Site iconSite icon Janayugom Online

അസഹിഷ്ണുത മുഖമുദ്രയാക്കിയ സാംസ്കാരിക ബോധവൽക്കരണം

തപരമായ ആചാരാനുഷ്ടാനങ്ങളെയും ഉത്സവാഘോഷങ്ങളെയും വർഗീയ വിദ്വേഷ പ്രചാരണത്തിനും കലാപങ്ങൾക്കുമുള്ള അവസരങ്ങളാക്കി മാറ്റുകയെന്നത് ഒരിക്കലും ഇന്ത്യയിൽ അസാധാരണ പ്രതിഭാസമായിരുന്നില്ല. പലപ്പോഴും അവ കുടിപ്പകകളിൽ നിന്നും ഉടലെടുക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമായിരുന്നു. നിക്ഷിപ്ത പ്രാദേശിക രാഷ്ട്രീയ താല്പര്യങ്ങൾ അവയ്ക്കുപിന്നിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും അവ ആളിപ്പടരാതെ നിയന്ത്രിക്കുന്നതിൽ അതതുകാലത്തെ രാഷ്ട്രീയ നേതൃത്വം വിവേകപൂർവം ഫലപ്രദമായി ഇടപെടുന്ന സംഭവങ്ങളും അപൂർവമായിരുന്നില്ല. എന്നാൽ, ദീർഘകാല രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി രാഷ്ട്രീയ നേതൃത്വം തന്നെ വിദ്വേഷ പ്രചാരണങ്ങൾക്ക് ഒത്താശചെയ്യുന്ന അപകടകരമായ സ്ഥിതിവിശേഷം വ്യാപകമാകുന്ന ആശങ്കാജനകമായ അന്തരീക്ഷം രാജ്യത്തിന്റെ പലഭാഗത്തും സംജാതമായിരിക്കുന്നു. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളൊഴിച്ചാൽ വ്യത്യസ്ത മതസംസ്കാരങ്ങളെയും ആചാരങ്ങളെയും സഹിഷ്ണുതയോടെ ഉൾക്കൊള്ളുന്നതിൽ മാതൃകയായിരുന്ന കേരളത്തിൽ ആ പാരമ്പര്യത്തിന് വിരുദ്ധമായ ചില പ്രവണതകൾ അടുത്തകാലത്തായി തലയുയർത്തുന്നത് ആശങ്കാജനകമാണ്. കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങളും ചില പ്രദേശങ്ങളിൽ ക്രിസ്മസ് കരാളുകളും തടയാന്‍ സംഘ്പരിവാർ ശക്തികൾ നടത്തിയ ഇടപെടലുകൾ ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയാനാവില്ല. ഓണവും വിഷുവും റംസാനും പോലെതന്നെ മത, ജാതി ഭേദചിന്തകൾക്ക് അതീതമായി തലമുറകളായി കേരള സമൂഹം ആഘോഷിക്കുന്ന ഉത്സവവേളകളിൽ ഒന്നായിരുന്നു ക്രിസ്മസും. അതിന് ഭംഗം വരുത്താനും ഉത്സവാന്തരീക്ഷങ്ങളെ വിഷലിപ്തമാക്കാനും, ഒരു ചെറു ന്യൂനപക്ഷത്തിന്റെ ഭാഗത്തുനിന്നാണെങ്കിൽപ്പോലും, നടത്തുന്ന ശ്രമങ്ങളെ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി നിരുത്സാഹപ്പെടുത്തുകയും ചെറുക്കുകയും ചെയ്യേണ്ടത് സാമൂഹ്യ ഐക്യവും കെട്ടുറപ്പും നിലനിർത്താൻ അനിവാര്യമാണ്. അത്തരം സംഭവങ്ങൾ സമാധാന ജീവിതത്തിന് വിഘാതമാകാതെ കാത്തുസൂക്ഷിക്കാൻ ഭരണകൂടസംവിധാനങ്ങൾ ഒന്നാകെ ജാഗ്രത പുലർത്തേണ്ടതുണ്ട്.
കേരളത്തിൽ ഇപ്പോൾ അരങ്ങേറുന്ന ക്രിസ്മസ് ആഘോഷവിരുദ്ധ പ്രചരണങ്ങളും ഇടപെടലുകളും ഒറ്റപ്പെട്ട സംഭവങ്ങളല്ല. അത് രാഷ്ട്ര തലസ്ഥാനമടക്കം രാജ്യത്തിന്റെ പലഭാഗങ്ങളിലും മതന്യൂനപക്ഷങ്ങൾക്കെതിരെ സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ‘സാംസ്കാരിക ബോധവല്‍ക്കരണ’ പ്രചാരണ പരിപാടികളുടെ ഭാഗമാണ്. അത്തരത്തിൽ ഒന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ ‘ഇന്ദ്രപ്രസ്ഥ പ്രവിശ്യാ മന്ത്രി’ സുരേന്ദ്ര ഗുപ്തയുടെ, ക്രിസ്മസ് ആഘോഷങ്ങളിൽ ഹിന്ദുക്കൾ പങ്കെടുക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വിലക്കിക്കൊണ്ടുള്ള ഡിസംബർ 13ലെ കത്ത്. മതത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കാൻ ഗുപ്തയുടെ കത്ത് നൽകുന്ന ആഹ്വാനം കേവലം ഹിന്ദുമത വിശ്വാസികളെ മാത്രം ലക്ഷ്യം വച്ചുള്ള ഒന്നല്ല. ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ വില്പന നടത്തുന്ന കച്ചവടക്കാർ, ആഘോഷവേളകൾ അവസരങ്ങളാക്കി മാറ്റുന്ന മാളുകൾ, ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയടക്കം പൊതുസമൂഹത്തെയാകെ ലക്ഷ്യം വച്ചുള്ളതാണ്. ഇത്തരം ആഘോഷങ്ങളുടെ ആത്യന്തിക ലക്ഷ്യം കാലങ്ങളായി തുടർന്നുവരുന്ന മതപരിവർത്തനമാണെന്ന് കത്ത് അടിവരയിടുന്നു. ഇത്തരം ആഘോഷങ്ങൾ ഹിന്ദുയിതര വിശ്വാസങ്ങൾക്ക് സാമൂഹ്യ മാന്യതയും സ്വീകാര്യതയും സൃഷ്ടിക്കുകയാണെന്നും ഗുപ്ത ആരോപിക്കുന്നു. ‘ഇത് മത സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല. ക്രിസ്തുമത പ്രചാരകരുടെ ലക്ഷ്യം ഹിന്ദുമതത്തിന്റെ സഹിഷ്ണുതയെ ചൂഷണംചെയ്ത്, മതപരിവർത്തനമാണ്’ എന്നും കത്ത് താക്കീത് ചെയ്യുന്നു. ഏതാണ്ട് 3.4 കോടിയില്പരം വരുന്ന ഡൽഹിയിലെ ജനസംഖ്യയിൽ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം രണ്ടുലക്ഷത്തിൽ താഴെമാത്രമാണ്. 2011ലെ കാനേഷുമാരി കണക്കുകളനുസരിച്ച് ഇന്ത്യയിൽ ക്രിസ്ത്യാനികളുടെ ജനസംഖ്യ 2.78 കോടിയാണ്. അന്നത്തെ ജനസംഖ്യയുടെ 2.3% മാത്രം. പശ്ചിമേഷ്യക്കു പുറത്ത് ക്രിസ്തുമതം ആദ്യമായി പ്രചരിച്ച ഭൂപ്രദേശങ്ങളൊന്നിൽ രണ്ട് സഹസ്രാബ്ദം കൊണ്ട് ആ മതത്തിനുണ്ടായ വളർച്ചയാണ് ഈ കണക്കുകൾ തുറന്നുകാട്ടുന്നത്. വസ്തുത ഇതായിരിക്കെ ഹിന്ദുരാഷ്ട്രമെന്ന തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യപൂരണത്തിന് അനുയോജ്യമായ ഒരു വ്യാജ ആഖ്യാനം സൃഷ്ടിക്കുകയാണ് ഗുപ്ത പ്രതിനിധാനംചെയ്യുന്ന ‘ഹിന്ദുത്വ’ രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്ന് വ്യക്തം.
മതപരമായ ആഘോഷങ്ങളോ, ആചാരങ്ങളോ, സാമ്പത്തിക പ്രലോഭനങ്ങളോ കൊണ്ട് മതപരിവർത്തനം സാധ്യമായിരുന്നുവെങ്കിൽ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം ഇപ്പോഴത്തെ തോതിൽ ആയിരുന്നിരിക്കില്ല. തങ്ങളുടെ അംഗസംഖ്യക്ക് അനുപാതികമല്ലാത്ത പങ്ക്, ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തിൽ ആർജിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിന്റെ കാര്യകാരണങ്ങൾ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തപ്പെടുകയും അതിന്റെ ബലതന്ത്രം കണ്ടെത്തുകയും ചെയ്യുക സമൂഹത്തിന്റെ പുരോഗമനാത്മക വളർച്ചയ്ക്ക് സഹായകമാവും. അത് മത വിദ്വേഷത്തിന്റെയും ഹിംസയുടെയും മാർഗമല്ല. എല്ലാ മതങ്ങളെയും ഉൾക്കൊണ്ടുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ നിന്നും രാഷ്ട്രഭരണ പ്രക്രിയയിൽനിന്നും അവയെ മാറ്റിനിർത്തുന്ന മതനിരപേക്ഷതയാണ് ആധുനിക ജനാധിപത്യത്തിന്റെയും സാമൂഹ്യ മുന്നേറ്റത്തിന്റെയും സാമ്പത്തിക വികാസത്തിന്റെയും മാനവികതയുടെയും മാർഗം. അത്തരമൊരു സാംസ്കാരിക ബോധവൽക്കരണമായിരിക്കും ഇന്നത്തെ ഇന്ത്യൻ യാഥാർത്ഥ്യങ്ങൾക്ക് സ്വീകാര്യവും അതുമായി പൊരുത്തപ്പെടുന്നതും.

Exit mobile version