എസ്എസ്എൽസി, പതിനൊന്നാം ക്ലാസ് അർധവാർഷിക ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ നല്‍കിയ പരാതിയിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ ആവശ്യത്തെ തുടർന്നാണ് പൊലീസ് നടപടി. വളരെ കർക്കശവും സുരക്ഷിതവുമായ പരീക്ഷാ സംവിധാനത്തെ അകത്തുനിന്നുള്ള ആളുകളുടെ സഹായവും ഒത്താശയും കൂടാതെ അട്ടിമറിക്കുക അസാധ്യമാണെന്നിരിക്കെ കുറ്റവാളികളെ കണ്ടെത്തി കർശനമായ ശിക്ഷാനടപടികൾക്ക് വിധേയമാക്കുക എന്നത് പൊതുവിദ്യാഭ്യാസത്തിന്റെ നിലനില്പിനും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കും അനിവാര്യമാണെന്ന് വിദ്യാഭ്യാസമന്ത്രിയും സർക്കാരും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാർട്ടി നേതൃത്വവും ചോദ്യപേപ്പർ ചോർച്ച പുറത്തുവന്നപ്പോൾത്തന്നെ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. പത്താംക്ലാസിലെ ഇംഗ്ലീഷിന്റെയും പതിനൊന്നാം ക്ലാസിലെ ഗണിതശാസ്ത്രത്തിന്റെയും പരീക്ഷാപേപ്പറുകളാണ് ചോർന്നിട്ടുള്ളത്. സമാന ചോർച്ച ഇതിനുമുമ്പും ഉണ്ടായിട്ടുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഓൺലൈനായി ട്യൂഷൻ നൽകുന്ന യൂട്യൂബ് ചാനലുകളാണ് ഇപ്പോൾ പ്രതിസ്ഥാനത്തുള്ളത്.
വിദ്യാർത്ഥികൾക്ക് അവരുടെ പഠനമികവിനേക്കാൾ പ്രാധാന്യമാണ് പരീക്ഷയിലെ വിജയത്തിനും അതിൽത്തന്നെ ഉന്നത മാർക്ക് കരസ്ഥമാക്കുന്നതിനും രക്ഷിതാക്കളും സമൂഹവും കല്പിച്ചുനൽകുന്നത്. അതിൽ ട്യൂഷൻ സ്ഥാപനങ്ങളും ഇപ്പോൾ ഏറെ പ്രചാരം കൈവരിച്ചിട്ടുള്ള യൂട്യൂബ് ചാനലുകളടക്കം ഓൺലൈൻ സംവിധാനങ്ങളും വൻ പ്രചാരമാണ് കൈവരിച്ചിട്ടുള്ളത്. പരീക്ഷയിൽ വരുന്ന ചോദ്യങ്ങൾ കൃത്യമായി പ്രവചിക്കാനുള്ള മിടുക്കാണ് അത്തരം സ്ഥാപനങ്ങളുടെ നിലനില്പിന്റെയും കച്ചവട വിജയത്തിന്റെയും അടിസ്ഥാനം. ചോദ്യങ്ങൾക്ക് രൂപംനൽകുന്ന അധ്യാപകർ, ചോദ്യപേപ്പറുകൾ സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും ഉത്തരവാദിത്തപ്പെട്ടവർ എന്നിവരിൽ ആരുടെയെങ്കിലും സഹായം കൂടാതെ ഇപ്പോഴത്തെ ചോർച്ചയിൽ വെളിവാകുന്നതുപോലെ കൃത്യമായ ചോദ്യങ്ങൾ പുറത്തുവരിക അസാധ്യമാണെന്നുവേണം കരുതാൻ.
അതുകൊണ്ടുതന്നെ ചോർച്ചയുടെ യഥാർത്ഥ ഉറവിടം കണ്ടെത്തുകയെന്നതും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയെന്നതും വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും പൊലീസടക്കമുള്ള അന്വേഷണ ഏജൻസികളുടെയും ബാധ്യതയും ഉത്തരവാദിത്തവുമാണ്. വിദ്യാഭ്യാസമികവും വിജ്ഞാന സമ്പാദനവുമെന്ന അടിസ്ഥാനലക്ഷ്യത്തെക്കാൾ ഉയർന്ന മാർക്കും റാങ്കുമാണ് ജീവിതവിജയത്തിനുള്ള മാനദണ്ഡമെന്ന് കരുതുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യങ്ങൾക്കപ്പുറം തങ്ങളുടെ കുട്ടികളെ എങ്ങിനെയും ഉയർന്ന മാർക്ക് വാരിക്കൂട്ടുന്നവരാക്കി മാറ്റണമെന്ന ചിന്തയാണ് രക്ഷിതാക്കളെ നയിക്കുന്നത്. ആ ലക്ഷ്യം കൈവരിക്കാൻ ഏത് മാർഗവും അവലംബിക്കാൻ മടിക്കാത്തവരാണ് രക്ഷിതാക്കളിൽ ഗണ്യമായ ഒരുവിഭാഗം എന്നത് എൻട്രൻസ് പരീക്ഷകൾ, സിവിൽ സർവീസ് പരീക്ഷകൾ തുടങ്ങിയവയിൽ രാജ്യവ്യാപകമായി നടക്കുന്ന അഴിമതികൾ, അട്ടിമറികൾ, കോച്ചിങ് സെന്ററുകളിൽ അരങ്ങേറുന്ന ആത്മഹത്യാ പരമ്പരകൾ തുടങ്ങിയവ നമ്മെ ബോധ്യപ്പെടുത്തുന്നു. അത്തരം അധാർമ്മിക വിദ്യാഭ്യാസ‑പരീക്ഷാ മത്സരശ്രേണിയിലെ ഘടകങ്ങളാണ് കൂണുപോലെ കേരളത്തിലും രാജ്യത്തുടനീളവും മുളച്ചുപൊന്തുന്ന ട്യൂഷൻ, കോച്ചിങ് സെന്ററുകളും അവയുടെ പുതുയുഗ പതിപ്പായ ഓൺലൈൻ വിദ്യാഭ്യാസ‑പരീക്ഷാ പരിശീലന ശൃംഖലകളും. അവയിൽ പലതും അമ്പരപ്പിക്കുന്ന കച്ചവട ശൃംഖലകളായി ആഗോളതലത്തിൽ പടർന്നുപന്തലിച്ച് ശതകോടികളുടെ ആസ്തിയാർജിച്ച് സോപ്പുകുമിളപോലെ തകർന്നടിയുന്നതിനും നാം സാക്ഷ്യംവഹിക്കുകയുണ്ടായി. അതിന് കടിഞ്ഞാണിടാനും എല്ലാവർക്കും പ്രാപ്യമായ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തി നിലനിർത്താനും ആവശ്യമായ ചിന്തകൾക്കും ഗതിമാറ്റത്തിനും ഇപ്പോഴത്തെ ചോദ്യപേപ്പർ ചോർച്ച സഹായകമാവണം.
വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം വിജ്ഞാനാർജനവും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൗരന്മാരെ വാർത്തെടുക്കലുമാണെന്ന അടിസ്ഥാന തത്വം അംഗീകരിച്ചുകൊണ്ടേ അത്തരം ഒരു പരിവർത്തനം വിദ്യാഭ്യാസരംഗത്ത് സാധ്യമാകു. മാർക്ക് വാരിക്കൂട്ടുകയെന്ന ഒറ്റ ലക്ഷ്യത്തോടെയുള്ള പരീക്ഷാസമ്പ്രദായത്തിൽനിന്നും പഠനത്തിൽനിന്നും വിദ്യാഭ്യാസത്തിന്റെ മൗലികലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിദ്യാർത്ഥി എത്രത്തോളം പ്രാപ്തി കൈവരിച്ചുവെന്ന് നിർണയിക്കാൻ പര്യാപ്തമായ ഒരു പരീക്ഷാ സമ്പ്രദായത്തെകുറിച്ചു മാറിചിന്തിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തെ പ്രഥമ വിദ്യാർത്ഥി സംഘടന എന്നനിലയിൽ അത്തരം പരിഷ്കാരങ്ങളെപ്പറ്റി അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷൻ (എഐഎസ്എഫ്) ഏതാണ്ട് നാല് പതിറ്റാണ്ടുകൾക്കപ്പുറം മുന്നോട്ടുവച്ച പരീക്ഷാ പരിഷ്കരണ നിർദ്ദേശങ്ങൾ ഇന്നും പ്രസക്തമാണ്. പാഠഭാഗങ്ങൾ മനഃപാഠമാക്കി ഉത്തരക്കടലാസിൽ നിക്ഷേപിച്ച് അവ എന്നെന്നേക്കുമായി വിസ്മരിക്കുന്ന പ്രാകൃതസമ്പ്രദായത്തിന് പകരം പാഠപുസ്തകങ്ങളുടെ സഹായത്തോടെ പരീക്ഷ എഴുതുന്നതിനെപ്പറ്റിയും, പരിശോധിച്ച് മാർക്കിട്ട ഉത്തരക്കടലാസുകൾ വിദ്യാർത്ഥികൾക്ക് തിരികെ നൽകുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് അന്ന് എഐഎസ്എഫ് മുന്നോട്ടുവച്ചത്. അന്നും ഇന്നും അതിനെ പരിഹസിക്കുന്നവരുണ്ടാകാം. എന്നാൽ, ആ പരിഹാസം അജ്ഞതയിൽനിന്നും ഉടലെടുക്കുന്ന വികല ധാരണയാണെന്ന് പറയാതെവയ്യ. പാഠഭാഗങ്ങളും പഠിച്ചതും ഉൾക്കൊള്ളാത്ത ഒരാൾക്കും പാഠപുസ്തകത്തിന്റെ സഹായത്തോടെ പരീക്ഷയെഴുതാൻ കഴിയില്ല. പഠിച്ചതെല്ലാം പരീക്ഷാഫലം പുറത്തുവരുന്നതോടെ വിസ്മരിക്കുന്നതിനുപകരം പഠിച്ചതേപ്പറ്റി മനനം ചെയ്യുന്നതിനും തെറ്റുകളുണ്ടെങ്കിൽ തിരുത്തുന്നതിനും ഉത്തരക്കടലാസ് തിരികെ ലഭിക്കുന്നത് സഹായകമാവും. വിജ്ഞാന സമ്പാദനത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും പുതിയ തലങ്ങളിലേക്ക് വിദ്യാഭ്യാസ പ്രക്രിയയെ വിപുലീകരിക്കാൻ അത്തരം പരിഷ്കാരങ്ങൾ വഴിതുറക്കും. ഇപ്പോൾ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളുടെയും നിലവാരത്തകർച്ച സംബന്ധിച്ച ആശങ്കകളുടെയും പശ്ചാത്തലത്തിൽ ഈ ദിശയിൽ ചിന്തിക്കാൻ കേരളത്തിന് കഴിയണം.