Site iconSite icon Janayugom Online

ഒന്ന് മാറിച്ചിന്തിച്ചാലെന്താ

ലിയൊരു മാവിന്റെ കൊമ്പത്തിരുന്ന് മൂത്തുപഴുത്ത മാങ്ങകള്‍ കൊത്തിവലിച്ചുകൊണ്ടിരുന്ന ഒരു കുയില്‍; ഇത്ര മധുരമുള്ള കനികള്‍ തരുന്ന മാവിനെ പുണ്യവാനെന്ന് പുകഴ്ത്തി. തന്റെ പാട്ടിന്റെ മധുരം, മരത്തിലെ മാമ്പഴത്തിന്റേതാണെന്നും പറഞ്ഞു. പക്ഷെ മാവ് പറഞ്ഞത് കൂടുതല്‍ ശ്രദ്ധേയമായിരുന്നു. ‘ഇതിനൊക്കെ കാരണം, മണ്ണിനടിയില്‍ പുതഞ്ഞുകിടന്ന് എനിക്ക് വേണ്ടതെല്ലാം തരുന്ന എന്റെ വേരുകളാണെന്നായിരുന്നു’ ആ മറുപടി. അതിലെ വലിയ ശരി, കണ്ടതിന്റെ മേന്മയെക്കാള്‍, കാണാത്തതിന്റെ മേന്മയാണ് കേമമെന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള “തേര്‍തല്‍’ പ്രഖ്യാപിച്ചപ്പോള്‍, ഈ ചെറിയ വലിയ സത്യമാണ് ഞാനോര്‍ത്തത്. താഴ്ത്തട്ട് തെരഞ്ഞെടുപ്പ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പ്രധാനമാണ്. ജനങ്ങള്‍ വ്യക്തിക്ക് വോട്ട് ചെയ്യുകയും സ്ഥാനാര്‍ത്ഥി ജനങ്ങളുടെ വീട്ടുവാതില്‍ക്കലെത്തുകയും ചെയ്യുന്ന അടിസ്ഥാന ജനാധിപത്യ പ്രക്രിയയാണിത്. ഈ നേര്‍ക്കാഴ്ച മറ്റുതലങ്ങളില്‍ അത്രയ്ക്കുണ്ടാവില്ല. അതുകൊണ്ടുതന്നെ ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും കാതലായ ഉരസല്‍ നടക്കുന്നതിവിടെയാണ്. ഈ തലത്തിലെ വോട്ട് മുഴുവനായും കക്ഷിയധിഷ്ഠിതമല്ല. പല പരിഗണനകളും അതിനിടയില്‍ ഉണ്ടാവും. ഒരര്‍ത്ഥത്തില്‍ കൂടുതല്‍ ശക്തമായ വോട്ട് രേഖപ്പെടുത്തല്‍ ഈ തെരഞ്ഞെടുപ്പിലാണുണ്ടാവുന്നത്. അതുതന്നെ ഈ തലത്തിലുള്ള വോട്ട് കൂടുതല്‍ പ്രാധാന്യമുള്ളതാക്കുന്നു.
ഭരണത്തിന്റെ മര്‍മ്മഭാഗം ഗ്രാമങ്ങളാണ്. ഗാന്ധിജി, ജനാധിപത്യത്തിന്റെ സാക്ഷാല്‍ക്കാരം ഗ്രാമ റിപ്പബ്ലിക്കുകളിലൂടെയാണെന്നാണ് പറഞ്ഞത്. താഴ്ത്തട്ടില്‍ സ്വാശ്രയവും ജീവിതസാഹചര്യങ്ങളുടെ പൂര്‍ണതയും ഉറപ്പാക്കിയാലേ ജനാധിപത്യം യാഥാര്‍ത്ഥ്യമാവൂ. അത്തരമൊരവസ്ഥയുടെ മെഷിനറി നിര്‍മ്മിച്ചെടുക്കലാണ് പഞ്ചായത്ത് രാജിന്റെ ലക്ഷ്യം. ത്രിതല സംവിധാനത്തിലൂടെ വിടവില്ലാത്തവിധം ജനകീയ പ്രശ്നങ്ങളിലെത്തുക എന്നതാണിതിന്റെ ഗുണവശം. ഗാന്ധിജി വ്യക്തമാക്കിയ സ്വരാജ് സങ്കല്പത്തിന്റെ സ്ഥാപന ഘടനയാണിത്. അങ്ങനെയൊരു തീവ്രമായ ജനാധിപത്യ സംസ്ഥാപന പ്രക്രിയയിലാണ് നാമെന്ന ഗൗരവബോധത്തോടെ മാത്രമേ ഇതിലൂടെ കടന്നുപോകാവൂ.

അതിദാരിദ്ര്യമുക്ത കേരളത്തെക്കുറിച്ച് പറയുന്ന കാലമാണ്. അതുകൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫോക്കസ് ചെയ്യേണ്ടത് അതിലേക്കാണ്. ഒരുതവണ പ്രഖ്യാപിച്ച്, ആശ്വസിച്ച് ഇരിക്കാന്‍ പറ്റില്ല. ഏതുസമയത്തും അത്തരം സീമാന്ത കുടുംബങ്ങള്‍ അതിദാരിദ്ര്യത്തിലേക്കുതന്നെ തിരിച്ചു പതിക്കാമെന്നിരിക്കെ തുടര്‍ജാഗ്രതകളും സഹായങ്ങളും വേണം. അതൊക്കെ താഴ്‌ത്തലത്തില്‍ ചെയ്യാന്‍ വാര്‍ഡുതല ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. സ്ഥൂലമാനങ്ങളില്‍ നടക്കുന്ന പൊതുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തട്ടിലെ ദാരിദ്ര്യത്തെ നേരിടാനാവില്ല. ഗ്രാമതലത്തില്‍ നടക്കുന്ന വികസന, ‘പ്രാപ്തിവര്‍ധന’ പദ്ധതികള്‍ക്ക് മീതെ മാത്രമേ, അത്തരം ‘മാക്രോ’ പദ്ധതികള്‍ക്ക് നിലനില്പുള്ളൂ എന്നറിയണം. പഞ്ചായത്തുതല വികസന പ്രവര്‍ത്തനങ്ങളുടെ പ്രസക്തി അതാണ്.
സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, വാര്‍ഡുതലത്തിലെ മനുഷ്യ‑മനുഷ്യേതര വിഭവങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ളവരെയേ നിര്‍ത്താവൂ. വാര്‍ഡുതലത്തില്‍ അവര്‍ സര്‍വേ നടത്തണം. ഓരോ ആവശ്യത്തിന്റെയും മുന്‍ഗണനാ പട്ടികയുണ്ടാക്കി, പ്രചരണസമയത്ത് ജനങ്ങളുമായി ചര്‍ച്ച നടത്തണം. ആഗോളകാര്യങ്ങളോ, പരസ്പര ആരോപണങ്ങളോ കൊണ്ടും കള്ള വാഗ്ദാനങ്ങള്‍ കൊണ്ടും കാര്യം നേടാമെന്ന് കരുതരുത്. ജനങ്ങളും സ്ഥാനാര്‍ത്ഥികളോട് വ്യക്തമായ ചോദ്യങ്ങള്‍ ചോദിക്കണം. ചെയ്യാവുന്നതെന്താണെന്ന പ്രകടനപത്രിക വാങ്ങണം. ഫലം വന്നുകഴിഞ്ഞാല്‍ ഓരോ വാര്‍ഡുമെമ്പറുമായും സ്ഥിരബന്ധം വേണം. കാര്യങ്ങള്‍ ചെയ്യാതെ രക്ഷപ്പെടാനാവില്ലെന്ന് ജനപ്രതിനിധിക്ക് തോന്നിയാലേ ജനാധിപത്യം അര്‍ത്ഥഭരിതമാവൂ. അവര്‍ക്ക് ഇലക്ടറേറ്റിനെ ഭയവും ബഹുമാനവും വേണം.

ജാഗ്രതയാണ് ജനാധിപത്യം. നിലവിലുള്ള പ്രശ്നങ്ങള്‍ മാത്രമല്ല, സാധ്യതയുള്ള പദ്ധതികളും ആവിഷ്കരിക്കണം. ഒരു വാര്‍ഡിലെ സ്ത്രീ-പുരുഷ അംഗങ്ങള്‍, അവരുടെ വിദ്യാഭ്യാസം, കുടുംബസ്ഥിതി, തൊഴില്‍-വരുമാനം എന്നിവയൊക്കെ രേഖപ്പെടുത്തിവയ്ക്കാന്‍ മാസത്തില്‍ ഒരു തവണയെങ്കിലും വാര്‍ഡുതല യോഗം നടത്തി, ചെയ്തതും ചെയ്യാത്തതും വിലയിരുത്തണം. പരിഹാരം കാണേണ്ടത് ഈ തലത്തിലാണ്. അതിദാരിദ്ര്യം തുടങ്ങുന്നത് ഏറ്റവും താഴ്ത്തട്ടിലാണല്ലോ. ഒരിക്കല്‍ തീവ്രദാരിദ്ര്യത്തില്‍ നിന്ന് കരകയറിയവര്‍, തുടര്‍പരിപാടികളില്ലെങ്കില്‍ വീണ്ടും തിരിച്ചുപതിക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ അതുവരെ കൊടുത്ത പണമൊക്കെ ദുര്‍വ്യയമാവും. ‘ഹാന്‍ഡ് ഔട്ട്’ എന്ന പരിപാടി ആശ്വാസമേ അല്ല. വളരെ നെെമിഷികമാണ് അതിന്റെ പ്രസക്തി. അതിദാരിദ്ര്യത്തിന്റെ ‘ഗ്രാവിറ്റി‘യില്‍ നിന്ന് രക്ഷപ്പെടുന്നതിനാവശ്യമായ തരത്തിലും തോതിലുമുള്ളതാവണം പദ്ധതികള്‍. ഇതിന്റെയൊക്കെ പരീക്ഷണരംഗം പഞ്ചായത്തുകളാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരിപ്രയോഗം, സാംസ്കാരിക രംഗത്തെ പോരായ്മകള്‍, അവിടെയുള്ള വിദ്യാലയങ്ങളുടെ പ്രവര്‍ത്തനക്ഷമത, കുട്ടികളുടെ സൗകര്യങ്ങള്‍ തുടങ്ങി, ഒട്ടേറെ കാര്യങ്ങളില്‍ പ്രാദേശിക ഭരണവ്യവസ്ഥയുടെ ഇടപെടല്‍ വേണം. ഫണ്ടുകള്‍ പരിമിതമാണെങ്കിലും വ്യക്തിപരമായ ഇടപെടലുകള്‍ക്ക് ഒരുപാട് ചെയ്യാനാവും. പഞ്ചായത്തുകളും താഴ്ത്തല ഭരണസംവിധാനവും പ്രസക്തമാവുന്നത് അങ്ങനെയാണ്. പ്രചാരണവും വോട്ടെടുപ്പും പുതിയവരും പഴയവരുമായവര്‍ വീണ്ടും വരലുമൊക്കെ ഉപരിപ്ലവ സംഗതികളാണ്. പ്രാദേശിക ഭരണത്തിന്റെ അന്തിമമായ ലക്ഷ്യമതല്ല എന്നോര്‍ക്കുക. ഇത്തവണയെങ്കിലും ഇങ്ങനെയൊക്കെ ഓര്‍ത്തുകൂടേ.

Exit mobile version