താമരക്കുമ്പിളിൽ കൈപ്പത്തി വിരിയുന്ന ഫലിത രാഷ്ട്രീയം കേരളത്തിൽ ആസന്നമായിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ കൂടുതൽ കാഠിന്യത്തോടെ ആവർത്തിക്കപ്പെടുകയാണ്. ജനാധിപത്യത്തെ ധനാധിപത്യത്തിനും മതവർഗീയ ഫാസിസ്റ്റ് അജണ്ടയ്ക്കും പണയപ്പെടുത്തുന്ന കുത്സിതമായ രാഷ്ട്രീയ രസതന്ത്രമാണ് അരങ്ങേറ്റപ്പെടുന്നത്. ബഹുഭൂരിപക്ഷം മാധ്യമ കുത്തക ശക്തികളും ഈ നീച രാഷ്ട്രീയ കൃത്യത്തെ ഒളിഞ്ഞും തെളിഞ്ഞും കോടാനുകോടി രൂപയുടെ പരസ്യ ധനലാഭത്തിനും തങ്ങളുടെ അതിഗൂഢ അജണ്ടകൾ നടപ്പാക്കുന്നതിനുമായി മാധ്യമധർമ്മമാകെ കൈയ്യൊഴിഞ്ഞ് പിന്തുണയ്ക്കുന്നു. വഴങ്ങിയില്ലെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ വഴി അവരെ വരച്ചവരയിൽ നിർത്തുവാൻ കേന്ദ്രഭരണം സദാ ജാഗരൂകരുമാണ്. ഭാരതീയന് പൗരാവകാശവും സമ്മതിദാനാവകാശവും മതനിരപേക്ഷ ധാർമ്മിക മൂല്യങ്ങളും നൃശംസതയോടെ നിഷേധിക്കപ്പെടുന്ന, സംഘപരിവാര ഫാസിസത്തിന്റെ ഇരുൾ നിറഞ്ഞ ദുരന്തകാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യൻ ജനാധിപത്യ മതനിരപേക്ഷ മണ്ഡലത്തിലെ മൂല്യങ്ങളുടെയും ഭരണഘടനാ തത്വങ്ങളുടെയും നിഷേധപരമ്പരകളുടെ കാലം അതിജീവനത്തിന്റെ പൊരുതലും ചെറുത്തുനില്പും ആവശ്യപ്പെടുന്നു. ആ കാലത്ത് ജനാധിപത്യത്തിലെ നാലാം തൂണായ മാധ്യമങ്ങൾ ഭരണകൂട ദാസ്യവൃത്തിയിൽ അഭിരമിക്കുന്നു എന്നതാണ് അതീവ ഗുരുതരം.
സാമ്രാജ്യത്വ — നാടുവാഴി ദുഷ്‌പ്രഭുത്വം അഴിഞ്ഞാടിയിരുന്ന കാലത്ത്, ജന്മിത്വ നികൃഷ്ടതകൾ കൊടിയ നൃത്തമാടിയ ഘട്ടങ്ങളിൽ, രക്തസാക്ഷിത്വ പരമ്പരകൾ സൃഷ്ടിക്കപ്പെട്ട കാലത്ത് നവോത്ഥാന നായകരും കമ്മ്യൂണിസ്റ്റുകാരും നയിച്ച വിമോചന പോരാട്ടങ്ങൾ ചരിത്രത്തിലെ അത്യുജ്വല അടയാള പത്രങ്ങളാണ്. വിമോചന പോരാട്ടഘട്ടത്തിൽ പത്രാധിപന്മാരും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മാധ്യമങ്ങളും വഹിച്ച പങ്ക് ചരിത്രത്താളുകളിൽ അധികം രേഖപ്പെടുത്താതെ പോയി. പി കൃഷ്ണപിള്ളയും, സി അച്യുതമേനോനും, ഇഎംഎസും, സി ഉണ്ണി രാജയും എൻ ഇ ബാലറാമും, കെ ദാമോദരനും, പി ആർ നമ്പ്യാരും എഴുതിയ എത്രയെത്ര ലേഖനങ്ങൾ, മുഖ പ്രസംഗങ്ങൾ… അവ കാലത്തെ അതിജീവിക്കുന്ന പ്രതിരോധ പ്രക്ഷോഭങ്ങൾക്ക് കരുത്ത് പകർന്നു. അതിതീവ്ര വോട്ട് പരിഷ്കരണത്തിലൂടെ ഇന്ത്യൻ ജനാധിപത്യത്തെ ഏകാധിപത്യത്തിന്റെ ദുർലോകത്തേക്ക് ആനയിക്കുവാനുള്ള ഒരുഘട്ടത്തിനാണ് നരേന്ദ്ര മോഡിയുടെ ഏകാധിപത്യ ഭരണകൂടവും അതിന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷനും ശ്രമിക്കുന്നത്. നിയമ ഭേദഗതിയിലൂടെ പൗരാവകാശമില്ലാത്ത മനുഷ്യരെ സൃഷ്ടിക്കുന്നതുപോലെ സമ്മതിദാനാവകാശത്തിന് എതിർശബ്ദങ്ങളുടേതായ ഭൂരിപക്ഷം ഇല്ലാത്ത പട്ടിക സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. ‘ഏക തെരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യം മുന്നോട്ടുവയ്ക്കുന്ന സംഘപരിവാര ശക്തികൾ പൗരാവകാശവും സമ്മതിദാനാവകാശവും നിഷേധിച്ചുകൊണ്ട് ഒറ്റ തെരഞ്ഞെടുപ്പ്, പ്രസിഡൻഷ്യൽ ഭരണസംവിധാനം എന്ന ആശയത്തിലേക്ക് രാഷ്ട്രത്തെ വലിച്ചിഴയ്ക്കുന്ന ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്.
മഹാനായ പത്രാധിപർ കേസരി ബാലകൃഷ്ണപിള്ള 1930 ഓഗസ്റ്റ് 13ന് ‘രാജ്യദ്രോഹത്തിന് പുറമേ രാജദ്രോഹവും’ എന്ന തലക്കെട്ടിൽ ‘പ്രബോധകൻ’ എന്ന പ്രസിദ്ധീകരണത്തിലെ മുഖപ്രസംഗത്തിൽ ഈ വിധം എഴുതി — “പബ്ലിക് അഡ്മിനിസ്ട്രേഷൻ’എന്ന പത്രത്തിൽ ഭരണത്തെപ്പറ്റിയുള്ള ചില ചിന്തകൾ എന്ന ലേഖനത്തിൽ മിസ്റ്റർ സി എച്ച് ഗാർലൻഡ് ഐഎസ്ഒ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ബുദ്ധിപൂർവമായി ഭരണം നടത്തുന്ന എല്ലാ രാജ്യങ്ങളിലും ഭരണീയരോടുള്ള ബന്ധം ഒരു കലാനിപുണന്റേത് ആയിരിക്കണം. ഒരു കലാനിപുണനും അയാളുടെ വിഷയത്തിനും തമ്മിൽ പരസ്പര പ്രേരകമായ ഒരു ബന്ധം ഉണ്ടാകുന്നതാണ്. ഈ പ്രേരകശക്തിമൂലം ഇരുവരിലും ഒരു പരിവർത്തനം ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് ഒരാളെ ഭരണമേല്പിക്കുമ്പോൾ ഈ പരസ്പര പ്രേരണയിൽ നിന്ന് ഉണ്ടായേക്കാവുന്ന പരിവർത്തനത്തെ പരിഗണിക്കേണ്ടതാണ്. ഒരു ഭരണാധികാരിയുടെ സംസ്കാരപരവും സാമുദായികവും സാന്മാർഗികവും ആയ ഗുണങ്ങൾക്ക് അയാളുടെ ജ്ഞാനം, പരിചയം, സർവീസിലുള്ള പഴക്കം, ഇതര ഗുണങ്ങൾ എന്നിവയ്ക്ക് തുല്യമായ പ്രാധാന്യമുണ്ട്.
കേസരി ചൂണ്ടിക്കാണിച്ചിരിക്കുന്ന ഈ വസ്തുത ഇന്നത്തെ കേന്ദ്രഭരണാധികാരികളുടെ മുന്നിൽ നിലനിൽക്കുന്നില്ല. ഒരു ഭരണാധികാരിക്ക് വേണ്ട സംസ്കാരപരവും സാന്മാർഗികവും ആയ ഗുണങ്ങൾ ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോഡിക്കും സംഘത്തിനും ഇല്ല. അവരുടെ ജ്ഞാനവും പ്രവർത്തന മേഖലയിലെ പഴക്കവും വർഗീയ ഫാസിസത്തിന്റെയും പൗരാവകാശനിഷേധത്തിന്റെയും ഭാഗമായതുകൊണ്ടാണ് വോട്ട് പരിഷ്കരണത്തിലെ ഒഴിവാക്കൽ ദുരന്തങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നത്.
ഇതിനെതിരായി നിലപാട് കൈക്കൊള്ളേണ്ട പാർട്ടിയാണ് കോൺഗ്രസ്. ഗാന്ധിജിയും നെഹ്രുവും മൗലാന അബുൽ കലാം ആസാദും സർദാർ വല്ലഭഭായി പട്ടേലും ഡോ. ബി ആർ അംബേദ്കറും ഉണ്ടായിരുന്നെങ്കിൽ ജനാധിപത്യത്തിലെ ഈ കടുംകയ്യേറ്റത്തെ ചെറുക്കുകയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുകയും ചെയ്യുമായിരുന്നു. പക്ഷേ ഇന്ന് കോൺഗ്രസ് ഫാസിസ്റ്റ് അജണ്ടകളുമായും വലതുപക്ഷ സാമ്രാജ്യത്വ ശക്തികളുമായും ഭൂരിപക്ഷ — ന്യൂനപക്ഷ വർഗീയശക്തികളുമായും ഒളിഞ്ഞും തെളിഞ്ഞും സന്ധി പ്രഖ്യാപിക്കുന്ന നിലയിൽ എത്തിക്കഴിഞ്ഞു. വോട്ടിലെ വെട്ടിനിരത്തൽ കർണാടകയിലെയും മഹാരാഷ്ട്രയിലെയും ബിഹാറിലെയും അനുഭവങ്ങൾ മുൻനിർത്തി രാഹുൽ ഗാന്ധി പുറത്തെടുത്തെങ്കിലും പൊടുന്നനെ പൊലിഞ്ഞുപോയ കോൺഗ്രസിലെ ഒറ്റപ്പെട്ട ശബ്ദമായി പരിണമിച്ചു. അനധികൃത കൂട്ടവോട്ട് ചേർക്കലിനെയും പ്രതിരോധിക്കാനായില്ല. കേരളത്തിൽ 1990കളിൽ തന്നെ ആരംഭിച്ച ബിജെപി, കോൺഗ്രസ്, ലീഗ് സഖ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും പരസ്യമായും രഹസ്യമായും അരങ്ങേറുന്നുണ്ട്. കേരളം ഡിസംബർ ഒമ്പതിനും 11നുമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഈ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ബിജെപി, വെൽഫെയർ പാർട്ടി, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ലീഗ് സഖ്യം പരസ്യമായി നിലവിൽ വന്നിരിക്കുന്നു.
വെൽഫെയർ പാർട്ടിയുമായും പോപ്പുലർ ഫ്രണ്ടുമായും കൂട്ടുകെട്ടിനില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരുന്ന യുഡിഎഫ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആ പ്രഖ്യാപനം പരസ്യമായി തെറ്റിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ അത് ആവർത്തിക്കുന്നു. അതിനൊപ്പം ബിജെപിയുമായും സഖ്യത്തിലേര്‍പ്പെടുന്നതിന്റെ വ്യക്തമായ ചിത്രം തെളിയുന്നു. തിരുവനന്തപുരത്ത് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് 50 സീറ്റുകളിൽ സ്ഥാനാർത്ഥികൾ ഇല്ല. പത്തനംതിട്ട ജില്ലയിൽ 30 സീറ്റുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികൾ ഇല്ല. കോട്ടയം ജില്ലയിൽ 189 സീറ്റിലും, ഇടുക്കി ജില്ലയിൽ 220 സീറ്റിലും മലപ്പുറം ജില്ലയിൽ 1,200 സീറ്റിലും കണ്ണൂർ ജില്ലയിൽ 381 സീറ്റിലും വയനാട് ജില്ലയിൽ 48 സീറ്റിലും പാർലമെന്റ് സീറ്റിൽ വിജയിച്ചു എന്ന് അഹങ്കരിച്ച തൃശൂർ ജില്ലയിൽ 27 സീറ്റിലും ബിജെപി സ്ഥാനാർത്ഥിയില്ല. കോൺഗ്രസ് മത്സരിക്കാത്തിടങ്ങളിൽ ബിജെപിയുടെ താമര ചിഹ്നമുണ്ട് എന്നതുകൂടി പരിഗണിക്കുമ്പോൾ ബാന്ധവ ചിത്രം വ്യക്തമാവുന്നു. കേരളത്തിൽ എണ്ണായിരത്തോളം സീറ്റുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നത് ബിജെപിക്കാരെ പോലും അമ്പരപ്പിക്കും.
താമരക്കുമ്പിളിൽ കൈപ്പത്തി വിരിയാൻ തുടങ്ങിയിട്ട് രണ്ട് ദശാബ്ദത്തിലേറെയായി. ഇന്ത്യൻ പാർലമെന്റിലും മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിൽ എത്തുന്നത് ഖദറിനെ വെറുക്കുന്ന കോൺഗ്രസുകാർ കൈപ്പത്തി വെടിഞ്ഞ് സ്ഥാനമാനങ്ങൾ കൈപ്പറ്റി, മോഹിപ്പിക്കുന്ന പണസഞ്ചികൾക്ക് പിന്നാലെ താമരയ്ക്കു മുകളിൽ മുദ്ര ചാർത്തുന്നതുകൊണ്ടാണ്. കോൺഗ്രസും ബിജെപിയും സൗകര്യപൂർവം സഖ്യം ഒരുക്കി മതനിരപേക്ഷതയെ തകർക്കുവാനും ഇടതുപക്ഷത്തെ നിരാകരിക്കുവാനും ശ്രമിക്കുമ്പോള്‍, കൈപ്പത്തിയിലെ താമരകൾ കണ്ട് മതനിരപേക്ഷവാദികളായ കേരളത്തിലെ പ്രബുദ്ധജനത പണം കൈപ്പറ്റുന്ന കൈപ്പത്തിയെയും അതിനുള്ളിൽ വിടരുന്ന വർഗീയ താമരയെയും പാടെ തിരസ്കരിക്കും. ചരിത്രസത്യം തിരിച്ചറിയുന്ന കേരളീയ ജനത തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പ്രതികരണത്തിലൂടെ മതനിരപേക്ഷ ബോധവും സാംസ്കാരിക ഔന്നത്യവും ഉയർത്തിപ്പിടിക്കും. പിൻകുറിപ്പ്: സീറ്റ് കിട്ടാത്തതുകൊണ്ട് മാഫിയകളുടെ നിയന്ത്രണത്തിലാണ് ബിജെപിയും സംഘകുടുംബവും അവയുടെ നേതൃത്വവുമെന്ന് കുറിപ്പെഴുതിവച്ചും ശബ്ദരേഖ നൽകിയും ആത്മഹത്യ ചെയ്യുന്നവരും ആത്മഹത്യാശ്രമം നടത്തുന്നവരും ബിജെപിയിലുള്ള കാലത്താണ് കടുത്ത സ്ഥാനാർത്ഥി ക്ഷാമം നേരിടുന്നത്. വേളിയും സംബന്ധവും തമ്മിലുള്ള നേരിയ വ്യത്യാസം പോലെയാണ് ബിജെപി — കോൺഗ്രസ് ബാന്ധവം എന്ന് ഇത് വ്യക്തമാക്കുന്നു.

