Site iconSite icon Janayugom Online

ട്രംപിനെതിരെ ഇരമ്പുന്ന പ്രതിഷേധം

ക്കഴിഞ്ഞ ഒക്ടോബര്‍ 18ന് യുഎസിലെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഒരുപോലെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ‘രാജാക്കന്മാര്‍ വേണ്ട’ നോ കിങ്സ്, അല്ലെങ്കില്‍ നോ ഡിക്ടേറ്റേഴ്സ് എന്ന പേരില്‍ അലയടിച്ച പ്രക്ഷോഭം യുഎസിലെ സാധാരണ ജനങ്ങളുടെ ഉയര്‍ന്ന സാമൂഹ്യബോധത്തിന്റെയും ജനാധിപത്യ വിശ്വാസത്തിന്റെയും പ്രതിഫലനമായി മാറി. ഫിലാഡല്‍ഫിയയിലെ പ്രധാന പ്രകടനമുള്‍പ്പെടെ 2,100ലധികം കേന്ദ്രങ്ങളില്‍ അഞ്ച് ദശലക്ഷത്തിലധികം ജനങ്ങള്‍ പങ്കെടുത്ത പ്രകടനങ്ങള്‍ അമേരിക്കയിലും കാനഡ, ജപ്പാന്‍, മെക്സിക്കോ, യൂറോപ്പ് എന്നിവയുള്‍പ്പെടെ 20 വിദേശ രാജ്യങ്ങളിലും നടന്നു. ഈ പ്രകടന പരമ്പരയുടെ ആരംഭം 2025 ജൂണ്‍ 14ന് ട്രംപിന്റെ സ്വേച്ഛാധിപത്യ നയങ്ങള്‍ക്കും ഭരണകൂടത്തിന്റെ അഴിമതിക്കുമെതിരെ യുഎസിലാകമാനം തേഡ് ആക്ട് മൂവ്മെന്റ്, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടീച്ചേഴ്സ്, സോഷ്യല്‍ സെക്യൂരിറ്റി വര്‍ക്സ്, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍, പബ്ലിക് സിറ്റിസണ്‍ മൂവ്മെന്റ്, മൂവ് ഓണ്‍ തുടങ്ങിയ 200ലധികം പൗരാവകാശ ഗ്രൂപ്പുകള്‍ ചേര്‍ന്ന് നടത്തിയ പ്രതിഷേധമായിരുന്നു. അന്നാണ് ഈ പ്രതിഷേധങ്ങള്‍ക്ക് നോ കിങ്സ് മൂവ്‌മെന്റ് എന്ന പേരുലഭിച്ചത്. അതിന്റെ തുടര്‍ച്ചയാണ് ഒക്ടോബര്‍ 18ലെ പ്രകടനങ്ങള്‍. 

ഒക്ടോബര്‍ 18ലെ പ്രകടനങ്ങളില്‍ അഭൂതപൂര്‍വമായ ജനപങ്കാളിത്തമാണ് ദൃശ്യമായത്. ‘ഇന്‍ഡിവെെസബിള്‍’ എന്ന സംഘടനയുടെ നേതാവ് എസ്രലെവിന്‍ പറഞ്ഞത് ‘ഈ ഭരണകൂടത്തിനെ വിലയിരുത്തുവാനുള്ള സമയം അതിക്രമിച്ചു. നമ്മുടെ ശബ്ദം ഉയരണം അത് കേള്‍ക്കപ്പെടണം. അധികാരം ജനങ്ങളുടേതാണെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ജനങ്ങള്‍ക്കുവേണ്ടിയും ജനങ്ങളാല്‍ നയിക്കപ്പെടുന്നതുമായ ഒരു സര്‍ക്കാരില്‍ നാം ഇപ്പോഴും വിശ്വസിക്കുന്നുവെന്നും. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നീതിയുക്തമായ ഒരു സമൂഹത്തിനായി പോരാടണം’ എന്നുമാണ്. ജൂണ്‍ 14ന് മുന്നോ ടിയായി ഫെബ്രുവരി 17നും ഏപ്രില്‍ 19നും സമാനമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഡൊണാള്‍ഡ് ട്രംപിന്റെ 79-ാം ജന്മദിനം കൂടിയായ ഒക്ടോബര്‍ 18ന് യുഎസ് ആര്‍മിയുടെ 25-ാം വാര്‍ഷിക പരേഡ് ദിനത്തില്‍ തന്നെയാണ് ഈ പ്രതിഷേധം അരങ്ങേറിയത്. എല്ലാ സ്വേച്ഛാധിപതികളെയും പോലെ ട്രംപും ഈ പ്രതിഷേധത്തെ പരസ്യമായി എതിര്‍ക്കുകയും ബലമായി അടിച്ചമര്‍ത്തും എന്ന സൂചന നല്‍കുകയും ചെയ്തു. എന്നാല്‍ ഡെമോക്രാറ്റുകളും ലിബറലുകളും എന്തിന് ട്രംപിന്റെ സ്വേച്ഛാധിപത്യത്തില്‍ മനംമടുത്ത ചില പ്രമുഖ റിപ്പബ്ലിക്കന്‍മാര്‍ പോലും പ്രതിഷേധത്തില്‍ കെെകോര്‍ത്തു. തികച്ചും സമാധാനപരമായ അഹിംസയിലൂന്നിയ പ്രകടനങ്ങളാണ് നടന്നത്.
ഒക്ടോബര്‍ 18ലെ വാഷിങ്ടണ്‍ ഡിസിയിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് കണക്ടിക്കറ്റിലെ സെനറ്റര്‍ ക്രിസ് മര്‍ഫിയുടെ ‘ഇന്ന് അമേരിക്കയിലുടനീളം നമ്മുടെ രാഷ്ട്രചരിത്രത്തിലെ ഏതൊരു പ്രതിഷേധ ദിനത്തെയും മറികടക്കാന്‍ കഴിയുന്നത്ര ജനങ്ങള്‍ നമ്മള്‍ സ്വതന്ത്രരായ ഒരു ജനതയാണെന്നും, ഭരിക്കാന്‍ കഴിയുന്ന ഒരു ജനതയല്ലെന്നും, നമ്മുടെ സര്‍ക്കാര്‍ വില്പനയ്ക്കുള്ളതല്ലെന്നും അമേരിക്കക്കാര്‍ ഉറക്കെ അഭിമാനത്തോടെ പറയുന്നു.’ എന്ന് പ്രഖ്യാപിച്ചത് യുഎസിലെ ജനത മാത്രമല്ല, ലോകത്തിലെ അഭിമാനമുള്ള ഏതൊരു ജനാധിപത്യ ജനതയും ഏറ്റെടുക്കേണ്ട വാക്കുകളാണ്.

ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിലായിരുന്നു. ഒന്നാം ഭരണകാലത്തെ അഴിമതികള്‍ക്കും അധികാര ദുര്‍വിനിയോഗങ്ങള്‍ക്കും വിചാരണ നേരിട്ടുകൊണ്ടിരുന്ന ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി വീണ്ടും വരുന്നതുതന്നെ പല നാടകങ്ങള്‍ക്കും ശേഷമാണ്. ജോ ബെെഡന്‍, ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും പ്രസിഡന്റ് പദവിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രായാധിക്യം പലപ്പോഴും പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ തടസമായിരുന്നു. മറവിരോഗവുമുണ്ടായിരുന്ന ബെെഡന്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു എന്നതാണ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റാവാനുള്ള പ്രധാന കാരണം. പകുതിവഴിയില്‍ സ്ഥാനാര്‍ത്ഥിത്വമുപേക്ഷിച്ച് കമലാ ഹാരിസിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയ ഡമോക്രാറ്റുകള്‍ക്ക് പക്ഷേ വലിയൊരു പ്രചരണത്തിനുള്ള സമയം ലഭിച്ചില്ല. ഈ ഒരു പ്രത്യേക സാഹചര്യമാണ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാവാനുള്ള അവസരം സൃഷ്ടിച്ചത്. ട്രംപ് പ്രസിഡന്റ് പദവി ഏറ്റെടുത്തശേഷം തികച്ചും സ്വേച്ഛാധിപത്യപരമായി ഇസ്രയേലിന്റെ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, അന്താരാഷ്ട്രതലത്തില്‍ അസമാധാനം വിതയ്ക്കുന്ന നടപടികളാണ് സ്വീകരിച്ചത്. ഇറക്കുമതി നികുതി നിരക്കുകള്‍, സെനറ്റില്‍ ബില്ലവതരിപ്പിക്കാതെ തോന്നുംപടി വര്‍ധിപ്പിച്ച് ചെെനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങളുമായി ട്രംപ് നികുതിയുദ്ധം നടത്തി. സാമൂഹ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അമേരിക്കയില്‍ വന്‍തോതില്‍ സര്‍ക്കാര്‍ മൂലധനം വെട്ടിക്കുറച്ചു, ഇന്‍ഷുറന്‍സ് പദ്ധതികള്‍ റദ്ദാക്കി. സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു, നിര്‍ബന്ധിത റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചു. തൊഴില്‍വിസകള്‍ക്ക് ഭീമമായ ഫീസ് ചുമത്തി. ഈ ഭ്രാന്തന്‍ നടപടികള്‍ യുഎസിലെ സാധാരണ ജനങ്ങളുടെ ജീവിതം ദുഃസഹമാക്കി. അതോടൊപ്പം വളര്‍ന്ന കോര്‍പറേറ്റ് പ്രീണനവും അഴിമതിയും ജനാധിപത്യ ധ്വംസനവും അമേരിക്കന്‍ ജനതയെ ട്രംപിനെതിരായ വലിയ സമരങ്ങളിലേക്ക് നയിച്ചു. ദിവസം തോറും ശക്തിപ്രാപിക്കുന്ന ജനകീയ പ്രതിഷേധം ട്രംപ് ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.

Exit mobile version