്പെടുത്തുന്നതിനു മുമ്പേ ഈണവും താളവും പാട്ടും ഉണ്ടായി. സങ്കല്പങ്ങളെ സ്ഥിരപ്പെടുത്തി ഐക്യരൂപത്തോടെ ചിഹ്നങ്ങളും അക്ഷരങ്ങളും ഒതുക്കി എഴുത്തിന് തുടക്കമിടുകയും ചെയ്തു. വാമൊഴികൾ ഓർമ്മയിൽ നിന്നെഴുതി സൂക്ഷിച്ചു. ശിലാലിഖിതങ്ങളിൽ തുടങ്ങി താളിയോലകളും കടന്ന് ഓരോ കാലത്തിന്റെയും ഈടുവയ്പുകൾ അച്ചടിയിലേക്ക് പകർന്നാടി. തികച്ചും വ്യത്യസ്തമായിരുന്നു അച്ചടിയിലൂടെ ഉരുത്തിരിഞ്ഞ ആശയാനുഭൂതികൾ. കേൾവിയിൽ മറ്റു പലതും ഉൾക്കൊള്ളേണ്ടതായി വരുമ്പോൾ അച്ചടി, അതെല്ലാം നിരാകരിച്ച് നേർരേഖയിൽ നീങ്ങുന്നു. അറിവധികാരത്തിന്റെ ഏകാധിപത്യത്തിന് തിരശീല വീണതും അച്ചടിയുടെ ആവിർഭാവത്തോടെയാണ്.
കേരളീയ പൊതുബോധത്തെ മതാത്മകതയുടെ പാതയിൽ നിന്ന് യുക്തിചിന്തയിലേക്കും ശാസ്ത്രബോധത്തിന്റെ തുറസുകളിലേക്കുമെത്തിച്ചതിൽ വായനയ്ക്കും വായനശാലകൾക്കും ഉള്ള പങ്ക് പ്രധാനമാണ്. പിൽക്കാലത്ത് കാഴ്ചയിലേക്ക് മാധ്യമാനുഭവത്തിന്റെ സാധ്യതകൾ ഉപയോഗിച്ചാണ് സാക്ഷര സമൂഹത്തിൽ ടെലിവിഷൻ ആധിപത്യം നേടിയത്. ഇന്റർനെറ്റ് വന്നതോടുകൂടി പലതരത്തിലുള്ള അനാരോഗ്യ ലക്ഷണങ്ങളും കണ്ടുതുടങ്ങി, ആരോഗ്യപരമായ പലതും അതിലുണ്ടെങ്കിലും.
എല്ലാതരം മാധ്യമ സംസ്കാരവും തിരോഭവിച്ച് പുതിയ സംവേദന ശീലങ്ങൾക്ക് സമൂഹം കീഴ്പ്പെട്ടു. അറിവിന്റെ ആധാരശിലകളിൽ ഒന്നായിരുന്ന വായനയ്ക്ക് പകരംവച്ചു ദൃശ്യ മാധ്യമങ്ങള്‍. പൊതുസമൂഹത്തിന്റെ ബോധത്തെയാകെ സ്വാധീനിച്ചുകൊണ്ടൊരു വിപണി — ഉപഭോക്തൃ സംസ്കാരവും വ്യാപകമായി. വായന കാഴ്ചയ്ക്ക് പിന്മാറി. സാംസ്കാരിക പുരോഗതി എന്നത് ദൃശ്യമാധ്യമങ്ങളുടെ അജണ്ടയിൽ ഉണ്ടായിട്ടുണ്ടോ? വിനോദത്തെ വ്യവസായമാക്കി ലാഭമുണ്ടാക്കുകയും ഒപ്പം പ്രതികരണശേഷി കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുകയും ചെയ്യുക എന്നത് പ്രഖ്യാപിത ലക്ഷ്യമായി മാറി.
വായനയെ തിരിച്ചുപിടിക്കണം. കണ്ടും കേട്ടും കൊണ്ടിരിക്കുന്നതിൽ നിന്ന് വ്യതിരിക്തമായ അനുഭവതലം കൈവരുന്ന കൃതികൾ വേണം. വർത്തമാനം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥയോട് സർഗാത്മകമായി പ്രതികരിക്കാൻ കഴിയുന്ന എഴുത്ത് വേണം. അനീതികൾ എതിർക്കപ്പെടണം. ഇവയെല്ലാം ചരിത്രത്തിന്റെ ആഴങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കുകയും വേണം. സാങ്കേതിക വിപ്ലവം അടിമയാക്കിയ മനുഷ്യനെ ഇളക്കി മാറ്റാൻ അതിരുകളില്ലാത്ത ഭാവന വേണം. വിസ്മയിപ്പിക്കുന്ന സർഗസൃഷ്ടികൾ മനുഷ്യനെ വായനയിലേക്ക് കൊണ്ടുവരും.
ചരിത്രബോധമില്ലാത്ത സമൂഹം ഓർമ്മകളില്ലാത്ത മനുഷ്യന് തുല്യമാണ്. ഓർമ്മകൾ ചരിത്രത്തിന്റെ സുഗന്ധവാഹിനികളാണ്. ഇവ കലയും അതുവഴി സംസ്കാരവുമായും തിരിച്ചും അവിഭാജ്യമാംവിധം നിബന്ധിക്കപ്പെട്ടിരിക്കുന്നു. ഇന്ന് മനുഷ്യനെ മനുഷ്യനിൽ നിന്നകറ്റുന്ന ശാഠ്യങ്ങൾ സഹിഷ്ണുതയെ ഹനിക്കുന്നു. അവിടെ മാനവികത തമസ്കരിക്കപ്പെടുന്നു. ആ തരിശിടങ്ങളിൽ വിളയുന്ന ചരിത്രത്തിന് സത്യം പറയാനാവില്ല. അവിടെ വിടരുന്ന കലയ്ക്ക് സുഗന്ധം പേറാനാവില്ല. അതുകൊണ്ട് ചരിത്രബോധമുളവാക്കുന്ന വായന വേണം, മാനവികതയുടെ വഴി സഞ്ചരിക്കുന്ന വായന.
കലയും സംസ്കാരവും സമകാലത്തിന്റെ ഉല്പന്നങ്ങളാണ്. എപ്പോഴൊക്കെ കലാസാംസ്കാരിക മേഖല സമകാല ബന്ധം ചർച്ചയ്ക്ക് എടുക്കാറുണ്ടോ അപ്പോഴൊക്കെ ആ കാലഘട്ടത്തിലെ ബഹുജന മാധ്യമങ്ങളും അതിൽ ഉൾപ്പെടും. സമകാല സംസ്കാരം രൂപപ്പെടുത്തുന്നതിൽ ബഹുജന മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നു. ബഹുജനങ്ങളുമായി ഏറ്റവുമധികം സംവദിക്കുന്ന ഏറ്റവും ഫലപ്രദമായി ആശയവിനിമയം നടത്തുന്ന സാമൂഹികത്തുറ ബഹുജന മാധ്യമങ്ങളാണ്. അതിലൂടെയാണ് ലോകർ ലോകത്തെ കാണുന്നത്. അത് ജനങ്ങളുടെ കണ്ണും കാതും മസ്തിഷ്കവും മനസുമായി.
മാധ്യമങ്ങൾ എപ്പോഴും മേൽക്കോയ്മാ ആശയങ്ങളുടെ പ്രചാരണോപാധികളായിരിക്കും. ഈ പ്രവണത ഇക്കാലത്ത് എക്കാലത്തെക്കാളും തീവ്രമായി. വാസ്തവമല്ല അവയുടെ മധ്യമീകൃതരൂപമാണ് ഉപയോക്താക്കൾക്ക് കിട്ടുന്നത്. മാധ്യമീകരണത്തിന്റെ രീതിശാസ്ത്രം പുതിയ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ മാന്ത്രികമാം വിധം മാറിക്കഴിഞ്ഞിരിക്കുന്നു. അവ വാർത്തകളുടെ നിർവചനം മാറ്റിമറിച്ചു. വാർത്താമൂല്യമല്ല, സാമൂഹികമൂല്യമല്ല, കാഴ്ചാമൂല്യവും അനുഭൂതിയുണർത്തൽ മൂല്യവുമാണ് നവ മാധ്യമ കാലത്തെ ജനത്തെ ആകർഷിക്കുന്നത്. കൃത്യമായി പറഞ്ഞാൽ വിനോദമൂല്യം. ആ മൂല്യമുള്ളതേ വാർത്തയാവുകയുള്ളൂ.
ഈ സ്ഥിതി മാറാൻ വായന വ്യാപകമാകണം. വായനയും അതിലൂടെയുള്ള സ്വാതന്ത്ര്യവും മനുഷ്യന് അവന്റെ ജന്മം കൊണ്ട് തന്നെ അർഹതപ്പെട്ടതാണ്. അതിലൂടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് ശക്തി ലഭിക്കും. ആവിഷ്കാര സ്വാതന്ത്ര്യം ദുർബലപ്പെടുത്താൻ ഭരണകൂടവും സമൂഹവും ശ്രമിക്കും. അതിനെ നേരിടാൻ ശക്തമായ പ്രതിരോധം വേണം. ആ പ്രതിരോധശക്തി വായനയിലൂടെ ലഭിക്കുന്ന ആശയങ്ങളിലൂടെ ആര്‍ജിക്കാം. വ്യക്തികൾക്ക് പരസ്പരം വിമർശനാത്മകമായി കയറിയിറങ്ങാൻ കഴിയുന്നൊരു പൊതുമണ്ഡലമായി വായനശാലകളെ വികസിപ്പിക്കണം. വർത്തമാനം നേരിടുന്ന എന്തും ചർച്ചയ്ക്കെടുക്കാൻ സമയം കണ്ടെത്തണം. ഒരാളെ മറ്റുള്ളവർക്ക് കേൾപ്പിക്കുന്നതല്ല പരസ്പരം കേൾക്കാൻ സമയവും സന്മസുമുണ്ടാക്കുന്നതാണ് പ്രശ്നപരിഹാരത്തിന്റെ ആദ്യപടിയും ജനാധിപത്യത്തിന്റെ ബാലപാഠവും എന്ന് വായന പഠിപ്പിക്കും.
സ്വാതന്ത്ര്യബോധത്തോടെ പരിധിയും പരിമിതിയുമില്ലാതെ ഉള്ളുതുറക്കാൻ അവസരം ഒരുക്കണം. പരസ്പരം കേട്ടിരിക്കണം. അതിലൂടെ സഹിഷ്ണുതയും ജനാധിപത്യവും പരിശീലിക്കാം. ശാസ്ത്രം, ചരിത്രം, ദർശനം, രാഷ്ട്രീയം എന്നീ മേഖലകളിലെ മുന്നേറ്റങ്ങളെ സമഗ്രമായിത്തന്നെ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങൾ വർഷത്തിൽ മൂന്നോ നാലോ തവണയെങ്കിലും ഗ്രന്ഥാലയത്തിൽ നടത്തണം. ശ്രദ്ധേയമായ ഒരു കൃതിയുടെ സമഗ്രവും സൂക്ഷ്മവുമായ വായന, ചരിത്ര ബോധവും സാഹിത്യ ബോധവും കൈവിടാതെയുള്ള വായന നടത്തണം. സാമൂഹ്യ ജീവിതത്തിലും രാഷ്ട്രീയത്തിലും സംസ്കാര രൂപീകരണത്തിലും വലിയ ഇടപെടലുകൾ നടത്തിയ കൃതികളെക്കുറിച്ചുള്ള ആഴമേറിയ ചർച്ചകൾ സംഘടിപ്പിക്കണം.
ഒരു ജനതയും അവരുടെ സാഹിത്യത്തിന്റെ ഭൂതകാലം മറക്കരുത്. പോയ കാലത്തിന്റെ ഓർമ്മ ഉള്ളിൽ സജീവമായി നിലനിൽക്കുന്ന അവസ്ഥയിൽ മാത്രമേ വർത്തമാനത്തെ നമുക്ക് സത്യസന്ധമായും ആർജവത്തോടെയും സമീപിക്കാനാവൂ. സ്വന്തം സഞ്ചിതനിധിയിൽ എന്തെങ്കിലുമൊക്കെ കയറിക്കൂടണമെങ്കിൽ വായന സർഗാത്മകമായിരിക്കണം. വായിച്ചതിനെ വീണ്ടും വായിക്കണം. വരികൾക്കിടയിലും വായിക്കണം. സ്വന്തം വിവേചനബുദ്ധിയും അപഗ്രഥന വൈഭവവും ചേർത്തുവച്ച് സ്വാതന്ത്ര്യബോധത്തോടെ സൃഷ്ടിയെ വിലയിരുത്തണം. അപ്പോൾ അത് സർഗാത്മകമാകും.
വായനയുടെ മഹത്വവും വിപത്തും തിരിച്ചറിയാവുന്നതുകൊണ്ടുതന്നെ അത് തൊലിപ്പുറം തഴുകിപ്പോകുന്ന ഒന്നായി പാകപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം ഫാസിസ്റ്റ് കാലത്ത് നടന്നുകൊണ്ടിരിക്കുന്നു. പൊതുസമൂഹം ഇതൊന്നുമറിയാത്തവിധം സ്വാഭാവികത വരുത്തിക്കൊണ്ടാണ് മൂലധന മുതലാളിത്ത അജണ്ടകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ‘വായിക്കുമ്പോൾ നാം ചിന്തിക്കുകയും, ചിന്തിക്കുമ്പോൾ സിദ്ധാന്തങ്ങൾക്ക് പുറത്തു കടക്കുകയും’ ചെയ്യുമെന്ന കാഫ്കയുടെ നിരീക്ഷണം നാം മനസിലാക്കും മുന്നെ ഫാസിസ്റ്റുകൾ മനസിലാക്കി.
മൂലധനശക്തികളും ഫാസിസ്റ്റുകളും യുവജനങ്ങളെ ചരിത്രബോധത്തിൽ നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നു. ജനങ്ങൾ തങ്ങളുടെ ഭൗതിക സുഖവും സമ്പത്തും വർധിപ്പിച്ചുകൊണ്ടേയിരിക്കുക എന്നതിൽ കവിഞ്ഞുള്ള ഒരു സ്വപ്നത്താലും നയിക്കപ്പെടാതിരിക്കുക എന്നതും, വിപണി ഉല്പാദിപ്പിക്കുന്ന അഭിരുചികളല്ലാതെ മറ്റൊന്നും അവരുടെ മാനസിക ജീവിതത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്താതിരിക്കുക എന്നതും മൂലധന ശക്തികളുടെ ആവശ്യമാണ്. സത്യം, മൂല്യം, ആദർശം, സൗന്ദര്യബോധം എന്നതൊക്കെ തീർത്തും അനാവശ്യമാണ്, ചരിത്രം കേവലം നിർമ്മിതി മാത്രവും ചരിത്ര വസ്തുതയെന്നത് കെട്ടുകഥയുമാണ്, ഭാവുകത്വം ഒരു സങ്കല്പം മാത്രമാണ് എന്നൊക്കെയുള്ള നിലപാടുകളിൽ ഒരു തലമുറ എത്തിച്ചേരുന്നത് അപകടകരമാണ്. അങ്ങനെയുള്ള തലമുറയെ വളർത്താനാണ് ഫാസിസ്റ്റുകൾ കഠിനമായി ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം വായനയിലൂടെത്തന്നെ ഉരുത്തിരിയണം. സർഗാത്മക വായനയിലൂടെ, ചർച്ചകളിലൂടെ, ചെറുത്തുനില്പിന്റെ ഊർജസംരക്ഷണത്തോടൊപ്പം അതിശക്തമായ പ്രതിരോധത്തിന്റെ മറുഭാഷ കൂടിയാകണം വായന.

