Site iconSite icon Janayugom Online

സ്ത്രീവിരുദ്ധതയ്ക്കുള്ള മറുപടി

സമൂഹമാധ്യമങ്ങളിലെ മാനഭംഗക്കാര്‍ക്കെതിരെ ചലച്ചിത്രതാരം ഹണി റോസ് നല്‍കിയ പരാതിയിൽ നിയമ നടപടികള്‍ ഭരണകൂട ഇച്ഛാശക്തിയെ വെളിപ്പെടുത്തുന്നതാണ്. പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മൊബൈൽ ഫോണും പൊലീസ് കോടതിയിൽ നല്‍കി. ബുധനാഴ്ചയായിരുന്നു എറണാകുളം സെൻട്രൽ പൊലീസ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. വയനാട്ടിൽ നിന്നായിരുന്നു പ്രതിയെ ‌ കസ്റ്റഡിയിലെടുത്തത്. നടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ്‌ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തിരുന്നു. സ്ത്രീകൾക്കുനേരെ അശ്ലീല പരാമർശം നടത്തുക, സമാന പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഒരു ഉദ്‌ഘാടന ചടങ്ങിലായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ അശ്ലീല പരാമർശം. തുടർന്ന്‌ മറ്റൊരു ഉദ്‌ഘാടനത്തിന്‌ ക്ഷണിച്ചെങ്കിലും നിരസിച്ചു. ഇതോടെ തുടർച്ചയായി അഭിമുഖത്തിൽ ഉൾപ്പെടെ മോശം പരാമർശങ്ങളുണ്ടായെന്നും പരാതിയിലുണ്ട്‌. സമൂഹമാധ്യമത്തിൽ തന്നെ അധിക്ഷേപിച്ചെന്നുകാട്ടി നടി നേരത്തേ നൽകിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്‌. ഇതിൽ പ്രതിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌തിരുന്നു. ഹണിയുടെ ഫേസ്‌ബുക്ക്‌ കുറിപ്പിൽ സ്‌ത്രീവിരുദ്ധ കമന്റിട്ട മുപ്പതോളംപേർക്കെതിരെ കേസെടുത്തു. ഇവരിൽ 20 പേരെ തിരിച്ചറിഞ്ഞു. പൊലീസ് നടപടിയിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച ഹണി റോസ് നടപടി എടുത്തതിൽ മുഖ്യമന്ത്രിയോട് നന്ദിയും രേഖപ്പെടുത്തി.

സ്ത്രീയെ അപമാനിക്കാനും പ്രതിയെ ന്യായീകരിക്കാനും അവരുടെ വേഷത്തെ ഉപയോഗിക്കാമെന്നൊരു പൊതുബോധത്തിൽ നിന്ന് സമൂഹം മുക്തമല്ല എന്നത് വേദനിപ്പിക്കുന്നതാണ്. സാധാരണക്കാരും നിയമപാലകരും കോടതികളുമൊക്കെ പലപ്പോഴും ഇതിന്റെ ഭാഗമാണ് എന്നതിന് ഉദാഹരണങ്ങളേറെയുണ്ട്.
സൂര്യനെല്ലിയിലെ പെൺകുട്ടിയോട് കേരളം പുലര്‍ത്തിയൊരു സമീപനമുണ്ടല്ലോ. അതിൽ നിയമം സംരക്ഷിക്കേണ്ടവരുമുണ്ടായിരുന്നു. അവളുടെ സ്വഭാവം നല്ലതായിരുന്നെങ്കിൽ പറഞ്ഞതൊന്നും സംഭവിക്കില്ലായിരുന്നു, സ്മാര്‍ത്ത വിചാരകര്‍ ഏറെയുണ്ടായിരുന്നു അന്ന്. 40 ദിവസം 42 പേർ പീഡിപ്പിച്ചപ്പോൾ ഓടി രക്ഷപ്പെട്ടുകൂടായിരുന്നോ, മാനഭംഗക്കാരെ പ്രകോപിപ്പിക്കുന്ന സ്വഭാവമായിരുന്നില്ലേ അവൾക്ക്… അറയ്ക്കുന്ന പലതും വിളിച്ചുപറഞ്ഞു.  2017ൽ തൃശൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെടുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തപ്പോഴും ഇതേ ചോദ്യങ്ങളുണ്ടായി. അവരുടെ വേഷം, അസമയത്തെ യാത്ര, പ്രകോപനപരമായ ഇടപെടലുകളുടെ പുരാണം.

സമൂഹമാധ്യമങ്ങളിലെ സ്ത്രീവിരുദ്ധത പലവിധത്തിലാണ്. സ്ത്രീകളുടെ വേഷവും ശരീരഘടനയെയും സഹിക്കാനാകാത്ത ‘മനോരോഗികള്‍’. അവർ ഫോട്ടോകൾക്കും കുറിപ്പുകൾക്കും  അറപ്പുളവാക്കുന്ന പ്രതികരണമിടും. തങ്ങൾക്കിഷ്ടമില്ലാത്തവരുടെ അഭിപ്രായങ്ങളെ ആശയപരമായി നേരിടാൻ ശേഷിയില്ലാതെ എതിരാളിയുടെ വീട്ടിലുള്ള സ്ത്രീകളെ ആക്ഷേപിക്കും, വേട്ടയാടും. ഹണി റോസിന്റെ വസ്ത്രധാരണം മാന്യമല്ലെന്നും നിയന്ത്രണം പോകുമെന്നും തുടങ്ങി രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം പ്രതികരിച്ചതും കൂട്ടിവായിക്കണം. ഏത് വേഷത്തിൽ കണ്ടാലാണ് നിയന്ത്രണം പോകുക എന്നറിയില്ലെന്നും എപ്പോഴെങ്കിലും രാഹുലിന്റെ മുമ്പിൽ പോകേണ്ടി വന്നാൽ ശ്രദ്ധിക്കാമെന്നുമുള്ള ഹണി റോസിന്റെ മറുപടി കുറിക്കുകൊള്ളുന്നതായി. എങ്കിലും അടങ്ങാതെ നടി മാന്യതയുടെ അതിർവരമ്പു കടക്കുകയാണെന്നും വസ്ത്രധാരണത്തിൽ വൃത്തികേടുണ്ടെന്നും തുടര്‍ന്നു. സമൂഹമാധ്യമങ്ങളിലെ മാനഭംഗങ്ങളാണിത്.  അടിസ്ഥാനമില്ലാത്ത കുറിപ്പുകൾ പങ്കുവെച്ച് നിർവൃതി അടയുന്നവരുടെ സോദരരാണ് ഇക്കൂട്ടര്‍. പങ്കുവച്ച കുറിപ്പുകൾ വ്യാജമായിരുന്നെന്നു തിരിച്ചറിഞ്ഞാലും ഇത്തരക്കാർ തിരുത്തില്ല. പരിഷ്കൃത ലോകത്തിനെതിരെയുള്ള ഇത്തരം ആക്രമണത്തെ നേരിടാൻ സമൂഹം കൂടുതൽ പരിഷ്കൃത ചിന്തയും പുരോഗമന മനസും ആര്‍ജിക്കേണ്ടതുണ്ട്. പൊലീസിനും സൈബർ സെല്ലിനും കൂടുതൽ സാങ്കേതികമികവും ആവശ്യമാണ്. ശരീരഘടനയെക്കുറിച്ച് പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്നുള്ള കേരള ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവും ശ്രദ്ധേയമാണ്. മാനഭംഗത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചവര്‍ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും അവരും ശിക്ഷിക്കപ്പെടേണ്ടവരാണെന്ന് കോടതിയും വിലയിരുത്തുന്നു.

Exit mobile version