Site iconSite icon Janayugom Online

പൊലീസ് സേനയെ സംശുദ്ധമാക്കണം

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന എന്ന ഖ്യാതി കേരളാ പൊലീസിന് സ്വന്തമാണ്. ക്രമസമാധാന പാലനത്തിൽ മുൻനിരയിലുള്ള സംസ്ഥാനവും നിയമ സംഹിതയിലൂടെ കമ്മ്യൂണിറ്റി പൊലീസിങ് സംവിധാനം നടപ്പിലാക്കിയ ദക്ഷിണേഷ്യയിലെ ആദ്യ സംസ്ഥാനവും നമ്മുടേതാണ്. ഈ ജനസൗഹൃദ സംവിധാനമാണ് ജനമൈത്രി പൊലീസ്. രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നതും ഇവിടെയാണ്. അത് കേരളം ക്രിമിനലുകളുടെ നാടായതുകൊണ്ടല്ല, പൊലീസിന്റെ കാര്യക്ഷമതയും ജനങ്ങള്‍ക്ക് നിയമ — നീതി സംവിധാനത്തിലുള്ള വിശ്വാസവും കൊണ്ടാണ്. സംസ്ഥാന രൂപീകരണം മുതൽ കേരളാ പൊലീസ് കൈവരിച്ച വളർച്ച സമാനതകളില്ലാത്തതാണ്. എല്ലാവർക്കും നീതി ഉറപ്പാക്കുക എന്നതാണ് സംസ്ഥാന പൊലീസിന്റെ ലക്ഷ്യം. കേരളാ പൊലീസിന്റെ ആപ്തവാക്യം തന്നെ മൃദുഭാവേ ദൃഢകൃത്യേ (മൃദുവായ സ്വഭാവവും ദൃഢമായ പ്രവർത്തനവും) എന്നതാണ്. വിവിധകാലങ്ങളില്‍ അധികാരത്തിലെത്തിയ ഇടത് സർക്കാരുകൾക്ക് ജനനീതിയിലധിഷ്ഠിതമായ കൃത്യമായ പൊലീസ് നയമുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്തായി പൊലീസിനെക്കുറിച്ച് ഉയരുന്ന പരാതികള്‍ നമ്മുടെ സംസ്കാരത്തിനും ഇടതുപക്ഷ സര്‍ക്കാരിന്റെ നെെതികതയ്ക്കും അവമതിപ്പുണ്ടാക്കുന്നതാണ്. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യുവാവിനെ മര്‍ദിച്ച നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയതിന് ഇടയാക്കിയതാണ് അടുത്തകാലത്തെ ഏറ്റവും ഗുരുതരമായ സംഭവങ്ങളിലൊന്ന്. മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന എഫ്‌ഐആര്‍ ചുമത്തി സുജിത് എന്ന യുവാവിനെ ജയിലിലടയ്ക്കാന്‍ പൊലീസ് നടത്തിയ നീക്കമാണ് വിവാദമായത്. വൈദ്യപരിശോധനയില്‍ യുവാവ് മദ്യപിച്ചിട്ടില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കോടതി നിര്‍ദേശിച്ചതനുസരിച്ച് നടന്ന വൈദ്യപരിശോധനയില്‍ പൊലീസ് മര്‍ദനത്തില്‍ യുവാവിന് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി. തുടര്‍ന്ന് കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പൊലീസുകാര്‍ക്കെതിരെ നേരിട്ട് കേസെടുക്കുകയായിരുന്നു. 

കുറ്റാരോപിതരായ പൊ­­ലീസുകാരുടെ ഭാഗത്ത് ഗൗരവമായ വീഴ്ചയുണ്ടെന്നും സിസിടിവി ദൃശ്യങ്ങളും തെളിവുകളും അത് സാധൂകരിക്കുന്നുവെന്നും കാണിച്ച് ഡിഐജി ഹ­രിശങ്കർ ഉത്തര മേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാ­ൻ പൊലീസ് നേരിട്ടും ഇടനിലക്കാർ വഴിയും പണം വാഗ്ദ‌ാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. അതിനിടെ തൃശൂരിൽനിന്നുതന്നെ മറ്റൊരു പൊലീസ് മർദനത്തിന്റെ ദൃശ്യവും പുറത്തുവന്നിരിക്കുന്നു. പട്ടിക്കാട് പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരെ പീച്ചി എസ്ഐ ആയിരുന്ന പി എം രതീഷ് മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. 2023 മേയ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളും ഒന്നരവർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് പുറത്തുവന്നത്. ഒത്തുതീർപ്പിനായി പരാതിക്കാരൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുന്നതും അതിൽ മൂന്ന് ലക്ഷം പൊലീസിനാണെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. മൂവാറ്റുപുഴയിൽ ബാറ്ററി മോഷണം ആരോപിച്ച് പെരുമ്പല്ലൂർ സ്വദേശിയായ യുവാവിനെ മര്‍ദിച്ച് നട്ടെല്ലിനും കാലിനും ഗുരുതര പരിക്കേല്പിച്ച സംഭവമുണ്ടായത് രണ്ടാഴ്ച മുമ്പാണ്. ചെയ്യാത്ത കുറ്റത്തിന് പൊലീസിന്റെ ക്രൂരമർദനം ഏൽക്കേണ്ടിവന്നതിനെതിരെ മുഖ്യമന്ത്രിക്കും റൂറൽ ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലയിന്റ്സ് അതോറിട്ടിക്കും പരാതി നൽകിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ മർദിച്ചെന്ന് എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോട് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കാല്‍വെള്ള അടിച്ചു പൊട്ടിച്ചു, കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്‌തു, കര്‍ണപുടം അടിച്ചുതകര്‍ത്തു എന്നെല്ലാം കോന്നി മുൻ സിഐയും ആലപ്പുഴ ഡിവൈഎസ്‌പിയുമായ മധു ബാബുവിനെതിരെയാണ് പരാതി. വുഷു സംസ്ഥ‌ാന ചാമ്പ്യനും കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയുമായ കണ്ടിത്താഴെ റോഡിൽ പറക്കാത്ത് പി ആദിലിനെ ആള് മാറി അടിച്ച് കർണപുടം പൊട്ടിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെന്ന ആരോപണവും പുറത്തുവന്നിരിക്കുന്നു.

പൊലീസിനെതിരെയുള്ള ഈ പരാതികളെല്ലാം ജനപക്ഷനയങ്ങളോടെ മുന്നേറുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് എന്നത് അതീവ ഗൗരവമര്‍ഹിക്കുന്നു. തൃശൂര്‍ പൂരം കലക്കലുള്‍പ്പെടെ സര്‍ക്കാരിന്റെ നന്മകളെ തമസ്കരിക്കാന്‍ നടന്ന സംഭവങ്ങളെ ലാഘവത്തോടെ കാണാനാകില്ല. ‘പ്രതിഷേധ മാർച്ചിനിടെ ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു പൊലീസുകാരൻ തന്നെ വിളിച്ചറിയിച്ചു’ എന്ന ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലുണ്ടായിട്ട് അധികനാളായിട്ടില്ല. കേരളാ പൊലീസിൽ 60% പേരും നരേന്ദ്ര മോഡിയുടെ ഫാൻസാണെന്നും ശോഭ പറഞ്ഞിരുന്നു. പൊലീസ് സേനയിൽ സംഘ്പരിവാർ അനുകൂലികൾ വ്യാപകമാണെന്ന് മൂന്ന് വര്‍ഷം മുമ്പ് സിപിഐ നേതാവ് ആനി രാജ നല്‍കിയ മുന്നറിയിപ്പ് ശരിവയ്ക്കുന്നതായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന. കേരളാ പൊലീസിന്റെ സംശുദ്ധി നിലനിർത്താൻ കഴിയാത്ത ആരും സേനയിൽ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നതാണ്. അത് കര്‍ശനമായി നടപ്പാക്കണം. യജമാനന്മാരെന്ന രീതിയിൽ ജനങ്ങളോട് പെരുമാറുന്നവർ ആരായാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നിലപാടെടുക്കണം. ജനങ്ങൾക്കിടയിൽ സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്നവരെ കണ്ടെത്താൻ, വേണ്ടിവന്നാല്‍ പ്രത്യേക നടപടി തന്നെ സ്വീകരിക്കണം.

Exit mobile version