Site iconSite icon Janayugom Online

മതവും ജാതിയും രാഷ്ട്രീയവും

“തനിയേ നടന്നു നീ പോവുക തളർ‍ന്നാലും
അരുതേ പരാശ്രയവും ഇളവും
അനുഗാമിയില്ലാത്ത പഥികർ‍ തുടർ‍ന്നാലും
ഇടറാതെ നിൻ‍ ധീര ഗാനം
പെെതങ്ങള്‍ പാടുന്നു രാജഘട്ടത്തിലെ
പിടയുമീ അഗ്നിക്കു മുമ്പില്‍”
ഗാന്ധിജിയെക്കുറിച്ച് വി മധുസൂദനൻ നായർ കുറിച്ച വരികളാണിത്. ഈ കുറിപ്പെഴുതുന്നത് ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ ധീരസ്മരണ ഉയരുന്ന നിമിഷങ്ങളിലാണ്. ഗാന്ധിജി മതത്തെയും ജാതിയെയും രാഷ്ട്രീയത്തെയും വേർതിരിച്ചു നിർവചിച്ചിട്ടുണ്ട്. താനൊരു സനാതന ഹിന്ദുവാണെന്ന് ആവർത്തിച്ചു പറഞ്ഞെങ്കിലും അതേവേളയിൽ രാമനും റഹീമും ഒന്നു തന്നെ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘ഈശ്വര അള്ളാ തേരേ നാം’ എന്ന് പാടി പഠിപ്പിക്കുകയും ചെയ്തു. ആ മഹാമാനവന്റെ ഹൃദയത്തിലേക്ക് വെടിയുണ്ടകൾ വർഷിച്ച ഗോഡ്സെയുടെ അനുയായികൾ ഇന്ത്യയെ മതരാഷ്ട്രമാക്കാൻ യത്നിക്കുന്ന ദുരന്തകാലമാണിത്.
“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന്
മണ്ണ് പങ്കുവച്ചു മനസ് പങ്കുവച്ചു” എന്ന് കമ്മ്യൂണിസ്റ്റുകാരനായ കവി വയലാർ രാമവർമ്മ എഴുതിയ വരികൾ വർത്തമാനകാലത്ത് കൂടുതൽക്കൂടുതൽ പ്രസക്തമാവുകയാണ്.
മനുഷ്യനുണ്ടായതിന് ശേഷമേ മതങ്ങൾ ഉണ്ടാവൂ, ദൈവങ്ങൾ സൃഷ്ടിക്കപ്പെടൂ. അവർ മണ്ണും മനസും പകുത്തെടുത്താൽ ഇന്ത്യയുടെ മഹനീയ സാംസ്കാരിക പൈതൃക വേരുകൾ പിഴുതെറിയപ്പെടുമെന്ന് വയലാർ എന്ന കവി ദീർഘദർശനം ചെയ്തിരുന്നു. ഇന്ന് വർഗീയ ഫാസിസ്റ്റ് ശക്തികൾ മത മേധാവിത്വത്തിന്റെയും മതനിരപേക്ഷതയ്ക്കെതിരായുള്ള വംശവിദ്വേഷത്തിന്റെയും അജണ്ടകൾ അരങ്ങേറ്റുമ്പോൾ വയലാറിന്റെ വരികൾ കൂടുതൽ പ്രസക്തമാകുന്നു. മതങ്ങളും ജാതികളും അവരുടേതായ സംഘടനകളും രാഷ്ടീയ — ജനാധിപത്യ പ്രക്രിയയിൽ ഇടപെടാൻ പാടില്ലെന്നും, രാഷ്ടീയ കക്ഷികൾ മതങ്ങളിൽ കൈകടത്തരുത് എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണകാലത്ത് തന്നെയുള്ള സുചിന്ത്യവും സുശക്തവുമായ നിലപാടാണ്. ഒരു ഘട്ടത്തിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ അചഞ്ചല നിലപാടിൽ വെള്ളം ചേർത്ത് ഭൂരിപക്ഷ — ന്യൂനപക്ഷ വർഗീയ ശക്തികളുമായി താല്‍ക്കാലിക താല്പര്യാർത്ഥവും സൗകര്യാർത്ഥവും സന്ധി പ്രഖ്യാപിച്ചിട്ടുമില്ല. 

1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരി “കൊഴിഞ്ഞ ഇലകൾ” എന്ന തന്റെ ആത്മകഥയിൽ ഈവിധമെഴുതിയിട്ടുണ്ട്- “ക്രിസ്ത്യൻ മാനേജ്മെന്റ് മതത്തിന്റെ മറപിടിച്ച് ഇളക്കി വിട്ട ആ കൊടുങ്കാറ്റ് കമ്മ്യൂണിസ്റ്റ് ഭരണത്തെ കടപുഴക്കിയെറിയാൻ പര്യാപ്തമായ ഒന്നായിരുന്നില്ല. വാസ്തവത്തിലത് ഒറ്റപ്പെട്ടൊരു പ്രക്ഷോഭണമായിരുന്നു. എസ്എൻഡിപിക്കാർക്കും എൻഎസ്എസ്‌കാർക്കുമെന്നല്ല, ക്രിസ്ത്യാനികളല്ലാത്തവരിൽ അധികമാർക്കും തന്നെ അതിൽ കയ്യില്ലായിരുന്നു. തൊഴിലാളി സമരങ്ങളിലും മറ്റും പൊലീസിന്റെ പെരുമാറ്റത്തെ നിയന്ത്രിച്ചു കൊണ്ടുള്ള നയവും അതിന്റെ പിന്നാലെ കാർഷികബന്ധ ബില്ലും വന്നുകഴിഞ്ഞപ്പോൾ ക്രിസ്ത്യൻ പ്രക്ഷോഭണം ഏതാണ്ട് ഒരഖില സമുദായ പ്രക്ഷോഭണമായി മാറിക്കളഞ്ഞു. എന്നാൽത്തന്നെയും അതിന്റെ അമരത്തിരുന്നത് പള്ളിയും ജന്മിയും തോട്ടമുടമയുമാണ്. 

‘ഏതുമറിഞ്ഞില്ല നാരായണ’ എന്ന നിലയിൽ നിന്നിരുന്ന കോൺഗ്രസിലെ ഒളിപ്പോർ നേതാക്കന്മാർ ഈ നിക്ഷിപ്ത താല്പര്യങ്ങളുമായി കൈ കോർത്തുപിടിക്കുകയും ചെയ്തു. അങ്ങനെ എല്ലാത്തരം നിക്ഷിപ്തതാല്പര്യങ്ങളും കോൺഗ്രസിന്റെ കുപ്പായത്തിൽ കയറിക്കഴിഞ്ഞപ്പോൾ സമരം വിമോചനസമരമായി; സമരക്കാർ ചെയ്തുകൂട്ടിയ എല്ലാത്തരം അക്രമങ്ങളും പിന്നെ അക്രമരഹിത സമരത്തിന്റെ മാതൃകകളുമായി — ബസ് തല്ലിപ്പൊളിക്കുക, യാത്രക്കാരെയും സ്കൂൾ കുട്ടികളെയും ഭീഷണിപ്പെടുത്തുക, സ്കൂളിന് തീവയ്ക്കുക, സർക്കാരാപ്പീസുകൾ കൈയ്യേറുക, ഒറ്റയ്ക്കും തെറ്റയ്ക്കും രാഷ്ടീയ പ്രതിയോഗികളെ കുത്തിക്കൊല്ലുക, ശവം മാന്തി തലയോടുകൾ വഴിനീളെ കെട്ടിത്തൂക്കുക, പുലഭ്യങ്ങൾ വിളിച്ചു കൂവുക എന്നിങ്ങനെ പലതും. ഇതിൽ പകുതിയേ തമിഴ്‌നാട് കോൺഗ്രസുകാർ ചെയ്തുള്ളൂ, പട്ടം ഭരണത്തിനെതിരായി. എന്നിട്ട് അതടിച്ചമർത്താൻ ഏറെക്കുറെ കേന്ദ്രസർക്കാരിന്റെ പിന്തുണയുണ്ടായി. കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരായി ‘ഗജപോക്കിരി രാഷ്ട്രീയം’ ജട വിടർത്താടിയപ്പോൾ കേന്ദ്രമതിനെ അനുഗ്രഹിക്കുകയും ചെയ്തു. പാർലമെന്ററി രാഷ്ട്രീയത്തിലെ മറിമായങ്ങളെക്കുറിച്ചെന്തു പറയും? സ്വന്തം ഇഷ്ടത്തിനു വഴങ്ങുന്നില്ലെങ്കിൽ മഹാത്മജിയെപ്പോലും വച്ചേക്കില്ല സ്ഥാപിതതാല്പര്യക്കാർ എന്നു നാം കണ്ടുകഴിഞ്ഞല്ലോ. പിന്നെ അവരുണ്ടോ പാർലമെന്ററി ഡെമോക്രസിയെ ഞെക്കിക്കൊല്ലാൻ മടിക്കുന്നു? പക്ഷേ രാഷ്ടീയത്തിന്റെ ഈ അറുകൊലയിൽ തിരുസഭയുടെ കൈ രക്തപങ്കിലമാക്കേണ്ടിയിരുന്നുവോ? അതെനിക്കെന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഫാക്ടറിയും തോട്ടവുമെന്ന പോലെ, പണക്കാരന് വാങ്ങി കയ്യടക്കിവയ്ക്കാവുന്ന ഒന്നാണ് ഈശ്വരനുമെന്ന് വന്നാലത്തെ കഥയെന്താണ്?”

ജാതി — മത ശക്തികളുമായി സന്ധി പ്രഖ്യാപിക്കാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാന നിലപാടുകൾക്കെതിരെ, ജനാധിപത്യ ധ്വംസന കാലത്ത് മത — ജാതി ശക്തികൾ ആസൂത്രിത നീക്കം നടത്തും. കാരണം അവരാഗ്രഹിക്കുന്നത് വർഗീയ ഫാസിസവൽക്കരണമാണ്. ജാതിയല്ല, മതമല്ല, രാഷ്ട്രമാണ് പ്രധാനം എന്ന ഹൃദയചാലക മുദ്രാവാക്യം നാം ഉയർത്തിപ്പിടിക്കുന്നു. അത് മാനവരാശിയുടെ സന്ദേശമാണ്. കേരളത്തിൽപ്പോലും ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യന്‍കാളിയുടെയും വാഗ്ഭടാനന്ദന്റെയും നവോത്ഥാന ചിന്തകളിലൂടെ വളർന്ന ആ ദർശനമാഹാത്മ്യം ചേർത്തുപിടിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.
ഇപ്പോള്‍ മാത്രമല്ല ഏതുഘട്ടത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചഞ്ചലമല്ലാത്ത നിലപാട് ദേശീയ രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കേരള രാഷ്ട്രീയത്തിൽ ജാതി — മത ശക്തികൾ പിടിമുറുക്കുവാൻ ആസൂത്രിതമായ പ്രയത്നം നടത്തുകയാണ്. എസ്എൻഡിപിക്കും എൻഎസ്എസിനും രാഷ്ട്രീയ പാർട്ടികളുണ്ടായിരുന്നു. എസ്എൻഡിപിയുടെ എസ്ആർപിയും എൻഎസ്എസിന്റെ എന്‍ഡിപിയും അകാലചരമം പ്രാപിച്ചു. എന്നിട്ടും സാമുദായിക ശക്തികൾ തങ്ങളുടെ വിലകുറഞ്ഞ ‘പ്രാഗത്ഭ്യം’ തെളിയിക്കുവാൻ അനവരതം ശ്രമിക്കുന്നു. ഇന്നിപ്പോൾ നാം കാണുന്നത് ഐക്യ മഹാസംഗമത്തിന് പുറപ്പെട്ടവരുടെ വിഫലകാലത്തെ കറുത്ത ദുഷ്ടകാലമാണ്.
‘മാരീചൻ വരും, ലക്ഷ്മണരേഖ ഭേദിച്ച് സീതയെ കൊണ്ടുപോരും’ എന്ന പോലെ ജാതിമത ചിന്തകൾ കേരള രാഷ്ട്രീയത്തിലും ബിംബങ്ങളെയും മിത്തുകളെയും ആലിംഗനം ചെയ്ത് ദേശീയതലത്തിലെ ഫാസിസ്റ്റ് അജണ്ടകളെ ചുംബിക്കുന്നു. നാം ഉണർന്നിരിക്കേണ്ട കാലത്താണ് കേരളത്തിലും സാമുദായിക ശക്തികളും വർഗീയ ഫാസിസ്റ്റുകളും വിഷഫണം ഉയർത്തുന്നത്.
കേരളം മതനിരപേക്ഷ നവോത്ഥാന ചിന്തയുടെ വെളിച്ചമേറുന്ന കാലത്തെ അടയാളപ്പെടുത്തിയ മണ്ണാണ്. ഒരു കാലത്ത് ‘ഒരു ഭ്രാന്താലയം’ എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞ കേരളം, ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’എന്നുപറഞ്ഞ മഹാനായ ശ്രീനാരായണ ഗുരുവിന്റെ ജന്മഭൂവായി വളർന്നതും പുരോഗമന സൂര്യപ്രഭയിലേക്ക് ഉണർന്നതും ചരിത്രം. ആ ചരിത്രനാളുകള്‍ കൈവിടാതിരിക്കണം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവിന്റെ വാക്യം നമുക്കെന്നും ഹൃദയപാഠമായിരിക്കണം. രാഷ്ട്രീയ നന്മയ്ക്ക് അത് അനിവാര്യമാണ്.

Exit mobile version