Site iconSite icon Janayugom Online

അഫ്ഗാനിസ്ഥാനും ഇന്ത്യന്‍ നയതന്ത്ര വെല്ലുവിളികളും

കാബൂളിന്റെ പതനത്തെ തുടര്‍ന്നുള്ള ആദ്യ മണിക്കൂറുകളില്‍ താലിബാന്‍ നേതൃത്വം നടത്തിയ പ്രസ്താവനകള്‍ നല്കിയ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന് തുടര്‍ന്നിങ്ങോട്ടുള്ള പത്തു ദിവസങ്ങളിലെ അനുഭവം വ്യക്തമാക്കുന്നു. യുഎസിന്റെയും നാറ്റോ സഖ്യശക്തികളുടെ സൈനികരെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആ രാജ്യത്തെയും വിദേശ രാജ്യങ്ങളിലെയും പൗരന്മാരെയും മുഴുവന്‍ സുഗമമായി പുറത്തുകൊണ്ടുവരാന്‍ ആവുമോ എന്ന ആശങ്ക ശക്തമാണ്. അഫ്ഗാന്‍ പൗരന്മാരായ ഹിന്ദുക്കളും സിഖ് മതവിശ്വാസികളുമടക്കം കുറഞ്ഞത് 140 പേരെ കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള മാര്‍ഗമധ്യേ തടഞ്ഞതായി ഇന്നലെ ഉച്ചതിരിഞ്ഞതോടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സൈനിക പിന്മാറ്റം സംബന്ധിച്ച് താലിബാനുമായി ദോഹകരാര്‍ ഒപ്പുവച്ച യുഎസിന്റെതന്നെ 1500 ല്‍പരം പൗരന്മാരെ സമയബന്ധിതമായി അഫ്ഗാനിസ്ഥാന് പുറത്തെത്തിക്കാന്‍ കഴിയുമോ എന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനു തന്നെ ഉറപ്പിച്ചു പറയാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്ക്കുന്നത്. യുഎസിന്റെയും നാറ്റോ സഖ്യകക്ഷികളുടെയും നിയന്ത്രണത്തിലുള്ള കാബൂള്‍ വിമാനത്താവളംപോലും സുരക്ഷിതമല്ലെന്ന സൂചനകള്‍ പുറത്തുവരുന്നു. സൈനിക പിന്മാറ്റം സംബന്ധിച്ച തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അസന്ദിഗ്ധമായ ഭാഷയില്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. യുഎസിന്റേത് കേവലം സൈനിക സാഹസികതയുടെ പരാജയം മാത്രമല്ല നയതന്ത്ര പരാജയവും വഞ്ചനയുമാണെന്ന് സംഭവവികാസങ്ങള്‍ തെളിയിക്കുകയാണ്. യുഎസിന്റെ അഫ്ഗാന്‍ നയത്തെ അന്ധമായി പിന്തുടര്‍ന്ന ഇന്ത്യയടക്കം രാജ്യങ്ങള്‍ ആ പരാജയത്തിന്റെയും വഞ്ചനയുടെയും പാര്‍ശ്വഫലങ്ങള്‍ നേരിടേണ്ടിവരുന്നത് സ്വാഭാവികം മാത്രം. ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഇന്ത്യ പങ്കാളിയല്ലാത്ത ദോഹകരാറില്‍ നിന്നുള്ള താലിബാന്റെ പിന്മാറ്റത്തെപ്പറ്റിയുള്ള വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ വിലാപം ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്തപ്പെടാന്‍.

അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയുടെ നയതന്ത്ര പരാജയം കേവലം ദോഹകരാറില്‍ നിന്നുള്ള താലിബാന്‍ പിന്മാറ്റത്തിന്റെ ഫലം മാത്രമല്ല. ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയില്‍ രാജ്യത്തിന്റെ ചിരപ്രതിഷ്ഠിത നയതന്ത്ര നിലപാടുകള്‍ക്കും മൂല്യങ്ങള്‍ക്കും നിരക്കാത്ത പ്രഖ്യാപനങ്ങളും നടപടികളുമാണ് ഇന്ത്യ അവലംബിച്ചു പോന്നത്. താലിബാനു മുന്നില്‍ കാബൂള്‍ വീണതോടെ ആ രാജ്യത്തെ ഇന്ത്യക്കാരെ സുരക്ഷിതരായി രാജ്യത്ത് എത്തിക്കുന്നതിന് ആവശ്യമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനു പകരം നടത്തിയ പരസ്യ പ്രസ്താവനകള്‍ താലിബാനെന്ന തീവ്രയാഥാസ്ഥിതിക, രാഷ്ട്രീയ, മതഭീകരവാദത്തെ ചൊടിപ്പിക്കാന്‍ പോന്നവയായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് പൗരന്മാരെ ഇന്ത്യയിലെത്തിക്കുന്നതിന് മുന്‍ഗണന നല്കുമെന്ന പ്രഖ്യാപനം യാതൊരര്‍ത്ഥത്തിലും നയതന്ത്ര മര്യാദകള്‍ക്ക് നിരക്കുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ അഫ്ഗാന്‍ പൗരന്മാരായ ഹിന്ദു, സിഖ് മതാനുയായികളെ തടഞ്ഞുവച്ചതിന് അവര്‍ക്ക് അവരുടേതായ ന്യായീകരണം നിരത്താനാവും. അഫ്ഗാന്‍ പാര്‍ലമെന്റ് അംഗവും ഇന്ത്യയില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുളളതുമായ വനിത, രംഗീന കാര്‍ഗര്‍ക്ക് രാജ്യത്ത് പ്രവേശനവും അഭയവും നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നയതന്ത്ര മര്യാദകള്‍ക്ക് നിരക്കാത്തതും മനുഷ്യത്വഹീനവുമായി. അഫ്ഗാനികള്‍ക്ക് ഇ‑വിസ നല്കുമെന്ന പ്രഖ്യാപനം വിവേചനപരവും കേവലം നയതന്ത്ര വായ്‌ത്താരിയുമാണെന്ന ആരോപണവും ഉയരുന്നുണ്ട്. അഫ്ഗാനിലെ ദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിനും മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിനുമുള്ള അവസരമാക്കി തീവ്ര ഹിന്ദുത്വ ശക്തികള്‍ മാറ്റുന്നത് രാജ്യാതിര്‍ത്തിക്കും അപ്പുറം ഇന്ത്യക്കും ഇന്ത്യാക്കാര്‍ക്കും എതിരായി മാറ്റാന്‍ താലിബാന്‍ പോലുള്ള മത തീവ്രവാദ, പ്രതിലോമ ശക്തികള്‍ ശ്രമിക്കുന്നതില്‍ അത്ഭുതമില്ല. അഫ്ഗാന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ പാവപ്പെട്ട മുസ്‌ലിങ്ങള്‍ക്കു നേരെ നടന്ന അതിക്രമങ്ങള്‍ അവഗണിക്കാവുന്നവയല്ല. 

ഒരു രാഷ്ട്രത്തിന്റെ നയതന്ത്രബന്ധങ്ങളിലെ ബലതന്ത്രം നിര്‍ണയിക്കുക ആ രാജ്യത്തിന്റെ ആഭ്യന്തര നയങ്ങളാണ്. ആ അര്‍ത്ഥത്തില്‍ ഇന്ത്യയിലെ തീവ്രഹിന്ദുത്വ മതഭ്രാന്തന്മാര്‍ താലിബാനില്‍ നിന്നും ഒട്ടും ഭിന്നരല്ലെന്ന് അവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നു. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ നിലപാടുതറ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ചേരിചേരായ്മയിലും അടിയുറച്ചതാണ്. അതില്‍ നിന്നുള്ള ഏത് വ്യതിയാനവും രാജ്യത്തിന്റെ അന്തസിനെയും പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കും. അതിനെ ആശ്രയിച്ചായിരിക്കും ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം നിര്‍ണയിക്കപ്പെടുക. അഫ്ഗാന്‍ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നയതന്ത്ര നിലപാടുകളും പുനഃപരിശോധനാ വിധേയമാകേണ്ടതുണ്ട്.

Exit mobile version