കിഴക്കന്‍ യൂറോപ്പിലും മുന്‍ സോവിയറ്റ് യൂണിയനിലെ വിവിധ സോവിയറ്റുകളിലുമുള്ള ബഹുഭൂരിപക്ഷം ജനതയും വിവിധ സ്ലാവിക് ഗോത്രങ്ങളില്‍ ഉള്‍പ്പെടുന്നു. എഡി ആറാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യത്തിലെ ബൈഡന്റയിന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലാണ് സ്ലാവുകളെക്കുറിച്ച് രേഖപ്പെടുത്തിയ ആദ്യ പരാമര്‍ശങ്ങള്‍. സ്‌ക്ലാവേനി, ആന്റസ് തുടങ്ങിയ പേരുകളിലാണ് സ്ലാവ് ഗോത്രം അറിയപ്പെട്ടത്. എഡി 551ല്‍ ജോര്‍ദാന്‍സ് എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത് “ഒരു വലിയ വിസ്തൃതിയുള്ള പ്രദേശം കൈവശപ്പെടുത്തിയിരിക്കുന്ന ഏക ദൈവത്തില്‍ വിശ്വസിക്കുന്ന, ജനാധിപത്യ ഭരണരീതി സ്വീകരിച്ചിട്ടുള്ള ക്രൂരന്മാര്‍” എന്നാണ്. “പെറുന്‍” എന്ന മിന്നലിന്റെ ദൈവത്തിലായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത് എന്നും ഉയരവും കരുത്തുമുള്ള അവര്‍ ശാരീരിക സുഖങ്ങള്‍ ശ്രദ്ധിക്കാതെ നിബിഡവനങ്ങള്‍, നദികള്‍, തടാകങ്ങള്‍, ചതുപ്പു നിലങ്ങള്‍ എന്നിവയുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്നു എന്നു കൂടി ജോര്‍ദാന്‍സ് പറഞ്ഞുവയ്ക്കുന്നു.
റോമന്‍ സാമ്രാജ്യത്തിന്റെ സുവര്‍ണകാലത്തിനു മുമ്പുതന്നെ സ്ലാവിക് ഭാഷ സംസാരിക്കുന്ന ഗോത്രങ്ങള്‍ യുറേഷ്യയിലെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. സൈബീരിയ, ബൊഹീമിയ, മൊറാവിയ, ആസ്ട്രിയ എന്നിവിടങ്ങളിലെല്ലാം സ്ലാവുകളുടെ സാന്നിധ്യമുണ്ടായിരുന്നു. ആറാം നൂറ്റാണ്ടോടെ ബൈഡന്റയിന്‍ സാമ്രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ധാരാളം സ്ലാവ് ഗോത്രക്കാര്‍ എത്തിച്ചേര്‍ന്നു. അവരില്‍ പല ഗോത്രങ്ങളും കിഴക്കന്‍ ആല്‍പ്സ് പര്‍വതനിരകളില്‍ താമസമാക്കി. 600 എഡിയില്‍ പോസ്റ്റ് ഗ്രിഗറി ഒന്നാമന്‍, ഡാല്‍മേഷ്യയിലെ ബിഷപ്പ് മാക്സിമസിന് എഴുതിയ കത്തില്‍ സ്ലാവുകളുടെ വരവിനെക്കുറിച്ച് ഇപ്രകാരം പറയുന്നു “നിങ്ങളെ കഠിനമായി സമ്മര്‍ദ്ദത്തിലാക്കുന്ന സ്ലാവുകളെ ഓര്‍ത്ത് എനിക്ക് വിഷമമുണ്ട്. അവര്‍ ആസ്ത്രിയയിലൂടെ ഇറ്റലിയിലും എത്തിത്തുടങ്ങിയിരിക്കുന്നതിനാല്‍ ഞാനും അസ്വസ്ഥനാണ്.” ഏഴാം നൂറ്റാണ്ടോടെ കുടിയേറ്റം അവസാനിക്കുകയും ആദ്യകാല സ്ലാവ് രാഷ്ട്രങ്ങള്‍ “കാരന്താനിയ”, “മൊറാവിയ” തുടങ്ങിയവ സ്ഥാപിതമാകുകയും ചെയ്തു. ആദ്യ ബള്‍ഗേറിയന്‍ സാമ്രാജ്യം 681ല്‍ ബള്‍ഗറുകളും സ്ലാവുകളും തമ്മിലുള്ള സഖ്യത്തിന്റെ ഫലമായി രൂപംകൊണ്ടു. ദക്ഷിണസ്ലാവിക് ഭാഷയായ “സ്ലാവോണിക്” ഔദ്യോഗികഭാഷയായി. എന്നാല്‍ ആസ്ത്രിയ മുതലുള്ള പടിഞ്ഞാറന്‍ യൂറോപ്പില്‍ ജര്‍മാനിക് ഗോത്രങ്ങള്‍ ആധിപത്യം സ്ഥാപിച്ചതോടെ കിഴക്കന്‍ യൂറോപ്പിലേക്ക് സ്ലാവുകള്‍ മാറി. ബള്‍ഗേറിയ, പോളണ്ട്, ബൊഹീമിയ, ക്രൊയേഷ്യ, ബോസ്നിയ, സെര്‍ബിയ തുടങ്ങിയ പ്രദേശങ്ങളില്‍ അവര്‍ വാസമുറപ്പിച്ചു.
ഇതുകൂടി വായിക്കാം;ജനജീവിതം ദുഃസഹമാക്കുന്ന വിലക്കയറ്റം
പത്തൊമ്പതാം നൂറ്റാണ്ടില്‍ പ്രധാനപ്പെട്ട നാലു സ്ലാവിക് രാജ്യങ്ങളാണുണ്ടായിരുന്നത്, റഷ്യന്‍ സാമ്രാജ്യം, സെര്‍ബിയ, മോണ്ടിനെഗ്രോ, ബള്‍ഗേറിയ, ഓസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യം. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ ചെക്കോസ്ലോവാക്യ, യുഗോസ്ലാവിയ, സോവിയറ്റ് യുണിയന്‍ ഇവയിലെല്ലാം സ്ലാവുകള്‍ ഒരു പ്രധാന ജനവിഭാഗമായിരുന്നു. യുഗോസ്ലാവിയയില്‍ സെര്‍ബുകള്‍, ക്രോട്ടുകള്‍, സ്ലോവേനുകള്‍ എന്നീ മൂന്നു പ്രമുഖ ഗോത്രങ്ങളുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സ്ലൊവാക്യ, സ്ലൊവേനിയ, ക്രൊയേഷ്യ, ബോസ്നിയ, ഹെര്‍സഗോവിന, സെര്‍ബിയ, മോണ്ടിനെഗ്രോ, മാസിഡോണിയ തുടങ്ങിയ അനേകം സ്ലാവിക് രാജ്യങ്ങള്‍ ലോകഭൂപടത്തില്‍ ഉദയം ചെയ്തു.
റഷ്യന്‍ സാമ്രാജ്യത്തിനു കീഴില്‍ സ്ലാവിക് പ്രദേശമായ ഉക്രെയ്‌ന്‍ ഉള്‍പ്പെടുന്നത് 1764 മുതല്‍ 1781 വരെയുള്ള കാലഘട്ടത്തില്‍ കാതറിന്‍ ദ ഗ്രേറ്റിന്റെ കാലത്താണ്. ആ കാലഘട്ടത്തില്‍ ഉക്രെയ്‌ന്റെ ഭൂരിപക്ഷം പ്രദേശങ്ങളും റഷ്യന്‍ സാമ്രാജ്യം കീഴടക്കി. 1783ല്‍ റഷ്യ ക്രിമിയയും പിടിച്ചെടുത്തു. സാര്‍ചക്രവര്‍ത്തിമാര്‍ ഉക്രെയ്‌ന്‍ ഭാഷയുടെ ഉപയോഗം നിരോധിക്കുകയും സ്ലാവിക് ദേശീയത അടിച്ചമര്‍ത്തുകയും ചെയ്തു. അതേസമയം തന്നെ 19-ാം നൂറ്റാണ്ടോടെ റഷ്യയുടെ മറ്റു പ്രവിശ്യകളിലേക്ക് ഉക്രെയ്‌നിലെ സ്ലാവുകള്‍ കുടിയേറി. 1906ല്‍ ട്രാന്‍സ് സൈബീരിയന്‍ റയില്‍വേ സ്ഥാപിതമായശേഷം പത്തു വര്‍ഷത്തിനുള്ളില്‍ 1.6 ദശലക്ഷം ഉക്രേനിയന്‍ സ്ലാവുകള്‍ റഷ്യയുടെ വിവിധ പ്രവിശ്യകളിലേക്ക് കുടിയേറി. എന്നാല്‍ റഷ്യന്‍ ആഭ്യന്തരയുദ്ധം ഉക്രെയ്‌നിനെയും സാരമായി ബാധിച്ചു. 1921ലെ റഷ്യന്‍ ക്ഷാമകാലത്ത് 1.5 ദശലക്ഷത്തിലധികം ആളുകള്‍ മരിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ 1941 ജൂണ്‍ 22ന് ജര്‍മ്മന്‍ സൈന്യം സോവിയറ്റ് യൂണിയനെ ആക്രമിച്ചു.
1941 ഓഗസ്റ്റ് ഏഴാം തീയതി ജര്‍മ്മന്‍ സൈന്യം ഉക്രെയ്‌നിലെ കീവില്‍ പ്രവേശിച്ചു. സെപ്റ്റംബര്‍ 26 വരെ നടന്ന ഉപരോധത്തിലും യുദ്ധത്തിലും അതിശക്തമായ ചെറുത്തുനില്പാണ് സോവിയറ്റ് സൈന്യവും ഉക്രെയ്‌ന്‍ ജനതയും നാസികള്‍ക്കെതിരെ നടത്തിയത്. ആറു ലക്ഷത്തിലധികം സോവിയറ്റ് സൈനികര്‍ ബന്ദികളാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. ഉക്രെയ്‌നില്‍ എഴുന്നൂറിലധികം നഗരങ്ങളും 28,000 ഗ്രാമങ്ങളും നശിപ്പിക്കപ്പെട്ടു. 1946–47 കാലഘട്ടത്തില്‍ രൂക്ഷമായ ക്ഷാമം മൂലം റഷ്യയിലും ഉക്രെയ്‌നിലും വലിയ ദുരന്തങ്ങള്‍ സംഭവിച്ചു. എന്നാല്‍ 1953ല്‍ സ്റ്റാലിനുശേഷം സോവിയറ്റ് യൂണിയനില്‍ നികിത ക്രൂഷ്ചേവ് നേതൃത്വത്തില്‍ വന്നു. 1938–49 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഉക്രെയ്‌നിന്റെ ഫസ്റ്റ് സെക്രട്ടറിയായിരുന്നു ക്രൂഷ്ചേവ്. അതോടെ ഉക്രെയ്‌ന്‍ സോവിയറ്റ് വ്യവസായവല്ക്കരണത്തിന്റെ പ്രധാന കേന്ദ്രമായി മാറി. ലിയോണിഡ് ബ്രഷ്നേവ് അടക്കമുള്ള പ്രധാന സോവിയറ്റ് നേതാക്കളും ഉക്രെയ്‌നില്‍ നിന്നായിരുന്നു. 1964 മുതല്‍ 1982 വരെ അദ്ദേഹം സോവിയറ്റ് യൂണിയനെ നയിച്ചു. ഈ കാലഘട്ടം ഉക്രെയ്‌ന്‍ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമായിരുന്നു.
ഇതുകൂടി വായിക്കാം; ശ്രീലങ്കയ്ക്കു പിറകേ മ്യാന്മറും സാമ്പത്തിക ദുരിതത്തിലേക്ക്
1991ല്‍ സോവിയറ്റ് യൂണിയന്‍ വേര്‍പിരിഞ്ഞപ്പോള്‍ ഉക്രെയ്‌ന്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി. വിപണി സമ്പദ്‌വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കില്‍ വീണ്ടും ഉക്രെയ്‌ന്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചു. 2008ലെ ലോക സാമ്പത്തിക പ്രതിസന്ധി ഉക്രെയ്‌നെ വീണ്ടും തളര്‍ത്തി. 2013 നവംബര്‍ 21ന് ഉക്രെയ്‌ന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ച് യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ഒപ്പുവയ്ക്കുന്നതില്‍ നിന്നും പിന്മാറി. 2014 ഫെബ്രുവരി 22ന് സോവിയറ്റ് സൈന്യം ക്രിമിയയില്‍ പ്രവേശിച്ചു. 2014 മാര്‍ച്ച് 18ന് ക്രിമിയ റഷ്യയോട് ചേര്‍ക്കപ്പെട്ടു. ഇതോടെ സ്വതന്ത്ര ഉക്രെയ്‌ന്‍ അനുകൂലികളും റഷ്യന്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചു. ക്രിമിയ റഷ്യ പിടിച്ചെടുത്തതോടെ തുടങ്ങിയ റഷ്യയും ഉക്രെയ്‌നുമായുള്ള അസ്വാരസ്യം വര്‍ധിച്ചു. അതിനിടെ ഉക്രെയ്‌ന്‍ കൂടുതല്‍ യൂറോപ്യന്‍ പക്ഷത്തേക്ക് നീങ്ങുന്നതിനും യൂറോപ്യന്‍ യൂണിയനില്‍ അംഗത്വത്തിന് ശ്രമിക്കുന്നതിനും കാരണമായി. നാറ്റോ അംഗത്വത്തിനുള്ള ഉക്രെയ്‌നിയന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുടെ ശ്രമങ്ങളാണ് പെട്ടെന്നുള്ള റഷ്യയുടെ ആക്രമണത്തിന് പ്രേരണയായത്. സൈനിക ശക്തിയില്‍ പവര്‍ ഇന്‍ഡക്സ് പ്രകാരം രണ്ടാം സ്ഥാനത്തുള്ള റഷ്യയും 22-ാം സ്ഥാനത്തുള്ള ഉക്രെയ്‌നും തമ്മില്‍ താരതമ്യമൊന്നുമില്ല. രണ്ടു ലക്ഷം സൈനികരുള്ള ഉക്രെയ്‌നും എട്ട് ലക്ഷം സൈനികരുള്ള റഷ്യയും. പോര്‍വിമാനങ്ങള്‍ ഉക്രെയ്‌ന് 69ഉം റഷ്യക്ക് 772 ഉം. 12420 ടാങ്കുകളുള്ള റഷ്യന്‍ പട 2,596 ടാങ്കുകളുള്ള ഉക്രെയ്‌ന്‍, താരതമ്യങ്ങളൊന്നും തന്നെയില്ല. കൂടാതെ റഷ്യ ലോകത്തിലെ ഏറ്റവും വലിയ ആണവശക്തികളിലൊന്ന്. അതിനാല്‍ തന്നെ ഉക്രെയ്‌നിന് വിജയസാധ്യത തുലോം വിരളമാണ്.
ഇതുകൂടി വായിക്കാം; അന്ത്യം കാണാനാവാതെ തുടരുന്ന റഷ്യ- ഉക്രെയ്ന്‍ പ്രതിസന്ധി
ഈയൊരു വിനാശകരമായ യുദ്ധത്തിലേക്ക് ഉക്രെയ്‌നെ തള്ളിവിടുന്നതില്‍ ഉക്രെയ്‌ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുടെ കരുതലില്ലാത്ത വിദേശ നയത്തിന്റെ പങ്ക് ചെറുതല്ല. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലത്ത് ട്രംപിനുവേണ്ടി പ്രവര്‍ത്തിച്ചു എന്ന ആരോപണം നേരിട്ട സെലന്‍സ്കി തുടര്‍ന്ന് ഉക്രെയ്‌നെ നാറ്റോയുടെ ഭാഗമാക്കുവാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഉക്രെയ്‌ന്‍ പ്രതിപക്ഷ നേതാവായ വിക്ടര്‍ മെദ്‌വേദ് ചുക്കിനും മറ്റു റഷ്യന്‍ അനുകൂല നേതാക്കള്‍ക്കും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു. 2022 ഫെബ്രുവരി 24ന് റഷ്യ, ഉക്രെയ്‌നില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശങ്ങളിലേക്ക് പട്ടാളത്തെ അയച്ചു. ജര്‍മ്മനിയിലേക്ക് ഉക്രെയ്‌ന്‍ വഴിയുള്ള ഗ്യാസ് പൈപ്പ് ലൈന്‍ പൂര്‍ണമായി ഉപയുക്തമാവുന്നത് അമേരിക്കയുടെ യൂറോപ്പുമായുള്ള എണ്ണവ്യാപാരത്തെ ഗണ്യമായി ബാധിക്കും എന്നത്, സെലന്‍സ്കിയെ റഷ്യക്കെതിരായി നീങ്ങാന്‍ പ്രേരിപ്പിക്കുന്നതിന് അമേരിക്കയ്ക്ക് മതിയായ കാരണമാണ് എന്നത് മറ്റൊരു കാര്യം. രണ്ടാം ലോകമഹായുദ്ധകാലത്തിനു ശേഷം ഉക്രെയ്‌ന്‍ ഏറ്റവും കൊടിയ കെടുതികളിലൂടെ ഇന്ന് കടന്നുപോവുകയാണ്. അതേസമയം തന്നെ സ്ലാവുകളുടെ പോരാട്ടവീര്യത്തിന് ലോകചരിത്രത്തോളം തന്നെ പാരമ്പര്യമുണ്ടെന്നതും നമുക്ക് ഓര്‍ക്കേണ്ടതായുണ്ട്. മഹാനായ ലെനിന്‍ എന്തുകൊണ്ട് ഉക്രെയ്‌ന്‍ സ്വതന്ത്ര സോവിയറ്റ് റിപ്പബ്ലിക്കായി തുടരാന്‍ അനുവദിച്ചു എന്നതിന്റെ കാരണവും സ്ലാവുകളുടെ വ്യതിരിക്തമായ സാംസ്കാരിക പാരമ്പര്യം തന്നെയാണ്.