Site iconSite icon Janayugom Online

തിരുത്തലുകളോടെ കൂടുതല്‍ ശക്തമാകും

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരായി അതിശക്തമായ പ്രചാരണങ്ങളാണ് യുഡിഎഫും ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും സര്‍ക്കാരിനെതിരായി കൂടുതല്‍ ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ എല്‍ഡിഎഫ് തകര്‍ന്നടിഞ്ഞു എന്ന പ്രചരണമാണ് ശക്തമായി സംഘടിപ്പിക്കുന്നത്. സ്വയംസൃഷ്ടിക്കുന്ന, വാര്‍ത്തകളിലൂടെ കേരള സമൂഹത്തെ ഇടതുപക്ഷ വിരുദ്ധരാക്കി മാറ്റാനുള്ള സംഘടിതമായ നീക്കവും നടക്കുന്നുണ്ട്. കേരള സമൂഹത്തിന്റെ പൊതുവായ ഇടതുപക്ഷ ബോധത്തെ പരിവര്‍ത്തനം ചെയ്ത് വലതുപക്ഷ ശക്തികള്‍ക്കും അവരുടെ ആശയങ്ങള്‍ക്കും വര്‍ഗീയതയ്ക്കും കടന്നുകയറാനും ആശയതലത്തില്‍ മേല്‍ക്കോയ്മ നേടാനുമുള്ള വലിയ പരിശ്രമമാണ് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടന്നുവരുന്നത്. ഇതിന് പ്രധാനമായും നേതൃത്വം നല്‍കുന്നത് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സംഘടനകളും ജമാഅത്തെ ഇസ്ലാമിയുമാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആര്‍എസ്എസും ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയാണെന്ന് ജമാഅത്തെ ഇസ്ലാമിയും പ്രഖ്യാപിക്കുന്നു. രണ്ട് ധ്രുവങ്ങളിലുള്ള പ്രചാരണങ്ങളിലൂടെ മതനിരപേക്ഷതയ്ക്ക് ശക്തമായ അടിത്തറയുള്ള സമൂഹത്തെ മത-വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ആസൂത്രിതമായ നീക്കം നടത്തുന്നു. ഈ അപകടത്തെ മുന്നില്‍ക്കണ്ട് രംഗത്തുവരേണ്ടത് എല്ലാ മതനിരപേക്ഷ‑ജനാധിപത്യ ശക്തികളുടെയും കടമയാണ്. ജനാധിപത്യ‑മതേതതര ബോധത്തെ ശക്തിപ്പെടുത്തുകയും എല്ലാതലത്തിലുമുള്ള വര്‍ഗീയശക്തിക്കുമെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് എല്‍ഡിഎഫ്. അതിനെ രാഷ്ട്രീയമായും സംഘടനാതലത്തിലും ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ, കേരളത്തില്‍ ഉയര്‍ന്നുവരുന്ന വര്‍ഗീയശക്തികളെയും വര്‍ഗീയാടിസ്ഥാനത്തില്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന ധ്രുവീകരണത്തെയും തടയാന്‍ കഴിയുകയുള്ളൂ.

2025ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലമനുസരിച്ച്‍ എല്‍ഡിഎഫ് തകര്‍ന്നു എന്ന പ്രചരണത്തിന് എന്താണ് അടിസ്ഥാനം? എല്‍ഡിഎഫിന് 39.97% വോട്ട് ലഭിച്ചിട്ടുണ്ട്. 2021ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചത് 42.53% വോട്ടാണ്. അതിനെ അപേക്ഷിച്ച് 2.56% വോട്ടിന്റെ കുറവാണുണ്ടായത്. ഇത്തവണ നിരവധി സ്ഥലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായി മത്സരിച്ചിരുന്നു. അവര്‍ക്ക് കിട്ടിയ വോട്ടുകളും‍ എല്‍ഡിഎഫിന്റെ കണക്കില്‍ വരേണ്ടതാണ്.
2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചത് 33.60% വോട്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 6.37% വോട്ടുകള്‍ കൂടുതലായി ലഭിച്ചത് എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചതായാണ് കാണിക്കുന്നത്. ലോ‌ക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിയാണ് വിജയിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപി 2,20,303 വോട്ടോടെ‍ മൂന്നാം സ്ഥാനത്തായി. എല്‍ഡിഎഫ് 4,12,642 വോട്ട് ലഭിച്ച് ഒന്നാം സ്ഥാനത്ത് വന്നു. തിരുവനന്തപുരം കോര്‍പ­റേഷനില്‍ ബിജെപിയുടെ വിജയത്തിന്റെ കാരണം പ്രത്യേകം പരിശോധിക്കേണ്ടതാണ്. അശാസ്ത്രീയമായ വാര്‍ഡ് വിഭജനമാണ് പ്രധാന കാരണം. കോര്‍പറേഷന്‍ ഡിവിഷനുകള്‍ കൂടുതല്‍ ബിജെപി വിജയിച്ചപ്പോള്‍ കോര്‍പറേഷനിലെ മൊത്തം വോട്ടില്‍ എല്‍ഡിഎഫ് ആണ് ഭൂരിപക്ഷം എന്നത് വസ്തുതയാണ്. ബിജെപിയുടെ പരമ്പരാഗതമായ കേന്ദ്രങ്ങളില്‍ അവര്‍ പിറകോട്ടുപോയി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 19.40% വോട്ട് ലഭിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 16.60% മാത്രമാണ് ലഭിച്ചത്. ബിജെപി പടര്‍ന്ന് പന്തലിക്കുന്നു എന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാന്‍ കഴിയുമോ? 

ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച്, മുന്നോട്ട് വരാന്‍ പരിശ്രമിക്കുന്നുണ്ട്. അതിനെതിരെ ശക്തമായ പ്രതിരോധം കേരളത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ജനാധിപത്യ‑മതേതര വിശ്വാസികള്‍ക്കും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു. അതിനെ സംരക്ഷിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതും പ്രധാനപ്പെട്ട രാഷ്ട്രീയ കടമയാണ്. രാജ്യത്തെ പുരോഗമന ചിന്തയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പരിശോധനകള്‍ നടന്നിട്ടുണ്ട്. എല്‍ഡിഎഫിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിച്ചിട്ടില്ല. എല്‍ഡിഎഫിന് വോട്ട് ചെയ്തിരുന്ന വിവിധ ജനവിഭാഗങ്ങള്‍ എതിരായി വോട്ട് ചെയ്തിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടത്. രാജ്യത്തിന് മാതൃകാപരമായ വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ എല്‍ഡിഎഫ് ഭരണകാലത്ത് നടന്നത് എന്നാണ് ജനങ്ങളുടെ അഭിപ്രായം. അടിസ്ഥാന വികസനരംഗത്ത് വലിയതോതിലുള്ള കുതിപ്പാണുണ്ടായത്. ആരോഗ്യ‑വിദ്യാഭ്യാസ, സാമൂഹ്യ സുരക്ഷാ മേഖലകളില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ മാതൃകയായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. അതിദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് തയ്യാറാക്കിയ പദ്ധതി, ജനങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്. പക്ഷെ എന്തുകൊണ്ടാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് എന്നതാണ് ഉയര്‍ന്നുവരുന്ന ചോദ്യം. ഭൂരിപക്ഷ‑ന്യൂനപക്ഷ വര്‍ഗീയശക്തികള്‍ നടത്തുന്ന പ്രചരണങ്ങള്‍ കേരള സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നുണ്ട്. എല്‍ഡിഎഫ് മുസ്ലിം ന്യൂനപക്ഷത്തിനെതിരാണ് എന്ന ചിന്താഗതി വളര്‍ത്താനുള്ള പരിശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുന്നു. ക്രിസ്തീയ മതവിഭാഗത്തെയും എല്‍ഡിഎഫിനെതിരായി അണിനിരത്താനുള്ള നീക്കങ്ങള്‍ സമീപകാലത്ത് ശക്തിപ്പെട്ടിട്ടുണ്ട്. എല്ലാ മതവിശ്വാസികളെയും എല്‍ഡിഎഫിനെതിരായി തിരിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണ് എന്ന് തിരിച്ചറിയണം.

എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍, എന്‍‍എസ്എസ് നേതാവ് ജി സുകുമാരന്‍ നായരുടെ അടുത്തേക്ക് ദൂതനായി അയയ്ക്കുന്നത് എന്‍ഡിഎയിലെ ഘടകക്ഷിയായ ബിഡിജെ­എസ് നേതാവും മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ ആണ്. ആര്‍എസ്എസിന്റെ ആസൂത്രിത രാഷ്ട്രീയ നീക്കങ്ങളായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും മോഹന്‍ ഭാഗവതിനെയും കണ്ട് അനുഗ്രഹം വാങ്ങിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളി പുതിയ ദൗത്യവുമായി രംഗത്തുവരുന്നതിന് പിന്നിലെ രാഷ്ട്രീയവും പ്രധാനമാണ്. കേരള രാഷ്ട്രീയത്തില്‍ നടപ്പിലാക്കാന്‍ ആര്‍എസ്എസ് തയ്യാറാക്കിയ പദ്ധതികളുടെ ഭാഗമായി ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നുണ്ട്. അതിനിടയിലെ കേവലമൊരു നാടകം മാത്രമായിരിക്കണം എസ്എന്‍ഡിപി — എന്‍എസ്എസ് ഐക്യം. ഒടുവില്‍ സുകുമാരന്‍ നായര്‍ വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞുവെന്നത് മറ്റാെരു നാടകം.
ശബരിമല വിഷയം ചില വിശ്വാസികളിലുണ്ടാക്കിയ ആശങ്കയും ഭരണരംഗത്തെ ചില്ലറ പോരായ്മകളും ജനങ്ങള്‍ ഭവന സന്ദര്‍ശന വേളയില്‍ പങ്കുവയ്ക്കുകയുണ്ടായി. ആ അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുത്ത്, വീഴ്ചകള്‍ തിരുത്തി കൂടുതല്‍ കരുത്താര്‍ജിക്കാനുള്ള ആര്‍ജവം ഇടതുമുന്നണിക്കുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട രാഷ്ട്രീയ കടമ. ഇന്ത്യയിലെ വിവിധ വിഭാഗം ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധിക്കുന്നുണ്ട്. എല്‍ഡിഎഫ് വിജയിക്കുന്നത് രാജ്യത്താകമാനം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് ശക്തി പകരും. ആ കടമ ഏറ്റെടുക്കലാണ് പ്രധാനം. സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആരംഭിക്കുന്ന മേഖലാ ജാഥകള്‍, ശക്തമായ രാഷ്ട്രീയ പ്രചാരണവും എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരായ മുന്നേറ്റവുമായി മാറും. വര്‍ഗീയ ശക്തികള്‍ക്കും പിന്തിരിപ്പന്‍ ശക്തികള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതാകും എല്‍ഡിഎഫ് ജാഥകള്‍. മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തുക, നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കെെവരിക്കുക എന്നതാണ് മതേതര കേരളത്തിന്റെ രാഷ്ട്രീയ കടമ.

Exit mobile version