Site iconSite icon Janayugom Online

അധിനിവേശങ്ങള്‍ക്ക് അന്ത്യമാകുമോ !

കേണല്‍ സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള പാന്‍ അറബിക് ബാത്ത് പാര്‍ട്ടിയുടെ ഭരണത്തിലായിരുന്നു; കോപ്റ്റിക് ക്രിസ്ത്യാനികള്‍, സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ തുടങ്ങി വിവിധ സൂക്ഷ്മ ന്യൂനപക്ഷ മതവിഭാഗങ്ങളടക്കം സുരക്ഷിതമായി ജീവിച്ചിരുന്ന, തികച്ചും മതനിരപേക്ഷമായ ഭരണം നിലനിന്നിരുന്ന ഇറാഖ്. രാസായുധങ്ങള്‍ കൈവശം വച്ചിരിക്കുന്നു എന്ന വ്യാജ ആരോപണം ഉന്നയിച്ച് എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വിരുദ്ധമായി 2003 മുതല്‍, യാതൊരു നീതീകരണവും ഇന്നും ലഭിച്ചിട്ടില്ലാത്ത അധിനിവേശം യുഎസ് ആരംഭിച്ചു. 2006ല്‍ സദ്ദാം ഹുസൈൻ എന്ന ഇറാഖിലെ നിയമാനുസൃത ഭരണാധികാരിയെ വധിച്ചുകൊണ്ട് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് ഒരു വിലയും നല്‍കുന്നില്ല എന്ന് യുഎസ് വീണ്ടും തെളിയിച്ചു.
2004ല്‍ തന്നെ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശം തികച്ചും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുവെങ്കിലും 2011 വരെ യുഎസ് സൈന്യം ഇറാഖില്‍ തുടര്‍ന്നു. യുഎസ് തകര്‍ത്ത ഇറാഖ് എന്ന മതനിരപേക്ഷ, ജനാധിപത്യ രാജ്യം ഇന്ന് വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെയും യുദ്ധപ്രഭുക്കന്മാരുടെയും കയ്യില്‍ അകപ്പെട്ട് പൂര്‍ണമായും തകര്‍ന്ന പ്രദേശമാണ്.
ലിബിയയിലെ ഭരണാധികാരി കേണല്‍ ഗദ്ദാഫിയെ നാറ്റോ സേന 2011 ഓഗസ്റ്റ് 20ന് വധിക്കുന്നത് ലിബിയയിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ്. ‘ലിബിയന്‍ പൗരന്മാരെ സംരക്ഷിക്കുവാന്‍ അന്താരാഷ്ട്ര സമൂഹം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കു‘മെന്ന ഐക്യരാഷ്ട്ര സഭാ പ്രമേയത്തിന്റെ മറപിടിച്ചാണ് നാറ്റോ ലിബിയയെ ആക്രമിക്കുന്നത്. ഒരു സന്നദ്ധ രാജ്യമായിരുന്ന ലിബിയ, പിന്നീട് ഐഎസ് തീവ്രവാദികളുടെ കൂത്തരങ്ങായി മാറി. ലോകത്തെ ഏറ്റവും ദുര്‍ബലമായ രാജ്യങ്ങളിലൊന്നാണ് ഇന്ന് ലിബിയ. 

സിറിയയില്‍ ബാത്ത് പാര്‍ട്ടിയുടെ നേതാവ് ബാഷര്‍ അല്‍ അസദിനെതിരെ യുഎസ് പിന്തുണയോടെ 2011 മാര്‍ച്ച് 15 മുതല്‍ ആരംഭിച്ച യുദ്ധം ബാഷര്‍ അല്‍ അസദിന്റെ റഷ്യയിലേക്കുള്ള പലായനത്തിലും മുന്‍ ജിഹാദി നേതാവായ അബു മുഹമ്മദ് അല്‍ ജെലാനിയുടെ ഭരണത്തിലും എത്തിനില്‍ക്കുകയാണ്. ഈ യുദ്ധം സിറിയയുടെ ചരിത്രശേഷിപ്പുകളായ അലിപ്പോ നഗരവും ബാഗ്‌ദാദുമെല്ലാം തരിപ്പണമാവുന്നിടത്താണ് അവസാനിച്ചത്. സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ആസ്ഥാനമായ അന്ത്യോഖ്യയിലെ പള്ളിയില്‍ വലിയ ആക്രമണം നടന്നു എന്ന വാര്‍ത്ത വരുന്നത് ഏതാനും ദിവസം മുമ്പാണ്. സിറിയയിലും സായുധസംഘങ്ങളുടെ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. തെക്കന്‍ സിറിയയില്‍ ഇസ്രയേല്‍ വ്യാപകമായ കയ്യേറ്റം നടത്തുന്നു.
ഇസ്രയേല്‍ — പലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്ക് മുക്കാല്‍ നൂറ്റാണ്ടോളം പഴക്കമുണ്ട്. 1947ല്‍ ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം പലസ്തീനില്‍ സ്ഥാപിതമായതുമുതല്‍ ആരംഭിച്ച സംഘര്‍ഷങ്ങള്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇതിനുള്ള ഏറ്റവും പ്രധാന കാരണം ഇസ്രയേല്‍ സ്ഥാപിച്ചതിനൊപ്പം ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിച്ചില്ല എന്നതാണ്. ഇസ്രയേലില്‍ ഉള്‍പ്പെടാത്ത പലസ്തീനിയന്‍ പ്രദേശങ്ങളായ വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേല്‍ നിരന്തരമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടത് മേഖലയില്‍ ഹമാസ് ഉള്‍പ്പെടെ സായുധ സംഘങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായി. 1947 — 48കാലഘട്ടത്തില്‍ ഏഴ് ലക്ഷത്തിലധികം പലസ്തീനികളെ ജന്മനാട്ടില്‍ നിന്ന് പുറത്താക്കുകയും നൂറുകണക്കിന് പലസ്തീന്‍ ഗ്രാമങ്ങള്‍ പിടിച്ചെടുക്കുകയുമുണ്ടായി. കഴിഞ്ഞ 73 വര്‍ഷമായി അവര്‍ ലെബനനിലും നഖ്ബയിലും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. 1967ല്‍ ഇസ്ര­യേല്‍, ഗാസയും വെസ്റ്റ് ബാങ്കും പിടിച്ചെടുത്തു. 2021ല്‍ ആരോഗ്യ പ്രശ്നങ്ങളാല്‍ മാനുഷിക സഹായം ആവശ്യമുള്ള പലസ്തീന്‍ ജനങ്ങള്‍ 15ലക്ഷം പേരായിരുന്നു എന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍, അവരുടെതന്നെ സൃഷ്ടിയായ ഹമാസ് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളുടെ പേരിലാണ് ഗാസയില്‍ ഇസ്രയേല്‍ മനുഷ്യക്കുരുതി നടത്തുന്നത്. ഇത് രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്ലര്‍ നടത്തിയ മനുഷ്യക്കുരുതിയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ ഒരുനേരത്തെ ഭക്ഷണത്തിനായി യാചിക്കുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും വെടിവച്ചുകൊന്നുകൊണ്ട്, ആശുപത്രികളില്‍ ബോംബ് വര്‍ഷിച്ചുകൊണ്ട് നെതന്യാഹു ഹിറ്റ്ലറെ പോലും ലജ്ജിപ്പിക്കുന്ന നികൃഷ്ടനായി മാറി. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ അപ്രതീക്ഷിതമായി ഇറാനെ ആക്രമിക്കുന്നത്. 

ഇക്കഴിഞ്ഞ ജൂ­ണ്‍ 13നാണ് ഇ­സ്രയേല്‍ ഇറാനിലെ നഗരങ്ങളിലും സൈനിക, ആണവകേന്ദ്രങ്ങളിലും അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിടുന്നത്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള ഈ ആക്രമണത്തില്‍ ഇറാനിലെ ഉന്നതരായ സര്‍ക്കാര്‍ മേധാവികളും ആണവ ശാസ്ത്രജ്ഞരും പട്ടാള മേധാവികളും കൊല്ലപ്പെട്ടു. അതിശക്തമായിത്തന്നെ ഇറാന്‍ തിരിച്ചടിച്ചു. ആദ്യം ഇസ്രയേലിന്റെ യുദ്ധപദ്ധതിയെ കുറിച്ച് ഒന്നുമറിയില്ല എന്നുപറഞ്ഞ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജൂണ്‍ 22ന് രാത്രി ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ട് ഇസ്രയേലിന്റെ യുദ്ധത്തില്‍ പങ്കാളിയായി. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നില്ല എന്ന അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവിയുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കാതെയാണ് ട്രംപിന്റെ നടപടി. ഇത് അന്താരാഷ്ട്ര മര്യാദകള്‍ക്ക് നിരക്കാത്ത യുഎസ് ചാര്‍ട്ടറോ മനുഷ്യാവകാശ നിയമങ്ങളോ ബാധകമല്ലാത്ത കിരാത നടപടിയാണ്.
ഇറാന്‍ മറുപടി നല്‍കാന്‍ ആരംഭിച്ചു. ഖത്തറിലെ യുഎസ് താവളം ആക്രമിക്കുകയും ചെയ്തു. കുവൈറ്റ്, ബഹ്റൈന്‍, യുഎഇ, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം അമേരിക്കന്‍ സൈനിക താവളങ്ങളുണ്ട്. ഇറാന്‍ ഈ കേന്ദ്രങ്ങളില്‍ ആക്രമണം തുടരുകയും ഹൊര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്താല്‍ പശ്ചിമേഷ്യ തകരും. പശ്ചിമേഷ്യ തകര്‍ന്നാല്‍ അത് നേരിട്ട് ബാധിക്കുന്ന രാജ്യങ്ങളില്‍ മുന്നിലുള്ളത് ഇന്ത്യ തന്നെയാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ക്രൂഡോയില്‍ ലഭ്യത ഇല്ലാതെയാവും. ഇറാന്റെ പരമ്പരാഗത സുഹൃത്തുക്കളായ റഷ്യയും ചൈനയും ഇനിയും ഇസ്രയേലിന്റെയും അമേരിക്കയുടെയും അതിക്രമങ്ങള്‍ കണ്ടുകൊണ്ടിരിക്കുമോ എന്നത് ഈ യുദ്ധം ഒരു ലോക മഹായുദ്ധമായി മാറുമോ എന്ന കാര്യം നിര്‍ണയിക്കും. കഴിഞ്ഞ 75വര്‍ഷമായി കൊറിയയില്‍ തുടങ്ങിയ യുഎസിന്റെ ഏഷ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തര വിഷയങ്ങളിലുള്ള കൈകടത്തല്‍ വിയറ്റ്നാമും അഫ്ഗാനിസ്ഥാനും ഇറാഖുമെല്ലാം കടന്ന് ഇപ്പോള്‍ ഇറാനിലെത്തിയിരിക്കുകയാണ്. ഏ­ഷ്യന്‍ ഭൂഖണ്ഡത്തില്‍ മുഴുവന്‍ അശാന്തി പടര്‍ത്താനും സ്ഥിരമായ ഭരണകൂടങ്ങള്‍ ഇല്ലാതാക്കാനും കഴിഞ്ഞ 20 നൂറ്റാണ്ടുകള്‍ നിലനിന്ന ബാമിയാനിലെ ബുദ്ധ പ്രതിമകള്‍ മുതല്‍ അലിപ്പോ നഗരം വരെയുള്ള മനുഷ്യസംസ്കൃതിയുടെ തിരുശേഷിപ്പുകള്‍ നശിപ്പിക്കുവാനും സാധാരണ മനുഷ്യരെ അറുതിയില്ലാത്ത ദുരിതങ്ങളിലേക്ക് തള്ളിവിടാനും മാത്രം ഉപകരിച്ച യുഎസിന്റെ ഏഷ്യയിലെ അധിനിവേശങ്ങള്‍ക്ക് ഇറാനെതിരായ‍ യുദ്ധം ഒരവസാനമാവുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ഇപ്പോള്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറായിട്ടുണ്ട്. അത് പക്ഷേ സ്ഥായിയോ താല്‍ക്കാലികമോ ആയിരിക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരവും കാത്തിരുന്നു ലഭിക്കേണ്ടതാണ്.
(അവസാനിച്ചു)

Exit mobile version