Site iconSite icon Janayugom Online

വര്‍ഗീയ വിദ്വേഷത്തിന്റെ വിഷത്തൈ നടുന്നവര്‍

‘വന്ധ്യയുടെ വയര്‍ പിളര്‍ന്നൊഴുകും വിലാപവേഗം പോലെ’ എന്ന് ‘ഭാരതീയം’ എന്ന കവിതയില്‍ ഭാരതത്തെക്കുറിച്ചെഴുതുമ്പോള്‍ കവി വി മധുസൂദനന്‍ നായര്‍ വര്‍ണിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇന്ത്യയുടെ മാര്‍ത്തടമായ ഉത്തര്‍പ്രദേശില്‍ വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് സംഘപരിവാര ശക്തികള്‍. ‘വിശ്വാസവള്ളിയില്‍ കെട്ടി/ഈ ദുര്‍ബലാത്മാക്കളെ തങ്ങളില്‍ കൊല്ലിച്ച് / തന്‍ തടമുറപ്പിക്കുമല്‍പ്പദൈവങ്ങള്‍ / തീതുപ്പുന്ന ദുര്‍ഭൂമി / ദുഷ്ണാലധൂളികള്‍ നശിപ്പിച്ച് ദണ്ഡകം’ എന്നും കവി വിലപിക്കുന്നുണ്ട്. അധികാരത്തിനും വോട്ടിനും വേണ്ടി ദൈവത്തെയും മിത്തുകളെയും രാഷ്ട്രീയായുധമാക്കുന്ന ബിജെപി, രാമനെയും അയോധ്യയേയും മാത്രമല്ല ഇത്തവണ കൂട്ടുപിടിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതുപോലെ മഥുരയില്‍ പള്ളിപൊളിച്ച് കൃഷ്ണക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിക്കുന്നു. യാദവകുലജാതനായ കൃഷ്ണനെ അഭയം പ്രാപിക്കുന്നത് യുപിയില്‍ നിര്‍ണായകമായ യാദവ വോട്ടുകളെ ലക്ഷ്യമിട്ടാണ്.

മതവികാരം ഉദ്ദീപിപ്പിച്ചും ജാതീയത മൂര്‍ച്ഛിപ്പിച്ചും ധ്രുവീകരണം സാധ്യമാക്കുവാനുള്ള ഹീനയത്നത്തിലാണ് ബിജെപി ഏര്‍പ്പെട്ടിരിക്കുന്നത്. അതിനായി വിദ്വേഷ പ്രസംഗവും മതാന്ധതാ പ്രചരണവും നടത്തുന്നു. നരേന്ദ്രമോഡി ദുഷ്ടശക്തികളെ നിഗ്രഹിക്കുവാന്‍ പിറവിയെടുത്ത ഈശ്വരാവതാരമാണെന്നും രാവണനെ വധിക്കുവാന്‍ ശ്രീരാമനെപ്പോലെയും കംസനെ വധിക്കുവാന്‍ ശ്രീകൃഷ്ണനെപോലെയും പിറവിയെടുത്ത ദൈവാവതാരമാണ് നരേന്ദ്രമോഡിയെന്നും ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കമല്‍ പട്ടേല്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് 80:20 പോരാട്ടമാണെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തില്‍ നിസങ്കോചം ആവര്‍ത്തിച്ചു. അദ്ദേഹം ലക്ഷ്യം വച്ചത് 80 ശതമാനം വരുന്ന ഹിന്ദുക്കളെയാണ്. 20 ശതമാനം വരുന്ന മുസ്‌ലിം സമുദായവുമായുള്ള യുദ്ധമായാണ് അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിനെ കാണുന്നത് എന്നതുതന്നെ ജനാധിപത്യ വ്യവസ്ഥിതിയോടുള്ള സംഘപരിവാര മനോഭാവം വ്യക്തമാക്കുന്നതാണ്.

 


ഇതുംകൂടി വായിക്കാം; വിശപ്പിനെതിരായ പോരാട്ടം കേന്ദ്രനിലപാട് അപലപനീയം


‘വിദ്വേഷ പ്രസംഗങ്ങളെ ഭരണകക്ഷി അംഗീകരിക്കുന്നു’ എന്ന ശീര്‍ഷകത്തോടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സുപ്രീം കോടതി മുന്‍ ജ‍ഡ്ജി റോഹിന്‍ടണ്‍ നരിമാന്റെ പ്രസംഗ ശകലങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി ഭരണകക്ഷിയായ ബിജെപി വിദ്വേഷ പ്രചാരണത്തില്‍ എത്ര അഗ്രഗണ്യരാണെന്ന് മനസിലാക്കുവാന്‍. ഭരണകക്ഷിയിലെ ഉന്നത കേന്ദ്രങ്ങള്‍ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് നിശബ്ദത പാലിക്കുക മാത്രമല്ല, അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം തുടര്‍ന്നിങ്ങനെ പറയുന്നു; “ഈയിടെയായി സര്‍ക്കാരിനെ സ്വതന്ത്രമായി വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയാണ്. നമ്മുടെ ഭരണഘടനയില്‍ സ്ഥാനമില്ലാത്ത, ശരിക്കും കൊളോണിയല്‍ സ്വഭാവമുള്ള നിയമങ്ങളാണവ. മറുവശത്താണെങ്കില്‍ ചിലര്‍ വിദ്വേഷ പ്രസംഗം നടത്തുകയാണ്. വംശഹത്യക്ക് ആഹ്വാനം ചെയ്യുകയാണ്. ഇവരെ അറസ്റ്റു ചെയ്യുന്നതിന് അധികൃതര്‍ക്ക് വലിയ വൈമനസ്യമാണെന്നാണ് കാണുന്നത്”. 2002 ല്‍ ഗുജറാത്തില്‍ വംശഹത്യാ പരീക്ഷണം നടത്തുകയും ഏതൊരു ആഘാതത്തിനും ഒരു പ്രത്യാഘാതമുണ്ടാകുമെന്നും നാളെ ഇന്ത്യയിലെവിടെയും ഗുജറാത്ത് ആവര്‍ത്തിക്കപ്പെടാമെന്നും ധാര്‍ഷ്ട്യത്തോടെ പ്രഖ്യാപിച്ച നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ അനുചരനും വംശഹത്യാപരീക്ഷണത്തിന്റെ അണിയറ ശില്പിയുമായ അമിത് ഷായും അധികാര സിംഹാസനങ്ങളില്‍ വിരാജിക്കുമ്പോള്‍ ജസ്റ്റിസ് നരിമാന്റെ വാക്കുകള്‍ പ്രസക്തമാണ്.

ഭരണഘടനയുടെ അടിസ്ഥാനമൂല്യം സാഹോദര്യമാണ് എന്ന് ജസ്റ്റിസ് നരിമാന്‍ ഓര്‍മ്മിപ്പിച്ചത് വര്‍ഗീയ ഫാസിസ്റ്റ് ഭരണത്തില്‍ ഭരണഘടനാ തത്വങ്ങള്‍ ധ്വംസിക്കപ്പെടുന്നതുകൊണ്ടാണ്. നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും കീഴില്‍ ബിജെപി സുസംഘടിതമായ പാര്‍ട്ടിയാണെന്ന പ്രചാരണത്തിന്റെ കൊടിപ്പടം താഴ്ത്തപ്പെടുന്ന ചിത്രങ്ങളാണ് യുപിയില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്നത്. ഇലപൊഴിയും ശിശിരകാലമാണിപ്പോള്‍ ബിജെപിക്ക്. കാലുമാറ്റവും കൂറുമാറ്റവും ചാക്കിട്ടുപിടിത്തവും നടത്തി ചില സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയ ബിജെപിക്ക് നരേന്ദ്രമോഡി ലോക്‌സഭാംഗമായിരിക്കുന്ന ഉത്തര്‍പ്രദേശില്‍ കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പ് കാലത്ത് ലഭിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന സ്വാമി പ്രസാദ് മൗര്യയും ധരംസിങ് സയ്‌നിയും ധാരാസിങ് ചൗഹാനും മറ്റ് പതിനൊന്ന് എംഎല്‍എമാരും ബിജെപി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഒബിസി, ദളിത് സമൂഹത്തെയാകെ ബിജെപി ഭരണം അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് തങ്ങള്‍ ബിജെപി വിടുന്നുവെന്നും പിന്നാലെ പലരും വരുമെന്നും അവരെല്ലാവരും പറഞ്ഞു.

ബിജെപിയുടെ ഹിന്ദുത്വത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുകയും സവര്‍ണ പൗരോഹിത്യത്തിന്റെ പാര്‍ട്ടിയാണ് ബിജെപിയെന്ന് സ്ഥിരീകരിക്കുകയുമാണവര്‍. ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിരുന്ന വനം — പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാന്‍ പറഞ്ഞത് ഒബിസി, ദളിത്, ന്യൂനപക്ഷങ്ങള്‍ മാത്രമല്ല ബ്രാഹ്മണര്‍ പോലും ബിജെപി ഭരണത്തില്‍ അസംതൃപ്തരും പ്രതിഷേധമുള്ളവരുമാണെന്നാണ് യുപിയില്‍ മാത്രമല്ല ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലും കൂടുമാറ്റത്തിന്റെ കാലമാണ്. വനംമന്ത്രി ഹരക്‌സിങ് രാവത്തിനെ പാര്‍ട്ടി വിടാനൊരുങ്ങിയതിനെ തുടര്‍ന്ന് ബിജെപി പുറത്താക്കി. ആയാറാം ഗയാറാം രാഷ്ട്രീയം പുരോഗമിക്കുകയാണ്. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ കൂടുമാറുമ്പോള്‍ അങ്കലാപ്പിലായ ബിജെപി വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും കാര്‍ഡ് കൂടുതല്‍ തീവ്രതയോടെ പുറത്തെടുക്കുകയാണ്. അതിനായവര്‍ കാശി — വാരണാസി ഇടനാഴിയെയും ഗംഗാ നദിയെയും രാമനും കൃഷ്ണനുമൊപ്പം കൂട്ടിച്ചേര്‍ക്കും. ജാതിരാഷ്ട്രീയം ശക്തിപ്പെടുത്തുവാന്‍ നിലവിലെ എംഎല്‍എമാര്‍ക്കും ഉന്നത നേതാക്കള്‍ക്കും സീറ്റ് നിഷേധിച്ച് ജാതി പ്രമുഖന്മാര്‍ക്കായി സീറ്റുകള്‍ വീതം വയ്ക്കുകയാണ്. ജാടവ, ജാട്ട്, ഠാക്കൂര്‍ എന്നീ വിഭാഗങ്ങളെ വാഗ്ദാനങ്ങളിലൂടെ പ്രലോഭിപ്പിച്ച് വശീകരിക്കുവാന്‍ ശ്രമിക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ മഹനീയതയെ മലീമസമാക്കുകയാണ് സംഘപരിവാരം.

മൂന്ന് കാര്‍ഷിക മാരണ നിയമങ്ങള്‍ കൊണ്ടുവന്നതും അതിനെതിരായ കര്‍ഷക ലക്ഷങ്ങളുടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതും യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും തിരിച്ചടിയാകുമെന്ന് ഭയക്കുന്ന ബിജെപി മതവര്‍ഗീയതയിലൂടെ അതിജീവനത്തിനായി യത്നിക്കുന്ന നീച പ്രവര്‍ത്തികളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. താരപ്രചാരകരുടെ പട്ടിക പുറത്തിറക്കിയപ്പോള്‍ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ പേരുള്‍പ്പെടുത്താന്‍ ബിജെപി ധൈര്യപ്പെട്ടില്ല. യുപിയിലെ ബിജെപി ബ്രാഹ്മണമുഖം എന്ന് ബിജെപി വിശേഷിപ്പിച്ച അജയ് മിശ്രയുടെ പുത്രന്‍ ആശിഷ് മിശ്രയാണ് വാഹനമിടിച്ചുകയറ്റി കര്‍ഷകരെ കൊന്നത്. അജയ് മിശ്ര പക്ഷേ ആഭ്യന്തര സഹമന്ത്രിയായി മോഡി മന്ത്രിസഭയില്‍ ഇപ്പോഴും സുരക്ഷിതന്‍. സംഘപരിവാറിന്റെ സവര്‍ണ പൗരോഹിത്യ മനോഭാവം മതേതര ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പോലും പ്രതിഫലിക്കുന്ന വിപത്ക്കരമായ സാഹചര്യത്തിന് നാം സാക്ഷിയാകേണ്ടിവരുന്നു. റിപ്പബ്ലിക്ക് ദിനാഘോഷ പരേഡില്‍ കേരളം തയാറാക്കിയ നിശ്ചലദൃശ്യത്തില്‍ നിന്ന് ‘ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നാഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കി ശങ്കരാചാര്യരെ പ്രതിഷ്ഠിക്കണമെന്നായിരുന്നു കല്പന. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും ജാതീയതയുടെയും തണലില്‍ എക്കാലവും നിലനില്ക്കാനാവില്ലെന്ന് കാലം തെളിയിക്കുമെന്നതാണ് ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തല്‍.

Exit mobile version