ഇന്ത്യൻ ഭാവനയിൽ കുരുക്ഷേത്രത്തിന് ഒരു സവിശേഷ സ്ഥാനമുണ്ട്. ഇതിഹാസകാവ്യമായ മഹാഭാരതത്തിൽ വർണിക്കപ്പെടുന്ന രക്തരൂക്ഷിത യുദ്ധങ്ങളുടെ വേദിയായിരുന്നു കുരുക്ഷേത്രം. പ്രാചീന നഗരമായ ഇന്ദ്രപ്രസ്ഥത്തിന്റെ (ഇപ്പോൾ ഡല്‍ഹി) തെക്ക് പടിഞ്ഞാറുള്ള തുറസായുള്ള സമതല പ്രദേശത്താണ് യുദ്ധം നടന്നത് എന്നാണ് ഇതിഹാസത്തിൽ പറയുന്നത്. ആ സമതലത്തിന്റെ അന്നത്തെ പേര് ഇന്നും നിലനിൽക്കുന്നു. കുരുക്ഷേത്രയുദ്ധത്തില്‍ ജ്യേഷ്ഠനായ ധൃതരാഷ്ട്രരെ ആപത്തിൽ നിന്നു രക്ഷിക്കാനായി കൗരവരുടെ അസാന്നിധ്യത്തിൽ വിദുരർ ധർമ്മാധർമ്മങ്ങൾ ഉപദേശിക്കുന്നുണ്ട്. പലകഥകളും ഉദാഹരണമായി പറഞ്ഞ് കൂടുതൽ വിശ്വാസ്യത വരുത്താന്‍ നോക്കുകയാണ്. എന്നാല്‍ പുത്രവാത്സല്യം നിമിത്തം ധൃതരാഷ്ട്രർക്ക് അതൊന്നും സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. അതേ അവസ്ഥയാണ് ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ. കുരുക്ഷേത്ര ഭൂമിയുടെ ചരിത്രം അറിയാതെ രാഹുൽ ഗാന്ധിമാർ രാഷ്ട്രീയം നയിക്കുമ്പോൾ അപചയത്തിന്റെ രാഷ്ട്രീയ വിളംബരങ്ങൾ നാം കാണുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറെക്കാലം മതനിരപേക്ഷതയുടെ പക്ഷത്തായിരുന്നു. ആ കാലം പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെയും മഹാത്മാ ഗാന്ധിയുടെയും മഹത്തായ കാലമായിരുന്നു. മോത്തിലാൽ നെഹ്രുവും അവരുടെ മുൻഗാമി ആയിരുന്നു. എന്നാൽ ഇന്ന് ആ പാര്‍ട്ടി ഭൂരിപക്ഷ — ന്യൂനപക്ഷ വർഗീയ ശക്തികളുമായി തരാതരം കൈകോർത്തു പിടിക്കുന്ന കക്ഷിയായി പരിണമിച്ച് കഴിഞ്ഞു.
“സബ്‌കോ സന്മതി ദേ ഭഗവാൻ” എന്ന് പാടി നടന്ന, രാമനും റഹീമും ഒന്നുതന്നെ എന്ന് ഉദ്ഘോഷിച്ച, നവഖാലിയിലെ രക്തപ്പുഴകൾക്ക് നടുവിലൂടെ മുട്ടോളം എത്തുന്ന മുണ്ടുമുടുത്ത് മുട്ടൻ വടിയും പിടിച്ച് ഹൈന്ദവ — മുസ്ലിം സാംസ്കാരിക സൗഹൃദം പാടി നടന്ന ഗാന്ധിജിയെ ഇന്നത്തെ കോൺഗ്രസുകാർ അമ്പേ മറന്നുപോയി. മതനിരപേക്ഷതയുടെ പതാക വാനം മുട്ടെ ഉയർത്തിപ്പിടിച്ച, ആരാധനാലയങ്ങൾ സന്ദർശിച്ച് നമ്രശിരസ്കൻ ആകാതിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണെന്ന് ഉച്ചത്തിൽ ഉദ്ഘോഷിച്ചു. ഡോ. ബി ആർ അംബേദ്കർ ആ ജനാധിപത്യ ബോധവും ഭരണഘടനാ മൂല്യങ്ങളും ആവർത്തിച്ച് പറഞ്ഞു. ആ പാരമ്പര്യം കോൺഗ്രസ് മറന്നുപോയി. ചരിത്രം മറന്നുപോയ കോൺഗ്രസ് ഇങ്ങ് കേരളത്തിൽ ന്യൂനപക്ഷ — ഭൂരിപക്ഷ വർഗീയശക്തികളുമായി സന്ധി പ്രഖ്യാപിക്കുകയാണ്. കോൺഗ്രസും യുഡിഎഫും മതരാഷ്ട്രവാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെയും വെൽഫെയർ പാർട്ടിയുടെയും എസ്ഡിപിഐയുടെയും കൈപിടിക്കാനും സന്ധി പ്രഖ്യാപിക്കുവാനും സന്നദ്ധമായിരിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പാര്‍ട്ടി അധ്യക്ഷന്‍ സണ്ണി ജോസഫിനും അക്കാര്യത്തിൽ ഒട്ടും മടിയില്ല. അതിനിടയിൽ ബിജെപിയുമായി ഈടുറ്റ ബന്ധം സ്ഥാപിക്കുവാനും അവർ അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. 1991ൽ ബേപ്പൂരില്‍ കോ-ലീ-ബി സഖ്യം പരീക്ഷിച്ച് പരാജയപ്പെട്ട കൂട്ടർ ഇത്തവണയും ആ അവിഹിത ബാന്ധവ സഖ്യത്തിനായി യത്നിക്കുകയാണ്. അന്ന് വടകരയിലെയും ബേപ്പൂരിലെയും ജനത കനത്ത തിരിച്ചടി നൽകി. മതനിരപേക്ഷതയുടെ കേരളീയ ജനതയുടെ ആ പാഠം പഠിക്കാതെ ഇപ്പോഴും 1991ലെ മഴവിൽ സഖ്യത്തെ ഉയർത്തിക്കൊണ്ടു വരികയാണ് യുഡിഎഫ്. ഇതിനെതിരായ പ്രതികരണം കേരളീയ ജനത ഈ തെരഞ്ഞെടുപ്പിലും നൽകും.
ഈ തെരഞ്ഞെടുപ്പ് ജനതയുടെ രാഷ്ട്രീയാഭിമാനത്തിന്റെ പോരാട്ടമാണ്. ജനങ്ങൾക്കായി 10 വർഷക്കാലം നിസ്വാർത്ഥമായി സേവനമനുഷ്ഠിച്ച സർക്കാരിനുള്ള അനുകൂല ജനവിധിയായിരിക്കും ഉണ്ടാവുക. യുഡിഎഫ് തകർത്തു തരിപ്പണമാക്കിയ കേരളത്തെ നവീന കേരളമാക്കി മുന്നോട്ടുനയിച്ച ഇടത് സർക്കാരിനുള്ള ജനങ്ങളുടെ പിന്തുണയും അംഗീകാരവും ആണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ പോകുന്നത്. ക്ഷേമ പെൻഷൻ മുടക്കിയവർക്കും ഭക്ഷ്യസുരക്ഷയെ ഇല്ലായ്മ ചെയ്തവർക്കും എതിരായുള്ള ജനവിധി ആയിരിക്കും ഈ തെരഞ്ഞെടുപ്പ്. പ്രളയങ്ങളെയും കോവിഡ് പോലുള്ള മഹാദുരന്തങ്ങളെയും അതിജീവിച്ചത് എൽഡിഎഫ് ഭരണത്തിലാണ്. അതിനുള്ള അംഗീകാരം ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കും. പുതയുഗ യാത്ര എന്ന പേരിൽ നടന്ന വി ഡി സതീശന്റെ പ്രഹസന യാത്രയുടെ സമാപനത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നടത്തിയ അഞ്ചിന പ്രഖ്യാപനങ്ങൾ അങ്ങേയറ്റം പരിഹാസ്യമാണ്. 18 മാസം ക്ഷേമ പെൻഷൻ കൊടുക്കാതിരുന്നവരാണ് 3000 ആയി വർധിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കുന്നത്. നിലവിൽ 2000 ആണ് എൽഡിഎഫ് നൽകിവരുന്നത്. യുഡിഎഫ് കാലത്ത് കെഎസ്ആർടിസി ബസ് നിര്‍ത്തലാക്കും എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഓടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ബസിൽ സ്ത്രീകള്‍ക്ക് സൗജന്യം കൊടുക്കുമെന്ന് പറയുന്നതാണ് മറ്റൊരു തമാശ.
2016 ഫെബ്രുവരി 24ന് നിയമസഭയിൽ കെ കെ ജയചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായി നല്‍കിയ ഉമ്മൻചാണ്ടി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച് നടപ്പാക്കാതിരുന്ന 86 പദ്ധതികളുടെ പട്ടിക പൊതുജനങ്ങള്‍ക്ക് രേഖകളില്‍ വായിക്കാം. മാത്രമല്ല, കെ ഫോൺ മുതൽ കിഫ്ബിവരെയുള്ള സംരംഭങ്ങളെ തകർക്കാനും കോൺഗ്രസും യുഡിഎഫും ശ്രമിച്ചതും ജനം മറന്നുപോയിട്ടുണ്ടാകില്ല. എല്ലാം ഞങ്ങള്‍ നിര്‍ത്തലാക്കും എന്ന് ആവര്‍ത്തിച്ചിരുന്നു സതീശന്‍. ജനങ്ങളെ കപടവാഗ്ദാനങ്ങൾ കൊണ്ടും പ്രഖ്യാപനങ്ങൾ കൊണ്ടും പരിഹസിക്കാനാവുകയില്ല. ആ യാഥാർത്ഥ്യം അമേഠിയിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നെങ്കിലും രാഹുല്‍ പഠിക്കേണ്ട പാഠമാണ്. രാഹുൽ പാഠം പഠിച്ചില്ല എന്ന് ഇപ്പോഴത്തെ വഞ്ചനാരാഷ്ട്രീയ പ്രസ്താവനകളിലൂടെ വ്യക്തമാകുന്നു. മുന്നിൽ നിൽക്കുന്നത് കപട സ്നേഹിതന്മാരാണെന്ന് കേരളീയ ജനത തിരിച്ചറിയും.

