Site iconSite icon Janayugom Online

യുവത്വവും ജനാധിപത്യവും

ആഗോള മൂലധന സാമ്രാജ്യത്വത്തിന്റെ ലോകത്ത് മനോരോഗികളുടെ എണ്ണം വർധിച്ചുവരുന്നു എന്നത് സ്വാഭാവികം മാത്രം. പല ചികിത്സകരും കാര്യങ്ങളുടെ കാതലിൽ സ്പർശിക്കാതെ ഉപരിപ്ലവമായി പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നവരാണ്. മിക്കവാറും മതങ്ങളിലുള്ളത് പിതൃമേധാവിത്തമാണ്. പിതാവിന്റെ പ്രീതി കൂടുതൽ നേടാൻ മക്കൾ അന്യോന്യം മത്സരിക്കുന്നു. ഈ മത്സരത്തിൽ കയേൻ ഹാബേലിനെ കൊല്ലുന്നു. സർവാധിപതിയായ പിതാവിന്റെ ബിംബം മനസിൽ പ്രതിഷ്ഠിക്കപ്പെടുന്നത് സാഹോദര്യസ്നേഹത്തിന് തടസമായി ഭവിക്കുന്നു. ഈശ്വരൻ, ഭരണാധികാരി ഇവയൊക്കെ മനുഷ്യനെ വേട്ടയാടുന്ന പിതൃസങ്കല്പങ്ങളാണ്. പുരുഷമേധാവിത്ത സമൂഹവും പിതൃമേധാവിത്ത മതങ്ങളും വളരെ ശക്തമായതുകൊണ്ടാണ് ഭരണാധികാരികൾ ലോക ചരിത്രത്തിൽ പല ഘട്ടങ്ങളിലും തങ്ങൾ ദൈവത്തിന്റെ പ്രതിനിധികളാണ് അല്ലെങ്കിൽ ദൈവത്തിൽ നിന്ന് നേരിട്ട് ഉത്ഭവിച്ചവരാണ് എന്ന് പറഞ്ഞത്, ഇന്ത്യൻ പ്രധാനമന്ത്രിയടക്കം. സമൂഹത്തിന്റെ പൊതുധാരയിൽ ലയിച്ചുനിന്നുകൊണ്ട്, ഒരു വ്യക്തിക്കും സത്യത്തെ ദർശിക്കാനാവില്ല. സമൂഹം ന്യൂറോട്ടിക്കാണ്. ന്യൂറോട്ടിക്കല്ലാത്ത വ്യക്തിക്കു മാത്രമേ വേറിട്ട് സമൂഹത്തെ വീക്ഷിക്കാൻ സാധിക്കുകയുള്ളു എന്ന് ചിന്തകരും മനഃശാസ്ത്രജ്ഞരും പറയുന്നു. ഫാസിസം മിക്കവാറും എല്ലാവരെയും മനോരോഗികളാക്കും. ഒരിക്കലും ഒരു പുതിയ കാര്യവും അകത്ത് കടക്കുവാൻ കഴിയാത്ത ഇരുമ്പുകവചം കൊണ്ട് നമ്മുടെ ചിന്താശക്തിയെ, വികാരങ്ങളെ കളങ്കിതമാക്കിത്തീർക്കുക ഫാസിസത്തിന്റെ മൗലിക സ്വഭാവമാണ്. ഒരു ജനതയെ ആ ജനതയ്ക്കെതിരായിത്തന്നെ ഉപയോഗിക്കുവാൻ കഴിയും എന്ന് ഫാസിസം കാണിച്ചു തന്നിട്ടുണ്ട്. ഇതിനെ എതിർക്കുന്ന ഓരോ ശബ്ദവും, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ ലോകത്തിന്റെ തന്നെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നായിത്തീരും. അത്തരം ശബ്ദങ്ങളുടെ വാഹകരാകണം യുവത്വം. യുവത്വം ആശയദൃഢതയുടെ പ്രതീകങ്ങളാകണം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിപ്ലവ പ്രവർത്തനം സ്വയം നടക്കണം. വിപ്ലവകാരി എന്ന സംജ്ഞ കൊണ്ട് കാൾ മാർക്സ് അർത്ഥമാക്കിയത് കാര്യങ്ങളെ അവയുടെ കാതലിൽ ദർശിക്കുവാൻ കഴിയുന്നവനെന്നാണ്. അങ്ങനെയുള്ള യുവത്വമാണ് രാഷ്ട്രത്തിനു വേണ്ടത്. അവർക്കാണ് ഫാസിസത്തെ, ആഗോള മൂലധന സാമ്രാജ്യത്തെ പരാജയപ്പെടുത്താൻ കഴിയുക. കാര്യങ്ങളെ അവയുടെ പേരിൽത്തന്നെ കാണാൻ കഴിയാത്തവർ ജീവിതത്തിൽ യാന്ത്രികമായി ചലിക്കുന്നവരായിരിക്കും. മാർക്സിനെ സംബന്ധിച്ചിടത്തോളം വിപ്ലവമെന്നാൽ താൻ എഴുതിവച്ച പ്രഖ്യാപനങ്ങളെ യാന്ത്രികമായി പിന്തുടരുക എന്നതല്ല. 

സിദ്ധാന്തങ്ങളെ യാന്ത്രികമായി പിന്തുടരുന്നവരാകരുത് മാർക്സിസ്റ്റ് വീക്ഷണമുള്ള യുവജനത; ആശയങ്ങളെ ഹൃദിസ്ഥമാക്കി, മാനസപുരോഗതിക്ക് ഉപയോഗിക്കുന്നവരാകണം. യാന്ത്രികമാർക്സിസം അല്ല ലോകം ആവശ്യപ്പെടുന്നത്. ദൈനംദിന പോരാട്ടങ്ങളിൽ മാർക്സും എംഗൽസും സംഭാവന ചെയ്ത തത്വശാസ്ത്രത്തെ ശരിയായി ഉപയോഗിക്കുന്നതിൽ പിൽക്കാലങ്ങളിൽ മാർക്സിസ്റ്റുകൾക്ക് തെറ്റുപറ്റിയിട്ടുണ്ട്. “മാറ്റമില്ലാത്ത ഒരു വസ്തുവേ ലോകത്തിലുള്ളൂ, അത് മാറ്റം മാത്രമാണ് ” എന്നത് മാർക്സ് പറഞ്ഞ പ്രസിദ്ധ വചനങ്ങളിൽ ഒന്ന്. നിരന്തരം മാറ്റത്തെ ഉൾക്കൊള്ളുന്നവരും, ജീവിതത്തെ നവീകരിക്കുന്നവരുമാകണം യുവത്വം. നേതൃസ്ഥാനത്തിരിക്കുന്നവരുടെ സ്തുതിപാഠകരായിരിക്കുകയല്ല യുവത്വത്തിന്റെ കടമ. ഇന്ന് രാജ്യത്തെ പല പ്രസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന യുവത ആശയപ്പോരാട്ടങ്ങൾക്കു പകരം സ്തുതിപാഠക വൃന്ദങ്ങളിൽ അംഗങ്ങളാകാൻ താല്പര്യപ്പെടുന്നു എന്നത് നിർഭാഗ്യകരമായ കാഴ്ചയാണ്.
ഫാസിസമെന്നാൽ ഒരു പ്രത്യേകതരം സമൂഹനേതൃത്വത്തെയാണ് സൂചിപ്പിക്കുന്നത്. ജനങ്ങളിൽ വിഭാഗീയ ആശയങ്ങൾ പ്രചരിപ്പിച്ച് സ്വാധീനം ചെലുത്തുക, ആധിപത്യ പ്രവണതകൾ പ്രകടിപ്പിക്കുക, മറ്റു പാർട്ടികളെ ബഹുമാനിക്കാതിരിക്കുക, പുതിയ ചിന്തകൾ സ്വീകരിക്കാതിരിക്കുക, കൊട്ടാരം വിദൂഷകരെ വളർത്തുക, സമഗ്രാധിപത്യപരമായ ഭരണ നിർവഹണം, കർമ്മനിഷ്ഠമായ താല്പര്യങ്ങളെക്കാൾ അധികാരത്തിന് പ്രാധാന്യം കല്പിക്കുക, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി വസ്തുതകളെ വളച്ചൊടിക്കുക ഇവയൊക്കെയാണ് ഫാസിസം ചെയ്യുക. ഇത്തരം ആശയങ്ങളെയും പ്രവൃത്തികളെയും അസന്ദിഗ്ധമായി പ്രതിരോധിക്കുന്നവരാകണം യുവാക്കൾ.
പ്രതിലോമകാരി എപ്പോഴും സമൂഹത്തിനുമേൽ ഭരണകൂടമേൽക്കോയ്മയ്ക്ക് ഊന്നൽക്കൊടുക്കും. യഥാർത്ഥ ജനാധിപത്യവാദിയാകട്ടെ സ്വാഭാവിക പ്രവൃത്ത്യോന്മുഖ ജനാധിപത്യത്തെ ദേശീയ സഹകരണത്തിന്റെ അടിത്തറയായിക്കാണും. അയാൾ സാമൂഹ്യ സഹകരണം അസാധ്യമാക്കിത്തീർക്കുന്ന ബുദ്ധിമുട്ടുകളെ അതിജീവിക്കാനും അതിന്റെ അടിസ്ഥാന കാരണങ്ങളെ പരിഹരിക്കാനും ശ്രമിക്കും. ഇത്തരം ലക്ഷ്യങ്ങളാണ് ഒരാളെ യഥാർത്ഥ ജനാധിപത്യവാദിയാക്കുന്നത്. ഈ ബോധമാണ് വ്യവസ്ഥിതിക്കെതിരായ സമരത്തിന് ജനാധിപത്യവാദിയെ പ്രാപ്തനാക്കുന്നത്. അത്തരം സമരം നടത്തുക എന്നതാണ് യുവത്വത്തിന്റെ കടമ.
പ്രവൃത്ത്യോന്മുഖ ജനാധിപത്യത്തിൽ അന്തർലീനമായ ആഭിമുഖ്യങ്ങൾ പ്രധാനമായും സമൂഹത്തിനുള്ളിൽ, അതിന്റെ ദൃഢമായ ഐക്യത്തിനെതിരെ പ്രവർത്തിക്കുന്ന ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്യുക എന്നതാണ്. സമൂഹത്തിന്റെ സർഗാത്മകതയെ ചലിപ്പിക്കാത്ത, അതിന്റെ ഐക്യത്തെ ത്വരിതപ്പെടുത്താത്ത യാതൊരു ഏർപ്പാടുകളോടും പ്രവൃത്ത്യോന്മുഖ ജനാധിപത്യം സഹിഷ്ണുത പുലർത്തുന്നില്ല.
ജനാധിപത്യത്തിൽ നിന്ന് ജനാധിപത്യം നാടുനീങ്ങിയിരിക്കുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾ തന്നെ അതിന്റെ പേശീബലം ഇല്ലാതാക്കുന്നു. ഇന്ന് ലോകത്ത് പല രാജ്യങ്ങളിലും ആ പ്രവണത ദൃശ്യമാണ്. പലയിടത്തും ഭരണാധികാരികൾ ജനതയെ പ്രതിനിധീകരിക്കുകയല്ല, അവർ സ്വയം ജനങ്ങളാകുകയാണ്. ഇക്കൂട്ടർ സ്വയം നിർമ്മിത യാഥാർത്ഥ്യങ്ങളിൽ ജീവിക്കുകയും സ്വന്തം ഹിതാനുസരണം അവയെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അവർ സ്വയം കല്പിത യാഥാർത്ഥ്യങ്ങളിൽ അഭിരമിക്കുന്നു. പൗരാവകാശങ്ങളെ നിഷേധിച്ചും, തീവ്രവലതുപക്ഷ നിലപാടുകളും നയങ്ങളും സ്വീകരിച്ചും, കാല്പനിക ശത്രുക്കളെ സൃഷ്ടിച്ച്, ജനങ്ങളെ ഭിന്നിപ്പിച്ച് അവർ തങ്ങളുടെ കസേരകളുറപ്പിക്കുന്നു. 

പൗരാവകാശങ്ങളുടെ അടിത്തറയിൽ കെട്ടിപ്പൊക്കിയ ജനാധിപത്യം തന്നെ അവയുടെ ബലിപീഠമായിരിക്കുന്നു എന്നത് ഈ കാലഘട്ടത്തിലെ വിരോധാഭാസമാണ്. ഇന്ന് പൗരാവകാശങ്ങളെയും ജനാധിപത്യത്തെയും ഇഴചേർക്കുന്നതിനെക്കാൾ ഇഴപിരിക്കാനാണ് ഭരണകൂടങ്ങളുടെയും അവരെ പിൻപറ്റുന്ന വരേണ്യവർഗത്തിന്റെയും ശ്രമം. ജനാധിപത്യവും സ്വാതന്ത്ര്യവും പരസ്പരപൂരകമല്ലെന്ന് പല ഭരണകൂടങ്ങളും വാക്കിലും പ്രവൃത്തിയിലും കാണിച്ചുതരുന്ന ലോകത്ത്, യുവാക്കളാണ് ഈ നയങ്ങൾക്കെതിരെ അസന്ദിഗ്ധ പോരാട്ടം നടത്തേണ്ടത്. ജനതയുടെ ചിന്താരീതിയെ ജീർണിപ്പിക്കുന്ന ആഗോള മൂലധന സാമ്രാജ്യത്വത്തിന്റെ മനുഷ്യദ്രോഹത്തിനെതിരെ പോരാട്ടം നടത്തുകയാണ് യുവത്വം ചെയ്യേണ്ടത്. സാഹോദര്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ, സാമ്പ്രദായിക സമരങ്ങളിൽ നിന്ന് വ്യതിചലിച്ച് നൂതനവും അതിശക്തവുമായ സമരരീതികൾ സ്വീകരിക്കണം.
ലോകമെമ്പാടും ജനാധിപത്യത്തിന്റെ പ്രതിസന്ധി നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത് വലതുപക്ഷ രാഷ്ട്രീയത്തിന്റെയും വലതുപക്ഷ സംസ്കാരത്തിന്റെയും ആധിപത്യത്തിലേക്കാണ്. അവർ ഭൂത‑വർത്തമാനങ്ങൾക്ക് പുത്തൻ തിരക്കഥകൾ ചമയ്ക്കുന്നു. ചരിത്ര ദുർവ്യാഖ്യാനത്തിന്റെ ഇക്കാലത്ത് ചരിത്രത്തെ സത്യസന്ധമായും വസ്തുനിഷ്ഠമായും പ്രചരിപ്പിക്കാൻ യുവാക്കൾ പ്രവർത്തിക്കണം. തത്വചിന്തകനായ സ്പിനോസ എല്ലാം നഷ്ടപ്പെട്ട മനുഷ്യൻ കദനഭാരത്താൽ ആർത്തലയ്ക്കുന്നതിനെയും സ്വന്തം മോക്ഷം അടിമത്തത്തിലാണെന്നു കരുതി അതിനായി പടപൊരുതുന്നതിനെയും കുറിച്ച് വിവരിക്കുന്നുണ്ട്. വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും ഇടതുപക്ഷം വലതുപക്ഷമാകുന്നതിന്റെയും ഇടയിൽപ്പെട്ട് വർത്തമാനകാല മനുഷ്യന്റെ ജീവിതവും ഏതാണ്ട് അങ്ങനെയാണ്.
അടിമത്തത്തെ സ്വാതന്ത്ര്യമായും ‘നോർമലായും’ സമൂഹം കരുതുന്നു. ഇതൊരു ‘മാലിഗ്നന്റ് നോർമാലിറ്റി‘യാണ് എന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞൻ റോബർട്ട് ജെ ലിഫ്റ്റൺ പറയുന്നു. ഈ പുത്തൻ നോർമാലിറ്റിയിൽ രാഷ്ട്രങ്ങളിലെയും സമൂഹത്തിലെയും രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളിലെയും ജനാധിപത്യം തലകുത്തനെ നിൽക്കുന്നു. ഇത്തരം അവസ്ഥകൾക്കെതിരെ യുവത്വം ആഞ്ഞടിക്കണം. മാനവ സ്നേഹത്തിനും, സാഹോദര്യത്തിനും, സമത്വത്തിനും ജനാധിപത്യത്തിനും വേണ്ടി അചഞ്ചലമായ സമരം നടത്തണം. യുവത്വം എന്നത് രാഷ്ട്രത്തിന്റെ ജ്വാലയാണ്. അത് നിരന്തരം ജ്വലിച്ചുകൊണ്ടിരിക്കണം. അതിന് ചിന്തയുടെ മഹാപ്രവാഹം സൃഷ്ടിക്കണം. 

Exit mobile version