Site iconSite icon Janayugom Online

അത്യുന്നതങ്ങളിലെ ലൈംഗിക അരാജകത്വം

ഏതാനും ദിവസം മുമ്പ് കര്‍ണാടകയില്‍ ഹാസനിലെ തെരഞ്ഞെടുപ്പു പ്രചരണയോഗത്തിന്റെ വേദിയില്‍ പ്രധാനമന്ത്രി മോഡി സുന്ദരനായ ഒരു യുവാവിനെ അരികില്‍ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് പറഞ്ഞു “ഇവനെന്റെ മാനസപുത്രന്‍. ഇവനെ എനിക്ക് ‍ഡല്‍ഹിയില്‍ വേണം. ഇവനാണ് രാജ്യത്തിന്റെ അമൂല്യസമ്പത്ത്. ഇവനെന്റെ കരുത്താകാന്‍ നിങ്ങള്‍ ഈ കുട്ടിക്ക് വോട്ടുചെയ്യുക. ഇവനെ ഞാന്‍ വലിയവനാക്കി വളര്‍ത്തിക്കൊണ്ടുവരാം. ഇതു മോഡിയുടെ ഗ്യാരന്റി! നവോഢയുടെ നാണത്തോടെ സ്ഥാനാര്‍ത്ഥി മോഡിയുടെ അരികിലേക്കു ചേര്‍ന്നുനിന്നു. മോഡി ഗീര്‍വാണവും കഴിഞ്ഞ് വിമാനം കയറി. ഹാസന്‍ മണ്ഡലത്തിലെ ലോക്‌സഭയിലേക്കുള്ള പോളിങ്ങും കഴിഞ്ഞു. പിറ്റേന്ന് മോഡിയുടെ മാനസപുത്രനായ പ്രജ്വല്‍ രേവണ്ണയെ തേടി പൊലീസ് എത്തി. അവരുടെ പക്കല്‍ ഒരു ലോഡ് വീഡിയോകളുമുണ്ട്. വാത്സ്യായനന്റെയും കൊക്കോകമഹര്‍ഷിയുടെയും ലൈംഗിക വേഴ്ചാ ശാസ്ത്രത്തെ വെല്ലുന്ന 2,916 വീഡിയോകള്‍, 600ല്‍പരം പെണ്‍കുട്ടികളും 80 തികഞ്ഞ വൃദ്ധകളുമടക്കമുള്ളവരുമായി പ്രജ്വലും പിതാവും എംഎല്‍എയുമായ എസ് ഡി രേവണ്ണയും നടത്തിയ ലൈംഗികകേളികളുടെയും ലൈംഗികപീഡനങ്ങളുടെയും വീഡിയോകള്‍! നിലവില്‍ ഹാസന്‍ എംപിയായ പ്രജ്വലിനെയാണ് മോഡി ‘ഇവനെ ഞാനിങ്ങെടുക്കുവാ. ഇവനെ നിങ്ങള്‍ എനിക്കു തരണം’ എന്ന് കന്നഡികരോട് കേണഭ്യര്‍ത്ഥിച്ചത്. ഈ വയസാന്‍ കാലത്ത് പ്രജ്വലിനെ തന്റെ ‘ഗുരു‘വാക്കിക്കളയാമെന്നാണോ മോഡി ഉദ്ദേശിച്ചത്! എന്തായാലും പൊലീസ് തിരക്കിയെത്തുമ്പോഴേക്കും ഒരു ലക്ഷണമൊത്ത ക്രിമിനലിനെപ്പോലെ പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് പലായനം ചെയ്തു കഴിഞ്ഞിരുന്നു. ഈ ബലാത്സംഗക്കേസുകളിലെ ഒന്നാം പ്രതിയായ തന്തപ്പടി രേവണ്ണ ഉടന്‍ അഴിയെണ്ണിത്തുടങ്ങിയിരിക്കും.
ബലാത്സംഗങ്ങളിലും സ്ത്രീപീഡനങ്ങളിലും ഗിന്നസ് ബുക്കിലെത്താനിരിക്കുന്ന ഈ പ്രതികള്‍ ചില്ലറക്കാരാണോ. പ്രധാനമന്ത്രിയായിരുന്ന 91 കഴിഞ്ഞ എച്ച് ഡി ദേവഗൗഡയുടെ മകനും കൊച്ചുമോനും രാജ്യത്തെയാകെ നാണിപ്പിക്കുന്ന ഈ നാറ്റക്കേസുകള്‍ പുറത്തുവരുന്നതിനിടെ ചില തമാശകളും കര്‍ണാടകയിലെ ജനം വാരിവിതറുന്നുണ്ട്. 90 കഴിഞ്ഞ നാലഞ്ചു മുത്തശ്ശിമാര്‍!’ എന്തേ ഈ ദുര്‍ഗന്ധപൂരിതമായ വാര്‍ത്തകള്‍ നാം കേള്‍ക്കാനിടവരുന്നത്. അധികാരത്തിന്റെ അത്യുന്നതങ്ങളിലെ ലൈംഗിക അരാജകത്വം നമ്മെ പിടിച്ചുലയ്ക്കുകയാണോ. പണ്ടൊരു കോണ്‍ഗ്രസ് നേതാവുണ്ടായിരുന്നു. എന്‍ ഡി തിവാരി. യുപിയുടെയും ഉത്തരാഖണ്ഡിന്റെയും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഗവര്‍ണറുമൊക്കെയായിരുന്നയാള്‍. ഗവര്‍ണറായിരിക്കുമ്പോള്‍ രാജ്ഭവനുകളിലെല്ലാം അഭിസാരികകള്‍ കയറിയിറങ്ങി നിരങ്ങാറാണ് പതിവ്. ആന്ധ്രാപ്രദേശിലോ രാജസ്ഥാനിലോ ഗവര്‍ണറായിരിക്കേ പിടിവീണു. വയസ് 87. മേല്പടിയാന്റെ കാമകേളികള്‍ മാധ്യമങ്ങള്‍ക്കു മദനകാമരാജന്‍ കഥകളായി. ഗത്യന്തരമില്ലാതെ തിവാരിയെ രാജ്ഭവനില്‍ നിന്നു കുടിയിറക്കേണ്ടിവന്നു. പുറത്തിറങ്ങി ലഖ്നൗവിലെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഒരറുപതുകാരന്‍ കാത്തുനില്പുണ്ടായിരുന്നു. തന്റെ അമ്മയെ പിഴപ്പിച്ചു പെറ്റ തനിക്ക് തിവാരിയച്ഛന്‍. ചെലവിനു നല്കണമെന്നാവശ്യപ്പെട്ട്. ഒടുവില്‍ കോടതി നിര്‍ദേശ പ്രകാരം മൂപ്പിലാനെ നിര്‍ബന്ധിച്ചു ഡിഎന്‍എ പരിശോധന നടത്തേണ്ടിവന്നു. ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ മകന് തിവാരി നഷ്ടപരിഹാരം നല്കേണ്ടിയും വന്നു. ഏറ്റവും ഒടുവിലിതാ മലയാളിയെ മാനം കെടുത്തി പശ്ചിമബംഗാള്‍ രാജ്ഭവനില്‍ നിന്നും ഒരു ലൈംഗികാപവാദ കഥ. കൊല്ലംകാരനായ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജ്ഭവനിലെ അടിച്ചുതളിക്കാരിയായ മധ്യവയസ്കയെ ‘കയ്യില്‍ നിന്നെ കിട്ടിയാലൊരു കലാകാരിയാക്കും, കുതിരവാലുപോലെ തലമുടി കോതിക്കെട്ടീടേണം, കടമിഴിയാല്‍ കമ്പിയില്ലാ കമ്പിയടിക്കേണം’ എന്നൊക്കെ പാടി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഗവര്‍ണറെ എന്തു കുറ്റം കാട്ടിയാലും സംസ്ഥാന സര്‍ക്കാരിന് അറസ്റ്റ് ചെയ്തു കേസെടുക്കാനാവില്ലെന്നാണല്ലോ വകുപ്പ്! പ്രജ്വലിനെപ്പോലെ ഇപ്പോള്‍ കൊല്ലത്തേക്ക് പലായനം ചെയ്തിട്ടുള്ള ഗവര്‍ണര്‍ ബോസ് തിരിച്ചു കൊല്‍ക്കത്ത രാജ്ഭവനിലെത്തിയാലും സുരക്ഷിതന്‍. ഇതെന്തൊരു സര്‍ക്കാരെടാ മൈതിനേ! അത്യുന്നതങ്ങളിലെ ലൈംഗിക പീഡനങ്ങളുടെയും ലൈംഗിക അരാജകത്വങ്ങളുടെയും പട്ടിക പിന്നെയും നീളുമ്പോള്‍ പ്രജകള്‍ക്ക് അല്ലേ മോശം എന്നു പറയാന്‍ മാത്രമുള്ള ദുരന്താവസ്ഥ.…

 


ഇതുകൂടി വായിക്കൂ: ബിജെപിയെ പരാജയപ്പെടുത്തുക; രാജ്യത്തെ രക്ഷിക്കുക


മുസ്ലിങ്ങള്‍ പെറ്റുകൂട്ടുന്നുവെന്നും രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ പിടിച്ചെടുത്ത് അവര്‍ക്കു നല്കാന്‍ പോകുന്നുവെന്നൊക്കെയാണ് മോഡിയുടെ രോദനം. ഇതുകേട്ടാല്‍ തോന്നും മുസ്ലിങ്ങളുടെ ‘പെന്‍ഡ്രൈവുകള്‍’ മാത്രം വര്‍ക്കിങ് കണ്ടീഷനിലുള്ളുവെന്ന്. ഹിന്ദുക്കളുടെ പെന്‍ഡ്രൈവുകള്‍ പ്രവര്‍ത്തനരഹിതമെന്നും! പ്രധാനമന്ത്രിയായിരുന്ന വാജ്പേയ് ഏഴ് മക്കളില്‍ മൂത്തവന്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഏഴുമക്കളിലൊരുവന്‍. അമിത്ഷായ്ക്കുമുണ്ട് ആറു സഹോദരങ്ങള്‍. സാക്ഷാല്‍ നരേന്ദ്രമോഡി പഞ്ചപാണ്ഡവ സഹോദരന്മാരിലൊരാള്‍. ആര്‍എസ്എസിന്റെ മേധാവി മോഹന്‍ ഭാഗവതിനുമുണ്ട് മൂന്നു സഹോദരങ്ങള്‍. വിശ്വഹിന്ദുപരിഷത്ത് നേതാവായിരുന്ന അശോക് സിംഗാളിനുമുണ്ട് ആറു സഹോദരങ്ങള്‍. ഹിന്ദുവിന്റെ പെന്‍ഡ്രൈവ് പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ഈ ഹിന്ദു നേതാക്കളുടെ തള്ളമാര്‍ എങ്ങനെ ഇത്രയെണ്ണത്തിനെ പെറ്റുകൂട്ടി! നമ്മുടെ പ്രധാനമന്ത്രി വലിയ തമാശക്കാരനാണ്. കാല്‍ നൂറ്റാണ്ടുകാലം മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായിരുന്ന താന്‍ ഇതുവരെ ഒരഴിമതിയും നടത്തിയിട്ടില്ലെന്ന് മോഡിമഹാന്‍‍ തമാശ പറഞ്ഞപ്പോള്‍ പഴയൊരു എസ്ഐയെയാണ് ഓര്‍ത്തുപോയത്. ഏമാന്റെ പിതാവ് അയലത്തെ ഒരു സാധുവിന്റെ കോഴിയെ മോഷ്ടിച്ച കള്ളനെ പിടികൂടി എസ്ഐ സമക്ഷത്തിലെത്തിച്ചു. അച്ഛാ എല്ലാം ശരിയാക്കാം. ഞാന്‍ കൈക്കൂലിയൊന്നും വാങ്ങില്ല, പക്ഷേ ആ ഹേഡ് കുട്ടന്‍പിള്ളയ്ക്ക് ഒരഞ്ഞൂറു രൂപ കൊടുക്കണം. ഏമാന്റെ പിതാവ് രണ്ട് കോഴിപോയ സാധുവിന്റെ ആടിനെ വിറ്റ് 500 രൂപ കൊടുക്കേണ്ടിവന്നു. ഇതില്‍ നാനൂറുരൂപ ഏമാന്റെ വിഹിതം. ഇതുപോലെയാണ് താന്‍ കോഴവാങ്ങില്ല, അഴിമതികാട്ടില്ല എന്നൊക്കെയുള്ള മേനിപറച്ചില്‍. മോഡിയുടെ കുടുംബത്തിലെ സഹോദരന്മാരുടെ കാര്യം മാത്രം നോക്കാം. ഒരു സഹോദരന്‍ സോമഭായ് മോഡിക്ക് 75 വയസായി. ഇപ്പോള്‍ ഗുജറാത്ത് പിഎസ്‌സി ചെയര്‍മാന്‍. ഫാക്ടറി തൊഴിലാളിയായിരുന്ന മറ്റൊരു സഹോദരന്‍ ഇന്ന് ഗുജറാത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് മുതലാളി. റേഷന്‍‍ കടക്കാരനായിരുന്ന മറ്റൊരു സഹോദരന്‍ ഇപ്പോള്‍ ഗുജറാത്തിലുടനീളം കാര്‍ഷോറൂമുകളുടെ ഉടമ. മറ്റൊരു സഹോദരന്‍ ഒരു ചെറിയ സര്‍ക്കാര്‍ ഉദ്യോസ്ഥനായിരുന്നു. ഇപ്പോള്‍ ഗുജറാത്തില്‍ മറ്റൊരു പൊതുസ്ഥാപനത്തിന്റെ വൈസ് ചെയര്‍മാന്‍. മോഡിയുടെ തറവാട്ടിലെ ആക്രിക്കച്ചവടക്കാരനും കാലിത്തൊഴുത്തു തൊഴിലാളിയുമായിരുന്നവര്‍ വരെ ഇന്നു കോടീശ്വരന്‍. എന്നിട്ടാണ് താന്‍ അഴിമതിക്കാരനല്ലെന്ന ഗീര്‍വാണവും.

Exit mobile version