കഴിഞ്ഞതവണ ഒരു വേനല്‍ക്കുറിപ്പായിരുന്നു ഈ കോളത്തില്‍. അല്പം ചില ‘വലിയ’ കാര്യങ്ങളും. പക്ഷെ വേനല്‍ വാര്‍ത്തകള്‍ തീരുന്നില്ല. മുമ്പൊരിക്കലുമില്ലാത്ത ഒരു നീണ്ട വേനല്‍ നമ്മെ ആകെ തളര്‍ത്തുന്നു. മലയാളിക്ക് ഒരു പുതു അനുഭവമാണിത്. നമ്മുടെയൊക്കെ ചിലരെങ്കിലും ഗള്‍ഫ് നാടുകളിലുണ്ട്. അവിടെയൊക്കെ പ്രശ്നം പെരുംമഴയും വെള്ളപ്പൊക്കവും നാശനഷ്ടങ്ങളുമാണ്. അതിമനോഹരമായ ദുബായ് വിമാനത്താവളം ഒരു പെരുങ്കുളമായ ദൃശ്യങ്ങള്‍ കണ്ട് അന്തിച്ചു. നമുക്കോ ചുട്ട വേനലും, വിട്ടകലാത്ത കൊടുംചൂടും. അവിടെ മഴ ഇവിടെ ചൂട്. ആകെ ഒരു കാലാവസ്ഥാ അട്ടിമറി. പറയാനുള്ളത് മറ്റൊന്നാണ്; നിങ്ങള്‍ പാലക്കാടന്‍ ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിക്കാനിടയായാല്‍ വേനല്‍ക്കൃഷിയുടെ സമൃദ്ധി കാണാനാവാറുണ്ട്. ഇത്തവണ ആകെ മാറി. ഭൂമി പാട്ടത്തിനെടുത്തും അല്പസ്വല്പം പണം സ്വരൂപിച്ചും ഇറക്കിയ പച്ചക്കറി കൃഷിയൊക്കെ കരിഞ്ഞുണങ്ങി. സ്ഥിരമായി 40ഡിഗ്രിയിലധികം ചൂട്. പാടത്തേക്ക് വെള്ളമില്ല. കുടിവെള്ളമേയില്ലാത്തപ്പോള്‍ പാടത്തെപ്പറ്റി എന്ത് ചിന്തിക്കാന്‍. ലക്ഷക്കണക്കിന് രൂപ കടത്തിലാണ് കൃഷിക്കാര്‍. കൂട്ടായി ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ഇവിടെ പതിവാണ്. നല്ല വിളവും വിലയും കിട്ടും. കടം വീട്ടും, വീണ്ടും ഇത് ആവര്‍ത്തിക്കും. ഇത്തവണ അതിന് വഴിയില്ല. ഇറക്കിയ പണമൊക്കെ തരിശായി, പറിച്ചെടുക്കാന്‍ വിളവുമില്ല.
തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന പച്ചക്കറിയൊക്കെ വാടിയവയാണ്. കടക്കാര്‍ക്ക് അവ വാങ്ങി വില്‍ക്കാന്‍ പറ്റില്ല. വാളയാര്‍ കടക്കുന്നതിന് മുമ്പെ വാടും. ചെറിയ കടക്കാരോട് ചോദിച്ചാല്‍ ദുരിതകഥയേ പറയാനുള്ളു. പഴക്കച്ചവടമാണ് തീര്‍ത്തും മുടിഞ്ഞത്. പഴം പഴുക്കുന്നതോടെ വെയിലില്‍ തൊലി കറുത്ത് ആളുകള്‍ വാങ്ങാതാവുന്നു. ഒരു കുല പഴത്തില്‍ പകുതിപോലും വില്‍ക്കാനാവില്ലെന്നാണ് കടക്കാര്‍ പറയുന്നത്. അതിലെ ലാഭം, ബാക്കിയുടെ നഷ്ടത്തിനുപോലും തികയുന്നില്ല. ഒരു ദിവസം മുഴുവന്‍ ചൂട് സഹിച്ചത് നഷ്ടം.
കറിവേപ്പില, മല്ലിയില, പുതിന തുടങ്ങിയവയൊക്കെ തോട്ടത്തില്‍ നിന്നേ കരിഞ്ഞ് വാടിയിട്ടാണ് എത്തുന്നത്. വാങ്ങാന്‍ ആള്‍ക്കാരില്ല. നല്ല വിളവ് പ്രതീക്ഷിച്ച് കൃഷി ചെയ്തവരൊക്കെ കടത്തില്‍ മുങ്ങി. വാങ്ങിവിറ്റ് എന്തെങ്കിലും സമ്പാദിക്കാമെന്ന് കരുതിയവരും കടക്കാരായി. ഈ വേനല്‍ കര്‍ഷകര്‍ക്ക് കൊടുത്ത കൊടും ദുരിതത്തിന്റെ അനുഭവചിത്രമാണിത്. പച്ചക്കറി വരവ് കുറയുന്നു. പ്രധാന കാരണം പാലക്കാടന്‍ അതിര്‍ത്തി പ്രദേശങ്ങളായ വടകരപ്പതി, എരുത്തേമ്പതി എന്നിവിടങ്ങളിലെ വരള്‍ച്ച തന്നെ. തമിഴ്‌നാട്ടിലും സ്ഥിതി ഇതുതന്നെ. അതിര്‍ത്തിയിലെ മിക്ക സ്ഥലങ്ങളിലും കുഴല്‍ക്കിണറുകള്‍ വറ്റി.
വെള്ളരി, കുമ്പളം, വെണ്ട, പടവലം, കയ്പയ്ക്ക തുടങ്ങി ഒരുവക പച്ചക്കറികളൊക്കെ പാടത്തുനിന്നേ മുക്കാലും നശിച്ചു. പലരും ഇനി ഈ പരിപാടിക്കില്ലെന്നുപറഞ്ഞ് പിന്‍വാങ്ങുകയാണ്. തമിഴ്‌നാട്, കര്‍ണാടക പച്ചക്കറികള്‍ വന്‍ വിലയ്ക്കാണ് എത്തുന്നത്. കൃഷിച്ചെലവും ഗതാഗത ചെലവും എന്ന കാരണം കൂടിയുണ്ട്. സാമാന്യ വിലയ്ക്ക് കിട്ടിയിരുന്ന പച്ചമുളകിന് 90 രൂപ. പൊതുവെ വലിയ വിലയില്ലാതിരുന്ന പടവലം, വെണ്ടക്ക, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്ക് പോലും വില കൂടി. കച്ചവടക്കാര്‍ ആവശ്യത്തിനുള്ള പച്ചക്കറിയേ വാങ്ങുന്നുള്ളു. ഒരു ദിവസം കെട്ടിക്കിടന്നാല്‍ 15 ശതമാനമെങ്കിലും നഷ്ടമാവും. അത്രയ്ക്കാണ് ചൂട്. ഇത് ഈ വര്‍ഷത്തെ കഥയാണെങ്കില്‍ അടുത്ത വര്‍ഷം എങ്ങനെയാവുമെന്ന് ഭയന്ന്, ഈ കൃഷിക്കും കച്ചവടത്തിനും ഇറങ്ങാന്‍ ഏറെപ്പേരുണ്ടാവില്ല.
ഇത് പാലക്കാടിന്റെ മാത്രം കഥയല്ല. സംസ്ഥാനത്ത് ഏതാണ്ട് 25,000 കൃഷിക്കാരാണ് വേനലിന് ഇരയായത്. ഫെബ്രുവരി മുതല്‍ മേയ് വരെ ഏതാണ്ട് 100.5 കോടി രൂപ നഷ്ടമായിട്ടുണ്ട്. ഏറ്റവുമധികം ഇടുക്കിയിലും പാലക്കാടുമാണ് കൃഷി നഷ്ടം. വന്‍ നഷ്ടം ഒരു വിഭാഗം നേന്ത്രവാഴ കൃഷിക്കാര്‍ക്കാണ്. പാടത്തുനിന്നേ ഉണങ്ങിപ്പോയ ഒരു വാഴത്തോട്ടത്തിന്റെ ഫോട്ടോ ഈയിടെ കാണാനിടയായി. അവരുടെ നഷ്ടം 40 കോടി രൂപയിലധികം വരും. ഈ നഷ്ടത്തിന്റെ സമഗ്ര ചിത്രം ലഭിക്കാന്‍ ബ്ലോക്ക് ലെവല്‍ ടീമുകളെ തയ്യാറാക്കിയിട്ടുണ്ട്. കൃഷിനാശം മാത്രമല്ല, വിളവിലുണ്ടായ കുറവ്, ഗുണമേന്മക്കുറവ്, വളര്‍ച്ചയുടെ ഏത് ഘട്ടത്തിലാണ് നാശമുണ്ടാവുന്നത് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ട്. കൃഷിവകുപ്പ് അടിയന്തരമായി ഇടപെടേണ്ട സന്ദര്‍ഭമാണിത്. കുറേ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. വിളവിന്റെ സമയം, വരള്‍ച്ച ചെറുക്കാന്‍ കഴിയുന്ന കൃഷി പ്രോത്സാഹനം, കാര്‍ഷിക സര്‍വകലാശാലകളുടെ തക്കസമയ ഇടപെടല്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ കൂടി ഇത്തരുണത്തില്‍ പ്രസക്തമാണ്. സര്‍ക്കാര്‍തലത്തില്‍ അതിനായുള്ള പഠനം, ഗവേഷണം, ഏകോപനം എന്നിവ വേണം. അതുമാത്രമല്ല, അടുത്ത വേനലിനെ മുന്നില്‍ക്കണ്ട്, ഈ മഴക്കാല ജലം സംഭരിച്ചുപയോഗിക്കുന്നതിനും ശാസ്ത്രീയമായ ജല എന്‍ജിനീയറിങ് ആവശ്യമാണ്.
നെല്ല്, പച്ചക്കറി കൃഷിക്കാരെ മാത്രമല്ല, ഈ ക്രൂരവേനല്‍ തകര്‍ത്തത്. പാല്‍ വിറ്റ് കഴിയുന്ന ഒരുപാട് വീട്ടുകാരുണ്ട്. അതുകൊണ്ട് കുടുംബം നടത്തുന്ന കുടുംബങ്ങളുണ്ട്. മിക്കവരും സ്ത്രീകള്‍. എട്ടോ പത്തോ ലിറ്റര്‍ പാല്‍ കിട്ടും. ചിലപ്പോള്‍ അല്പം കൂടുതലും. ചെലവ് കഴിച്ച് അതുകൊണ്ട് വീട് കൊണ്ടുപോകും. ഇത്തവണ ദിനംപ്രതി ഏതാണ്ട് നാല് ലിറ്ററോളം കുറവുണ്ടെന്നാണ് ഒരു ക്ഷീരകര്‍ഷക പറഞ്ഞത്. അതായത്, കാലിച്ചെലവ് കിഴിച്ച് ഒന്നും ബാക്കിയുണ്ടാവില്ല. ചൂടുകാലത്ത് പശുപരിപാലനം കൂടുതല്‍ ചെലവേറിയതാണ്. പശുവിന്റെ ശരീരം ചൂടായാല്‍ പാല്‍ കുറയും. തീറ്റച്ചെലവ് കൂടുതലാവുന്നു. മൊത്തം പാലുല്പാദനത്തിലും കുറവുണ്ട്.
ഇത് ക്ഷീരകര്‍ഷകരുടെ മാത്രം സ്ഥിതി. കോഴി വളര്‍ത്തല്‍, ഇറച്ചിക്കച്ചവടം, മുട്ടക്കച്ചവടം എന്നിവയും താളംതെറ്റി. തമിഴ്‌നാട്ടില്‍ നിന്നുവരുന്ന കോഴികളില്‍ നല്ലൊരു ശതമാനം യാത്രയില്‍ത്തന്നെ ചത്തുപോകുന്നു. കനത്ത നഷ്ടമാണ് കച്ചവടക്കാര്‍ക്ക്. മാത്രമല്ല മുട്ടയുല്പാദനവും കുറവാണ്. നാമക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുവരുന്ന മുട്ടകള്‍ ചൂടുകാരണം കേടുവരുന്നു. മുട്ടകള്‍ വിറ്റുപോകാതിരുന്നാല്‍ നഷ്ടം കൂടും. ഇങ്ങനെ വിവിധതരത്തിലാണ് കര്‍ഷകര്‍ക്കുണ്ടാവുന്ന നഷ്ടം. ചൂടുകാരണം കടല്‍മീന്‍ നന്നേ കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. അപ്പോള്‍ വില കൂടും. വാങ്ങാന്‍ ആളും കുറയും.
ഇതാണ് ഇപ്രാവശ്യത്തെ വേനലിന്റെ ധനശാസ്ത്രം. മുമ്പൊരിക്കലും ഇത്ര വ്യാപകമായ നഷ്ടങ്ങള്‍ ഉണ്ടായതായി അറിവില്ല. അടുത്ത കൊല്ലത്തേക്ക് ഇതൊരു പാഠമാവണം. അന്ന് നോക്കിയിട്ടും പറഞ്ഞിട്ടും കാര്യമില്ല. വകുപ്പുകളുടെ ബഹുതല സംയോജനത്തിലൂടെ ഒരു പ്ലാന്‍ വേണം. ഒരുതരം സമ്മര്‍ പ്ലാനിങ്.