Site iconSite icon Janayugom Online

ആരോഗ്യമുള്ള ജനതയെന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത

രോഗ്യപരിപാലന ചികിത്സാരംഗങ്ങളിൽ കേരളം നടത്തുന്ന കുതിച്ചുചാട്ടത്തിന്റെ മഹനീയ ദൃഷ്ടാന്തങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വൈകിട്ട് കളമശേരി മെഡിക്കൽ കോളജ് കാമ്പസിൽ ഉദ്ഘാടനം ചെയ്ത കാൻസർ റിസർച്ച് സെന്റർ കെട്ടിട സമുച്ചയവും ഫെബ്രുവരി ഏഴിന് കോഴിക്കോട് ചേവായൂരിൽ ശിലാസ്ഥാപനം നിർവഹിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷനും. ഊർജസ്വലവും വികേന്ദ്രീകൃതവും ഏതൊരാൾക്കും പ്രാപ്യവുമായ ആരോഗ്യപരിപാലന ചികിത്സാ സംവിധാനമാണ് കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. സംസ്ഥാനത്തെ സ്ത്രീ-പുരുഷന്മാരുടെ ഉയർന്ന ആയുർദൈർഘ്യം, ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് തുടങ്ങിയവയെല്ലാം അതിന്റെ ജീവിക്കുന്ന സാക്ഷ്യപത്രങ്ങളാണ്. പ്രതിവർഷം 30 ലക്ഷത്തില്പരം ജനങ്ങളാണ് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളുടെ സേവനം ഉപേയോഗിക്കുന്നത്. 885 പ്രാഥമിക കുടുംബക്ഷേമ കേന്ദ്രങ്ങൾ, 152 ബ്ലോക്ക് കേന്ദ്രങ്ങൾ, 88 താലൂക്ക് ആശുപത്രികൾ, 14 ജില്ലാ ആശുപത്രികൾ, ഒരു ഡസൻ സർക്കാർ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 1,200ൽപരം സ്ഥാപനങ്ങളുടെ ഒരു ബൃഹദ് ശൃംഖലയാണ് കേരളത്തിന്റെ പൊതു ഉടമസ്ഥതയിലുള്ള ആരോഗ്യപരിപാലന ചികിത്സാ സംവിധാനം. ഇതിനുപുറമെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്ന വിപുലമായ സ്വകാര്യ ആരോഗ്യപരിപാലന ചികിത്സാസംവിധാനങ്ങളുടെ അമൂല്യസംഭാവനകളും കേരളത്തിന്റെ പൊതുജനാരോഗ്യ സൂചകങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, സമൂഹത്തിലെ മഹാഭൂരിപക്ഷത്തിനും സ്വകാര്യ ചികിത്സാസംവിധാനങ്ങളിലെ ഭാരിച്ച ചെലവ് താങ്ങാനാവാത്തതാണെന്നത് അനിഷേധ്യമായ വസ്തുതയാണ്. കാൻസർ ചികിത്സ, അവയവമാറ്റ ശസ്ത്രക്രിയ, തുടർന്നുള്ള പരിപാലനം തുടങ്ങിയവ ഏറ്റവും സാധാരണക്കാർക്ക് ലഭ്യമാകണമെങ്കിൽ ശക്തവും കഴിയാവുന്നിടത്തോളം സൗജന്യവുമായ പൊതുസംവിധാനങ്ങൾ കൂടിയേ തീരൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടിയ ചികിത്സാകേന്ദ്രങ്ങളും ഗവേഷണ സംരംഭങ്ങളും സ്ഥാ­പിക്കാൻ സംസ്ഥാ­ന സർക്കാർ തന്നെ മുൻകയ്യെടുത്തത്. 

1981ൽ സംസ്ഥാന, കേ­ന്ദ്ര സർക്കാരുകളുടെ സംയുക്ത സംരംഭമായി തിരുവനന്തപുരം മെഡിക്കൽ കോളജ് കാമ്പസിൽ ആ­രംഭിച്ച റീജിയണൽ കാ­ൻസർ സെന്ററും ഗവേഷണ കേന്ദ്രവും ഇന്ത്യയിലെ രണ്ടുഡസനിൽ പരം അത്തരം സെന്ററുകളുടെ പട്ടികയിൽ മുൻനിര സ്ഥാ­പനമായി മാറിക്കഴിഞ്ഞു. കേരളത്തിന് പുറമെ അയൽസംസ്ഥാനങ്ങളില്‍ നിന്നും അയൽരാജ്യങ്ങളിൽ നിന്ന് പോലുമുള്ള അനേകായിരം രോഗികളുടെ ആശ്രയകേന്ദ്രമാണ് ഇന്നത്. ഇപ്പോൾ തിരുവനന്തപുരം ആർസിസിയിൽ പ്രതിവർഷം 17,000 രോഗികളെ ചികിത്സിക്കുകയും 50,000ത്തില്പരം പേർ തുടർചികിത്സയ്ക്ക് ആശ്രയിക്കുകയും 80,000ത്തില്‍പരം പേർ രോഗനിർണയ പരിശോധനകൾ നടത്തുകയും ചെയ്തുവരുന്നു. രോഗികളുടെ ബാഹുല്യവും കുടുംബങ്ങളുടെ പരാധീനതകളും കണക്കിലെടുത്ത് 2001ൽ തലശേരിയിൽ പ്രവർത്തനമാരംഭിച്ച മലബാർ കാൻസർ സെന്റർ ഉത്തരകേരളത്തിന് മാത്രമല്ല അയൽസംസ്ഥാനങ്ങളായ കർണാടകത്തിനും തമിഴ്‌നാടിനും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിക്കും ഏറെ ആശ്വാസമായി. ഇന്ന് എംസിസി ഒരു ചികിത്സാകേന്ദ്രം എന്നതിലുപരി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആന്റ് റിസർച്ച് ആയി വളർച്ച പ്രാപിച്ചിരിക്കുന്നു. കാൻസർ കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും മുൻനിരയിൽ നിൽക്കുന്ന സംസ്ഥാനമായതിനാലായിരിക്കാം രാജ്യത്ത് ഏറ്റവും ഉയർന്ന കാൻസർ രോഗബാധ കണ്ടെത്തപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ ചികിത്സാ സംവിധാനങ്ങൾ വ്യാപകമാക്കാൻ കേരളം നിർബന്ധിതമാണ്. ആ ആവശ്യത്തിന്റെ പൂർത്തീകരണമാണ് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിട സമുച്ചയത്തിലൂടെ സാക്ഷാൽകൃതമായത്. എല്ലാ ആധുനിക സംവിധാനങ്ങളോടുംകൂടി പ്രവർത്തനമാരംഭിക്കുന്ന കെസിആർസി മധ്യകേരളത്തിലെ കാൻസർ ചികിത്സാരംഗത്ത് സാധാരണക്കാർക്കും പാവപ്പെട്ട ജനവിഭാഗങ്ങൾക്കും ആശ്രയവും ആശ്വാസവുമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരോഗ്യപരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനും രോഗബാധിതർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുനൽകാനും കഴിയുന്ന ചികിത്സാ ശാഖയായി അവയവമാറ്റ ശസ്ത്രക്രിയയും തുടർചികിത്സാ സംവിധാനവും കേരളത്തിൽ വളർന്നുകഴിഞ്ഞു. ഈ രംഗത്ത് സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഏറെ പ്രതീക്ഷ നൽകുന്ന കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷന്റെ ശിലാസ്ഥാപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. കേരളത്തിൽ ഈ രംഗത്ത് മികവ് പ്രകടിപ്പിച്ച ഒരുപിടി സ്വകാര്യസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവയവമാറ്റ ചികിത്സയുടെ പ്രയോജനം സാധാരണക്കാർക്കും ലഭ്യമാകണമെങ്കിൽ ഈ മേഖലയിലും സർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്ന തിരിച്ചറിവാണ് രാജ്യത്തുതന്നെ ആദ്യമായി പൊതുമേഖലയിൽ അവയവമാറ്റ ചികിത്സയ്ക്ക് മാത്രമായി ഒരു ആശുപത്രി എന്ന ആശയവുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാരിന് പ്രേരകമായത്. ആരോഗ്യമുള്ള ജനത ഒരു നാടിന്റെ കരുത്താണ്. അത് സംതൃപ്തമായ ഒരു സമൂഹത്തിന്റെ അടയാളമാണ്. അത് ഉറപ്പുവരുത്തുന്നത് രാഷ്ട്രീയത്തിനുപരിയായ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ പ്രഖ്യാപനമാണ്. ആ പ്രതിബദ്ധതയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ നിലപാടുതറ. ആ രാഷ്ട്രീയ നിലപാടിന്റെ പ്രകടനത്തിനും പ്രഖ്യാപനത്തിനുമാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. 

Exit mobile version