Site iconSite icon Janayugom Online

തമ്മിലടിച്ച് മുടിയുന്ന കോണ്‍ഗ്രസ്

ഒരുകാലത്ത് രാജ്യം മുഴുവന്‍ അടക്കി ഭരിച്ചിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമേ ഭരണമുള്ളൂ. ഛത്തീസ്ഗഡിലും രാജസ്ഥാനിലും. തമിഴ്‌നാട്, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ഭരണമുന്നണിയുടെ സഖ്യകക്ഷി മാത്രമാണ്. മുഖ്യമന്ത്രി പദം ലഭിക്കുമായിരുന്ന അര ഡസനോളം സംസ്ഥാനങ്ങളില്‍ തമ്മിലടിച്ചും കൂറുമാറിയും അത് നഷ്ടപ്പെടുത്തിയ ചരിത്രവും വര്‍ത്തമാനകാല കോണ്‍ഗ്രസിനുള്ളതാണ്. മുഖ്യമന്ത്രിപദമുള്ള രാജസ്ഥാനില്‍ ഏതുവിധേനയും അത് നഷ്ടപ്പെടുത്തുകയോ ബിജെപിക്ക് താലത്തില്‍ വച്ചു നല്കുകയോ ചെയ്യുന്നതിനുള്ള ശ്രമം അധികാരത്തിലെത്തിയ നാള്‍ മുതല്‍ ആരംഭിച്ചതാണ്. ആരുടെയോ ഭാഗ്യംകൊണ്ട് ഇതുവരെ അത് നടന്നില്ലെന്നു മാത്രം. രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ സംഭവിക്കുന്ന പരസ്പരമുള്ള അടി വാര്‍ത്ത പോലുമല്ലാതായി മാറിയിട്ടുണ്ട്. എന്നിട്ടും അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ തമ്മിലടി അവസാനിപ്പിക്കുന്നില്ല. പ്രശ്നങ്ങള്‍ എല്ലാ കാലത്തേക്കുമായി ഇല്ലാതാക്കുന്നതിനുള്ള ഫലപ്രദമായ നടപടി കൈക്കൊള്ളുന്നതിന് ദേശീയ നേതൃത്വത്തിനും സാധിക്കുന്നില്ല. അത്രയും ദയനീയമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ സ്ഥിതി.

 


ഇതുകൂടി വായിക്കു; ഗാന്ധി സവര്‍ക്കര്‍ പഠനത്തിലെ വൈരുദ്ധ്യങ്ങള്‍


ചെറിയ ഒരിടവേളയ്ക്കു ശേഷം വീണ്ടും ഗെലോട്ടും പൈലറ്റും തമ്മിലുള്ള വാക്പോരും പരസ്പരമുള്ള ആരോപണങ്ങളും ആവര്‍ത്തിക്കുകയാണ്. പ്രഗത്ഭനായ കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മകനായ സച്ചിന്‍, പിതാവിന്റെ മരണത്തോടെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലെത്തിയത്. പക്ഷേ കോണ്‍ഗ്രസിനകത്തുള്ള പരമ്പരാഗതമായ ഗ്രൂപ്പ് വൈരങ്ങളിലും സ്ഥാനമാനങ്ങള്‍ക്കായുള്ള പിടിവലികളിലും അദ്ദേഹം തുടക്കക്കാരനെന്ന നിലയിലല്ല പരിചയ സമ്പന്നനെ പോലെയാണ് ഇടപെട്ടിരുന്നത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതല്‍ ആരംഭിച്ചതാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിനകത്തെ തമ്മിലടി. വിജയത്തിന്റെ ചാലക ശക്തിയായത് പൈലറ്റാണെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നുമുള്ള ആവശ്യം രാഷ്ട്രീയ പ്രതിസന്ധിക്കു കാരണമായി. എങ്കിലും അശോക് ഗെലോട്ടിന്റെ കീഴില്‍ ഉപമുഖ്യമന്ത്രി പദവും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദവിയും സ്വീകരിക്കുന്നതിന് സച്ചിന്‍ തയാറായതോടെ താല്ക്കാലിക ശമനമായി. പക്ഷേ രണ്ടുവര്‍ഷം പോലും തികയുന്നതിന് മുമ്പ് 2020ല്‍ പൈലറ്റ് വീണ്ടും പ്രതിസന്ധിക്കു വഴിയൊരുക്കി. കോവിഡിന്റെ വ്യാപനവും നിയന്ത്രണങ്ങളുമൊക്കെ നിലനില്ക്കുമ്പോഴായിരുന്നു പുതിയ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടതെന്നോര്‍ക്കണം. അതിനിടെ അവസരം പാര്‍ത്തിരുന്ന ബിജെപി പൈലറ്റിനെ വശത്താക്കുമെന്നും സംസ്ഥാന ഭരണം പിടിക്കുമെന്നും അഭ്യൂഹമുണ്ടാവുകയും ചെയ്തു. ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ പദങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ നീക്കുകയും ചെയ്തു. പക്ഷേ എന്തുകൊണ്ടോ അദ്ദേഹം പാര്‍ട്ടി വിടുന്നതിന് സന്നദ്ധനായില്ല. തല്ക്കാലം പാര്‍ട്ടിയില്‍ തന്നെ തുടര്‍ന്നുകൊണ്ട് പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

 


ഇതുകൂടി വായിക്കു;  കോണ്‍ഗ്രസിലെ സുധാകര വിചിത്രവിനോദങ്ങള്‍


 

മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ടും മോശക്കാരനല്ലെന്ന് തെളിയിക്കുവാന്‍ മത്സരിക്കുകയായിരുന്നു. ഇടയ്ക്കിടെ പൈലറ്റിനെതിരെ പരസ്യ പ്രസ്താവനകളുമായി അദ്ദേഹം രംഗത്തെത്തി. അതിന്റെയെല്ലാമൊടുവില്‍ നിയമസഭാ തെര‍ഞ്ഞെടുപ്പിന് ഒരുവര്‍ഷം ബാക്കിനില്ക്കേ കഴിഞ്ഞ ദിവസം കടുത്ത ഭാഷയിലാണ് അദ്ദേഹം പൈലറ്റിനെതിരെ പ്രതികരിച്ചത്. ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വഞ്ചകന്‍ എന്നുള്‍പ്പെടെയുള്ള വിശേഷണങ്ങളാണ് ഗെലോട്ട് പൈലറ്റിന് ചാര്‍ത്തിയത്. തന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ബിജെപിയില്‍ നിന്ന് പണം വാങ്ങി, കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ച പിസിസി അധ്യക്ഷന്‍ എന്നിങ്ങനെയുള്ള ആരോപണങ്ങളും ഗെലോട്ട് ആവര്‍ത്തിച്ചു. കടുത്ത ഭാഷയുപയോഗിച്ചില്ലെങ്കിലും പൈലറ്റിന്റെ പ്രതികരണവും പുറത്തുവന്നു. നേരത്തെ രണ്ടുതവണ ഗെലോട്ട് മുഖ്യമന്ത്രിയായി തെരഞ്ഞെടുപ്പ് നേരിട്ടപ്പോഴും കോണ്‍ഗ്രസിന് പരാജയമായിരുന്നു നേരിടേണ്ടിവന്നതെന്നും അടുത്തതവണയെങ്കിലും അത് ഒഴിവാക്കുന്നതിനാണ് താന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗെലോട്ടിന്റെ പ്രസ്താവനക്കെതിരെ ദേശീയ നേതൃത്വം രംഗത്തുവന്നെങ്കിലും രാജസ്ഥാനിലെ പ്രശ്നങ്ങള്‍ ഉടന്‍ അവസാനിക്കുമെന്ന് കരുതുക വയ്യ. എന്തായാലും കയ്യിലുള്ള അവസാന സംസ്ഥാനവും നഷ്ടപ്പെട്ടാലും തങ്ങളുടെ അപ്രമാദിത്തം നിലനില്ക്കുകയേ വേണ്ടൂ എന്ന് ചിന്തിക്കുന്നവരാണ് പൈലറ്റും ഗെലോട്ടുമെന്നാണ് അവരുടെ സമീപനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സ്വന്തം നേതാവ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും വേണ്ടി എന്ന് പ്രഖ്യാപിച്ച് രാജ്യമാകെ പ്രയാണം നടത്തുകയാണ്. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളോ സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളോ ചര്‍ച്ചാവിഷയമാക്കപ്പെടുന്നില്ലെങ്കിലും രാഹുലിന്റെ യാത്ര പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുകയാണ്. അത്തരമൊരു ഘട്ടത്തിലാണ് അണികള്‍ ഇതുപോലെ തമ്മിലടിക്കുകയും കോണ്‍ഗ്രസിനകത്ത് അനൈക്യം സൃഷ്ടിക്കുകയും ചെയ്യുന്നതെന്നതാണ് ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം നേതാക്കള്‍ ഉണ്ടായിരിക്കുകയും അവരെ നിയന്ത്രിക്കുവാന്‍ സാധിക്കാത്ത ഒരു നേതൃത്വം ദേശീയതലത്തില്‍ നയിക്കുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

Exit mobile version