അനീതികളും സങ്കടങ്ങളും സാംസ്കാരികച്യുതികളും ഒക്കെത്തന്നെയാണ് എഴുത്തുകാരനെ പ്രധാനമായി സർഗരചനയിലേക്ക് തള്ളിവിടുന്നത്. വായന എപ്പോഴും ഹൃദയാവർജകവും സാന്ത്വനദായകവും ആണ്. സംസ്കാരത്തിനേൽക്കുന്ന മുറിവുകളെപ്പറ്റിയാണ് പലരും എഴുതുന്നതെങ്കിലും എഴുത്തുകാരന്റെ മനസിലെ സംസ്കാരസമ്പന്നമായ ചിന്തകളുടെ സൗന്ദര്യാത്മകത കൂടി അതിൽ കലരുന്നു. എഴുത്ത് ഒരേ സമയം പ്രതിരോധവും സൗന്ദര്യാത്മകമായ സ്വപ്നങ്ങളും വച്ചുപുലർത്തുന്നു. ജീവിതത്തിൽ നീതി, സമത്വം എന്നിവയ്ക്കെതിരെ നിൽക്കുന്നത് എന്തായാലും അവയോടൊക്കെ എഴുത്തുകാരൻ ഏറ്റുമുട്ടുന്നു. ആ ഏറ്റുമുട്ടൽ ചിലപ്പോൾ സൗമ്യവും ചിലപ്പോൾ തീവ്രവുമാകാം. ഒരു ദേശത്തിന്റെ സംസ്കാരത്തെ, ഭാഷയെ പകർത്തുന്നതിലൂടെ തന്നെ ഒരു പ്രതിരോധം തീർക്കപ്പെടുന്നു. അധികാരകേന്ദ്രങ്ങളുടെ പ്രതിപക്ഷത്ത്, അല്ലെങ്കിൽ സംശയപക്ഷത്ത് എന്നും കലാകാരനും എഴുത്തുകാരനും ഉണ്ടായിരുന്നു. അധികാരക്കോട്ടകളിൽ വിള്ളലുകൾ ഏല്പിക്കാൻ എഴുത്തുകാരന്റെ ബോധപൂർവമോ അബോധപൂർവമോ ആയ സത്യം വിളിച്ചു പറയൽ കാരണമാകാറുണ്ട്. ലോകത്തെവിടെയെല്ലാം വ്യാജ നിർമ്മിതികളാൽ ഭരണം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ടോ അവിടെയെല്ലാം എഴുത്തുകാരൻ വേട്ടയാടപ്പെട്ടിട്ടുണ്ട്, വധിക്കപ്പെട്ടിട്ടുണ്ട്, ഇന്ത്യയിലടക്കം. ഓരോ ആക്രമണവും ഓരോ കൊലയും ഓരോ നിശബ്ദമാക്കലും മറ്റനേകം പേർക്ക് താക്കീതാകുന്നുമുണ്ട്. ഭരണകർത്താക്കൾ എഴുത്തുകാരന് ഉപഹാരങ്ങളും സ്തുതികളും സ്ഥാനമാനങ്ങളും നൽകി അധികാരപക്ഷത്ത് നിർത്താറുണ്ട്. അധികാരത്താൽ നിർമ്മിച്ചെടുക്കപ്പെടുന്ന വ്യാജസംസ്കൃതിയുടെ പൊരുളറിയാതെ കൂടെനിൽക്കുന്നവരുമുണ്ടാകും. നൂറ്റാണ്ടുകളുടെ ചരിത്രം ചികഞ്ഞാൽ പ്രതിരോധമെന്ന പോലെ അധികാരവർഗവുമായി സമരസപ്പെട്ടുപോകുന്ന എഴുത്തിന്റെ വഴിയും അപൂർവമല്ല.
ദുരധികാരത്തെ ചോദ്യം ചെയ്യാൻ, അതിനെതിരെ പോരാടാൻ ശക്തി പകരുന്നത് വായനയിൽ നിന്ന് കിട്ടുന്ന അറിവാണ്. വായന ഒരു വിപ്ലവ പ്രവർത്തനമാണ്. അദൃശ്യമായതിനെ ദൃശ്യമാക്കുന്ന പ്രക്രിയയാണത്. മനുഷ്യജീവിതത്തിന് എണ്ണിത്തിട്ടപ്പെടുത്താൻ ആവാത്തത്ര ദൈർഘ്യവും അതിലേറെ അഗാധമായ ഉള്ളടക്കവും നൽകി ഒരു സമാന്തര ജീവിതം സൃഷ്ടിച്ചെടുക്കാൻ വായനയ്ക്കു കഴിയും. പരിമിതമായ മനുഷ്യജീവിതത്തിന് ഒരു പ്രപഞ്ചമാനം തന്നെ നൽകും.
വായനയെന്നാൽ അവനവനെ പഠിച്ചും മറ്റുള്ളവരിലേക്ക് കുതിച്ചും മനുഷ്യർ നടത്തുന്ന ഒരതിജീവനമാണ്. കണ്ടതും കേട്ടതും രുചിച്ചതും സ്പർശിച്ചതുമടക്കമുള്ള ഇന്ദ്രിയ പ്രവർത്തനങ്ങളുടെ കൂടിച്ചേരലാണ് ആഘോഷിക്കപ്പെടുന്നത്. കാഴ്ചകളുടെ ലോകം മാധ്യമ ശൃംഖലകളിലൂടെ സ്വന്തം ശക്തി പ്രകടിപ്പിച്ചുകഴിഞ്ഞ ഒരു കാലത്ത് അതിനോട് തത്സമയം സംവദിച്ചുകൊണ്ടല്ലാതെ ഒരു വായനയ്ക്കും നിലനിൽക്കാനാവില്ല. ടെലിവിഷൻ ഇല്ലാതിരുന്നുവെങ്കിൽ വായന കുറെക്കൂടി വികസിക്കുമായിരുന്നു എന്ന് കരുതുന്നവർ സ്വന്തം ആലസ്യത്തെയാണ് ആദർശവൽക്കരിക്കുന്നത്. മടി ഒരു ഒഴികഴിവ് ആയി മാറുമ്പോഴാണ് വായനയുടെ മറവിൽ ടെലിവിഷനെ ചീത്തവിളിക്കൽ ഒരു പതിവായി മാറുന്നത്. ടെലിവിഷനും ഇന്റർനെറ്റിനുമിടയിൽത്തന്നെ വായനയെ നിർവചിക്കാനും അതുവഴി ആധുനിക മനുഷ്യാവസ്ഥയെ അഭിമുഖീകരിക്കാനുമാണ് ശ്രമിക്കേണ്ടത്. വാക്കിന് അപാരമായ ശക്തിയുണ്ട്. എഴുതപ്പെട്ട വാക്കിനുനേരെ മാത്രമല്ല, മതമൗലികവാദികളുടെയും ഭരണകൂടങ്ങളുടെയും തോക്കും വാളും ഉയർന്നത്, എഴുതിയ ആളിനുനേരെയും പല തവണ ഉയർന്നു. ഇന്ത്യയിലും നാം അത് കണ്ടു. എഴുത്തുകാരന്റെ കൈയ്യും കഴുത്തും അവരുടെ കൈകളിലായാൽ മനുഷ്യസംസ്കാരത്തിന്റെ ഉന്നതവും ഉദാത്തവുമായ പ്രകാശനരൂപമായ ഭാഷയ്ക്കും വാക്കിനും ആശയാവിഷ്കാരത്തിനും പിന്നെ എന്ത് സ്വാതന്ത്ര്യമാണുള്ളത്. ബഹുസ്വരതകളുള്ള സമൂഹങ്ങളുടെ ജീവവായുവാണ് ആവിഷ്കാരസ്വാതന്ത്ര്യം. മിഥ്യയായ സഹിഷ്ണുതയുടെയും ഇല്ലാത്ത പരസ്പര ബഹുമാനത്തിന്റെയും പേരിൽ സംവാദത്തിനും വിനിമയത്തിനും ജനാധിപത്യത്തിനും തടയിടുകയാണെങ്കിൽ സ്വതന്ത്രമായ വാക്ക് അന്യംനിന്ന് പോകും. ജനാധിപത്യത്തിനു പകരം മതാധിപത്യവും സ്വേച്ഛാധിപത്യവും നമ്മെ ഗ്രസിക്കും. അതാണിപ്പോൾ രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. പരസ്പരം വിമർശിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുമ്പോഴാണ് സംവാദം പുഷ്കലമാകുന്നത്. അതാണ് സഹിഷ്ണുതയും പരസ്പര ബഹുമാനവും. വിമർശനത്തിൽ നിന്ന് ഭയപ്പെട്ട് ഒളിച്ചോടാൻ പാടില്ല. പുസ്തകവും വായനയും അപാരമായ ധൈര്യം തരും.
സാമ്രാജ്യാധിപതികൾക്ക്, ഏകാധിപതികൾക്ക്, ഫാസിസ്റ്റുകൾക്ക്, അധിനിവേശ ശക്തികൾക്ക് അക്ഷരങ്ങളെ പേടിയാണ്. ജർമ്മനിയിലെ ബർലിനിലും, ബോണിലും, മ്യൂണിച്ചിലും നിരവധി ലൈബ്രറികളിലെ ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഹിറ്റ്ലറുടെ നിർദേശപ്രകാരം ഗീബൽസ് ചുട്ടെരിച്ചത്. അലക്സാൺഡ്രിയയിലെ ലൈബ്രറി അഗ്നിക്കിരയാക്കിയതിനെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങളുണ്ട്. നളന്ദയിലെ പുസ്തക ശേഖരങ്ങൾ, ബാഗ്ദാദിലെ ഹൗസ് ഓഫ് വിസ്ഡം, കോൺസ്റ്റാന്റിനോപ്പിളിലെ ലൈബ്രറികൾ, ജാഫ്നയിലെ പബ്ലിക് ലൈബ്രറി, ലോക യുദ്ധത്തിൽ വാർസോയിലെ ദേശീയ ലൈബ്രറി അടക്കമുള്ള പോളണ്ടിലെ ലൈബ്രറികൾ എന്നിവയെല്ലാം അഗ്നിക്കിരയാക്കപ്പെട്ടു. ഭരണകൂടങ്ങൾക്കെതിരെ അഭിപ്രായം പറയുന്ന പുസ്തകങ്ങൾ സ്റ്റാലിന്റെ സോവിയറ്റ് യൂണിയനിലും സാംസ്കാരിക വിപ്ലവകാലത്ത് ചൈനയിലും നിരോധിക്കപ്പെട്ടിട്ടുണ്ട്. ചിലിയിൽ ആഗസ്തോ പിനോച്ചേയുടെ കാലത്ത് ആയിരക്കണക്കിന് പുസ്തകങ്ങൾ അഗ്നിക്കിരയാക്കി. ഫ്രാൻസിസ്കോ ഫ്രാൻകോയുടെ സ്പെയിനിലും അതു സംഭവിച്ചു. ഇന്ത്യയിലും വിവിധ ഭരണകൂടങ്ങളുടെ കാലത്ത് പുസ്തകങ്ങൾ നിരോധിക്കപ്പെട്ടു. ഇപ്പോഴും എഴുത്തുകാർ കനത്ത ഭീഷണിക്ക് വിധേയമാകുന്നു. എത്രതന്നെ നശിപ്പിച്ചാലും പുസ്തകം ഉയർത്തെഴുന്നേൽക്കും. അതിലെ ചിന്തകൾ മാനവികതക്ക് ശക്തിപകരും. അക്ഷരങ്ങൾ അനന്തമായ വെളിച്ചത്തിന്റെ, അപാരമായ ശക്തിയുടെ പ്രതീകങ്ങളാണെന്ന് ലോകചരിത്രം ഇന്നുവരെ കാണിച്ചുതരുന്നു. പുസ്തകങ്ങളെ, വിജ്ഞാനത്തെ ഇല്ലായ്മ ചെയ്യാൻ ഒരു സ്വേച്ഛാധിപത്യത്തിനും കഴിയില്ല. അത് മനുഷ്യ ജീവിതത്തിന്റെ ചാലകശക്തിയാണ്. വായിക്കുമ്പോൾ ജീവിതം വലുതാകും. അടച്ചിട്ട വാതിലുകൾ താനെ തുറക്കപ്പെടും. പുതിയ ലോകത്തിലേക്കുള്ള വഴികൾ തെളിയും. ഇതുവരെ കാണാത്ത കാഴ്ചകൾ കാണും, കേൾക്കാതെ പോയ ശബ്ദങ്ങൾ കേൾക്കും, അറിയാതെ പോയ അറിവുകളും അനുഭവിക്കാതെ പോയ അനുഭൂതികളും നമ്മെ കോരിത്തരിപ്പിച്ച് നമുക്കറിയാത്ത സ്രോതസുകളിൽ നിന്ന് ഉദിച്ച് വരും.
വായന വിസ്മയങ്ങളുടെ സമാന്തര ലോകമാണ്. അതൊരു ജീവിതത്തെ, അനേകായിരം ജീവിതങ്ങൾ കൊണ്ട് നിരന്തരം അഭിവാദ്യം ചെയ്യുന്നു. സ്മരണകൾക്കും സ്വപ്നങ്ങൾക്കുമിടയിൽ, അറിയലിനും ആരായലിനുമിടയിൽ പാലങ്ങൾ പണിയും. അന്വേഷണങ്ങൾക്ക് അനന്തമായി വഴിതുറന്ന് കൊടുക്കുന്നു. നീതിക്കുവേണ്ടി പോരാടാനുള്ള അസാമാന്യ ധൈര്യം നൽകുന്നു.
വായന സർഗാത്മകമാണ്, സക്രിയമാണ്. വായിച്ചത് സ്വന്തമായി എഴുതുമ്പോഴാണ് ഒരു ഉല്പാദന പ്രവർത്തനമായി വളരുന്നത്. അപ്പോഴാണ് അനീതിമൂലം ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരിന്റെ ചൂടറിയുന്നത്. അപ്പോൾ വാക്കുകളിൽ നിന്ന് ചോര കിനിയും. എഴുതിയ കടലാസിൽ അഗ്നി ആളിപ്പടരും. കെട്ടകാലത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളായി മുഷ്ടി ചുരുട്ടും. സുഗന്ധം പടർത്തുന്ന മതനിരപേക്ഷതയുടെ നാനാപ്രകാരത്തിലുള്ള ആവിഷ്കാരം പുസ്തകങ്ങളിലുണ്ട്. അതേസമയം പുസ്തകം ചോരപ്പുഴയുടെ കഥയും പറയുന്നു. സാമ്രാജ്യങ്ങളുടെ, നിഷ്ഠുരമായ ചെയ്തികളുടെ ചുട്ടുചാമ്പലാക്കപ്പെട്ട ജനതയുടെ, ഗ്യാസ് ചേംബറിൽ ശ്വാസംമുട്ടി മരിച്ച ജനതയുടെ, കോൺസൻട്രേഷൻ ക്യാമ്പിൽ അതിഭീകരമായ മർദനമേറ്റ് മരിച്ച മനുഷ്യരുടെ, ആയിരക്കണക്കിനു കബന്ധങ്ങളുടെ കഥ പറയും. പകർച്ചവ്യാധികളുടെ, കൊടിയ ചൂഷണത്തിന്റെ, ഭീകരമായ വേട്ടയാടലിന്റെ, ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ കൊല ചെയ്തതിന്റെ ഭീതിജനകമായ കഥകൾ അതിലുണ്ട്. മനുഷ്യവിരുദ്ധ ചരിത്രത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ, മനുഷ്യശക്തിയെ അണിനിരത്താൻ സർഗാത്മകമായ വായന ശക്തി നൽകും. മനുഷ്യനെക്കാൾ സുന്ദരമായി ഒന്നുമില്ല എന്നുള്ള മാക്സിം ഗോർക്കിയുടെ വചനം സ്മരണീയമാണ്. അവനവനെ അറിയാൻ വായനയാണ് ഉത്തമമായ മാർഗം. ഇന്നിൽ ഇരിക്കുമ്പോഴല്ല നാളെയിലേക്ക് നടക്കുമ്പോഴാണ് ജീവിതം വ്യത്യസ്ത നിറങ്ങളുടെ നൃത്തവേദിയാകുന്നത്. വായനയും എഴുത്തും നമ്മെ അനീതിക്കും അസമത്വത്തിനും അധർമ്മത്തിനും അസഹിഷ്ണുതക്കും എതിരെ ഗർജിക്കുന്ന, പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്ന മനുഷ്യരാക്കും.

