Site iconSite icon Janayugom Online

ഉന്മൂലന നയം: ഇരട്ട എന്‍ജിന്‍ സര്‍ക്കാരുകളുടെ പൊതുമാതൃക

ഹരിയാനയിലെ നൂഹ്, ഗുരുഗ്രാം മേഖലകളിൽ പടർന്നുപിടിച്ച കലാപവും തുടർന്ന് അനധികൃതമെന്ന് ആരോപിച്ച് കൂട്ടത്തോടെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയതും വംശീയഉന്മൂലനം ലക്ഷ്യംവച്ചുള്ള നടപടിയാണോ എന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് തിങ്കളാഴ്ച ചോദിച്ചത് ജനങ്ങൾ ഭയപ്പെട്ടതുപോലെയാണ് കാര്യങ്ങളെന്ന് സ്ഥിരീകരിക്കുന്നു. ‘തകർക്കപ്പെട്ട കെട്ടിടങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരുടേതാണെങ്കിൽ അത് വംശീയഉന്മൂലനം ലക്ഷ്യംവച്ചുള്ള സർക്കാർനടപടി ആണോയെന്ന ചോദ്യമാണ് ഉയരുന്നത്,’ കോടതി നിരീക്ഷിച്ചു. നിയമാനുസൃത നടപടികൾ പിന്തുടരാതെ, രേഖാമൂലം അറിയിപ്പുപോലും നൽകാതെ, ക്രമസമാധാന പ്രശ്നം ഉന്നയിച്ചും ഇടിച്ചുനിരത്തൽ ഉത്തരവ് കൂടാതെയുമാണ് കെട്ടിടങ്ങൾ തകർത്തതെന്ന് ജസ്റ്റിസുമാരായ ഗുർമീത് സിങ് സന്ധവാലിയ, ഹർപ്രീത് കൗർ ജീവൻ എന്നിവരുൾപ്പെട്ട ഹൈക്കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ആറ് പേരുടെയെങ്കിലും ജീവൻ അപഹരിച്ച ഒരാഴ്ച നീണ്ട അക്രമസംഭവത്തെ തുടർന്നുനടന്ന കെട്ടിട ഇടിച്ചുനിരത്തൽ നടപടികൾ തടയാൻ, കോടതി സ്വമേധയ എടുത്ത കേസിൽ, നൂഹ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ധിരേന്ദ്ര ഖടാഗതയോട് കോടതി നിർദേശിച്ചു. ഇതോടെ ഭരണകൂടം ഈ പൊലീസ് ഉദ്യോഗസ്ഥനെ തൽസ്ഥാനത്തുനിന്നും സ്ഥലംമാറ്റി. അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുമുമ്പ് അവധിയിൽപ്പോയ പൊലീസ് കമ്മിഷണറെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. ഈ നടപടികൾ സൂചിപ്പിക്കുന്നത് സംഭവങ്ങളില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പങ്കാണ്. 750ലധികം കെട്ടിടങ്ങളാണ് നാലുദിവസംകൊണ്ട് ഈ മേഖലയിൽ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തപ്പെട്ടത്. മുസ്ലിം ന്യൂനപക്ഷത്തിന്റെ കെട്ടിടങ്ങളും ഭവനങ്ങളുമാണ് രാഷ്ട്രീയനേതാക്കളുടെ ഒത്താശയോടെ പ്രാദേശിക ഭരണകൂടം തകർത്തത്. ‘നിയമവിരുദ്ധ നിർമ്മിതികളും കയ്യേറ്റങ്ങളുമാണ്’ തകർക്കപ്പെട്ടതെന്ന വാദമാണ് അവർ നിരത്തുന്നത്.

 


ഇതൂകൂടി വായിക്കൂ; ഹരിയാനയിലെ ബുള്‍ഡോസര്‍ നടപടി ഹൈക്കോടതി നിർത്തിവപ്പിച്ചു


ഹരിയാനയിൽ അരങ്ങേറുന്ന സംഭവപരമ്പരകൾ ഒറ്റപ്പെട്ടതല്ല. അത് കേന്ദ്രത്തിൽ നരേന്ദ്രമോഡിയും സംസ്ഥാനങ്ങളിൽ ബിജെപി മുഖ്യമന്ത്രിമാരും നയിക്കുന്ന ‘ഇരട്ട എന്‍ജിൻ’ സർക്കാരുകൾ തുടർന്നുവരുന്ന ന്യൂനപക്ഷ ഉന്മൂലന നയത്തിന്റെ അവിഭാജ്യ ഘടകമാണ്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ നരേന്ദ്രമോഡിയും ഉത്തർപ്രദേശിൽ ആദിത്യനാഥും മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനും മണിപ്പൂരിൽ ബീരേന്‍ സിങ്ങും ഇപ്പോൾ ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറും ഒരേ മാതൃകയാണ് പിന്തുടരുന്നത്. നാമമാത്രമായി ആംആദ്മി പാർട്ടി അധികാരത്തിലിരിക്കുന്ന ഡൽഹിയിൽ ബിജെപി അവരോധിച്ചിട്ടുള്ള ലെഫ്റ്റനന്റ് ഗവർണറും അദ്ദേഹം നിയന്ത്രിക്കുന്ന പൊലീസും ആ ദൗത്യം യഥാവിധി നിർവഹിക്കുന്നു. കലാപബാധിത പ്രദേശങ്ങളിൽ സമാധാനവും ഭയവിഹ്വലരായ ജനങ്ങളിൽ ആത്മവിശ്വാസവും പുനഃസ്ഥാപിക്കുന്നതിന്റെ പേരിൽ നടക്കുന്ന ഭരണകൂട അതിക്രമങ്ങൾ മതന്യൂനപക്ഷ ജനവിഭാഗങ്ങളെ തങ്ങൾ തൊഴിലെടുത്ത് ഉപജീവനം നടത്തിവരുന്ന പ്രദേശങ്ങളിൽനിന്നും ആട്ടിപ്പായിച്ച് കലാപകാരികൾക്ക് ആത്മവിശ്വാസവും അവരുടെ വിധ്വംസക പ്രവർത്തനങ്ങൾക്ക് കൂടുതൽ വീറും കരുത്തും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് എന്നുവേണം കരുതാൻ. അതിവേഗം വ്യവസായവൽക്കരണവും നഗരവൽക്കരണവും നടന്നുവരുന്ന ഈ മേഖലയില്‍ ഇരട്ട എന്‍ജിൻ സർക്കാരിന്റെയും ബിജെപി-സംഘ്പരിവാർ കൂലിപ്പട്ടാളത്തിന്റെയും ഈ നടപടികൾ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നതിന്റെ സൂചനകൾ ഇതിനകം പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്. മേഖലയിലെ കൂരകളിലും കെട്ടിടസമുച്ചയങ്ങളിലും കുടുംബസമേതം താമസിച്ച് കുറഞ്ഞകൂലിക്ക് നരകസമാനമായ ജീവിതം നയിച്ചുപോന്നവർ കൂട്ടത്തോടെ പലായനം ചെയ്യുന്നത് പ്രദേശത്തിന്റെ സമ്പദ്ഘടനയെയും ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിച്ചുതുടങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


ഇതൂകൂടി വായിക്കൂ; മണിപ്പൂര്‍ ക്രൂരതയ്ക്കെതിരെ നാടൊന്നാകെ


 

മണിപ്പൂരിൽ എന്നപോലെ ഹരിയാനയിലെ ദൗർഭാഗ്യകരമായ സംഭവവികാസങ്ങളോടും പ്രതികരിക്കാനോ കലാപാഗ്നി അണച്ച് സമാധാനം പുനഃസ്ഥാപിച്ച് ജനങ്ങൾക്ക് ആശ്വാസം പകരാൻ ഉതകുന്ന നടപടികൾക്കോ പ്രധാനമന്ത്രിയോ കേന്ദ്രസർക്കാരോ തയ്യാറായിട്ടില്ല. മറിച്ച് കലാപത്തീയിൽ എണ്ണപകർന്ന് ആളിക്കത്തിക്കാനുള്ള മാർഗങ്ങളാണ് അവർ ആരായുന്നത്. ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ തങ്ങളെ തുറിച്ചുനോക്കുന്ന പരാജയത്തെ മറികടക്കാനും തങ്ങളുടെ ഹിന്ദുത്വ വോട്ടുബാങ്ക് ഉറപ്പിക്കാനുമുള്ള മാർഗമായാണ് ഈ കലാപങ്ങളെയും ഉന്മൂലനപദ്ധതികളെയും അവർ നോക്കികാണുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെയും ശിഥിലീകരണത്തിലൂടെ അധികാരം നിലനിർത്തുകയെന്ന ഹീനലക്ഷ്യമാണ് അവരെ നയിക്കുന്നത്. രാജ്യത്തിന്റെ നിലനില്പിലും വൈവിധ്യമാർന്ന ജനതകളുടെ ഐക്യത്തിലും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത മുഴുവൻ ജനാധിപത്യ, മതനിരപേക്ഷ, പുരോഗമന ശക്തികളും കൈകോർത്ത് പ്രതിരോധിക്കേണ്ട വിപത്തിനെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. വസ്തുതകൾ നേരിട്ടുകണ്ട് വിലയിരുത്താനും ജനങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്നുനൽകാനും കമ്മ്യൂണിസ്റ്റ് പാർട്ടിനേതാക്കളടക്കം ജനപ്രതിനിധികൾ നടത്തുന്ന ശ്രമങ്ങൾപോലും തടയുന്ന ഭരണകൂട ചെയ്തികൾക്കുമുന്നിൽ നീതിപീഠം നടത്തുന്ന ധീരമായ ഇടപെടലുകളാണ് അല്പമെങ്കിലും ആശ്വാസം പകർന്നുനൽകുന്നത്.

Exit mobile version